''കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും. പക്ഷേ, ബിലാല് പഴയ ബിലാല് തന്നെയാ,'' എന്നു പറഞ്ഞപോലെ കാലാവസ്ഥ പഴയ കാലാവസ്ഥ അല്ലായിരിക്കും. പക്ഷേ, കേരളം പഴയ കേരളം തന്നെയാണ്. അതാണു പ്രശ്‌നം. രണ്ടു പ്രളയം നമ്മള്‍ കണ്ടു കഴിഞ്ഞു. ഇക്കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും പരിചിതമല്ലാത്ത മറ്റൊരു മുഖമാണ് പ്രകൃതിയില്‍ കണ്ടത്. 2018 ല്‍ അതാദ്യം നമ്മള്‍ കണ്ടു. ഭയന്നു വിറച്ചു. ആ അമ്പരപ്പും ഭയപ്പാടും മാറുംമുമ്പേ വീണ്ടും അതേ അനുഭവം. 2019 ലെ പ്രളയം. ഇനിയുള്ള കാലം മഹാമാരിയും പ്രളയവും ആവര്‍ത്തിക്കാനാണു സാധ്യതയെന്നു കാലാവസ്ഥാവിദഗ്ധരും പരിസ്ഥിതിശാസ്ത്രജ്ഞരും ഉറപ്പിച്ചുപറയുന്നതിനു നമ്മള്‍ വിലകല്പിച്ചേ മതിയാകൂ. എന്നാല്‍, നിരാശാജനകം എന്നുപറയട്ടെ, നമ്മുടെ നാട്ടിലെ ഭരണസംവിധാനത്തിന്റെ സ്ഥായീഭാവങ്ങളായ മെല്ലെപ്പോക്കും ഉദാസീനതയും പ്രളയപ്രതിരോധപ്രവര്‍ത്തനങ്ങളിലും ആവേശിച്ചിരിക്കുന്നു. ആ വസ്തുത വെളിവാക്കിത്തരുന്ന നിരവധി സംഭവവികാസങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി കാണാന്‍ കഴിയുന്നു.
അതില്‍ എടുത്തുപറയേണ്ടതാണു സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ട മണല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 24 പ്രധാന നദികളിലും രണ്ടു പോഷകനദികളിലുമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ളതാണ് ആ റിപ്പോര്‍ട്ട്. റവന്യൂവകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനയും റിപ്പോര്‍ട്ട് സമര്‍പ്പിക്കലും. പരിശോധന നടത്തിയ 26 നദികളില്‍ 14 എണ്ണത്തില്‍ രണ്ടു പ്രളയങ്ങളിലായി വന്നടിഞ്ഞ മണല്‍ നീക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടുന്നു റിപ്പോര്‍ട്ട്. 12 നദികളിലാവട്ടെ മണല്‍വാരലിനു സാധ്യതയില്ല. പമ്പ, അച്ചന്‍കോവിലാര്‍, പെരിയാര്‍, മൂവാറ്റുപുഴയാര്‍, ചാലിയാര്‍, പെരുമ്പപ്പുഴ, ഭാരതപ്പുഴ, ഉപ്പളപ്പുഴ, ഷിറിയപ്പുഴ, മാഹിപ്പുഴ, വളപട്ടണം, കടലുണ്ടി, ശ്രീകണ്ഠാപുരം, ചന്ദ്രഗിരിപ്പുഴ എന്നിവയാണ് അടിയന്തരമായി മണല്‍നീക്കി നീരൊഴുക്കു സുഗമമാക്കേണ്ടവ. സംസ്ഥാനസര്‍ക്കാര്‍തലത്തിലും ജില്ലാഭരണതലത്തിലുമെല്ലാം അനുമതി ലഭിച്ചെങ്കിലേ റിപ്പോര്‍ട്ടില്‍ മേല്‍നടപടി ഉണ്ടാവൂ. മറ്റൊരു കാര്യം ജൂണ്‍, ജൂലൈ, ഓഗസ്റ്റുമാസങ്ങള്‍ സാന്‍ഡ് മൈനിംഗ് ഹോളിഡേയാണ്. അതിനാല്‍ സെപ്റ്റംബര്‍ മുതലേ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി പ്രതീക്ഷിക്കേണ്ടതുള്ളൂ. അതിനര്‍ത്ഥമാകട്ടെ, കഴിഞ്ഞ രണ്ടു പ്രളയത്തെക്കാളും ആഘാതസാധ്യതയാണു സംസ്ഥാനത്തുള്ളത് എന്നാണ്. അതേസമയം സംസ്ഥാനത്തെ ഡാമുകളിലെ ജലവിതാനം നിയന്ത്രിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അതിന്മേല്‍ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കുകയുമുണ്ടായി. ഡാമുകളില്‍ ഉയര്‍ന്ന ജലനിരപ്പുണെ്ടന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചീഫ് ജസ്റ്റിസിനയച്ച കത്ത്, പൊതുതാത്പര്യഹര്‍ജിയായി സ്വീകരിച്ചായിരുന്നു കേസ്. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരും കെ.എസ്.ഇ.ബി.യും വിശദീകരണം നല്‍കണമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിക്കുകയുമുണ്ടായി. നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും പ്രളയമുണ്ടായാല്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കി. 2018 ലെ വെള്ളപ്പൊക്കത്തിനു കാരണം ഡാമുകള്‍ തുറന്നുവിട്ടതല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഓഗസ്റ്റ് 15 മുതല്‍ 17 വരെ അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണു കാര്യങ്ങള്‍ തകിടംമറിച്ചതത്രേ. ആ വിശദീകരണത്തില്‍നിന്നുതന്നെ ഗൗരവതരമായ ഒരു വസ്തുത വായിച്ചെടുക്കാം. രണേ്ടാ മൂന്നോ ദിവസം തുടര്‍ച്ചയായി ശക്തമായ മഴ പെയ്താല്‍, അതു താങ്ങാനുള്ള ശേഷി സംസ്ഥാനത്തെ ജലാശയങ്ങള്‍ക്കില്ല എന്നതാണത്. മുഖ്യമന്ത്രിമുതല്‍ പഞ്ചായത്തു മെമ്പര്‍വരെയും ചീഫ് സെക്രട്ടറിമുതല്‍ ശുചീകരണത്തൊഴിലാളിവരെയും ഉള്‍പ്പെടുന്ന ഭരണ-ഉദ്യോഗസ്ഥവൃന്ദം അരയും തലയും മുറുക്കി കൊറോണയെ പ്രതിരോധിക്കാനും തുരത്താനുമുള്ള ഭഗീരഥയജ്ഞത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഈ അവസരത്തിലും, നമുക്കു സമീപസ്ഥമായിരിക്കുന്ന പ്രളയഭീഷണിയെക്കൂടി ഗൗനിക്കേണ്ടതുണ്ട്.
ഒരനുഭവത്തില്‍നിന്ന് എല്ലാവര്‍ക്കും പാഠം ഉള്‍ക്കൊള്ളാനായെന്നു വരില്ല. തുടര്‍ച്ചയായ രണ്ട് അനുഭവങ്ങളും അതിനു പോരാ എന്നതും അംഗീകരിക്കാനാവില്ല. അനുഭവം സാമൂഹികദുരന്തമെങ്കില്‍ പ്രത്യേകിച്ചും.