•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജീവിതം മധുരമുള്ളതാകാന്‍ തേനീച്ചകള്‍ നല്കുന്ന പാഠം

ഗ്രീക്കുപുരാണങ്ങളിലെ ദൈവങ്ങളുടെ പിതാമഹന്‍ സീയൂസിനെ ബാല്യകാലത്തു തേനീച്ചകള്‍ തേനൂട്ടി സ്വര്‍ണനിറമുള്ളവനാക്കി എന്നൊരു പഴയ കഥയുണ്ട്. ബുദ്ധമതക്കാര്‍ക്കിടയില്‍ മറ്റൊരു കഥ ഇതാണ്. പരസ്പരം ഇടഞ്ഞ ശിഷ്യഗണത്തെ സമാധാനിപ്പിക്കുന്നതിനിടെ ഒരു ആന ഒരു വലിയ പഴം കൊണ്ടുവന്നു ബുദ്ധനു കൊടുത്തു. അതു കണ്ടൊരു കുരങ്ങന്‍ സമ്മാനമായി ഒരു തേന്‍കൂടു നല്കി. തന്റെ സമ്മാനം ഗുരു സ്വീകരിച്ചപ്പോള്‍ സ്വയം മതിമറന്ന അവന്‍ തുള്ളിച്ചാടി. ഒരു മരത്തില്‍നിന്നു മറ്റൊന്നിലേക്കു ചാടിച്ചാടി ഒടുവില്‍  താഴെ വീണു മരിച്ചു. ഇതിന്റെ ഓര്‍മയ്‌ക്കെന്നോണം തേനും ഫലങ്ങളുംകൊണ്ടുള്ള ഒരു ഉത്സവം അവരിന്നും ആചരിക്കുന്നു. ഇതുപോലെ യഹൂദന്മാരും ഫലങ്ങളും അപ്പവും  തേനില്‍ മുക്കിയാണ് ''റോഷ് ഹാസനെ'' എന്ന പുതുവര്‍ഷാഘോഷങ്ങള്‍ നടത്തുക.
കഥ എന്തുമാകട്ടെ, തേനും തേനീച്ചയും യുഗയുഗാന്തരങ്ങളായി മനുഷ്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
ക്രിസ്തുവിന്റെ വിശിഷ്ടഗുണങ്ങള്‍
യേശുവിന്റെ ദിവ്യഗുണങ്ങള്‍ വിളങ്ങുന്ന അദ്ഭുതജീവികളായിട്ടാണ് തേനീച്ചയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തീയജീവിതത്തിലും വചനത്തിലും തേനീച്ച സ്ഥാനം പിടിക്കുന്നു. തേന്‍മധുരംപോലെയാണ് മനുഷ്യപുത്രന്റെ വാക്കുകള്‍, സൗമ്യതനിറഞ്ഞതാണ് അവന്റെ പെരുമാറ്റം. സ്‌നേഹം പാല്‍ക്കുഴമ്പായി വാരിവിതറി സര്‍വര്‍ക്കും നിത്യസമ്മാനങ്ങള്‍ ഏകിയാണ് അവന്‍  കടന്നുപോയത്. ബൈബിളില്‍ അനേകം തവണ തേനീച്ചയെക്കുറിച്ചും തേനിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. വിശ്വാസജീവിതവുമായി തേനീച്ച കെട്ടുപിണഞ്ഞുകിടക്കുകയാണ്.
സാമര്‍ത്ഥ്യം, വിവേകം, ആത്മാര്‍ത്ഥത, കര്‍ത്തവ്യ നിര്‍വഹണബോധം, കഠിനാധ്വാനം, അര്‍പ്പണബോധം, സമൂഹത്തോടുള്ള പ്രതിബദ്ധത എന്നിങ്ങനെ  ഒട്ടേറെ കാര്യങ്ങളില്‍ ഒരു പാഠപുസ്തകമാണ് തേനീച്ച. പലേ സംസ്‌കാരങ്ങളിലും അവര്‍ സ്വര്‍ഗലോകത്തില്‍നിന്നെത്തുന്ന ദിവ്യദൂതന്മാരായാണ് വിശേഷിപ്പിക്കപ്പെടുക.
