•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മഹാപ്രതിഭ

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് പിന്നണിഗായകനായി അരങ്ങേറിയിട്ട് നവംബര്‍ 14 ന് അറുപതാണ്ടു തികഞ്ഞു.
''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്''
എന്ന ശ്രീനാരായണഗുരുവിന്റെ നാലുവരി ശ്ലോകം ആലപിച്ചാണ് സിനിമാസംഗീതജീവിതത്തിനു തുടക്കമിട്ടത്. ''കാല്പാടുകള്‍'' എന്ന ചിത്രത്തിനുവേണ്ടി 1961 നവംബര്‍ 14 ന് ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍വച്ചായിരുന്നു റെക്കോര്‍ഡിംഗ്.
എണ്‍പതു വയസ്സു പിന്നിട്ടിട്ടും ഇടര്‍ച്ചയില്ലാത്ത സ്വരാദ്ഭുതത്തിന്റെ ഗന്ധര്‍വസംഗീതം. മലയാളിയുടെ സങ്കല്പങ്ങളും നവരസങ്ങളും അനുഭൂതികളുമെല്ലാം യേശുദാസെന്ന മഹാഗായകന്റെ ശുദ്ധസ്വരത്തിലൂടെ അമരത്വം പ്രാപിക്കുന്നു. ആ നാദവിശുദ്ധിക്കു മുമ്പില്‍ സാദരം കൂപ്പുകൈ!
യേശുദാസെന്ന മഹാപ്രതിഭയെക്കുറിച്ച് കേരളത്തിന്റെ രണ്ടു പ്രമുഖ ഗായകര്‍ ദീപനാളം വായനക്കാരോടു സംസാരിക്കുകയാണിവിടെ.

ദാസേട്ടന്‍എന്റെ മാനസഗുരു
കെ.ജി. മാര്‍ക്കോസ്

ദാസേട്ടന്‍ എന്റെ മാനസഗുരുവാണ്. കുട്ടിക്കാലം മുതലേ അറിയുന്നയാള്‍. ദാസേട്ടന്‍ ആദ്യസിനിമയില്‍ പാടുമ്പോള്‍ എനിക്ക് അഞ്ചു വയസ്സാണ്. വീടിനടുത്തുണ്ടായിരുന്ന ഒരു തിയേറ്ററിലെ കോളാമ്പിയിലൂടെയാണ് ദാസേട്ടന്റെ സിനിമാഗാനങ്ങള്‍ ഞാനാദ്യമായി കേള്‍ക്കുന്നത്. ആ മാന്ത്രികശബ്ദവും പാട്ടും എന്റെ മനസ്സില്‍ കയറി. ഭാര്യ, കായംകുളം കൊച്ചുണ്ണി, റബേക്ക തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ എട്ടാം വയസ്സില്‍ത്തന്നെ എന്നെ ദാസേട്ടന്റെ ആരാധകനാക്കി. കൊല്ലത്ത് ഞങ്ങള്‍ താമസിക്കുമ്പോള്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു വീട്ടില്‍ അദ്ദേഹം പലപ്പോഴും വരുമായിരുന്നു. എനിക്ക് പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോള്‍ സംഗീതത്തിലെ ചില ചിട്ടകള്‍ അദ്ദേഹം പറഞ്ഞുതന്നിരുന്നത് ഇപ്പോഴും ഞാന്‍ ഓര്‍മിക്കുകയാണ്.
ദാസേട്ടന്റെ രൂപഭാവാദികളാണ് എനിക്കുള്ളതെന്നു പലരും പറയാറുണ്ട്. ചെറുപ്പം മുതലേ ദാസേട്ടന്റെ പാട്ടുകളോടുള്ള താത്പര്യവും ആരാധനയുംമൂലം ഉണ്ടായതാകാം ഇത്. ദാസേട്ടനോടുള്ള ഈ ആരാധനയാണ് എന്നെ സംഗീതലോകത്തേക്കും അടുപ്പിച്ചത്.
സാധാരണയായി പാട്ടുകള്‍ മൂന്നു സ്ഥായിയിലാണ് ചിട്ടപ്പെടുത്തുന്നത്. ഈ മൂന്നു സ്ഥായിയിലും പാടാന്‍ പലര്‍ക്കും കഴിയാറില്ല. എന്നാല്‍, അക്ഷരസ്ഫുടതയോടെ ഈ മൂന്ന് സ്ഥായിയിലും ശബ്ദംകൊണ്ടുപോകുന്ന മഹാഗായകനാണ് ദാസേട്ടന്‍. മാസം മുപ്പതും നാല്പതും വേദികളില്‍ ദാസേട്ടന്റെ പാട്ടുകള്‍ ഞാന്‍ പാടാറുണ്ട്. എന്നാല്‍, ദാസേട്ടനൊപ്പം ഒരു വേദിയിലും ഇതേവരെ പാടാന്‍ കഴിഞ്ഞിട്ടില്ല.
1979ല്‍ അമ്പിളി അരവിന്ദ് എന്ന ഡാന്‍സറുടെ ഓര്‍മയ്ക്കു നടത്തിയ പരിപാടിയില്‍ ദാസേട്ടനും സുജാതയും പാടാനാണു നിശ്ചയിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന് അത്യാവശ്യമായി മറ്റൊരിടത്തേക്കു പോകേണ്ടിവന്നതിനാല്‍ അവിടെ വരാന്‍ കഴിഞ്ഞില്ല. അതിനുപകരം ഞാനും സുജാതയുംകൂടിയാണ് പാടിയത്. ആ പരിപാടി പൂര്‍ണമായും റെക്കാര്‍ഡ് ചെയ്തത് ദാസേട്ടന്‍ പിന്നീട് കേള്‍ക്കുകയും വളരെ നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു.

