പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ 35-ാം ചരമവാര്‍ഷികദിനമായ നവംബര്‍ 21 ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധകുര്‍ബാനമധ്യേ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ അനുസ്മരണപ്രസംഗത്തില്‍നിന്ന്.
പാലാ രൂപതയുടെ ശില്പിയും പ്രഥമാധ്യക്ഷനുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പ്പിതാവിന്റെ സ്വര്‍ഗപ്രവേശനത്തിന്റെ 35-ാം വര്‍ഷത്തിലാണു നമ്മള്‍. പള്ളിക്കൂദാശക്കാലത്തിന്റെ സമാപനസമയത്ത്, തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ ഈ ഓര്‍മദിനത്തില്‍, തോമായുടെ സിംഹാസനത്തിരുനാള്‍ - ''കുര്‍സിയാ ദ് തോമ്മാ'' ആചരിക്കുന്ന ഈ ദിനത്തില്‍, നമ്മുടെ വലിയ പിതാവിന്റെ ഓര്‍മ നമ്മെ സംബന്ധിച്ച് ഏറ്റവും ഭാഗ്യപ്പെട്ട കാര്യമാണ്.
30 വര്‍ഷങ്ങളിലെ മേലധ്യക്ഷശുശ്രൂഷ സംഭവബഹുലമായിരുന്നു. Dominus Illuminatio Mea þ- ''ദോമിനൂസ് ഇലുമിനാസിയോ മെയാ'' (സങ്കീ. 43:3) എന്ന തിരുവചനം ആദര്‍ശവാക്യമായി അഭിവന്ദ്യപിതാവു സ്വീകരിച്ചു. അതിന്റെ മറ്റൊരു രൂപമാണ് ''സാന്ത്വനപ്രകാശമേ നയിച്ചാലും'' പിതാവു നമ്മുടെ രൂപതയ്ക്ക് സമഗ്രസ്വഭാവമുള്ള നേതൃത്വം നല്കി. പാലായുടെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ആ ശ്രേഷ്ഠനാമം സ്വര്‍ഗത്തിലും എഴുതപ്പെട്ടിരിക്കുന്നു. '"scripta est in caelis'' -þ - ''സ്‌ക്രിപ്ത എസ്ത് ഇന്‍ ചേളിസ്'' - എന്നു നാം ഉറച്ചുവിശ്വസിക്കുകയാണ്.
തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജിലും ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സിലും തിരുവനന്തപുരം മഹാരാജാസിലുമായി പഠനം പൂര്‍ത്തിയാക്കിയശേഷം പിതാവു മംഗലപ്പുഴ സെമിനാരിയില്‍ വൈദികപരിശീലനത്തിനായി ചേരുകയായിരുന്നു. 1950 നവംബര്‍ 9 ന് റോമില്‍വച്ച് അഭിവന്ദ്യ കാര്‍ഡിനല്‍ ടിസറന്റിന്റെ കൈവയ്പുവഴി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. റോമിലെ സെന്റ് തെരേസാസ് ദൈവാലയത്തില്‍വച്ചായിരുന്നു അഭിഷേകകര്‍മ്മം. കൊല്ലം മെത്രാന്‍ ഡോ. ജറോം ഫെര്‍ണാണ്ടസും കോട്ടയം രൂപത മെത്രാന്‍ മാര്‍ തോമസ് തറയിലും സഹകാര്‍മികരായിരുന്നു. വയലില്‍ തിരുമേനിയും കാവുകാട്ടു തിരുമേനിയും ഒന്നിച്ചാണു റോമില്‍വച്ച് അഭിഷിക്തരാകുന്നത്. നാട്ടില്‍ മടങ്ങിയെത്തി ആഘോഷപൂര്‍വമായ വരവേല്പു സ്വീകരിച്ച് മറുപടി നല്‍കിയപ്പോള്‍ വയലില്‍പ്പിതാവു പറഞ്ഞു: ''ചങ്ങനാശേരി രണ്ടായി വിഭജിക്കപ്പെട്ടുവെങ്കിലും രൂപതാംഗങ്ങളായ നമ്മുടെ ഹൃദയം ഒരിക്കലും വിഭജിക്കപ്പെട്ടിട്ടില്ല.''