ഒരു യഥാര്‍ത്ഥ ക്രിസ്ത്യന്‍സമൂഹത്തിനു വേണ്ടുന്ന  അനുകരണീയമായ ഗുണങ്ങളാണ് ഈ കുഞ്ഞുജീവിക്കുള്ളത്. അവരെപ്പോലെ കഠിനാധ്വാനം ചെയ്യുമ്പോള്‍ ആ കുടുംബം സൗഭാഗ്യത്തിലേക്കും പുരോഗതിയിലേക്കും വഴിനടക്കും. സങ്കീര്‍ത്തനം 118:2ല്‍ പറയുംപോലെ സ്വര്‍ണദ്രാവകംപേറി ഭവനത്തിലെത്തുന്ന തേനീച്ച നമുക്ക് എന്നും ചേതോഹരമാണ്. തേനിനെ വിവേകത്തിന്റെ അടയാളമായാണ്  സോളമന്‍  വിശേഷിപ്പിക്കുന്നത്. പാലസ്തീന്‍രാജ്യത്തെ തേനും പാലും ഒഴുകുന്ന ദേശമായാണ് ബൈബിളില്‍ പരാമര്‍ശിക്കുന്നത്. ധാരാളം കാട്ടുതേനീച്ചകള്‍ കൂട്ടമായി വസിച്ചിരുന്നതുകൊണ്ടു തേന്‍ ഇഷ്ടംപോലെ. അവിടെയാണ് ജോനാഥന്‍ ആരും പറയുന്നതു കേള്‍ക്കാതെ ഓടിച്ചെന്ന് മരത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന മധു  അല്പം ഈമ്പിക്കുടിച്ചത്.
ചില നാടുകളില്‍ തേനീച്ചകള്‍ അപ്രത്യക്ഷമായപ്പോള്‍, അത് മിശിഹായുടെ രണ്ടാമാഗമനം സമാഗതമായതിന്റെ അടയാളമാണ് എന്നു വരെ ചിലര്‍ പറഞ്ഞു. സസ്യങ്ങളിലെ പരാഗണവും മറ്റും നിലച്ചാല്‍ മനുഷ്യനു ഭക്ഷണം ലഭിക്കാതെവരും എന്ന ഭീതിയും  അതു സൃഷ്ടിച്ചു.
സ്‌നാപകയോഹന്നാന്‍ തേന്‍ ഭക്ഷിക്കുമായിരുന്നു  എന്ന് നാം ബൈബിളില്‍ കാണുന്നു. മാര്‍പാപ്പാമാര്‍  തേനീച്ചയ്ക്കു വലിയ പ്രാധാന്യം നല്‍കിയിരുന്നതായി  സഭാചരിത്രത്തില്‍ വായിക്കുന്നു. സെന്റ് പീറ്റേഴ്‌സ്  ബര്‍ഗില്‍ മാര്‍പാപ്പയുടെ മകുടത്തിനും  സെന്റ് പീറ്ററിന്റെ  താക്കോലിനുമൊപ്പം തേനീച്ചകളുടെ ചിത്രം ഉല്ലേഖനം ചെയ്തിരിക്കുന്നതു കാണാം. പാപ്പാമാര്‍ അവരുടെ പദ്ധതികളെയും സമര്‍പ്പണബോധത്തെയും വിളിച്ചോതാനായിരിക്കണം ഇത് ദൃശ്യവത്കരിച്ചത്. വിശുദ്ധന്മാരായ അംബ്രോസും  ബെര്‍ണാഡ് ക്ലാര്‍വൗക്‌സും തേനീച്ചയെ  സ്‌നേഹിച്ചവരായിരുന്നു. പ്രാചീനറോമില്‍ തേനീച്ചകളുടെ ശില്പം ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഫൗണ്ടന്‍  ഉണ്ടാക്കിയിരുന്നു.
