•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മരണകവാടങ്ങള്‍ക്കപ്പുറം

ലിയൊരു ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ ഡോ. റൈമണ്ട് മൂഡിയുടെ  പ്രശസ്തമായൊരു ഗ്രന്ഥമാണ്"Life after Life.'' ഏതാണ്ട് നാല്പതോളം പതിപ്പുകളിലൂടെ അനേകലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞൊരു വിഖ്യാതഗ്രന്ഥം. മരിച്ചുപോയി തിരിച്ചുവന്ന പലരുമായും അദ്ദേഹം അഭിമുഖം നടത്തുന്നുണ്ട് - ശാരീരികമായി മരിച്ചുകഴിഞ്ഞുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിട്ടും ജീവിതത്തിലേക്കു മടങ്ങിയെത്തിയവരുടെ അനുഭവങ്ങളാണ് അദ്ദേഹം വിവരിക്കുന്നത്.
എല്ലാവരുടെയും അനുഭവങ്ങള്‍ ഏതാണ്ട് സമാനമായി കാണപ്പെടുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ആദ്യത്തെ അസ്വസ്ഥതകള്‍ക്കുശേഷം ഇരുണ്ട ഒരു തുരങ്കത്തിലൂടെ വളരെ വേഗം കടന്നുപോകുന്നതുപോലെ - അങ്ങു വിദൂരതയില്‍ സ്വന്തം മൃതദേഹം കണ്ടുകൊണ്ടുതന്നെ! പിന്നീട്, തനിക്കു പണ്ടുണ്ടായിരുന്നതില്‍നിന്നു തികച്ചും വ്യത്യസ്തമായൊരു ജീവിതം കൈവരുന്നതുപോലെ. പഴയ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യാനുഭവം. എങ്കിലും, ''തിരികെപ്പോകണം, സമയമായിട്ടില്ല'' എന്ന നിര്‍ദേശപ്രകാരം അവര്‍ മടങ്ങി.
തികഞ്ഞ ഒരു പ്രകാശം കണ്ടുവെന്നും വ്യക്തിരൂപത്തിലല്ലെങ്കിലും ആ പ്രകാശം യഥാര്‍ത്ഥത്തില്‍ ക്രിസ്തുതന്നെയായിരുന്നെന്നും രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തുന്നു. 'ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു' (യോഹ. 8-12) എന്ന തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട്. 'ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും... ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും' (ദാനിയേല്‍ 12:2-3) എന്ന ദാനിയേല്‍ പ്രവാചകന്റെ മൊഴികളും സ്മരണീയമാണ്.
പലതും വ്യക്തിനിഷ്ഠമെന്നതുകൊണ്ട് ഈ പ്രസ്താവനകള്‍ മുഴുവന്‍ നാം അതേപടി അംഗീകരിച്ചുകൊള്ളണമെന്നില്ല. എങ്കിലും, അവരുടെ വിവരണങ്ങള്‍ വിസ്മയനീയങ്ങളത്രേ. മരണം കണ്ടു മടങ്ങിയവരുടെ പില്‍ക്കാലജീവിതവും പഠനാര്‍ഹമാണ്. അതിനു സമൂലമാറ്റം വന്നു. തികച്ചും പുതിയ മനുഷ്യരായി അവര്‍ തുടര്‍ന്നു ജീവിച്ചു.
ഇനി, മരണശേഷം നമുക്കുണ്ടാകാവുന്ന ശാരീരികമാറ്റങ്ങള്‍കൂടി തനിനിറത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അതു നമ്മിലുളവാക്കുന്ന പരിവര്‍ത്തനം ഊഹാതീതമത്രേ!... രംഗം ഭീകരവും ഭയാനകവുമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതിന്റെ ഒരു വീഡിയോ ചിത്രം കാണാന്‍ കഴിഞ്ഞാലും മതി!
കര്‍ണാടക് യൂണിവേഴ്‌സിറ്റി രണ്ടു വര്‍ഷംമുമ്പു സംഘടിപ്പിച്ച ഒരു എക്‌സിബിഷന്‍ ഓര്‍മവരുന്നു. മരണശേഷം മണിക്കൂര്‍തോറും ഒരു മനുഷ്യനില്‍ വന്നുഭവിക്കുന്ന ശാരീരികവ്യതിയാനങ്ങളുടെ ചിത്രപരമ്പരയായിരുന്നു ഒരു പ്രധാന പ്രദര്‍ശനം. ശരീരം മരയ്ക്കുന്നു, മങ്ങുന്നു, തൊലിക്കു കേടുവന്നുതുടങ്ങുന്നു, വിരൂപമാകുന്നു, അഴുകിത്തുടങ്ങുന്നു... അവസാനം അസ്ഥിമാത്രം അവശേഷിക്കുന്നു... ചിത്രങ്ങള്‍ കാണാന്‍ ധൈര്യപ്പെടാതെ നടന്നകന്നവര്‍ നിരവധി! കണ്ടുകൊണ്ടുനിന്ന ഒരു സ്ത്രീ ഭയാക്രാന്തയായി നിലവിളിച്ചുകൊണ്ട് ബോധംകെട്ടു വീണു.