1951 ജനുവരി 4 ന് പാലാ രൂപതാഭരണം ഏറ്റെടുത്തു. 1966 ല്‍ അമേരിക്കയിലെ ഡിപോള്‍ സര്‍വകലാശാല ഡോക്ടര്‍ ബിരുദം നല്കി വയലില്‍പ്പിതാവിനെ ആദരിച്ചു. 1960, 1966, 1976 എന്നീ വര്‍ഷങ്ങളില്‍ റോമില്‍ ആദ്‌ലീമിന സന്ദര്‍ശനം നടത്തി. 1969 ല്‍ റോമിലെ അസാധാരണ സിനഡില്‍ സംബന്ധിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ എല്ലാ സമ്മേളനങ്ങളിലും പൂര്‍ണമായും പങ്കെടുത്തു. 1976 ല്‍ ഫിലാഡെല്‍ഫിയായില്‍വച്ചു നടന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ സംബന്ധിച്ചു. 1981 മാര്‍ച്ച് 23 ന് രൂപതാഭരണത്തില്‍ നിന്നു വിരമിച്ചു. 1986 നവംബര്‍ 21 ന് നിത്യസമ്മാനത്തിനായി പിതാവു വിളിക്കപ്പെട്ടു.
വയലില്‍പ്പിതാവിന്റെ ക്രാന്തദര്‍ശിത്വത്തിന്റെ വിശിഷ്ടാവശിഷ്ടങ്ങളാണ് ഇന്നു പാലാ രൂപതയിലെങ്ങും ദൃശ്യമാകുന്നത്. 30 വര്‍ഷത്തെ നേതൃത്വശുശ്രൂഷ രൂപതയെ ബലവത്തായ അടിത്തറയില്‍ പണിതുയര്‍ത്തിയെന്നു മാത്രമല്ല, മുന്നോട്ടുള്ള യാത്രയില്‍ വ്യക്തമായ ദിശാബോധം നല്കുകയും ചെയ്തു. കുലീനതയ്ക്ക് അതിരുകളില്ലെന്നു തെളിയിച്ച ശ്രേഷ്ഠാചാര്യശുശ്രൂഷയുടെ സംഭവബഹുലമായ മൂന്നു പതിറ്റാണ്ടുകളായിരുന്നു അത്.
സാന്ത്വനപ്രകാശം ഉള്ളില്‍ അനുഭവിച്ചറിഞ്ഞ ദൈവികനിറവ് പിതാവിന്റെ ചിന്താമണ്ഡലത്തെ കൂടുതല്‍ വിശാലമാക്കിയിരുന്നു. ഉള്‍ക്കാഴ്ചകളും അകലക്കാഴ്ചകളുംകൊണ്ടു നിറഞ്ഞ കലവറയായിരുന്നു പിതാവിന്റെ ബുദ്ധിയും ഹൃദയവും മനസ്സും. ആ മനസ്സിന്റെ അനശ്വരപ്രദര്‍ശനമാണ് നാമിന്ന് ഈ രൂപതയിലാകമാനം കാണുന്നത്. കുറിച്ചതെല്ലാം മൗലികതയുള്ള വീക്ഷണങ്ങളായിരുന്നു. നിരവധിയായ പ്രഭാഷണങ്ങളും 172 പ്രൗഢങ്ങളായ ഇടയലേഖനങ്ങളും മറ്റനേകം സര്‍ക്കുലറുകളും 'നിന്റെ വഴികള്‍ എത്ര സുന്ദരം!' എന്ന പേരിലുള്ള ആത്മകഥയുമെല്ലാം അതിന്റെ മകുടോദാഹരണങ്ങളാണ്. പദസ്വാധീനവും ആശയസംപുഷ്ടിയും പ്രത്യേകതകളായിരുന്നു. പിതാവിന്റെ ഇടയലേഖനങ്ങളും പ്രസംഗങ്ങളും വാസ്തവത്തില്‍ ഗദ്യകവിതകള്‍തന്നെയാണ്. അഗാധമായ പാണ്ഡിത്യവും സ്വതഃസിദ്ധമായ രചനാസൗഷ്ഠവവും പിതാവിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു. പിതാവിന്റെ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങാത്ത പൊതുവേദികള്‍ പാലായില്‍ ഇല്ലായിരുന്നു. കട്ടക്കയം ചെറിയാന്‍ മാപ്പിള, കട്ടക്കയം അബ്രാഹം മല്പാന്‍, പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍, നിധീരിക്കല്‍ മാണിയച്ചന്‍, അന്ത്രയോസ് മല്പാന്‍, കുടക്കച്ചിറ അന്തോണി കത്തനാര്‍, അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍, കദളിക്കാട്ടില്‍ മത്തായിയച്ചന്‍, സി. ബെനീഞ്ഞ തുടങ്ങിയവരെയൊക്കെ പിതാവ് തൂലികയിലൂടെ പുറത്തുകൊണ്ടുവന്നപ്പോഴെല്ലാം അവ അനശ്വരകവിതകള്‍പോലെ നിലകൊണ്ടു.
