ഇന്റര്‍നെറ്റ് മേഖലയിലെ അരുതുകളും അരുതായ്മകളുമായുള്ള അതിര്‍വരമ്പുകള്‍ വളരെ ശുഷ്‌കമാണ്. മെസേജയയ്ക്കാന്‍ എല്ലാ കുട്ടികള്‍ക്കുമറിയാം. എന്നാല്‍, അതില്‍ എന്തൊക്കെ സംസാരിക്കണം, സംസാരിച്ചുകൂടാ എന്നറിയില്ല. ചാറ്റിങ് സൈറ്റില്‍ മറ്റുള്ളവരുടെ ചിത്രങ്ങളും ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ വ്യക്തിവിവരങ്ങള്‍ കൈമാറിയ വിദ്യാര്‍ത്ഥിതന്നെ ഉദാഹരണം.
ചുരുക്കത്തില്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക ക്രിമിനല്‍, സിവില്‍ കുറ്റകൃത്യങ്ങള്‍ക്കും ഒരു സൈബര്‍ വകഭേദമുണ്ട്, സ്വകാര്യതലംഘനം മുതല്‍ ഗൂഢാലോചനവരെ. അതിനാല്‍, ക്രിമിനല്‍ ശിക്ഷാനിയമവും നടപടികളുംപോലെ ഇന്റര്‍നെറ്റ് മുഖേനയുള്ള കുറ്റകൃത്യങ്ങള്‍ക്കും കൃത്യമായ നിയമാവലിയും ശിക്ഷാനടപടികളുമുണ്ട്. സൈബര്‍ നിയമത്തിലെ ശിക്ഷകളോടൊപ്പംതന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ (ഐപിസി) പ്രതിപാദിക്കുന്ന ശിക്ഷകളും ഏറ്റുവാങ്ങേണ്ടി വരുമെന്നത് മറ്റൊരു സത്യം.
അനേകം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയെ സംബന്ധിച്ച് വ്യക്തമായ ഒരു നിര്‍വചനമില്ല എന്നതാണ് കൗതുകകരം. രണ്ടായിരത്തില്‍ നിലവില്‍വന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലും 2008 ല്‍ വന്ന ഭേദഗതിനിയമത്തിലും ഇതുതന്നെ അവസ്ഥ. ദീര്‍ഘവും സുദൃഢവുമായ ഇന്ത്യന്‍ ശിക്ഷാനിയമത്തെ സംബന്ധിച്ചാണെങ്കില്‍ സൈബര്‍ ക്രൈം എന്ന പദംപോലും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഈ സ്ഥിതിയിലാണ് സൈബര്‍നിയമങ്ങളുടെ ആഗോളതലത്തില്‍ത്തന്നെയുള്ള അവസ്ഥ. സൈബര്‍ ഇടത്തിനെ ഭരിക്കുന്ന, ഈ മേഖലയിലെ കുറ്റകൃത്യങ്ങളില്‍നിന്നു സംരക്ഷിക്കുന്ന, യഥാവിധി ശിക്ഷാവിധി നിര്‍ണയിക്കുന്ന നിയമങ്ങളെയാണ് വിശാലമായി സൈബര്‍നിയമങ്ങള്‍ എന്നു വിളിക്കുന്നത്. ഇന്ത്യയിലെ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 നു കീഴിലാണ്.
ഇന്ത്യയിലെ നഗരങ്ങളില്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ 'ഡിജിറ്റലൈസേഷന്‍' നടപ്പായിക്കഴിഞ്ഞു. അതിനാല്‍ ഓണ്‍ലൈനായി നടക്കുന്ന തട്ടിപ്പുകളുടെ എണ്ണവും പെരുകിയിരിക്കുന്നു.