അതിസൂക്ഷ്മമായ വിവേചനശേഷിയുള്ള, ആകര്‍ഷകമായ ഈ വിശിഷ്ടജീവികളെക്കുറിച്ചു ഹോമെറിനെയും വിര്‍ജിലിനെയും ഷേക്സ്പിയറിനെയുംപോലുള്ള ധാരാളം കവികള്‍ പാടിയിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് ഡി സലെസ് ഈ കൊച്ചുജീവികളിലെ ദൈവസ്പര്‍ശവും വിവേകവും വരച്ചുകാട്ടുന്നുണ്ട്.
മധുമാത്രം
ഒരു ചിലന്തി തന്റെ ഭക്ഷണം വിഷമാക്കി അറകളില്‍ സൂക്ഷിക്കുമ്പോള്‍ ഈ പാവം ജീവികള്‍ ശേഖരിക്കുന്നത് തനിക്കും മറ്റനേകര്‍ക്കുംവേണ്ടിയുള്ള ശുദ്ധമായ തേനാണ്. ഒരു പൂവില്‍ പോയിരുന്നു അതിനോടു കിന്നാരം പറഞ്ഞു അതിന്റെ പുഷ്പദളങ്ങള്‍ ഒന്നും കേടാകാതെ സ്‌നേഹത്തോടെ മധുവും പൂമ്പൊടിയും മാത്രം കടമെടുക്കുകയാണ് തേനീച്ച. തേന്‍ ശേഖരിക്കാന്‍ ഒരു കൂട്ടര്‍ എങ്കില്‍  റാണി ഇടുന്ന മുട്ടകള്‍ വിരിയുമ്പോള്‍ ലാര്‍വകള്‍ക്കു തീറ്റകൊടക്കാനും പരിരക്ഷിക്കാനും  മറ്റൊരു കൂട്ടര്‍. അങ്ങനെ ഓരോരുത്തര്‍ക്കും ഓരോരോ റോളുകള്‍. അതവര്‍ ഭംഗിയായി ഐക്യത്തോടെ ചെയ്യുന്നത് മനുഷ്യനെന്നും പാഠമാകുന്നു.
ദൈവത്തിന്റെ  മഹാദ്ഭുതം
ഒരിക്കല്‍ ഒരു മഹാന്‍ എയ്റോ ഡയനാമിക്‌സ് എന്നു പറയുന്ന പറക്കല്‍ശാസ്ത്രം പഠിച്ചിട്ടു പറഞ്ഞു, തേനീച്ചയുടെ ചിറകിന്റെ  രൂപകല്പന  പറക്കാന്‍ പര്യാപ്തമല്ല എന്ന്. എന്നാല്‍, ഈ ജീവി വിശ്രമമില്ലാതെ പത്തും ഇരുപതും പ്രാവശ്യം കൂട്ടില്‍ വരും തിരിച്ചു പറക്കും.  പത്തഞ്ഞൂറു പുഷ്പങ്ങള്‍ സന്ദര്‍ശിക്കും. തേന്‍ കണ്ടെത്തിയാല്‍ അവന്‍ തിരിച്ചു പറന്നുവന്നു നൃത്തം വച്ച് തന്റെ മിത്രങ്ങളെ എല്ലാവരെയും ആ സദ്വാര്‍ത്ത അറിയിക്കും. പിന്നെ അവര്‍ കൂട്ടംകൂട്ടമായി ആ ദിക്കിലേക്കു പായും. നമുക്ക് ഒരു സ്പൂണ്‍ തേന്‍ തരണമെങ്കില്‍ അയ്യായിരം പൂവുകളിലെങ്കിലും അവര്‍ക്കു പോകണം. അവരുടെ സ്വന്തം ആവശ്യത്തിന് എത്രയോ മടങ്ങുമധുവാണ് അവര്‍ ശേഖരിക്കുക എന്നറിയാമോ. മറ്റു കൂടുകളിലുള്ള തേനീച്ചകള്‍ക്കു പോലും അവര്‍ ഈ ഭക്ഷണം ദാനം ചെയ്യുന്നു. അതാണ്  ഈ ജീവികളുടെ അതുല്യമായ സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ നമ്മെയൊക്കെ ഇളിഭ്യരാക്കുന്ന  മാതൃക.