പിതാവിന്റെ മുന്‍ഗണനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്റെ അജഗണങ്ങളുടെ ആത്മീയവളര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടിയ ആസൂത്രണങ്ങളും ഓരോ രംഗത്തും ചിട്ടയോടുകൂടിയുള്ള പ്രായോഗികപരിപാടികളും ഉറപ്പുവരുത്താന്‍ കഴിഞ്ഞുവെന്നതാണ് വയലില്‍പ്പിതാവിന്റെ പ്രത്യേകത. വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ വളര്‍ന്നുവരുന്ന തലമുറ അവഗാഹം നേടണമെന്നുള്ള നിര്‍ബന്ധത്തില്‍ വിശ്വാസരഹസ്യങ്ങളുടെ പഠനത്തിനായി ചിട്ടയായ വിശ്വാസപരിശീലനക്ലാസ്സുകള്‍ക്കു സംവിധാനമുണ്ടാക്കി. സമര്‍ത്ഥരായ അല്മായരുടെ ഒരു നിര മതബോധനരംഗത്തേക്കു കടന്നുവന്നു. കുട്ടികളുടെ കഴിവുകള്‍ കണക്കിലെടുത്ത് ഓരോ ക്ലാസിലേക്കും വേണ്ട പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തി. കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഇവര്‍ക്കൊക്കെ സംഘാതമായി പ്രവര്‍ത്തിക്കാനുള്ള വിവിധ ഭക്തസംഘടനകള്‍ ഇടവകതലങ്ങളില്‍ എല്ലായിടത്തും രൂപവത്കരിച്ചു.
വി. കുര്‍ബാനയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ആധ്യാത്മികജീവിതത്തിന്റെ ശൈലിയില്‍ വയലില്‍പ്പിതാവ് മക്കളെ ഒരുക്കി. അതിനായി ക്രമമായി ഇടവകകളില്‍ ഇടയനടുത്ത സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്നു. ഹൃദയാവര്‍ജ്ജകവും ഭക്തിദ്യോതകവുമായ രീതിയില്‍ തിരുക്കര്‍മങ്ങള്‍ അനുഷ്ഠിച്ചു. ലളിതകോമളങ്ങളായ പദങ്ങള്‍ എല്ലായിടങ്ങളിലും പ്രയോഗിച്ചു. വണ്ടിക്കാരും വള്ളക്കാരും കര്‍ഷകരും ഉദ്യോഗസ്ഥരും കച്ചവടക്കാരുമെല്ലാം പിതാവിന്റെ ചില ഭാഷാപ്രയോഗശൈലികള്‍ വര്‍ത്തമാനസംഭാഷണവിഷയമാക്കിക്കൊണ്ടിരുന്നു.
പ്രഭാഷണകലയുടെ കുലപതിയായിരുന്നു വയലില്‍ത്തിരുമേനി. ഉത്തമനും സത്തമനും സുസമ്മതനുമായ മേലധ്യക്ഷന്‍ എന്ന് എല്ലാവരും പിതാവിനെക്കുറിച്ച് പറയുന്നു. വിശുദ്ധിയും സ്‌നേഹവും പ്രാര്‍ത്ഥനാചൈതന്യവുമുള്ള കുടുംബങ്ങളായിരുന്നു പിതാവിന്റെ ലക്ഷ്യം. കുടുംബങ്ങളെപ്പറ്റിയും കുടുംബത്തിന്റെ മുന്‍ഗണനകളെപ്പറ്റിയും പിതാവ് ഇപ്രകാരമെഴുതി: ''മാതാപിതാക്കള്‍ക്ക് ശിശുക്കളെക്കാള്‍ വിലയേറിയ എന്തു സ്വത്താണുള്ളത്? ശിശുക്കള്‍ നമ്മുടെ അമൂല്യനിധികളാണ്. രാജ്യത്തിന്റെയും സമുദായത്തിന്റെയും ഭാവിഭാഗധേയം അവരെയാണ് ആശ്രയിച്ചിരിക്കുന്നത്. ശിശുക്കള്‍ ദൈവത്തിന്റെ സ്‌നേഹഭാജനങ്ങളും മിശിഹായുടെ രക്തത്തോളം വിലയുള്ളതുമാണ്.''
