കാലാവസ്ഥാവ്യതിയാനം മിഥ്യയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള വികസിതരാജ്യങ്ങളുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് അന്തിമവിജയം കണ്ടെത്താനായില്ല. അത്തരത്തിലുള്ള വിവാദങ്ങള്‍ ഏറെക്കുറെ അവസാനിച്ചു എന്നുതന്നെ പറയാം. കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ സമ്മതിക്കുന്ന ഈ സമയത്ത് മനുഷ്യനിര്‍മിതമായ കാലാവസ്ഥാഘാതങ്ങളെ പ്രതിരോധിക്കാന്‍ മനുഷ്യന്‍തന്നെ ഉറച്ച നിലപാടുകളും തീരുമാനങ്ങളും എടുത്തേ തീരൂ. കഴിഞ്ഞ ലക്കങ്ങളില്‍ നാം പ്രതിപാദിച്ച വിഷയങ്ങള്‍ ആഗോളതാപനവും അനന്തരഫലമായ കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിക്കും മനുഷ്യനും വരുത്തിവയ്ക്കുന്ന വിനാശകരമായ പ്രതിസന്ധികളെക്കുറിച്ചാണ്. തുടര്‍ന്നു ചിന്തിക്കുന്നത്, ചിന്തിക്കേണ്ടത് ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ നാം ഒരുമിച്ച് എടുക്കേണ്ട ശക്തമായ മുന്‍കൈകളെക്കുറിച്ചാണ്.
ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞും, പ്രയോഗത്തില്‍ വരുത്തിയും കണ്ണിലെ കൃഷ്ണമണിപോലെ നാം കാത്തൂസൂക്ഷിക്കേണ്ട മനോഹരമായ സമ്പത്താണ് ജൈവസംസ്‌കാരം. ഇതൊരു ജീവിതശൈലിയായി മാറണം. 2007 ല്‍ ഓസ്‌ട്രേലിയായില്‍ തുടങ്ങിവച്ച ''ഭൗമമണിക്കൂര്‍'' എന്ന ആശയം ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളും അനുകരിച്ച് ലോകത്തിലെതന്നെ ഏറ്റവും വലിയ പരിസ്ഥിതിബോധവത്കരണപരിപാടിയായിത്തീര്‍ന്നിട്ടുണ്ട്. എല്ലാ വര്‍ഷവും മാര്‍ച്ചുമാസത്തിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റ് ഓഫാക്കി കാലാവസ്ഥാവ്യതിയാനത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രതീകാത്മകമായ ഒരു പ്രവൃത്തി.
ഒരു മണിക്കൂറിനുശേഷം പിന്നെന്ത് എന്ന ചോദ്യം ബാക്കിയാകുന്നു. ഈയൊരു ബോധം, ഒരു മണിക്കൂറിനുമപ്പുറത്തേക്ക് ഒരു ദിവസം, ഒരാഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്ന രീതിയിലേക്കു ദീര്‍ഘിപ്പിക്കാനായാല്‍, ബോധപൂര്‍വം നാം പാകപ്പെടുത്തിയെടുത്ത ഈ ഇരുട്ടിനുമപ്പുറം വെളിച്ചത്തിന്റെ ചില തുരുത്തുകള്‍ പ്രത്യക്ഷമാകും എന്നതുറപ്പ്. കാണാക്കൂരിരുട്ടില്‍ കുഞ്ഞുങ്ങൡലക്കു പകര്‍ത്തപ്പെടുന്ന ഈ പരിസ്ഥിതിബോധം അവരുടെ ഹൃദയങ്ങളിലെന്നും ഒരു തിരിയായി തെളിഞ്ഞുനില്ക്കുകതന്നെ ചെയ്യും.
വീട്ടുമുറ്റത്ത് കാറുള്ളപ്പോഴും, വ്യക്തിഗതാവശ്യങ്ങള്‍ക്കു പൊതുഗതാഗതസംവിധാനത്തെ ആശ്രയിക്കുന്ന ചില നല്ല മാതൃകകള്‍ ഇളംതലമുറയ്ക്കു പകര്‍ന്നുനല്കാന്‍ നമുക്കു കഴിഞ്ഞിരുന്നുവെങ്കില്‍...! ഹര്‍ത്താല്‍, ബന്ദ് ദിനങ്ങളില്‍ തൊടുപുഴയിലെ തന്റെ വീട്ടില്‍നിന്നു സൈക്കിള്‍ ചവിട്ടി 30 കിലോമീറ്റര്‍ ദൂരെയുള്ള പാലാ സെന്റ് തോമസ് കോളജിലെത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്ന സംസ്‌കൃതാധ്യാപകന്‍ സി.റ്റി. ഫ്രാന്‍സീസ് സാര്‍ ഓര്‍മകളില്‍ നിറയുന്നു. വഴിനീളെ ഒന്നും ഉരിയാടാതെ അദ്ദേഹം പഠിപ്പിച്ച, പകര്‍ന്ന പാഠങ്ങള്‍ക്ക് എത്ര വലുപ്പം! യാത്രകള്‍ക്കു പൊതുഗതാഗതമാര്‍ഗങ്ങളെയും, അതിനുമപ്പുറം സൈക്കിളുകളെയും ആശ്രയിക്കാന്‍ സന്നദ്ധതയുള്ള ഒരു തലമുറയ്ക്കു മാത്രമേ നാട്ടില്‍ പടരുന്ന പുകച്ചുരുളുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കാന്‍ കഴിയൂ...
