അഭ്രപാളിയുടെ തിരക്കാഴ്ചകള്‍ക്കു പുറത്തേക്കു വളരുന്ന നായകപാത്രനിര്‍മിതികളാല്‍ സമ്പന്നമായിരുന്നു തൊണ്ണൂറുകളിലെ മലയാളചലച്ചിത്രങ്ങള്‍. നായകന്‍ അതിമാനുഷനും ശാരീരിക അഴകളവുകളെയും സൗന്ദര്യസങ്കല്പങ്ങളെയും സംബന്ധിച്ച, നിര്‍മിതമായ ഫോര്‍മുലകളെ തൃപ്തിപ്പെടുത്തുന്നവനും ആകണമെന്നുള്ള ഒരു ചട്ടക്കൂടിനെ നിര്‍മിക്കുന്നതിന് അക്കാലത്തെ മലയാളചലച്ചിത്രങ്ങള്‍ക്കു സാധിച്ചിരുന്നു.
സ്ഫുടമായതും വടിവൊത്തതുമായ ഭാഷയില്‍ ഉരുളയ്ക്കുപ്പേരിപോലെ സംസാരിക്കുന്ന നായകകഥാപാത്രങ്ങള്‍ ജനപ്രീതി നേടിയെടുത്തതും ചലച്ചിത്രങ്ങളുടെ വിപണനസാധ്യതകളെ വര്‍ദ്ധിപ്പിച്ചതും നായകനെ രംഗത്തവതരിപ്പിച്ച അഭിനേതാക്കളെ സിനിമയ്ക്കു പുറത്തേക്കു വളര്‍ന്നുനില്ക്കുന്ന താരങ്ങളാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്. കഥാപ്രമേയത്തെയും ഇതരകഥാപാത്രങ്ങളെയും താരങ്ങളുടെ ഇമേജിനെ പരിഗണിച്ചു വലിച്ചുനീട്ടുകയും ആറ്റിക്കുറുക്കുകയും ചെയ്ത അത്തരം ചലച്ചിത്രങ്ങള്‍ വിപണിമൂല്യമുള്ളവയായിരുന്നു എന്നതും ശ്രദ്ധേയമാണ്. അത്തരം ചലച്ചിത്രങ്ങളില്‍ പക്ഷേ, നായകേതര പാത്രസൃഷ്ടികള്‍ സ്വാഭാവികവളര്‍ച്ച നഷ്ടപ്പെട്ടു മുരടിച്ച 'ബോണ്‍സായി' ചെടികള്‍പോലെ കാണപ്പെട്ടപ്പോള്‍ നായകകഥാപാത്രങ്ങള്‍ ചെറിയ ഉടലും വലിയ തലയുമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെപ്പോലെ വികൃതമാക്കപ്പെട്ടു. കായബലവും സൗന്ദര്യവും വാക്ചാതുരിയുമുള്ള നന്മമരമായ നായകനും നായകന്റെ ഉപഗ്രഹങ്ങളായ കോമഡികഥാപാത്രങ്ങളും നായകനു പ്രണയിക്കുവാനൊരു നായികയും എന്ന വാണിജ്യകോംബോ നായകന്‍ എന്ന സങ്കല്പത്തെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വലുതാണ്.
