ipcc അത്ര നിസ്സാരമായ കാര്യമല്ല ചെയ്തുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ ഭാവി കൃത്യമായി പറഞ്ഞുതരുന്ന ഒരു അന്താരാഷ്ട്രസമിതിയാണിത്. പ്രത്യേകിച്ച് കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍. വ്യക്തമായ ശാസ്ത്രപഠനങ്ങളുടെ വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന ശാസ്ത്രീയനിഗമനങ്ങളെ ക്രോഡീകരിച്ച് സത്യസന്ധമായ വിവരങ്ങള്‍ ശാസ്ത്രലോകത്തിനു മാത്രമല്ല, മാനവസമൂഹത്തിനും എത്തിച്ചുകൊടുക്കുന്ന ഒരു ജാഗ്രതാസമിതിയായും ipcc പ്രവര്‍ത്തിക്കുന്നു. കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട് ലോകത്തെവിടെയും സംഭവിക്കുന്ന ഏതൊരു കാര്യവും. ഏതൊരു പഠനവും, ഏതൊരു റിപ്പോര്‍ട്ടും സ്വീകരിച്ച്, വിലയിരുത്തി, ക്രോഡീകരിച്ച് ലോകത്തെ അറിയിക്കുന്നു. കാലാവസ്ഥാവ്യതിയാനവും അനുബന്ധവിഷയങ്ങളും മാത്രം നിരീക്ഷിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ സൃഷ്ടിച്ചിരിക്കുന്ന അന്താരാഷ്ട്രപാനലാണ് ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (International Panel on Climate Change).
ipcc കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് സ്വന്തമായി ഗവേഷണങ്ങള്‍ നടത്താറില്ല. മറിച്ച്, ലോകത്തെവിടെയും ഈ വിഷയത്തെക്കുറിച്ചു നടക്കുന്ന എല്ലാ ഗവേഷണഫലങ്ങളും സത്യസന്ധമായി അപഗ്രഥിച്ച്, പ്രഗല്ഭരായ ശാസ്ത്രജ്ഞന്മാര്‍ വിവിധ തലങ്ങളില്‍ നിരീക്ഷണപഠനങ്ങള്‍ നടത്തി വീണ്ടും വിലയിരുത്തി നിഷ്പക്ഷമായി തയ്യാറാക്കുന്ന അന്തിമ വിലയിരുത്തല്‍ റിപ്പോര്‍ട്ട് (Final Assesment Report) കാലാകാലങ്ങളില്‍ പുറത്തുവിടുന്നു.
1988 ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമും(United Nations Environment Programme (UNEP) ലോകകാലാവസ്ഥാസംഘടനയും ((World Meterological Organization, WMO) ചേര്‍ന്നു സ്ഥാപിച്ച ഈ സമിതി, മനുഷ്യനിര്‍മിതപ്രവര്‍ത്തനങ്ങളുടെ ആധിക്യംവഴി മാനവരാശിക്കു സംഭവിക്കാനിടയുള്ള വലിയ വിപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നു. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന അനിയന്ത്രിതമായ വാണിജ്യ-വ്യാപാരമത്സരത്തിലും, ആധുനികവത്കരണത്തിലും ഫോസില്‍ ഇന്ധനങ്ങളുടെ കത്തിക്കലുള്‍പ്പെടെ നടക്കുന്ന ഭീമമായ അന്തരീക്ഷമലിനീകരണത്തിലുംപെട്ട് ജൈവവ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് രാഷ്ട്രത്തലവന്മാര്‍ക്ക് നിര്‍ണായകമായ അറിവുകള്‍ പകര്‍ന്നുകൊടുക്കാന്‍ ipcc യ്ക്കു കഴിയുന്നു. അതുവഴി ഓരോ രാജ്യത്തിനും പ്രയോജനപ്രദമായ കാലാവസ്ഥാനയങ്ങള്‍ രൂപവത്കരിക്കാനും പ്രഖ്യാപിക്കാനും സഹായിക്കുന്ന സമിതിയായി ipcc മാറുന്നു. ഇന്ത്യയുള്‍പ്പെടെ 195 രാഷ്ട്രങ്ങള്‍ ഈ പാനലിലെ അംഗങ്ങളാണ്. ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രതിഭാധനരായ ശാസ്ത്രജ്ഞന്മാരുടെ സേവനം സമിതിക്കു ലഭ്യമാകുന്നുണ്ട്. മാത്രമല്ല, വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ഗവേഷണങ്ങളുടെ ആവശ്യകതയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും ശാസ്ത്രലോകത്തിന് അറിവ് നല്‍കാനും സമിതിക്കു സാധിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നയങ്ങളെക്കുറിച്ചും രാഷ്ട്രത്തലവന്മാരെ ബോധ്യപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്വവും ശുരര ഏറ്റെടുക്കുന്നു.