2011 ലെ നോര്‍ട്ടണ്‍ സര്‍വേ പ്രകാരം അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങളില്‍ ഏഴരക്കോടിയോളം ആളുകള്‍ സൈബര്‍തട്ടിപ്പുകള്‍ക്കിരയായതായി കണ്ടെത്തിയിരുന്നു. ഈ വകയില്‍ നഷ്ടപ്പെട്ട പണം ഏതാണ്ട് 32 ബില്യനോളം വരും. അമേരിക്കയോളം സാമ്പത്തികഭദ്രതയുള്ള ജനങ്ങളില്ലാത്ത ഇന്ത്യയിലും തട്ടിപ്പിന്റെ കാര്യത്തില്‍ കണക്കുകള്‍ ഒട്ടും പിന്നിലല്ല. ഇന്ത്യയില്‍ തട്ടിപ്പിനിരയാകുന്നവരാകട്ടെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണുതാനും. ഓണ്‍ലൈന്‍ വ്യാപാരശൃംഖല ഗ്രാമങ്ങളിലേക്കുകൂടി വ്യാപിച്ചതും സ്മാര്‍ട്‌ഫോണുകള്‍ മാത്രമുപയോഗിക്കുന്ന ഒരു സംസ്‌കാരത്തിനു നമ്മള്‍ അടിപ്പെട്ടതും ഇന്ത്യയെ ഇത്തരം കബളിപ്പിക്കലുകളുടെ വിളനിലമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്.
പണമുപയോഗിച്ചു വാങ്ങുന്നത് സാങ്കേതികോപകരണങ്ങള്‍ മാത്രമാണ്. അവയുടെ ഉപയോഗത്തെക്കുറിച്ചു ശരിയായ അവബോധമുണ്ടാക്കാന്‍ വേണ്ടത്ര പണമോ സമയമോ ചെലവഴിക്കുന്നുമില്ല. എല്ലായ്‌പ്പോഴും സാങ്കേതികവിദ്യയെ പഴിചാരി മാറിനില്‍ക്കാനുമാവില്ല. കാരണം, അറിവില്ലായ്മമൂലം സംഭവിക്കുന്ന തട്ടിപ്പുകളെക്കാള്‍ അല്ലെങ്കില്‍ അത്രതന്നെ വരും പണം ഏതു രീതിയിലും സമ്പാദിക്കാനുള്ള ആസക്തിമൂലം സംഭവിക്കുന്ന തട്ടിപ്പുകളും.
എന്തുകൊണ്ട്
സൈബര്‍നിയമങ്ങള്‍?
ഇ-കൊമേഴ്‌സ് സൈറ്റുകളുടെ ഉപയോഗം വര്‍ധിച്ചുവരുകയാണ്. കുറഞ്ഞ ചെലവില്‍ ഇലക്‌ട്രോണിക് ഉത്പന്നങ്ങളും തുണിത്തരങ്ങളും നിത്യോപയോഗവസ്തുക്കളുംവരെ വാങ്ങാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, ഗുണങ്ങള്‍ക്കപ്പുറം ഇവയുടെ ദോഷങ്ങള്‍ അധികം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. നേരിട്ട് കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രാദേശികബിസിനസുകള്‍ക്കാണ് ഗുണം ലഭിക്കുക. കൊവിഡ് ദുരിതങ്ങളില്‍ ചെറിയ കച്ചവടക്കാര്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നതിന് ഇ-കൊമേഴ്‌സുകള്‍ ഒരു കാരണമാണ്. നാടിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വ്യക്തികളും സ്ഥാപനങ്ങളും ഇരകളാകുന്ന തട്ടിപ്പുകളാണല്ലോ ഇപ്പോഴത്തെ വിഷയം. അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗമായി തട്ടിപ്പുകാര്‍ സ്വീകരിച്ചിരിക്കുന്നത് ഇത്തരം ഷോപ്പിങ് സൈറ്റുകളാണ്. വിപണിയിലെ വിലയില്‍നിന്ന് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭിക്കുമ്പോള്‍ ഏതു സൈറ്റും അതിനുപയോഗിക്കുമെന്നതാണ് വിദ്യാസമ്പന്നരായ മലയാളികളുടെപോലും അവസ്ഥ. എന്നാല്‍ പണം ലാഭിക്കുമ്പോള്‍ അതിനെക്കാള്‍ വിലയേറിയ വ്യക്തിവിവരങ്ങളും പണമിടപാടു സംബന്ധിച്ച രേഖകളും എത്രകണ്ട് വിലപ്പെട്ടതാണെന്ന് ചിന്തിക്കുന്നുമില്ല.
