''ജര്‍മനിയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ എല്ലാവരുടെയും മുമ്പില്‍വച്ച് നാസികള്‍ മൂന്നു യഹൂദന്മാരെ കെട്ടിത്തൂക്കുകയാണ്-രണ്ടു പുരുഷന്മാര്‍, ഒരു പിഞ്ചുബാലന്‍. ഏറെ ഭാരമുണ്ടായിരുന്ന മുതിര്‍ന്നവര്‍ രണ്ടു പേരുടെയും കഥ അധികം താമസിയാതെ കഴിഞ്ഞു. മരണപ്പിടച്ചില്‍ നടന്നിട്ടും, താരതമ്യേന തൂക്കം കുറഞ്ഞ പിഞ്ചുബാലന്‍ മാത്രം ജീവന്‍ പോകാതെ പിടഞ്ഞുപിടഞ്ഞു തൂങ്ങിക്കിടന്നു.
പല്ലിളിച്ച്, നാക്കു നീട്ടിപ്പിടിച്ച് വായിലൂടെ വെള്ളമൊലിപ്പിച്ചു തൂങ്ങിയാടുന്ന രണ്ടുപേര്‍! ആര്‍ത്തനാദം പുറപ്പെടുവിച്ചുകൊണ്ട് അതിനിടയില്‍ക്കിടന്നു പിടയുന്ന പിഞ്ചിളംപൈതല്‍.
യഹൂദനായ ഒരുവന്‍ എന്റെ പുറകില്‍നിന്ന് ആരോടെന്നില്ലാതെ ചോദിച്ചു: ''എവിടെയാണിപ്പോള്‍ ദൈവം?'' ആ പിഞ്ചുപൈതല്‍ അപ്പോഴും തൂങ്ങിക്കിടന്നു പിടയുന്നുണ്ടായിരുന്നു. ആ മനുഷ്യന്റെ ചോദ്യം എന്റെ കര്‍ണപുടങ്ങളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു... എന്റെ ഉള്ളില്‍നിന്ന് ഒരു സ്വരം എന്നോടു പറഞ്ഞു. അതാ, അവിടുന്ന് ആ കഴുമരത്തില്‍.'' ' He is hanging on the gallows (Night- 1986 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഏലീ വീസെലാണ് ഈ കൃതിയുടെ കര്‍ത്താവ്.)
നാസി ജര്‍മനിയുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ വിവരിക്കുന്ന വേളയില്‍ ഏലീ വീസെല്‍ തൊടുത്തുവിടുന്ന ഈ സമസ്യ മൂര്‍ച്ചയേറിയതാണ്. മനുഷ്യന്റെ വേദനയ്ക്കുമുമ്പില്‍ ദൈവത്തിന്റെ ഭാവമെന്താണ്-പരിപാലന എവിടെയാണ്?
ജൈവപ്രപഞ്ചം വേദന നിറഞ്ഞതാണ്. വേദന ജീവിതത്തിന്റെതന്നെ ഭാഗമാണ്. ഒരു ജീവിയും അതില്‍നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ദൈവികസൗഭാഗ്യത്തില്‍ പങ്കുകാരാകാന്‍ വിളിക്കപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം അതിനു പ്രത്യേകമായ മുഖവിലയും മൂല്യവുമുണ്ട്.
Rainbow of sorrow എന്ന തന്റെ ഗ്രന്ഥത്തില്‍ ഫുള്‍ട്ടന്‍ ഷീന്‍ പറയുകയാണ്: ''വേദന അനിവാര്യമാണ്-സ്വീകരിച്ചേ തീരൂ. അതിനെക്കാള്‍ ദുസ്സഹം അതിന്റെ അര്‍ത്ഥം മനസ്സിലാകാന്‍ കഴിയാതെ വരുന്ന സ്ഥിതിയാണ്. ""No crown without cross'' കുരിശില്ലാതെ കിരീടമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയാണ്.
വേദനയിലാണ് നല്ല കള്ളന്‍ ഒരു തിരിച്ചറിവില്‍ എത്തിച്ചേരുന്നത്. ആ തിരിച്ചറിവാണ് അവനെ രക്ഷയിലേക്കു നയിക്കുന്നതും. ചിലരൊക്കെ വേദനകൊണ്ടു നരകിക്കുമ്പോള്‍ വേറേ ചിലര്‍ അതിലൂടെ സ്വര്‍ഗകവാടം കണ്ടെത്തുന്നു.