നമ്മള്‍ കുടുംബവര്‍ഷത്തിലാണ്. മാര്‍ യൗസേപ്പിന്റെ വര്‍ഷത്തിലാണ്. ജീവിതത്തിന്റെ പ്രഥമവും അടിസ്ഥാനപരവുമായ പാഠങ്ങള്‍ പഠിക്കാനുള്ള സ്‌കൂള്‍ കുടുംബവും അവിടുത്തെ അധ്യാപകര്‍ മാതാപിതാക്കളുമത്രേ എന്നതായിരുന്നു പിതാവിന്റെ ആപ്തവാക്യം. പരിശുദ്ധ മദ്ബഹയിലേക്കുള്ള പുഷ്പങ്ങള്‍ ശേഖരിക്കുവാനുള്ള തോട്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ കത്തോലിക്കാക്കുടുംബങ്ങളാണെന്ന് പിതാവ് നിരന്തരം പഠിപ്പിച്ചുകൊണ്ടിരുന്നു.
പാലാ സെന്റ് തോമസ് സ്‌കൂളിലെ അധ്യാപകനും ഹെഡ്മാസ്റ്ററുമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ പാലായിലൊരു കോളജ് കിഴക്കന്‍പ്രദേശത്തെ ജനങ്ങളുടെ പുരോഗതിക്ക് ആവശ്യമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തനം തുടങ്ങി. കോളജിനുവേണ്ടി രൂപീകൃതമായിരുന്ന കമ്മിറ്റിയുടെ പ്രസിഡന്റ് പിതാവായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വിജയത്തിലേക്ക് എത്തുമ്പോള്‍ത്തന്നെയാണ് പാലാ രൂപത ഉണ്ടാകുന്നതും പിതാവ് രൂപതയെ നയിക്കാന്‍ നിയുക്തനാകുന്നതും. ഇന്നത്തെ പാലാ രൂപതയിലുള്ള സ്‌കൂളുകളില്‍ ഭൂരിഭാഗവും പിതാവിന്റെ നിര്‍ദ്ദേശാനുസരണത്തിലും പ്രോത്സാഹനത്തിലും രൂപംകൊണ്ടതാണ്.
സെന്റ് ബര്‍ണാര്‍ഡിന്റെ മനോഹരമായ ഒരു വാക്യമുണ്ട്: മിലേ ല േൃലൃേീ ീരൗഹമമേ ആന്തേ എത്ത് റേത്രോ ഒക്കുളാത്താ- അതിങ്ങനെയാണ്; മുന്‍പോട്ടും പിറകോട്ടും നോക്കി നമ്മള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സമഗ്രമായ നേതൃത്വം കൊടുക്കുവാന്‍ കഴിയുന്നത്. അല്‍ഫോന്‍സാ കോളജും ബി.എഡ്. കോളജും പിന്നീട്, കുറവിലങ്ങാട്, അരുവിത്തുറ തുടങ്ങിയ കോളജുകളുമെല്ലാം പിതാവ് ഈ നോട്ടം നോക്കിയതിന്റെ ഫലമാണ്. അധ്യാപകനിയമനം, മാനേജുമെന്റും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത മൂല്യാധിഷ്ഠിതസമീപനം കൈക്കൊള്ളുകയും തത്ഫലമായി വ്യക്തമായ ഒരു വഴി ഇന്നും തെളിഞ്ഞുതന്നെ നില്‍ക്കുകയും ചെയ്യുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കുകയും ചെയ്യാം.
വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് പിതാവു പറഞ്ഞത് ഇതാണ്: ''അധ്യാപകര്‍ നിര്‍വഹിക്കുന്നത് അതിപാവനമായ പ്രേഷിതശുശ്രൂഷയാണ്. വിദ്യാലയങ്ങളില്‍ പാവനമായ ഒരു അന്തരീക്ഷം പരിരക്ഷിക്കുന്നതിനുള്ള കടമ അവരില്‍ നിക്ഷിപ്തമാണ്.