ടാറിട്ട റോഡുകള്‍ മാത്രമല്ല, ടൈലിട്ട മുറ്റങ്ങളും അലങ്കാരമായിക്കരുതുന്ന വര്‍ത്തമാനകാലത്ത്, എന്റെയും എന്റെ കുഞ്ഞുങ്ങളുടെയും കാലുകളില്‍ ചെളിപടരട്ടെ എന്നു വിനയത്തോടെ സമ്മതിക്കാന്‍ കഴിയുന്ന മനുഷ്യരുള്ള കാലത്തേ ഭൂമിക്കതിന്റെ കുതൂഹലങ്ങളിലേക്കു മടങ്ങിപ്പോകാന്‍ സാധിക്കൂ. മണ്ണില്‍ ചവിട്ടാന്‍ അറപ്പില്ലാത്ത കുട്ടിക്കൂട്ടങ്ങളുടെ പാദങ്ങള്‍ക്കടിയില്‍ ജീവജലത്തിന്റെ അരുവികള്‍ ഉറവയായി പൊട്ടുകതന്നെ ചെയ്യും. മണ്ണ് അതിന്റെ ഉര്‍വ്വരത വീണ്ടെടുക്കുമ്പോള്‍ കതിരുകള്‍ക്കു മാത്രമല്ല, മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കും കനകനിറമേറും.
വ്യക്തികളും, കുടുംബങ്ങളും സ്ഥാപനങ്ങളും കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാന്‍ നിരവധി പദ്ധതികളുമായി മുന്നേറുമ്പോള്‍, 'ആഗോളതാപനം മരമാണ് മറുപടി' എന്ന വാക്യത്തെ നെഞ്ചോടു ചേര്‍ത്ത്, ഹരിതവത്കരണത്തിനു പച്ചക്കൊടി കാട്ടുമ്പോള്‍ മറുവശത്ത് പല വികസിതരാജ്യങ്ങളും ആഡംബരത്തിനും, സുഖസൗകര്യങ്ങള്‍ക്കും, ധൂര്‍ത്തിനുംവേണ്ടി വിപുലമായ രീതിയില്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുന്നു. ഹരിതഗൃഹവാതകങ്ങള്‍ യഥേഷ്ടം അന്തരീക്ഷത്തിലേക്കു തള്ളിവിട്ടുകൊണ്ട് ആഗോളതാപനത്തിന് ആക്കംകൂട്ടുന്ന അമേരിക്ക, വാതകനിര്‍ഗമനം കുറയ്ക്കുന്നതിനുള്ള പാരീസ് ഉടമ്പടിയില്‍നിന്നു പിന്മാറിയെന്നത് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതും, പ്രതിരോധിക്കപ്പെടേണ്ടതുമാണ്. അത്തരമൊരു സാംസ്‌കാരികപശ്ചാത്തലം ഐക്യരാഷ്ട്രസഭയില്‍ രൂപപ്പെടേണ്ടതുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ 20:20 പാക്കേജുപോലുള്ള ധീരമായ നടപടികള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. 2020 ആകുമ്പോള്‍ ഹരിതഗൃഹവാതകനിര്‍ഗമനം 20 ശതമാനം കുറയ്ക്കുമെന്നുള്ള എത്രമാത്രം യാഥാര്‍ത്ഥ്യമായെന്നും ഇത്തരം നടപടികളുടെ 'ഇംപാക്ട്' എന്തെന്നും വിലയിരുത്തേണ്ട സമയമാണിത്. ഡോക്യുമെന്റുകളിലും, കരാറുകളിലും, നിയമങ്ങളിലും മാത്രമൊതുങ്ങുന്ന എത്രയോ പദ്ധതികള്‍ നമുക്കു മുന്നിലുണ്ട്. മലകള്‍ തകര്‍ത്തും നദികള്‍ നശിപ്പിച്ചും വയലുകള്‍ നികത്തിയും വനങ്ങള്‍ തീയിട്ടും ജൈവസംസ്‌കാരത്തിനു നാം ചരമക്കുറിപ്പെഴുതിക്കഴിഞ്ഞു. യന്ത്രവത്കൃത, കംപ്യൂട്ടറധിഷ്ഠിത, റൊബോട്ടിക് യുഗത്തില്‍, ഭൂതലത്തിലെ ഉപകാരപ്രദമല്ലാത്ത ഒരു ജീവിവര്‍ഗമായി മനുഷ്യന്‍ പരിണമിക്കുമെന്ന മുന്നറിയിപ്പു തള്ളിക്കളയാനാവില്ല. പരിണാമം മൃഗത്തെ മര്‍ത്ത്യനാക്കി; തിരിച്ചടിയുണ്ടാകില്ലെന്നാരറിഞ്ഞു!
പ്രിയ കൂട്ടുകാരേ, നൂറ്റാണ്ടുകളെടുത്ത് പരീക്ഷണനിര്‍ദ്ധാരണങ്ങളിലൂടെ ഭൂമി രൂപപ്പെടുത്തിയ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വികസനസങ്കല്പത്തിന്റെ കാമ്പറിഞ്ഞ് മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടിലും ഒരു പരിസ്ഥിതിയവബോധത്തിന്റെ താളവും ഈണവും മറ്റുള്ളവര്‍ക്കനുഭവിക്കാനാകുന്ന വിധത്തില്‍ നമുക്കു ജീവിക്കാന്‍ കഴിയണം. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന ഒരു പരിസ്ഥിതിദര്‍ശനത്തിലേക്ക് എന്റെ നാടുണരട്ടെ. അതില്‍ 'എന്റെ മുന്‍കൈകള്‍' പ്രധാനമെന്ന് നമുക്കോരോരുത്തര്‍ക്കും ഉറക്കെപ്പറയാം.