സാമൂഹികതിന്മകളോടു ധീരമായി പടപൊരുതുകയും വ്യവസ്ഥിതിയെത്തന്നെ തകിടം മറിക്കുകയും ചെയ്യുന്ന ഇത്തരം നായകന്മാര്‍ പക്ഷേ, അങ്ങേയറ്റം സാമൂഹികവിരുദ്ധമനോഭാവത്തെ പേറുന്നവരായിരുന്നു. നായകന്‍ ചെയ്തു എന്നതിനാലും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നു എന്നതിനാലും ഇത്തരം വികലമനോഭാവങ്ങള്‍ പലപ്പോഴും ആഘോഷിക്കപ്പെടുകയാണു ചെയ്തത്. 'കന്മദ'ത്തിലെ വിശ്വനാഥന്റെയും 'ദി കിംഗിലെ' ജോസഫ് അലക്‌സിന്റെയും സ്ത്രീവിരുദ്ധചെയ്തികള്‍ ഇന്നും ആഘോഷിക്കപ്പെടുന്നത് അവര്‍ നായകകഥാപാത്രങ്ങളാണ് എന്നതിനാലാണ്. നായകപാത്രങ്ങളുടെ ചെയ്തികളാകയാല്‍ ഇത്തരം കോയ്മബോധങ്ങള്‍ സാമാന്യവത്കരിക്കപ്പെടുകയും നൈതികമാനങ്ങള്‍ കല്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ഇത്തരം നായകകഥാപാത്രസൃഷ്ടികളെ ജനപ്രിയമാക്കുന്നതില്‍ ഉള്ളടങ്ങിയ ആണഹന്തയെയും സ്ത്രീവിരുദ്ധതയെയും ജാതീയതയെയും വരേണ്യഫ്യൂഡല്‍ മനോഭാവങ്ങളെയും ചെറുക്കുന്നതിലും വിമര്‍ശനവിധേയമാക്കുന്നതിലും ചലച്ചിത്രനിരൂപകര്‍ക്കു വേണ്ടത്ര വിജയിക്കാനായോ എന്നതു തര്‍ക്കവിഷയമാണ്. അതുകൊണ്ടുതന്നെ ഇത്തരം മാനവികവിരുദ്ധമായ നായകസ്വഭാവങ്ങള്‍ക്കു ഹീറോയിക് പരിവേഷം ലഭിക്കുകയും ചെയ്തു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേതാക്കളെ വിപണിമൂല്യമുള്ള താരമാക്കി രൂപപ്പെടുത്തുന്നതിലും ഇത്തരം ഹിംസാത്മകസ്വഭാവസവിശേഷതകള്‍ കാരണമായി.
പാതിരാത്രിക്കു മദ്യപിച്ച് വീട്ടിലെത്തുമ്പോള്‍ കാലുമടക്കിത്തൊഴിക്കാനും തന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനും ഒരു പെണ്ണിനെ വേണം എന്നു പറയുന്ന നായകനെ കരഘോഷങ്ങളോടെ ആരാധകവൃന്ദം ഏറ്റെടുക്കുന്നത്, അതു പറയുന്നത് താരമായി മാറിയ നായകനാണ് എന്ന ഒറ്റക്കാരണത്താലാണ്. സ്ഥാപിതസംസ്‌കാരത്തിലെ അണ്‍ഫാന്റസികളെ തൃപ്തിപ്പെടുത്തി കച്ചവടലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെടുന്ന ഇത്തരം ഡയലോഗുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീവിരുദ്ധത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. 'മറന്നും പൊറുത്തും കഴിയാന്‍ ഞാന്‍ ശൂദ്രനോ വൈശ്യനോ അല്ല എന്നും മന്നാടിയാര്‍ ക്ഷത്രിയനാണ്' എന്നും പറയുന്ന നരസിംഹമന്നാടിയാര്‍മാര്‍ തിയേറ്ററില്‍ കൈയടികള്‍ നേടിയെടുക്കുന്നതിനു പിന്നില്‍ ഭാരതചരിത്രത്തില്‍ ദീര്‍ഘകാലം നിലനിന്ന ജാതി എന്ന വൈകൃതത്തിന്റെ വേരുകള്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. കിടന്നുറങ്ങുന്ന നായികയെ നോക്കി 'ഞാനൊരു റേപ്പങ്ങു വച്ചുതരട്ടെ' എന്നു ചോദിക്കുന്ന മീശമാധവന്മാരും ഞാനൊന്ന് അറിഞ്ഞു ശ്രമിച്ചാല്‍ പിന്നെ പത്തു മാസം കഴിഞ്ഞേ നീയൊക്കെ ഫ്രീയാകൂ എന്നു നായികയുടെ മുഖത്തു നോക്കി വഷളത്തം വിസര്‍ജിക്കുന്ന ശ്യാം ബാലഗോപാലുമൊക്കെ ചേര്‍ത്തു രൂപപ്പെടുത്തിയ നായകസങ്കല്പമാണ് ഏറെക്കാലം മലയാളചലച്ചിത്രലോകത്തെ അടക്കിവാണത്.
