•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍നിന്ന്

രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുക(25 ലക്ഷം രൂപ)യുള്ള സാഹിത്യപുരസ്‌കാരമായ
ജെസിബി അവാര്‍ഡിന് എം. മുകുന്ദന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ഏതാനും കൃതികളിലേക്ക് ഒരു എത്തിനോട്ടം.

ലയാളനോവലിന്റെ പാരമ്പര്യസ്വഭാവത്തെ നിരാകരിച്ച ചില എഴുത്തുകാര്‍ 1960 കളുടെ ഒടുവില്‍ മലയാളസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അന്നേവരെ അപരിചിതമായിരുന്ന രചനാസമ്പ്രദായങ്ങളാണ് അവര്‍ പരീക്ഷിച്ചത്. സമൂഹഗതിയില്‍നിന്നു വേറിട്ടു നില്ക്കുന്നവരും സ്വന്തം അസ്തിത്വത്തെ അപകടത്തിലാക്കുന്ന സാമൂഹികപ്രവണതകളെ അവഗണിക്കുന്ന സ്വതന്ത്രപ്രകൃതികളും സാമാന്യേന അരാജകവാദികളും മൂല്യബോധത്തെ ഒഴിവാക്കിക്കൊണ്ട് തനതായ രചനാശില്പം സൃഷ്ടിച്ചവരുമായിരുന്നു അവര്‍. പ്രധാനമായും നോവല്‍സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട അസ്തിത്വവാദികളായ നിഷേധികളുടെ ഒരുകൂട്ടം. അവര്‍ക്കിടയില്‍ കാക്കനാടന്‍, മുകുന്ദന്‍, ഒ.വി. വിജയന്‍, ആനന്ദ് തുടങ്ങിയവര്‍ ശ്രദ്ധേയരായി. ആംഗലേയേതരസാഹിത്യവുമായി ഗാഢബന്ധം പുലര്‍ത്തിയ ഈ ഗണത്തില്‍ ഏറ്റവും പ്രമുഖന്‍ എം. മുകുന്ദനായിരുന്നു. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മാഹിയില്‍ ജനിച്ചുവളര്‍ന്നതും ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നതും ഫ്രഞ്ചുസാഹിത്യവുമായി മുകുന്ദന് കൂടുതല്‍ ബന്ധമുണ്ടാകാനിടയാക്കി.
മുകുന്ദന്റെ നായകകഥാപാത്രങ്ങളെല്ലാം പുറന്തള്ളപ്പെട്ടവരായിരുന്നു. ആദ്യ നോവലായ ദല്‍ഹിയിലെ അരവിന്ദന്‍ മുതല്‍ ഈയിടെ എത്തിറങ്ങിയ നൃത്തം ചെയ്യുന്ന കുടകളിലെ ചോയി വരെള്ളവര്‍ ഒറ്റപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ കഥാപാത്രങ്ങളാണ്.
നഗരവത്കരണത്തിന്റെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കഥാപാത്രമാണ് ദല്‍ഹിയിലെ അരവിന്ദന്‍. ഒരു ചിത്രകാരനായിരുന്ന അയാള്‍ ഉപജീവനത്തിന് ഒരു തൊഴിലന്വേഷിച്ചാണ് ഡല്‍ഹിയില്‍ എത്തുന്നത്. തന്റെ സഹജവാസനകളുമായി ചേര്‍ന്നു പോകാത്ത തൊഴില്‍ അയാള്‍ക്ക് ഉള്‍കൊള്ളാനാവുന്നില്ല. നഗരസംസ്‌കാരത്തിന്റെ ആര്‍ത്തിരമ്പലില്‍ സ്വയം നഷ്ടപ്പെട്ടുപോകുന്ന നിസ്സഹായജന്മങ്ങളുടെ കഥയാണിത്.