സോഷ്യല്‍ മീഡിയ മെസേജിങ് ആപ്ലിക്കേഷനുകളും സൈറ്റുകളുമാണ് മറ്റൊരു മേഖല. ഇ-കൊമേഴ്‌സ് സൈറ്റുകളുടെ കുഴിയില്‍ വീഴുന്നത് ഇലക്‌ട്രോണിക് സംബന്ധിച്ച കാര്യങ്ങളില്‍ നിഷ്‌കളങ്കരായവരാണെങ്കില്‍ യുവാക്കളും കുട്ടികളുമാണ് മെസേജ് ആശയവിനിമയമാധ്യമങ്ങളുടെ കുരുക്കുകളില്‍പ്പെടുന്നത്. സ്വന്തം കൂട്ടുകാരെയും അധ്യാപകരെയുംപോലും ഇത്തരം കെണികളില്‍പ്പെടുത്താന്‍ മടിക്കാത്ത മനോഭാവം വളരുന്നുണ്ട്. എന്നാല്‍, ഇത്തരം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ താന്‍ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നും അതിനു തക്ക ശിക്ഷ വിധിക്കുവാന്‍ പ്രാപ്തമായ നിയമങ്ങള്‍ രാജ്യത്തുണ്ടെന്നും പലപ്പോഴും വിദ്യാര്‍ത്ഥികള്‍ അജ്ഞരാണ്. ഇ-കൊമേഴ്‌സ് വിഷയത്തില്‍ ജാഗ്രത കാട്ടേണ്ടത് ഉപഭോക്താവു മാത്രമാണ്. ആശയവിനിമയമാധ്യമങ്ങളുടെ കാര്യത്തില്‍ ഒട്ടനേകം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
യൂട്യൂബ് അശ്രദ്ധകള്‍
യൂട്യൂബില്‍ കാണുന്ന പല പരിപാടികള്‍ക്കും ഇന്ന് ലക്ഷങ്ങളും കോടികളുമാണ് കാഴ്ചക്കാര്‍. അതില്‍ വളരെ കൗതുകം ജനിപ്പിച്ച ഒരു വിഭാഗമാണ് ഹോംടൂര്‍ വീഡിയോകള്‍. സ്വകാര്യതയ്ക്ക് തെല്ലും വില കല്പിക്കാത്ത ഒരിടം എന്നു വിശേഷിപ്പിക്കേണ്ടിവരും പല വീഡിയോകളും കാണുമ്പോള്‍. സ്വന്തം സ്വകാര്യത തുറന്നുകാട്ടാന്‍ മടിയില്ലാത്ത തലമുറ യുക്തിസഹമായി ചിന്തിക്കുന്ന സമൂഹത്തിന് അപകടകരമാണ്. കുക്കറിഷോകള്‍പോലെ, അധ്യാപനംപോലെ നിലവാരമുള്ള നിര്‍ദോഷമായ പരിപാടികളില്‍നിന്നു തുടങ്ങിയ യൂട്യൂബ് വീഡിയോകളില്‍ ഇന്നു കേരളത്തിലെ യുവതലമുറ കൂടുതലും കാണുന്നതും പ്രചരിപ്പിക്കുന്നതും ആര്‍ഭാടവും അശ്ലീലവും നിറഞ്ഞ സന്ദേശങ്ങളാണ്.