''മനുഷ്യന്റെ വേദനകള്‍, അങ്ങകലെനിന്നു നോക്കിക്കാണുന്ന നിര്‍വികാരനായ ഒരു ദൈവം നമ്മെ നിരീശ്വരത്വത്തിലേക്കേ നയിക്കൂ'' എന്നാണ് ചിന്തകനായ ബോനെഫറിന്റെ നിഗമനം. തന്റെ സൃഷ്ടിയുടെ വേദനയില്‍ പങ്കുചേരുന്ന, അവനില്‍ ജീവിക്കുന്ന ദൈവത്തിനു മാത്രമേ അവനില്‍ സ്ഥാനമുള്ളൂ.
വേദനയ്ക്കു ജീവിതത്തിലുള്ള പ്രസക്തി എങ്ങനെയാണു മനുഷ്യനെ പഠിപ്പിക്കുക? ''കരയുന്നവര്‍ ഭാഗ്യവാന്മാര്‍, ദുഃഖിതര്‍ ഭാഗ്യവാന്മാര്‍'' എന്നു പറഞ്ഞതുകൊണ്ടുമാത്രമായില്ലല്ലോ. അതിനു ദൈവികവിജ്ഞാനം കണ്ടെത്തിയ പ്രത്യുത്തരമാണ് മനുഷ്യാവതാരം. താണിറങ്ങിവന്ന് അവനോടൊപ്പം ജീവിക്കുക, അവന്റെ വേദനകളില്‍ പങ്കുചേര്‍ന്ന് അവനെ തന്നിലേക്കുയര്‍ത്തുക - അതാണ് കുരിശുമരണത്തിലൂടെ യേശു സാധിച്ചത്.
ഒന്നാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു സംഭവം F.H. John Drinkwater വിവരിക്കുന്നുണ്ട്. ഫ്രാന്‍സിലെSomme Valley യുടെ സമീപത്തുള്ള ഗ്രാമത്തില്‍ ബോംബുവര്‍ഷം നടക്കുകയാണ്. കൂട്ടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു പട്ടാളക്കാരനെ അടിയന്തരശസ്ത്രക്രിയയ്ക്കു കൊണ്ടുവന്നു. ബോംബുവര്‍ഷത്തില്‍ ആശുപത്രിപോലും തകര്‍ന്നതുകൊണ്ട് പള്ളിയുടെ അള്‍ത്താരയായിരുന്നു അന്നത്തെ ഓപ്പറേഷന്‍ തിയേറ്റര്‍! ആള്‍ രക്ഷപ്പെടണമെങ്കില്‍ ഉടന്‍ കാല്‍ മുറിച്ചുമാറ്റണം! പക്ഷേ, അനസ്തീസിയ കൊടുക്കാനുള്ള മരുന്നും സംവിധാനങ്ങളും തകര്‍ന്ന ആശുപത്രിയുടെ കൂട്ടത്തില്‍ പൊയ്‌പോയിരിക്കുന്നു...!
''എന്താണു ചെയ്യുക?'' ഡോക്ടര്‍ പട്ടാളക്കാരനോടു ചോദിച്ചു. ഉത്തരം ഉടനെ വന്നു: ''ഒട്ടും മടിക്കേണ്ട ചെയ്‌തോ. എന്നെ അള്‍ത്താരയില്‍ കിടത്തി എന്റെ തല ആ ക്രൂശിതരൂപത്തിന് അഭിമുഖമായി വയ്ക്കണം. എന്റെ അനസ്തീസിയ അവിടെയുണ്ട്!''
തന്റെ കാല്‍ പച്ചയ്ക്ക് അറുത്തുമുറിച്ചപ്പോള്‍, തറച്ചുതൂക്കപ്പെട്ട യേശു അയാള്‍ക്ക് ആത്മധൈര്യവും സഹനശക്തിയും പ്രദാനം ചെയ്തു. അവിടെനിന്നുതന്നെ ശക്തിയും പ്രചോദനവും പ്രാപിക്കാനുള്ള കൃപാവരമാണ് നമുക്കും ആവശ്യം.
ദൈവത്തിന്റെ രക്ഷാകരപദ്ധതി ആ പട്ടാളക്കാരനിലെന്നപോലെ നമ്മിലോരോരുത്തരിലും ഓരോ രീതിയിലാണ് ദൈവം പൂര്‍ത്തീകരിക്കുക - ചിലരുടെ അന്ധതയിലും (യോഹ. 9:3) ചിലരുടെ നെടുവീര്‍പ്പുകളിലും പീഡാസഹനങ്ങളിലും ആ യഹൂദബാലന്റേതെന്നപോലെ മറ്റു ചിലരുടെ കൊലക്കയറിലും!