നമ്മുടേതിനെക്കാള്‍ എത്രയും ചെറുതായ ഒരു കടുകുമണി ബ്രെയിനാണ് തേനീച്ചയ്ക്കുള്ളത്. എന്നിരിക്കിലും ചിട്ടയോടെ ജീവിക്കാനും പരസ്പരം ആശയവിനിമയം നടത്താനും നല്ലൊരു സാമൂഹികപ്രതിബദ്ധത കാഴ്ചവയ്ക്കാനും അതിനെങ്ങനെ കഴിയുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? അവര്‍ സൃഷ്ടിക്കുന്ന തേന്‍ റാഹല്‍ ലോകത്തിലെ ഒരു മഹാദ്ഭുതമാണ്. വലിയ മിടുക്കുള്ള ഒരു എഞ്ചിനീയര്‍ കോമ്പസും സ്‌കെയ്‌ലുംവെച്ചു വരച്ചാല്‍ പ്പോലും അവര്‍ സൃഷ്ടിക്കുന്ന ഷഡ്ഭുജങ്ങള്‍ക്ക് ഒപ്പമെത്തില്ല. ഈ ആകൃതി മറ്റേത് ആകൃതിയിലും മെച്ചമാണ് തേന്‍ ശേഖരിക്കാന്‍ എന്ന് ഈ ജോമിട്രിവിദഗ്ധര്‍ക്ക് നന്നായി അറിയാം.
ശുഭാപ്തിയുടെ ഒരു പര്യായംകൂടിയാണ് തേനീച്ച. എത്രയോ അലച്ചിലുകള്‍ക്കിടയില്‍ ഏറെ കഷ്ടപ്പെട്ടാവും പുതുതായി വിടര്‍ന്ന ഒരു പൂവ് കണ്ടെത്തുക. അലസതയില്ലാതെ എത്രയോ ദൂരം പറന്ന്, പ്രതിസന്ധികള്‍ തരണം ചെയ്ത്, ദിവസവും ഈ കണ്ടെത്തലുകള്‍ തുടരുന്നത് നമുക്കെല്ലാം വലിയ പ്രചോദനമാണ് തരിക. റേ ബ്രാഡ്ബറി പറയുന്നു: 'അവര്‍ക്കൊരു പരിമളമുണ്ട്; ഉണ്ടാവണം. കാരണം, അവര്‍ എത്രയായിരം പുഷ്പങ്ങളുടെ സൗരഭ്യമാണ്, സുഗന്ധവ്യഞ്ജനമാണ്  സ്വന്തം കാലില്‍ പേറുക.'
വിശുദ്ധന്മാര്‍ക്കു പ്രിയര്‍
ചില പൗരാണികകഥകളില്‍ ഒരു വിശ്വാസമുണ്ട്, മരണശേഷം ആത്മാവ് പറന്നുപൊങ്ങുന്നത് ഒരു തേനീച്ചയുടെയോ ചിത്രശലഭത്തിന്റെയോ രൂപത്തിലായിരിക്കുമെന്ന്. അത്തരം കഥകള്‍ കേട്ടു വളര്‍ന്നതിനാലാവണം വിശുദ്ധ അബിഗെയ്ല്‍ ഒരു തേനീച്ച വളര്‍ത്തുകാരിയായി. തേനീച്ചകളുമായി വലിയൊരു ആത്മബന്ധം സ്ഥാപിച്ചുകൊണ്ട് അവള്‍ തേനുപയോഗിച്ചു മുറിവുകള്‍ ഉണക്കി, രോഗങ്ങള്‍ ഭേദമാക്കി.