സംഗീതരംഗത്തെ മഹാപ്രതിഭ
ജോളി എബ്രഹാം

യേശുദാസ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ദാസേട്ടന്‍ സംഗീതരംഗത്തെ മഹാപ്രതിഭയാണ്. 1973ല്‍ കലാഭവനില്‍വച്ചാണ് ദാസേട്ടനെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് എച്ച്.എം.വി.യില്‍ ഞാന്‍ ആദ്യപാട്ടു പാടുമ്പോള്‍ ദാസേട്ടനും അവിടെ യുണ്ടായിരുന്നു. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും രണ്ടു പാട്ടുവീതമാണുണ്ടായിരുന്നത്.
ദാസേട്ടന്റെ സംഗീതത്തോടുള്ള സമര്‍പ്പണത്തിന് ഒരുപാട് ഉദാഹരണങ്ങള്‍ എനിക്കു ചൂണ്ടിക്കാണിക്കാനുണ്ട്. മണിയറ എന്ന ചിത്രത്തില്‍ ഞങ്ങള്‍ക്ക് ഒരുമിച്ചൊരു പാട്ടുണ്ടായിരുന്നു. നിറയെ കോറസ് ഉണ്ടായിരുന്ന ഒരു പാട്ടിന്റെ റിക്കാര്‍ഡിങ് അന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണാരംഭിച്ചത്. അതു പിറ്റേന്നു പുലര്‍ച്ചെ രണ്ടു മണിവരെ നീണ്ടുനിന്നു. ഇന്നത്തെപ്പോലെ സാങ്കേതികസംവിധാനങ്ങള്‍ നിലവിലില്ലാതിരുന്ന കാലമായിരുന്നല്ലോ അത്. തുടര്‍ച്ചയായി പന്ത്രണ്ടു മണിക്കൂര്‍ നീണ്ട ആ റെക്കോര്‍ഡിങ്ങില്‍ യാതൊരു ബുദ്ധിമുട്ടും പറയാതെ ദാസേട്ടന്‍ പങ്കെടുത്തത് എന്റെ മനസ്സുനിറഞ്ഞ ഓര്‍മയാണ്.
ദാസേട്ടന്റെ സംഗീതസമര്‍പ്പണത്തിലെ ഏറ്റവും പ്രധാനമായി ഞാന്‍ കരുതുന്നത് മൂന്നു കാര്യങ്ങളാണ്; ആദ്യത്തേത്, അദ്ദേഹത്തിന്റെ അക്ഷരസ്ഫുടതതന്നെ. ഓരോ പാട്ടിന്റെയും വരികളുടെയും ഭാവത്തിനനുസരിച്ചുള്ള ആലാപനമാണ് മറ്റൊരു വലിയ പ്രത്യേകത. ഇതിനൊക്കെ അപ്പുറമാണ് അദ്ദേഹത്തിന്റെ ചിട്ടയായ ജീവിതം. സ്വരശുദ്ധിക്കും ആലാപനത്തിന്റെ വൈശിഷ്ട്യത്തിനുമായി ശാരീരികമായിപ്പോലും നല്ല ചിട്ടകള്‍ പാലിക്കുന്നയാളാണ് ദാസേട്ടന്‍.
അറുപതു വര്‍ഷമായി ലൈംലൈറ്റില്‍ നില്‍ക്കുക എന്നുപറഞ്ഞാല്‍ വലിയൊരു കാര്യമാണ്. ഒരു മഹാപ്രതിഭയ്ക്കുമാത്രമേ ഇതു സാധിക്കൂ. ഇനി ഇങ്ങനെയൊരു ഗായകന്‍ മലയാളത്തിനുണ്ടാവുകയില്ല. അങ്ങനെ ദൈവത്തിന്റെ ഒരു പ്രത്യേക സമ്മാനപദ്ധതിയാണ് യേശുദാസെന്ന മഹാഗായകന്‍. അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലായ അറുപതാണ്ടിന്റെ സ്വരശുദ്ധിക്കു മുന്നില്‍ ശിരസ്സു നമിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)