പ്രവര്‍ത്തനമികവിനും ഏകോപനത്തിനുംവേണ്ടി പാനലിനെ മൂന്നു വര്‍ക്കിങ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഭൗതികശാസ്ത്ര അറിവുകളുടെ സമാഹാരമാണ് ഒന്നാം വര്‍ക്കിങ് ഗ്രൂപ്പിന്റെ ദൗത്യം. കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും, തീവ്രതയെക്കുറിച്ചുമുള്ള ഗവേഷണഫലങ്ങളുടെ ഏകോപനമാണ് രണ്ടാം വര്‍ക്കിങ് ഗ്രൂപ്പില്‍ നിക്ഷിപ്തമായ ദൗത്യം. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള സമഗ്രമായ ആവിഷ്‌കാരമാണ് മൂന്നാം വര്‍ക്കിങ് ഗ്രൂപ്പിന്റെ ദൗത്യത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കൂടാതെ, കാലാവസ്ഥാവ്യതിയാനത്തിനു കാരണമായിട്ടുള്ള ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തെക്കുറിച്ചുള്ള പഠനങ്ങളും അളവു നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗങ്ങളും കണക്കെടുപ്പുകളും നടത്തുന്നതിനുവേണ്ടിയുള്ള ടാസ്‌ക്‌ഫോഴ്‌സും സജ്ജീകൃതമായിട്ടുണ്ട്.
1988 ല്‍ സ്ഥാപിതമായതിനുശേഷം ശുരര 1990 ല്‍ പുറത്തുവിട്ട അസസ്‌മെന്റ് റിപ്പോര്‍ട്ടും 1995 ല്‍ പുറത്തിറക്കിയ സെക്കന്‍ഡ് അസസ്‌മെന്റ് റിപ്പോര്‍ട്ടും 2001 ലും 2007 ലും പുറത്തിറക്കിയ മൂന്നും നാലും അസസ്‌മെന്റ് റിപ്പോര്‍ട്ടും 2014 ലെ അഞ്ചാമത്തെ അസസ്‌മെന്റ് റിപ്പോര്‍ട്ടും പിന്നീട് 2021 ല്‍ ഇറങ്ങിയ അസസ്‌മെന്റ് റിപ്പോര്‍ട്ട്-6 (AR6) വരെ എത്തുമ്പോള്‍ ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കാലാവസ്ഥാവ്യതിയാനത്തിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള വ്യക്തമായ അറിവുകള്‍ ലോകത്തിനു പകര്‍ന്നേകാന്‍ ipcc യ്ക്കു കഴിഞ്ഞിട്ടുണ്ട്. ആവാസവ്യവസ്ഥകള്‍ക്കു പ്രാധാന്യം നല്‍കി പ്രഖ്യാപിക്കുന്ന നയങ്ങളുടെ രൂപവത്കരണത്തിലും വികസിത-വികസ്വരരാജ്യങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തി പൊതുസമൂഹത്തിനുവേണ്ടി ശക്തമായ തീരുമാനമെടുക്കാനുള്ള പ്രേരകശക്തിയായി ipcc യുടെ റിപ്പോര്‍ട്ടുകള്‍ മാറുന്നുവെന്നത് ആശ്വാസകരമാണ്. മനുഷ്യനിര്‍മിതകാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ipcc യുടെ നിരീക്ഷണങ്ങള്‍ക്കും, ഫലപ്രദമായ റിപ്പോര്‍ട്ടിങ്ങിനുള്ള അന്താരാഷ്ട്ര അംഗീകാരമായിരുന്നു 2007 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ipcc എന്ന സംഘടനയെ നോര്‍വീജിയന്‍ കമ്മറ്റി തിരഞ്ഞെടുത്തത്. ആ വര്‍ഷത്തെ നോബല്‍ സമ്മാനം പങ്കിട്ടത് അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് അല്‍ഗോര്‍ ആണെന്നതും സന്തോഷകരമാണ്. കാലാവസ്ഥാവ്യതിയാനം എന്ന യാഥാര്‍ത്ഥ്യത്തെ "The inconvenient truth'’ ' എന്ന ഡോക്യുമെന്ററിയിലൂടെ സാധാരണക്കാരനു പകര്‍ന്നുകൊടുക്കാന്‍ അല്‍ഗോറിനു കഴിഞ്ഞു. ഇന്ത്യക്കാരെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമായിരുന്നു ipcc യുടെ നോബല്‍ സമ്മാനം. ആ കാലഘട്ടത്തില്‍ 2002 മുതല്‍ 2015 വരെ ipcc യുടെ അധ്യക്ഷനായിരുന്നത് ഇന്ത്യക്കാരനായ രാജേന്ദ്ര കെ. പൗച്ചരി എന്ന ശാസ്ത്രജ്ഞനായിരുന്നു. ആദ്യചെയര്‍മാനായിരുന്ന റോബര്‍ട്ട് വാട്ട്‌സണും, പിന്നീടു വന്ന രാജേന്ദ്ര പൗച്ചരിയും ഇപ്പോഴത്തെ ചെയര്‍മാനായ ഡോ. ഹോസുങ് ലീയും ശക്തമായ നേതൃത്വമാണ് ipcc യ്ക്കു നല്കുന്നത്.
വിനാശകരമായ യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ വിറങ്ങലിച്ചു നില്‍ക്കാതെ, മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള അതിജീവനത്തിന്റെ ഈ മഹായജ്ഞത്തെിന് അഭിവാദ്യമര്‍പ്പിക്കാം. ഒപ്പം കാലാവസ്ഥാവ്യതിയാനത്തെ ലഘൂകരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നു ഹൃദയപൂര്‍വം ഒരുമിച്ചു നമുക്കു പറയാം.