അംഗന്‍വാടി ഒരു വിദ്യാഭ്യാസസ്ഥാപനമല്ല; മറിച്ച്, കുട്ടികളെ ഔപചാരികവിദ്യാഭ്യാസത്തിനായി ഒരുക്കുന്ന ഒരു പരിശീലനകേന്ദ്രമാണ്. അമ്മയുടെ അടുത്തുനിന്നു മാറി അംഗന്‍വാടിയില്‍ വരുന്ന കുട്ടിക്ക് ടീച്ചര്‍ അഥവാ വര്‍ക്കര്‍ അമ്മയാവുകയാണ്. ഒരു അംഗന്‍വാടിയുടെ കീഴില്‍ കുറഞ്ഞത് 200 വീടുകള്‍ (1000 പോപ്പുലേഷന്‍) ഉള്‍പ്പെടുന്നു.
ആറുമാസം മുതല്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍, മൂന്നുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി സര്‍വ്വേ നടത്തിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഓരോ അംഗന്‍വാടിയും സംയോജിത ശിശുവികസന സേവനപദ്ധതി(കഇഉട)യുടെ ഭാഗമായി കേന്ദ്ര വനിതാ ശിശുവികസനമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ദുഷ്‌കരമായവയാണ് സര്‍വ്വേകള്‍. മഴയും വെയിലും വകവയ്ക്കാതെ കുന്നും മലയും കയറിയിറങ്ങി ഓരോ വീട്ടിലും എത്തി വിവരങ്ങള്‍ ശേഖരിക്കണം. കയറുന്ന വീടുകളില്‍ കിടപ്പുരോഗികള്‍ കാണും. ഭിന്നശേഷിക്കാര്‍ കാണും. പരിഗണനാര്‍ഹരായ മറ്റു വിഭാഗങ്ങള്‍ കാണും. അവര്‍ക്കു സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന സാമ്പത്തികസഹായത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കണം. കൂടാതെ, ഗുണഭോക്താക്കളെ അംഗന്‍വാടിയിലേക്കു കൊണ്ടുവരണം. മൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു സമയാസമയങ്ങളില്‍ പോഷകാഹാരം എത്തിച്ചു കൊടുക്കണം. ഓരോ കുഞ്ഞിന്റെയും തൂക്കം രേഖപ്പെടുത്തണം. അമ്മമാരുടെ മീറ്റിംഗ് വിളിച്ചുകൂട്ടി അവരുടെ ആരോഗ്യനിലയെക്കുറിച്ചു ചര്‍ച്ച ചെയ്യണം. അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കണം. ഗര്‍ഭിണികള്‍ക്ക് ആരോഗ്യപോഷണവിദ്യാഭ്യാസം കൊടുക്കണം. അവര്‍ക്ക് അനുവദിച്ചിരിക്കുന്ന റ്റി.എച്ച്.ആര്‍.എസ്.-ഭക്ഷണം കൃത്യസമയത്തു കൊടുക്കണം. വിവിധ പ്രായക്കാര്‍ക്ക് പല വിഷയങ്ങളെക്കുറിച്ചും ബോധവത്കരണക്ലാസുകള്‍ നടത്തണം. രാവിലെ 9.30 മുതല്‍ പ്രീസ്‌കൂള്‍ നടത്തണം. തീം അനുസരിച്ച് ഓരോ പീരിയഡിലും ഓരോരോ പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കണം. 10.30 നും 12.30 നും 3 മണിക്കും കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം തയ്യാറാക്കിക്കൊടുക്കണം. രജിസ്റ്ററുകള്‍ എഴുതുന്നത് ഉച്ചയൂണിനുശേഷം കുട്ടികളെ ഉറക്കിക്കിടത്തിയിട്ടാണ്.
കെട്ടിടത്തിന്റെ കാര്യമാണ് അതിലും പരിതാപകരം. ചുരുക്കം ചില അംഗന്‍വാടികള്‍ക്കു മാത്രമേ സ്വന്തമായി കെട്ടിടമുള്ളൂ. ബാക്കിയൊക്കെ വാടകക്കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. ഐ.സി.ഡി.എസ്. ഓഫീസില്‍നിന്ന് അനുവദിച്ചിരിക്കുന്ന വാടകത്തുക വെറും 750 രൂപമാത്രം. എന്നാല്‍, 2000, 2500, 3000 രൂപ വരെ വാടക കൊടുത്താണ് മിക്ക അംഗന്‍വാടികളും പ്രവര്‍ത്തിക്കുന്നത്. തുച്ഛമായ ഓണറേറിയത്തില്‍നിന്നാണ് ജീവനക്കാര്‍ ഈ വാടക കൊടുക്കുന്നത്. പലയിടങ്ങളിലും ഗ്രാമപഞ്ചായത്തുകള്‍ കെട്ടിടം പണിയുന്നതിന് സ്ഥലം കണെ്ടത്താന്‍ ശ്രമിക്കുന്നുമില്ല. ഗ്രാമസഭകള്‍ക്കു നേതൃത്വം കൊടുക്കുക, ആരോഗ്യപ്രവര്‍ത്തനങ്ങള്‍, പള്‍സ് പോളിയോ, വിരഗുളികവിതരണം, ഇമ്മ്യൂണൈസേഷന്‍ പരിപാടി തുടങ്ങി എന്തിന്, ഇലക്ഷന്‍ കമ്മീഷന്റെ ബി.എല്‍.ഒ. ഡ്യൂട്ടിപോലും അംഗന്‍വാടി വര്‍ക്കര്‍മാരാണു ചെയ്യുന്നത്.
പ്രളയം വന്നാലും പ്രകൃതിദുരന്തങ്ങള്‍ വന്നാലും അംഗന്‍വാടിക്കാര്‍ക്ക് ഇളവുകളില്ല. ഈ കൊറോണക്കാലത്തുപോലും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് സമയത്ത് ഏറ്റവും ബുദ്ധിമുട്ടിച്ചത് ഓള്‍ഡ് ഏജ് സര്‍വ്വേ ആയിരുന്നു. ഇതൊക്കെ ഏതാനും കാര്യങ്ങള്‍ മാത്രം. എന്നിട്ടും അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കു ജോലിയൊന്നുമില്ല, വിവരമില്ല എന്നൊക്കെ പറയുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.