വിദ്യാര്‍ത്ഥികള്‍ അവരില്‍ മാതൃകാപുരുഷന്മാരെയാണ് കാണേണ്ടത്.'' സമൂഹത്തില്‍ ഒരുപിടി തിന്മകളുള്ള ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നു എന്നു നമുക്കറിയാം. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രസക്തി നാം തിരിച്ചറിയണം.
1972 ല്‍ ഗവണ്‍മെന്റ് ഇടപെടല്‍മൂലം ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് വിദ്യാഭ്യാസരംഗത്തു വലിയ പ്രതിസന്ധിയുളവാക്കി. അപ്പോള്‍ വയലില്‍പ്പിതാവ് പറഞ്ഞു: ''തിരുസഭയുടെ പ്രബോധനങ്ങളും ഭാവിതലമുറകളോടുള്ള കടപ്പാടുംമൂലം നമുക്ക് നമ്മുടെ വിദ്യാലയങ്ങളും അങ്ങനെ കൈവിട്ടുകൊടുക്കാന്‍ സാധ്യമല്ല. എന്തുതന്നെ സഹിക്കേണ്ടിവന്നാലും നമ്മുടെ അവകാശവും കര്‍ത്തവ്യവും പരിത്യജിക്കാന്‍ നിവൃത്തിയില്ല.'' പിതാവിന്റെ പ്രഭാഷണം ഭാരതം മുഴുവനും ശ്രദ്ധിച്ചതായിരുന്നു. അര്‍ത്ഥമില്ലാത്തതും അനുചിതവുമായ രാഷ്ട്രീയനിലപാടുകളെ കടന്നാക്രമിക്കുവാന്‍ പിതാവ് ഒരിക്കലും മടിച്ചിരുന്നില്ല. പിതാവിന്റെ വാക്കുകള്‍ക്ക് ശക്തിയും ഗാംഭീര്യവും വര്‍ദ്ധിച്ചപ്പോള്‍ അത് ആയിരങ്ങള്‍ക്ക് പ്രചോദനമായി. ശുഷ്‌കവും ഉപരിപ്ലവവുമായ ഒന്നിനോടും പിതാവിന് താത്പര്യമില്ലായിരുന്നു. ചെയ്തതെല്ലാം ഈടുറ്റതും ആഴമുള്ളതുമായിരുന്നു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്ത മെത്രാന്‍ എന്ന നിലയില്‍ വിസ്മരിക്കാനാവാത്ത ഒരു ചരിത്രസംഭവത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു വയലില്‍പ്പിതാവ്. ആ സൂനഹദോസിന്റെ ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളും അജപാലനവീക്ഷണങ്ങളും അദ്ദേഹം സ്വന്തമാക്കി. സഭാപൈതൃകത്തോടുള്ള താത്പര്യവും ആരാധനക്രമത്തോടുള്ള പ്രതിബദ്ധതയും എല്ലാം പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വഴികാട്ടിയായി. മടങ്ങിയെത്തിയ പിതാവ് പാസ്റ്ററല്‍ കൗണ്‍സിലും പ്രിസ്ബിറ്ററല്‍ കൗണ്‍സിലും രൂപവത്കരിച്ചു. വിശ്വാസത്തിന്റെ ഉള്ളറകളിലേക്ക്, മതാത്മകതയുടെ ആന്തരികതയിലേക്ക് ഊളിയിട്ടിറങ്ങാന്‍ പിതാവിനു കഴിഞ്ഞു.
മാര്‍ത്തോമ്മാനസ്രാണി ശ്ലൈഹികപാരമ്പര്യത്തിന്റെയും പൗരസ്ത്യസുറിയാനിഭാഷയുടെയും ശക്തനായ വക്താവായിരുന്നു പിതാവ്. പിതാവിന്റെ സഭാത്മകകാഴ്ചപ്പാട് വ്യക്തിസഭാസ്രോതസ്സുകളില്‍ ഊന്നിനില്‍ക്കുന്നവയായിരുന്നു. സഭാമക്കള്‍ ലിറ്റര്‍ജിയില്‍നിന്നും സഭാപിതാക്കന്മാരില്‍നിന്നും ഊര്‍ജം സമ്പാദിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്തു.