ആവിലായിലെ സൂര്യോദയത്തിലെ പ്രഭാകനും പരിത്യജിക്കപ്പെട്ട ഒരു കഥാപാത്രമാണ് തലമുറകളെ വേട്ടയാടുന്ന പാപബോധത്തില്‍നിന്ന് അയാള്‍ക്കും മോചനം കിട്ടുന്നില്ല. അധഃപതിച്ചുപോയ ഒരു സമൂഹത്തിന്റെയും കുടുംബസാഹചര്യങ്ങളുടെയും സൃഷ്ടിയാണയാള്‍. പാപത്തിന്റെയും പാപബോധത്തിന്റെയും ചുഴികളില്‍ക്കിടന്ന് സ്വയം ഉരുകിത്തീരുന്ന ഒരു കഥാപാത്രം.
അനന്തകൃഷ്ണന്റെയും ശ്രീദേവിയുടെയും മകനാണ് കേശവങ്ങളിലെ വിലാപങ്ങളിലെ അപ്പുക്കുട്ടന്‍. ഒരു രാഷ്ട്രീയക്കാരനായ അനന്തകൃഷ്ണന്‍ തന്റെ മകന്‍ ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകരുതെന്നാഗ്രഹിക്കുന്നു. എന്നിട്ടും തൊട്ടിലില്‍ക്കിടക്കുന്ന പ്രായത്തില്‍ത്തന്നെ ഇഎംഎസ് ഭക്തനായി വളരുന്ന അപ്പുക്കുട്ടനെ  ഈ നോവലില്‍ക്കാണാം. ഇടതുപക്ഷ ചായ്‌വുള്ള ഒരു നോവലായിത്തോന്നുമെങ്കിലും ഇടതുപക്ഷത്തെ താഴ്ത്തിക്കെട്ടാനാണ് മുകുന്ദന്‍ ശ്രമിക്കുന്നതെന്ന്  കേശവന്റെ വിലാപങ്ങള്‍, വായിക്കുമ്പോള്‍ നമുക്കു മനസ്സിലാകും.  
മുകുന്ദന്റെ നോവല്‍ പ്രപഞ്ചത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു രചനയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. കേരളത്തിലെ ഫ്രഞ്ചധീനപ്രദേശമായിരുന്ന മയ്യഴിയുടെ ഉള്‍ത്തുടിപ്പുകള്‍ ഈ നോവലില്‍ മുകുന്ദന്‍ വരച്ചുവച്ചിട്ടുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കഥാപാത്രങ്ങളും അവതരണശൈലിയും കഥാപരിസരവും അത്രയേറെ വ്യത്യസ്തമാണ്.
മുകുന്ദന്റെ മാസ്റ്റര്‍ പീസ് ആയ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഒരു സ്വാതന്ത്ര്യസമരത്തിന്റെ കഥയാണ്. പഴയതലമുറയും പുതിയ തലമുറയും തമ്മിലുള്ള ആശയസംഘട്ടനങ്ങളുടെയും കഥ. അറുപതിലേറെ പതിപ്പുകള്‍ പുറത്തിറങ്ങിയ, മലയാളത്തിന്റെ ക്ലാസ്സിക് എന്നു പറയാവുന്ന ഒരു നോവലാണിത്. കഴിഞ്ഞ നാല്പത്തിയെട്ടു വര്‍ഷങ്ങളായി ഈ നോവല്‍ മലയാളിയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു. ഇതിന്റെ അവതരണം അത്രമേല്‍ ഹൃദയാവര്‍ജകമാണ്. ഫ്രഞ്ച് ഉള്‍പ്പടെ പല ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