മനുഷ്യന്‍ അടിയറവു പറയുന്ന രംഗം! മരണത്തെക്കുറിച്ചും മരണാനന്തരസംഭവങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ ആര്‍ക്കും ഇഷ്ടമില്ല. ശരിക്കും അനിവാര്യമായ അവസ്ഥയാണെങ്കിലും അത് ഒരു അപ്രിയസത്യമാണ്. 'സത്യം അപ്രിയം ന ബ്രൂയാല്‍' എന്നല്ലേ ചൊല്ല്! അപ്രിയസത്യം പറയാതിരിക്കാന്‍, കേള്‍ക്കാതിരിക്കാന്‍, കാണാതിരിക്കാന്‍ ഒക്കെയാണ് ഏവരുടെയും ആഗ്രഹം. എങ്ങനെയും ആ വിഷയം ഒഴിവാക്കിപ്പോവുകതന്നെ. കാരണം, അതു ഭീതിജനകമാണ്, അനിഷ്ടകാരണമാണ്. പ്രദര്‍ശനശാലയില്‍നിന്ന് പലരും വഴിമാറി നീങ്ങിയില്ലേ?
എങ്കിലും, അതൊരു യാഥാര്‍ത്ഥ്യമാണ്. അംഗീകരിച്ചേ തീരൂ, സ്വീകരിച്ചേ പറ്റൂ - ജീവിതത്തിന്റെ കയ്‌പേറിയ മറുവശമാണെങ്കിലും.
ഓരോ നിമിഷവും ശരാശരി മൂന്നുപേര്‍ ലോകത്തിലെവിടെയെങ്കിലും മരണമടയുന്നുണ്ടെന്നാണു കണക്ക് - അപകടത്തില്‍പ്പെടുന്നവര്‍, അക്രമങ്ങള്‍ക്കിരയാകുന്നവര്‍, ആത്മഹത്യ ചെയ്യുന്നവര്‍, പ്രായംമൂലം, രോഗംമൂലം പിടിച്ചുനില്‍ക്കാന്‍ പറ്റാത്തവര്‍... അങ്ങനെ എത്രയെത്ര പേര്‍ കടന്നുപോകുന്നു. ചെറുപ്പക്കാര്‍ക്ക് അതൊന്നും അത്ര വിഷയമാകാറില്ല. എങ്കിലും, പ്രായം കൂടുന്തോറും മരണഭീതി കൂടിക്കൂടിവരും. സംഗതി അടുത്തെത്തിയ പ്രതീതി ജനിച്ചുതുടങ്ങുന്നു-കടലടുക്കുമ്പോള്‍ മുന്നോട്ടു നീങ്ങാന്‍ മടിച്ചുനില്ക്കുന്ന നദിപോലെ.
'മനുഷ്യാ നീ മണ്ണാകുന്നു' അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തതാണ് ആദിമമനുഷ്യനോടു പറയപ്പെട്ട ആ വാചകം. നാം മരിക്കും. നമ്മുടെ പ്രിയപ്പെട്ട എല്ലാ ബന്ധങ്ങളും വിട്ടുപിരിയേണ്ടി വരും. കഴിവുകള്‍, നേട്ടങ്ങള്‍... ഒക്കെ ഇവിടെ അസ്തമിക്കുന്നു.
നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പൂമേനി ഇവിടെ ഉപേക്ഷിക്കേണ്ടിവരും. മറ്റാരെങ്കിലും നമ്മെ വഹിച്ചുകൊണ്ടുപോയി കുഴിയിലിട്ടു മൂടി ചവിട്ടി ഉറപ്പിക്കും. നമ്മെ വഹിച്ചുകൊണ്ടുപോയവരെയും അടുത്ത തലമുറ വഹിച്ചുകൊണ്ടുപോകും... അതാണു ലോകഗതി.
ജീവിതത്തിന്റെ തികച്ചും അനിശ്ചിതമായ അന്ത്യനിമിഷങ്ങള്‍! എന്ന്? എപ്പോള്‍? എവിടെ വച്ച്? ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. അതു തികച്ചും അപ്രതീക്ഷിതമാണെന്നും (മത്താ. 25-10), കള്ളനെപ്പോലെ വരുമെന്നും (ലൂക്കാ. 12-39), അതുകൊണ്ട്, എപ്പോഴും ഒരുങ്ങിയിരിക്കണമെന്നും (മത്താ.25-13) കര്‍ത്താവുതന്നെ പറയുന്നുണ്ടല്ലോ.