വിശുദ്ധ അംബ്രോസിനെക്കുറിച്ചും ഒരു കഥയുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍  ഒരുകൂട്ടം തേനീച്ചകള്‍ കൂട്ടമായി പറന്നുവന്ന് അദ്ദേഹത്തിന്റെ വായില്‍ ഇരുപ്പുറപ്പിച്ചു. ഒരു പ്രശസ്ത  പ്രസംഗകനായിത്തീരുമെന്നതിന്റെ ശുഭോദര്‍ക്കമായ സൂചനയായി അത് അന്നത്തെ ജനം സ്വീകരിക്കുകയായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ 'തേന്‍പോലെ മധുരമുള്ള ശബ്ദപ്രവാഹം' എന്നാണു വിശേഷിപ്പിക്കപ്പെട്ടത്. തേന്‍നാവുള്ള ഡോക്ടര്‍ എന്നും ആളുകള്‍ അദ്ദേഹത്തെ വിളിച്ചു.
പാപ്പാ പീയൂസിന്റെ  വാക്കുകള്‍
പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ 1948 ല്‍ നമ്മെ ഉദ്ബോധിപ്പിച്ചത് ഇവിടെ പ്രസക്തമാകുന്നു: ''സാമൂഹികജീവിതത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും  മഹനീയമാതൃകകളാണ് തേനീച്ചകള്‍. അവിടെ ഓരോ വിഭാഗക്കാരും അവര്‍ക്ക് ഏല്പിച്ചു കൊടുക്കപ്പെട്ട കാര്യങ്ങള്‍ എത്രയോ നിഷ്ഠയോടെ, മനഃസാക്ഷിക്കൊത്തവിധം ചെയ്യുന്നു. അസൂയയോ ശത്രുതയോ കൂടാതെ സ്‌നേഹവും പരിഗണനയും കാഴ്ചവയ്ക്കുന്ന ഈ ജീവികളെ മനുഷ്യര്‍ക്കു ശ്രദ്ധിക്കാനും പാഠമാക്കാനും കഴിഞ്ഞിരുന്നെങ്കില്‍! എല്ലാവര്‍ക്കും ആ സ്‌നേഹം ഉള്‍ക്കൊള്ളാനായിരുന്നെങ്കില്‍! കഠിനമായ അധ്വാനത്തിലൂടെ ശേഖരിക്കുന്ന സമ്പത്ത് സഹവര്‍ത്തിത്വത്തോടും ഐക്യത്തോടുംകൂടി പങ്കുവയ്ക്കാനും, സമാധാനത്തോടും സന്തോഷത്തോടുംകൂടി ഗൃഹാന്തരീക്ഷം ആസ്വദിക്കാനും അവരെപ്പോലെ നമുക്കും കഴിഞ്ഞിരുന്നെങ്കില്‍! ഒരു നല്ല ക്രിസ്ത്യാനിയെപ്പോലെ മൃദുലമായ ഭാഷയില്‍ മാനുഷികത കൈവെടിയാതെ രമണീയമായി സംസാരിക്കാന്‍ ആയിരുന്നെങ്കില്‍, മനസ്സില്‍ ഉദിക്കുന്ന സത്യത്തിന്റെ സൗന്ദര്യം  അവര്‍ക്ക് അനുഭവിക്കാന്‍ ആയേനെ. നമ്മുടെ ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന കുലീനത്വവും ധന്യതയും നന്മയും നമുക്കപ്പോള്‍ പ്രകടമാക്കാനായേനെ. വിവേകമില്ലാത്ത, കരുതലില്ലാത്ത മൂഢന്മാരായി, ഹൃദയത്തിലെ പവിത്രചിന്തയും സ്‌നേഹവും മലിനമാക്കി, സ്പര്‍ധയും അസൂയയുംകൊണ്ട് അന്യന്റെമുതല്‍ ആഗ്രഹിക്കുന്നവരാകാതെ എല്ലാം പങ്കുവയ്ക്കുന്ന മനോഭാവത്തിലേക്കു നാം വളര്‍ന്നിരുന്നെങ്കില്‍, തേനീച്ചകള്‍ സഹജവാസനയാല്‍ ചെയ്യുന്നത് നമുക്കു ബുദ്ധിവൈഭവവും വിവേകവും ഉപയോഗിച്ചെങ്കിലും മെച്ചപ്പെടുത്താനായെങ്കില്‍, ഈ ലോകം എത്രയോ സുന്ദരമായിത്തീര്‍ന്നേനെ.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)