നോവലിന്റെ കേന്ദ്രകഥാപാത്രമായ ദാസന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ദാസന്റെ അച്ഛമ്മയായ കുറുമ്പിയമ്മയുടെ ചിന്തകളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. കറുമ്പിയമ്മ പൊടി വലിക്കും. അവരുടെ പ്രിയപ്പെട്ട ഒരു സമ്പാദ്യമാണ് ആനക്കൊമ്പുകൊണ്ടുള്ള ആ പൊടിഡപ്പി. അതില്‍ മൂക്കില്‍ വലിക്കുന്നതിനുള്ള പൊടി മാത്രമല്ല നിറച്ചിരിക്കുന്നത്, ഒരു പിടി കഥകളും ഓര്‍മകളുംകൂടിയാണ്. ആ കഥകള്‍ പറഞ്ഞുകൊടുത്താണ് ദാസനെ കുറുമ്പിയമ്മ വളര്‍ത്തുന്നത്. മയ്യഴിയെ ഭരിക്കുന്ന ഫ്രഞ്ചുകാര്‍ മയ്യഴിക്കാരല്ല എന്നും ഇത് ഇന്ത്യയാണ്, മയ്യഴി ഇന്ത്യാക്കാരുടേതാണ് എന്നുമുള്ള ഉത്തമബോധ്യം അവനില്‍ നിറഞ്ഞു നില്‍ക്കുന്നു. ഉയര്‍ന്ന മാര്‍ക്കോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ദാസന്‍, ഫ്രഞ്ചുകാര്‍ വച്ചുനീട്ടുന്ന ജോലിയും ഉന്നതവിദ്യാഭ്യാസവുമൊക്കെ വേണ്ടെന്നു വെക്കുന്നു. പിന്നീട് ദാസനിലൂടെ സ്വാതന്ത്ര്യസമരത്തിലേക്കു കടന്നുവരുന്ന നിരവധി ചെറുപ്പക്കാര്‍.
പക്ഷേ, പഴയതലമുറ ഒരിക്കലും മറക്കാന്‍ കൂട്ടക്കാത്ത ലെസ്ലി സായ്‌വും മിസ്സിയും അവരുമായുള്ള സൗഹൃദങ്ങളും... സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരസ്പരം കരുതുന്നവര്‍. കാലമോ വേഷമോ ഭാഷയോ രാജ്യമോ ഒന്നും അവരുടെ ബന്ധത്തിനു വിലങ്ങുതടിയാവുന്നില്ല. 'ഞാന്‍ ചിന്തിച്ചില്ലെങ്കിലും എന്റെ മോനെക്കുറിച്ച് കുറുമ്പിയമ്മ ചിന്തിക്കുന്നുണ്ടല്ലോ' എന്ന് ആത്മഹര്‍ഷം കൊള്ളുന്ന മിസ്സിയമ്മയും സ്വപ്നത്തില്‍പ്പോലും ലെസ്ലിസായ്‌വിന് പൊടി നുള്ളിക്കൊടുക്കുന്ന കറുമ്പിയമ്മയും കുഞ്ഞനന്തനും  ദാസനും ഗുസ്താവ് സായ്‌വും വാസൂട്ടിയും പപ്പൂട്ടിയും ചന്ദ്രികയും ഗിരിജയുംമൊക്കെ കഥാപാത്രങ്ങളായല്ല, നമ്മുടെ മുന്നില്‍ കടന്നുവരുന്നത്, ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായാണ്. നമുക്കു തോന്നും, ആ തലമുറ ആ വിദേശാധിപത്യം ആസ്വദിച്ചിരുന്നോ എന്ന്. മയ്യഴിയുടെ ചരിത്രവും കഥാപരിസരവും ഭൂമിശാസ്ത്രവുമൊക്കെ എം. മുകുന്ദന്‍ വരച്ചുവച്ചിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യകള്‍ ഭാഷയിലും സംസ്‌കാരത്തിലുമുണ്ടാകുന്ന വിഹ്വലതകളെയും സങ്കീര്‍ണതകളെയും മലയാളസാഹിത്യത്തില്‍ അനുഭവവേദ്യമാക്കിത്തീര്‍ത്ത നോവലിസ്റ്റാണ് മുകുന്ദന്‍. വിവരസാങ്കേതികവിദ്യ വികസിക്കുകയും ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും വ്യക്തിമൂല്യങ്ങളുടെ അന്തഃസത്ത നഷ്ടമാവുകയും ചെയ്യുന്ന കാലത്തെയാണ് നൃത്തം എന്ന നോവലില്‍ നാം വായിക്കുന്നത്. കംപ്യൂട്ടറില്‍ തെളിയുന്ന സന്ദേശങ്ങള്‍ മാത്രം. ജീവിതമാവുകയും ഇമെയില്‍ ഐഡി ജീവിതത്തിന്റെ ആധാരമാവുകയും ചെയ്യുന്ന കാലം. ഇതുവരെയുള്ള മുകുന്ദന്റെ രചനാരീതികളില്‍നിന്നു വ്യത്യസ്തമാണ് നൃത്തം.  