മരണം ഏവര്‍ക്കും എന്നും ഒരു പേടിസ്വപ്നമാണ്. എന്താണു മരണം മര്‍ത്ത്യനെ ഭയപ്പെടുത്തുന്നതിന്റെ കാരണം? ആ ഭീതി, മരണവേദനയെ ചുറ്റിപ്പറ്റി ആകണമെന്നില്ല. സ്വാഭാവികമായുണ്ടാകുന്ന സാധാരണമരണത്തിന് അത്ര വലിയ വേദനയൊന്നുമില്ലെന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെയും ഭിഷഗ്വരന്മാരുടെയും നിഗമനം. ശക്തി ക്ഷയിച്ചുക്ഷയിച്ച് സാവകാശം ജീവിതം അസ്തമിക്കുന്നു. എന്നാല്‍, പൊടുന്നനേയുണ്ടാകുന്ന മരണത്തിനു മാറ്റമുണ്ട്. പിന്നെ എന്താണു മരണവേദനയെന്നു പറയുന്നത്? അത് ഒട്ടുമുക്കാലും മാനസികമാണ്. അതേപ്പറ്റിയുള്ള ഓര്‍മപോലും അസ്വസ്ഥത സൃഷ്ടിക്കും. അതാണ് പ്രദര്‍ശനശാലയില്‍നിന്നു പലരും ഒഴിഞ്ഞുമാറിയതിന്റെ കാരണം.
തികച്ചും അപ്രതീക്ഷിതമായി, നമ്മുടെ മരണം കടന്നുവരും. എന്ന്? ഏതുവിധം? അതു കഴിഞ്ഞാലെന്ത്? അതൊക്കെയാണ് ആ പേടിയുടെ അടിയില്‍.
മരണത്തെപ്പറ്റി-മരിച്ചവരെപ്പറ്റി യേശു എന്തു പറയുന്നു എന്നു ചിന്തിക്കുന്നതും നല്ലതാണ്. തിരുവചനങ്ങള്‍ നമുക്കൊക്കെ കൂടുതല്‍ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യും. ജായിരൂസിന്റെ മകളുടെ മൃതശരീരത്തിനു മുമ്പില്‍ കരഞ്ഞുകൊണ്ടുനിന്നവരോട് യേശു പറഞ്ഞു: 'അവള്‍ ഉറങ്ങുകയാണ്' (മര്‍ക്കോ. 5:39). അതേ വാക്കുകളാണ് മരിച്ച ലാസറിനെപ്പറ്റിയും അവിടുന്നു പറഞ്ഞത്: 'നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്.' ഉറങ്ങുന്നവന്‍ നിശ്ചേഷ്ടനാണ്. ബാഹ്യമായ എല്ലാ ചലനങ്ങളും നിലച്ച് പ്രജ്ഞയറ്റവനെപ്പോലെ ക്ഷീണിതനായി അവന്‍ കിടക്കുന്നു! എങ്കിലും, യഥാസമയം പൂര്‍വ്വാധികം ഉന്മേഷത്തോടെ അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കും. കഫര്‍ണാമിലെ സിനഗോഗില്‍ വച്ച് അവിടുന്നു പഠിപ്പിച്ചതും (യോഹ. 6) മാര്‍ത്തായോടു പറഞ്ഞുവച്ചതും (യോഹ.11:26) അതുതന്നെയാണ്. മരണാനന്തരകാഴ്ചകള്‍ കണ്ടവരെപ്പോലെ അസ്വസ്ഥരാകേണ്ട ഒരു ആവശ്യവും അവിടെയില്ല.
അതാണ് സഭയും അര്‍ത്ഥമാക്കുന്നത്. മരിച്ചുപോയവരുടെ കുഴിമാടങ്ങളില്‍ പണ്ടുകാലംമുതല്‍ എഴുതാറുള്ളവ എപ്പോഴും നമ്മുടെ ധ്യാനവിഷയമാവേണ്ടതാണ്: ഞ.ക.ജ.  ഞലൂൗശലരെമി േശി ുമരല എന്താണതിന്റെ അര്‍ത്ഥം? 'അവര്‍ സമാധാനത്തില്‍ വിശ്രമിക്കട്ടെ.' ഇതു ശൂന്യതയിലേക്കുള്ള മടക്കയാത്രയല്ല. ഈ നിശ്ചലാവസ്ഥ നിത്യവുമല്ല. വെറും വിശ്രമം മാത്രമാണിവിടെ. ഈ വിശ്രമനിദ്ര കഴിയുമ്പോള്‍ യഥാകാലം അവര്‍ വീണ്ടും ജീവിതത്തിലേക്കു പ്രവേശിക്കും - നിത്യമായ ജീവിതത്തിലേക്ക്. ഈ പ്രത്യാശയാണ് ഓരോ ക്രിസ്തുശിഷ്യനെയും നയിക്കേണ്ടത്, ആശ്വസിപ്പിക്കേണ്ടത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)