വര്‍ത്തമാനകാലനായകപാത്രനിര്‍മിതികളിലും ഇത്തരത്തില്‍ ഹിംസാത്മകമായ സ്വഭാവസവിശേഷതകള്‍ കാണാമെങ്കിലും 'നായകന്‍' എന്ന സങ്കല്പത്തിനു ശുഭകരമായ ചില മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കാണാം. നായകശരീരത്തെ സംബന്ധിച്ച് നിലവിലിരുന്ന വീക്ഷണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും ചില പൊളിച്ചെഴുത്തുകള്‍ക്കുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്. 'കുടക്കമ്പി' എന്നു പരിഹസിക്കപ്പെടുകയും ബോഡി ഷെയിമിങ്ങിലൂടെ സൃഷ്ടിക്കപ്പെടുന്ന അരോചകതമാശകള്‍ക്കു നിരന്തരം വിധേയനാകുകയും ചെയ്തിരുന്ന ഇന്ദ്രന്‍സ് എന്ന നടന്‍ തന്റെ ശരീരത്തെ അപനിര്‍മിക്കുന്ന കാഴ്ച 'ഒലിവര്‍ ട്വിസ്റ്റ്' എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ കാണാനാകും. കഷണ്ടിയുള്ള തല നായകോചിതമല്ലെന്നുള്ള ധാരണയ്ക്ക് ഭരത്‌ഗോപിക്കുശേഷം ഒരു വിചിന്തനമുണ്ടാകുന്നത് ഫഹദ് ഫാസിലിന്റെ കടന്നുവരവോടെയാണ്. ശരീരസംബന്ധമായ സൗന്ദര്യസങ്കല്പങ്ങളെ തിരുത്താനുള്ള ശ്രമം അഷ്‌റഫ് ഹംസയുടെ തമാശ എന്ന ചിത്രത്തിലും ആഷിക് അബുവിന്റെ 'ടാ തടിയാ' യിലും കാണാം. തൊട്ടപ്പന്‍, ഇ.മ.യൗ. തുടങ്ങിയ ചിത്രങ്ങളിലൂടെ 'നായകന്‍' എന്ന വാര്‍പ്പുമാതൃകയെ വിനായകനിലൂടെ തിരുത്തുന്നതു കാണാം. സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായി നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് പുറത്തിറങ്ങിയതും ഈ നായകസങ്കല്പത്തെ തകര്‍ക്കാന്‍ ഉപകരിക്കുന്നവയാണ്. 'മഞ്ജുവാര്യരെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ 'ഉദാഹരണം സുജാത', 'ഹൗ ഓള്‍ഡ് ആര്‍ യു', 'പ്രതി പൂവന്‍കോഴി', 'റാണി പത്മിനി' തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണമാണ്. അന്ന ബെന്‍ കേന്ദ്രകഥാപാത്രമാകുന്ന 'ഹെലന്‍', 'കപ്പേള', 'സാറാസ്' തുടങ്ങിയ ചിത്രങ്ങള്‍, രജീഷാ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജൂണ്‍', 'ഖോ, ഖോ', 'സ്റ്റാന്‍ഡ് അപ്' തുടങ്ങിയവയൊക്കെ നായകസങ്കല്പത്തെ സംബന്ധിച്ച ധാരണകളെ തിരുത്തിയ സമീപകാലചലച്ചിത്രങ്ങളാണ്. അതിനുപുറമേ ലൈംഗികന്യൂനപക്ഷവിഭാഗത്തില്‍ ഉള്‍പ്പെട്ട കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കുന്ന (രഞ്ജിത്ത് ശങ്കറിന്റെ 'ഞാന്‍ മേരിക്കുട്ടി') ചലച്ചിത്രങ്ങളുടെ കടന്നുവരവും നായകശരീരത്തെ സംബന്ധിച്ച ധാരണകള്‍ക്ക് ഇളക്കം തട്ടിച്ചിട്ടുണ്ട്. ഹാസ്യകഥാപാത്രങ്ങളില്‍നിന്ന് സ്വഭാവനടനിലേക്കു