മോട്ടിവേഷനും പഠനത്തിനും അല്പം വിനോദത്തിനുമായി ഉപയോഗിക്കാന്‍ താരതമ്യേന ഭേദപ്പെട്ട മേഖലയാണ് യൂട്യൂബിന്റേത്. പക്ഷേ, പതിമൂന്നോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍വരെ സ്വന്തം ശരീരപ്രദര്‍ശനത്തിനും അതുവഴി നിലവാരമില്ലാത്ത അപക്വമായ അഭിപ്രായപ്രകടനത്തിനും ഉപയോഗിക്കുന്നത് ദുഃഖകരമായ കാഴ്ചയാണ്. സഭ്യമായ വീഡിയോകള്‍ മാത്രം ലഭിക്കാനുള്ള ഓപ്ഷന്‍ ഓണാക്കി ഇടുക. വായനകളില്‍നിന്നു വ്യക്തിവികാസത്തിനു സഹായിക്കുന്ന ചര്‍ച്ചകളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് സ്വന്തമായി അതിര്‍വരമ്പുകള്‍ വയ്ക്കുക എന്നതാണ് കൗമാരക്കാര്‍ക്കു ചെയ്യാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ചെയ്യുന്ന പ്രവൃത്തികളില്‍ പലതും കുറ്റകൃത്യങ്ങളായി സൈബര്‍ നിയമക്കുരുക്കില്‍ അകപ്പെടാന്‍ സാധ്യയേറെയാണ്. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കു നിയമവിദ്യാഭ്യാസം നല്‍കുക എന്ന ആവശ്യം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രയോജനകരമായ രീതിയില്‍ പ്രാഥമികനിയമജ്ഞാനം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കാന്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യയിലെ സൈബര്‍നിയമങ്ങളില്‍ ഉള്‍പ്പെടുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. ഹാക്കിങ് സൈബര്‍നിയമങ്ങള്‍ ബാധകമായ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. മുമ്പ് ഹാക്കര്‍മാര്‍ എന്നാല്‍ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ധരെ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാലിന്ന് വീട്ടിലിരുന്ന് കമ്പ്യൂട്ടറോ ഫോണോ ഉപയോഗിച്ച് ഹാക്കറാവാന്‍ ശ്രമിക്കുന്നവരില്‍ വിദ്യാര്‍ത്ഥികളും പിന്നിലല്ല.
കേവലം വിനോദത്തിനായി തുടങ്ങി ഗൗരവകരമായ കുറ്റകൃത്യങ്ങളായി മാറിയ എത്രയെത്ര സംഭവങ്ങള്‍! രണ്ടു ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷംവരെ തടവുമാണ് ഹാക്കിങ്ങിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം ലഭിക്കുന്ന ശിക്ഷ.
വലിയ കമ്പനികളും അന്തര്‍ദേശീയ കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്ന കേസുകള്‍പോലെതന്നെ, പ്രാദേശികമായി ലഭിക്കുന്ന പരാതികളിന്മേലും പോലീസും സൈബര്‍ സെല്ലും സൈബര്‍ നിയമങ്ങളും ശക്തവും സജീവവുമാണ്.
ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയും വീഡിയോയും ഇടുന്ന, അതില്‍ യാതൊരു മര്യാദയും പാലിക്കാത്ത വിഭാഗമുണ്ട് കേരളത്തില്‍. ഇവരിലും കൗമാരപ്രായമുള്ളവരാണ് കൂടുതല്‍. പലപ്പോഴും ഒപ്പമുള്ള പെണ്‍കുട്ടികളുടെ ഫോട്ടോകളും വീഡിയോകളുംവരെ വിനോദത്തിനായി ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്നതു കാണാം. ആരുടെയും അനുവാദമില്ലാതെ അവരെ ചിത്രീകരിക്കാന്‍ പാടില്ല എന്നു മാത്രമല്ല, സ്ത്രീകളെ അവരറിയാതെ ചിത്രീകരിച്ചാല്‍ അതു ചിലപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 354 സി വകുപ്പുപ്രകാരം ശിക്ഷ ലഭിക്കാനുള്ള കുറ്റകൃത്യംവരെ ആയേക്കാം. ഒരു വ്യക്തിയറിയാതെ ക്യാമറ സ്ഥാപിച്ച് അയാളെ ചിത്രീകരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും കുറ്റകരമാണ്.