മുകുന്ദന്‍ ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന കാലത്തെ സംഭവങ്ങളാണ് ദല്‍ഹിഗാഥകള്‍ എന്ന കൃതിയുടെ ഇതിവൃത്തം. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇന്ദിരാഗാന്ധിവധവും സിക്ക് വിരുദ്ധകലാപവുമെല്ലാം ഇതില്‍ വിവരിച്ചിരിക്കുന്നു. ഡല്‍ഹി കത്തിയെരിയുന്നതും നിരപരാധികളായ ആയിരക്കണക്കിനു സിക്കുകാര്‍ അരുംകൊല ചെയ്യപ്പെട്ടതും അനുബന്ധസംഭവങ്ങളും ഡല്‍ഹിയിലെ മറ്റുപല ആനുകാലികസംഭവങ്ങളും ഡല്‍ഹിഗാഥകളില്‍ ഉദ്വേഗജനകമാംവിധം വിവരിച്ചിട്ടുണ്ട്.
കുട നന്നാക്കുന്ന ചോയി 2015 ല്‍ പുറത്തിറങ്ങിയ നോവലാണ്. നാട്ടിന്‍ പുറത്തെ കുടനന്നാക്കുകാരനായ ചോയി ഒരു ദിവസം കപ്പല്‍ കയറി വിദേശത്തേക്കു പോകുന്നു. അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കൈയില്‍ ഒരു കവര്‍ ഭദ്രമായി ഏല്പിച്ചിട്ടാണ് അയാള്‍ പോകുന്നത്. തന്റെ മരണശേഷം മാത്രമേ അതു തുറക്കാവൂ എന്നും പറഞ്ഞേല്പിക്കുന്നുണ്ട്. അതു നാട്ടില്‍ വാര്‍ത്തയാവുന്നു, നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട് ഈ നോവല്‍. കാവിവത്കരണത്തിനെതിരേയുള്ള മുകുന്ദന്റെ പ്രതിഷേധമായിരുന്നു ഈ നോവലെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വന്ന നോവലാണ് നൃത്തം ചെയ്യുന്ന കുടകള്‍. ആദ്യകാലത്ത് നിരീശ്വരവാദിയും പിന്നീട് വിശ്വാസിയുമാകുന്ന മാധവന്‍, താന്‍ ചോയിയുടെ കത്ത് തിരുത്തിയാണ് വായിച്ചതെന്ന് കുറ്റസമ്മതം നടത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി. അവാര്‍ഡ് മുകുന്ദനു ലഭിച്ചത് ദല്‍ഹി ഗാഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ്. 2011 ല്‍ പ്രസിദ്ധീകരിച്ച ദല്‍ഹിഗാഥകള്‍ പ്രൊഫ. ഇ.വി. ഫാത്തിമയും. കെ. നന്ദകുമാറും ചേര്‍ന്ന് 'ഡല്‍ഹി എസോളിലോക്കി' എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. മലയാള ഭാഷാഗ്രന്ഥങ്ങള്‍ ലോകശ്രദ്ധ നേടണമെങ്കില്‍ അത് വിവര്‍ത്തനവിധേയമായേ തീരൂവെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു.
ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്ന എം. മുകുന്ദന്‍ ഒരു തവണ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)