കൂടുമാറിയ സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'വികൃതി','ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'കാണെക്കാണെ' തുടങ്ങിയ ചിത്രങ്ങളും സൗബിന്‍ സാഹിര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'സുഡാനി ഫ്രം നൈജീരിയ' 'അമ്പിളി' തുടങ്ങിയ ചിത്രങ്ങളും നായകസങ്കല്പത്തെ അപനിര്‍മിച്ച ചിത്രങ്ങളാണ്. കേവലം ഒറ്റക്കഥാപാത്രത്തെ കേന്ദ്രീകരിച്ചു വികസിക്കുന്ന കഥാതന്തു എന്ന പതിവിനു വിപരീതമായി ഓരോ പാത്രസൃഷ്ടിക്കും തനതായ വ്യക്തിത്വം നല്‍കി തിരക്കഥയെ ശക്തിപ്പെടുത്തുന്ന രീതിയും സമീപകാല മലയാളചലച്ചിത്രങ്ങളില്‍ ദൃശ്യമാണ്. നായകസങ്കല്പത്തിന്റെ തകര്‍ച്ചയ്ക്ക് ഇതും കാരണമായിട്ടുണ്ട്. 'കുമ്പളങ്ങി നൈറ്റ്‌സ്', 'ജെല്ലിക്കെട്ട്', 'ആമ്മേന്‍' തുടങ്ങിയവ മികച്ച നിദര്‍ശനങ്ങളാണ്. സര്‍വഗുണസമ്പന്നനായ നായകനുപകരം മാനുഷികബലഹീനതകളും ന്യൂനതകളുമുള്ള നായകനെ 'ജോജി', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തുടങ്ങിയ ചിത്രങ്ങള്‍ കാട്ടിത്തരുന്നു.
അങ്ങനെ, കേന്ദ്രകഥാപാത്രവും അതിനെ ചുറ്റിപ്പറ്റി വികസിക്കുന്ന പ്രമേയവും എന്നതില്‍നിന്ന് ആഴവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളും കാമ്പുള്ള കഥകളും സമീപകാലത്തായി വര്‍ദ്ധിച്ചുവരുന്നു എന്നത് ശുഭകരമാണ്. സ്ത്രീവിരുദ്ധതയും ജാതീയതയും ജന്മിത്ത ഫ്യൂഡല്‍ മനോഭാവവുമുള്ള വരേണ്യനായകസങ്കല്പത്തിന്റെ തകര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേന്ദ്രകഥാപാത്രം അഥവാ നായകനെ സംബന്ധിച്ച ശരീരപരവും ധൈഷണികപരവും വംശപരവും ലിംഗപരവുമായ വാര്‍പ്പുമാതൃകകളുടെ വിനിര്‍മിതി അരികുജീവിതങ്ങളിലേക്കും ഇതുവരെയും വെളിച്ചം കടക്കാത്ത ഇരുട്ടുമുറികളായി തുടര്‍ന്നുവന്ന പാര്‍ശ്വജനതയുടെ ജീവിതപ്രശ്‌നങ്ങളിലേക്കും വെളിച്ചം പകരുന്നതിന് ഉപകരിക്കും. മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു പ്രശ്‌നവത്കരിക്കേണ്ടുന്ന പല വിഷയങ്ങളെയും ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് വിഘാതമായിരുന്ന 'നായക' സങ്കല്പത്തിന്റെ തകര്‍ച്ച അവയ്ക്ക് വഴിതുറക്കുമെന്നു പ്രത്യാശിക്കാം. ആത്യന്തികമായി സിനിമ എന്ന കലാരൂപം ലാഭനഷ്ടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നതിനാല്‍ ജനപ്രീതിയുള്ള ഇത്തരം നായകസങ്കല്പത്തെ അപനിര്‍മിക്കാതെ അത്തരം പ്രമേയങ്ങള്‍ക്കു കടന്നുവരവ് ആയാസകരവുമാണല്ലോ.