അഭിവന്ദ്യ വയലില്‍പ്പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും സഭാസ്‌നേഹത്തിന്റെയും മറ്റൊരു വേദിയാണ് പാലായില്‍ സമൃദ്ധമായി ലഭിച്ച ദൈവവിളികള്‍. 1960 കളില്‍ ആദ്യത്തെ ആദ്‌ലീമിന സന്ദര്‍ശനസമയത്തുതന്നെ പരി. പിതാവ് 23-ാം ജോണ്‍പോള്‍ മാര്‍പാപ്പായോട് സീറോ മലബാര്‍ സഭയുടേതായ ഒരു മിഷനറി സൊസൈറ്റി സ്ഥാപിക്കാനുള്ള ആഗ്രഹം അറിയിച്ചു. പരിശുദ്ധ പിതാവ് അതിനെ പ്രോത്സാഹിപ്പിച്ചു. ഈ പരിശ്രമത്തിന്റെ വിജയസമാപ്തിയാണ് നമ്മുടെ സെന്റ് തോമസ് മിഷനറി സൊസൈറ്റി. ഉജ്ജൈന്‍, മാണ്ഡ്യാ, സാംഗ്ലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അവര്‍ നിറഞ്ഞുനില്‍ക്കുകയാണ്, അതുപോലെ വിദേശരാജ്യത്തും. വൈദികവിദ്യാര്‍ത്ഥികളെയും സെമിനാരിയെയും പിതാവ് ഏറെ സ്‌നേഹിച്ചു. 'ദ ഹാര്‍ട്ട് ഓഫ് ദ ഡയോസിസ് ഈസ് സെമിനാരി' എന്ന് പിതാവ് മൈനര്‍ സെമിനാരിയില്‍ വരുമ്പോള്‍ കൂടെക്കൂടെ പറയുമായിരുന്നു.
എക്യുമെനിസത്തിന്റെയും മതമൈത്രിയുടെയും അങ്ങനെ ഒരു വലിയ വിശാലകുടുംബത്തിന്റെയും എല്ലാം ആളായിരുന്നു വയലില്‍പ്പിതാവ്. സഭയില്‍ അല്മായരുടെ പ്രസക്തിയും ശക്തിയും പിതാവ് വേണ്ടവണ്ണം ഗ്രഹിച്ചിരുന്നു. രൂപതയുടെ നിര്‍ണായകകേന്ദ്രങ്ങളിലൊക്കെ അല്മായരെ നിയോഗിച്ചിരുന്നു. പള്ളിയോഗങ്ങളില്‍ അല്മായരുടെ സുപ്രധാനമായ പങ്കാളിത്തത്തെക്കുറിച്ച് പിതാവു പ്രസംഗിച്ചിരുന്നു. കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ചറിയുവാന്‍ കരുത്തുറ്റ ഒരു മനസ്സായിരുന്നു പിതാവിന്റേത്. രൂപതാംഗങ്ങളായ എല്ലാവര്‍ക്കും നല്ല ശിക്ഷണം നല്കി. എതിര്‍പ്പുകളും പ്രതിസന്ധികളും തെറ്റുദ്ധാരണകളും അവഗണനകളുമെല്ലാം ഒരുപാടുണ്ടായിരുന്നു. പക്ഷേ, പിതാവ് സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും കീഴ്‌പ്പെടാതെ ജീവിച്ചു. പിതാവ് രൂപതയിലെ സമര്‍പ്പിതസഹോദരിമാരോട് വളരെ കരുതലും വാത്സല്യവും കാണിച്ചിരുന്നു. പോയിടത്തെല്ലാം പിതാവ് പാലായെ കൊണ്ടുപോയിരുന്നു. പോയ ഇടങ്ങളില്‍നിന്നെല്ലാം പാലായ്ക്കുവേണ്ടി എന്തെങ്കിലും തിരിച്ചു കൊണ്ടുവരുമായിരുന്നു. പാലായുടെ തനിമയും ശീലങ്ങളും ആചാരങ്ങളുമെല്ലാം കൃത്യമായി മനസ്സിലാക്കി പ്രോത്സാഹിപ്പിച്ച പിതാവായിരുന്നു നമ്മുടെ വയലില്‍പ്പിതാവ്. പിതാവ് ഒരു സോഷ്യല്‍ എന്‍ജിനീയറെപ്പോലെ ഇവിടെയുള്ള എല്ലാ മേഖലകളിലും ഇടപെട്ടു പ്രവര്‍ത്തിച്ചിരുന്നു. സഭയിലെ പുണ്യചരിതരായ വലിയ പിതാക്കന്മാരുടെ ഗണത്തിലാണ് വയലില്‍പ്പിതാവും എണ്ണപ്പെടുന്നത്.