•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഭൂമിക്ക് ചരമഗീതം

സ്‌ട്രേലിയയിലും കാനഡയിലും ഗ്രീസിലും യു.എസിലെ കാലിഫോര്‍ണിയയിലും കാട്ടുതീ. ജര്‍മനിയില്‍ പട്ടണങ്ങള്‍ ഒഴുകിപ്പോകുംവിധമുള്ള പ്രളയം. ചൈനയിലും ഇന്ത്യയിലും ഇവിടെ കേരളത്തിലും വെള്ളപ്പൊക്കം.
മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും അകലംപാലിച്ചും വാക്‌സിനെടുത്തും കൊവിഡ് മഹാമാരിയെ തളയ്ക്കുമായിരിക്കും. എന്നാല്‍, കാലാവസ്ഥാമാറ്റത്തിന്റെ ഗ്രാഫിനെ താഴ്ത്താനാവുകയില്ല. അക്കാര്യത്തില്‍ വിജയിക്കണമെങ്കില്‍ പുറത്തേക്കു തള്ളപ്പെടുന്ന കാര്‍ബണ്‍വാതകങ്ങളുടെ തോതുകുറയ്ക്കണം. പ്രകൃതിയുടെമേലുള്ള അനിയന്ത്രിതമായ കടന്നുകയറ്റങ്ങള്‍ അവസാനിപ്പിച്ച് പ്രകൃതിയില്‍നിന്നുതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.
കാലാവസ്ഥാമാറ്റം സംബന്ധിച്ച് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (കജഇഇ) തയ്യാറാക്കി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതാം തീയതി ജനീവയില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ഒരു ആപല്‍സൂചനയാണ്. ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും പുറത്തുവിടുന്ന ഐപിസിസി റിപ്പോര്‍ട്ടുകളുടെ പരമ്പരയിലെ ആറാമത്തെ അസസ്‌മെന്റില്‍ കാലാവസ്ഥ തീവ്രമായി മാറുന്നതിനു മനുഷ്യരുടെ ജീവിതരീതി പ്രധാന കാരണമാണെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തെ ശരാശരി താപവര്‍ദ്ധന 1.50 ഡിഗ്രി മുതല്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള പരിധിയില്‍ നിറുത്താന്‍ ഉദ്ദേശിച്ച് 2015 ല്‍ ഒപ്പുവച്ച പാരീസ് ഉടമ്പടി അമേരിക്കയുടെ പിന്‍മാറ്റത്തോടെ നടക്കാതെ പോയത് ദൗര്‍ഭാഗ്യകരമായി. ഈ തോതനുസരിച്ചു നീങ്ങിയാലും താപനം നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപടിയിലാക്കാന്‍ കഴിഞ്ഞേക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോളതാപനം 1.50 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിറുത്താന്‍ കഴിഞ്ഞാലും വരുന്ന പതിറ്റാണ്ടുകളില്‍ കടല്‍വെള്ളം ഉയരുമെന്നാണ് കണ്ടെത്തല്‍. 50 കോടി ജനങ്ങള്‍ അധിവസിക്കുന്ന കടല്‍ത്തീരനഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണു നിരീക്ഷകരുടെ അഭിപ്രായം. അര ഡിഗ്രി ചൂട് വര്‍ദ്ധിച്ചാല്‍ 20 കോടി ജനങ്ങളെങ്കിലും സ്വന്തം വീടുപേക്ഷിച്ച് മറ്റു പ്രദേശങ്ങളില്‍ കുടിയേറുമെന്ന് ലോകബാങ്ക് പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു ഡിഗ്രിയാണു വര്‍ദ്ധനയെങ്കില്‍ ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കു വേലിയേറ്റം ശക്തമാകും. ചൈനയും ഇന്ത്യയും ഇന്തോനേഷ്യയും അടക്കമുള്ള രാജ്യങ്ങളിലെ തീരദേശനഗരങ്ങള്‍ വെള്ളം കയറി നശിക്കും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകുന്നതും സമുദ്രജലം ചൂടായി നില്ക്കുന്നതും ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമാണ്.
അന്തരീക്ഷമലിനീകരണം മുമ്പെങ്ങുമില്ലാത്തവിധം വര്‍ദ്ധിച്ചിരിക്കുന്നു. അസഹ്യമായ ചൂടും  കാട്ടുതീയും ചുഴലിക്കാറ്റും  അതിതീവ്രമഴയും കടലേറ്റവും ഒക്കെയായി ഭൂമി ഒരു വലിയ പ്രതിസന്ധിയുടെ തുരങ്കത്തിലേക്കു കടന്നിരിക്കുന്നു. തീവ്രകാലാവസ്ഥാമാറ്റങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്നുവെന്ന വെളിപ്പെടുത്തലാണ് ഐപിസിസി റിപ്പോര്‍ട്ട്. പല മാറ്റങ്ങളും തിരുത്താനാവാത്തതും നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീണ്ടുനില്ക്കുന്നവയുമാകാം. പുതിയൊരു 'തീവ്രയുഗം' ആരംഭിച്ചുകഴിഞ്ഞുവെന്നു തിരിച്ചറിയണം.
മേഘവിസ്‌ഫോടനങ്ങള്‍
സമുദ്രജലം ചൂടാകുമ്പോള്‍ ഉയരുന്ന നീരാവിയാണ് തണുത്ത് മഴയായി മാറുന്നത്. ചൂട് പിന്നെയും കൂടുമ്പോള്‍ നീരാവിയുടെ അളവുകൂടി മഴമേഘങ്ങള്‍ ജലകുംഭങ്ങളായി മാറുന്നതാണ് മേഘവിസ്‌ഫോടനങ്ങള്‍ക്കു കാരണമാകുന്നത്. അന്തരീക്ഷത്തിലെ ചൂടിന്റെ സിംഹഭാഗവും ആഗിരണം ചെയ്ത് സമുദ്രജലം വേഗം ചൂടുപിടിക്കുന്നു. അറബിക്കടല്‍ ലോകത്തിലെതന്നെ ഏറ്റവും ചൂടേറിയ ഭാഗമായി മാറിയതാണ് കേരളത്തില്‍ മേഘവിസ്‌ഫോടനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. ചൂടു വര്‍ദ്ധിക്കുന്നതോടെ കടല്‍ജലത്തിന്റെ അസിഡിറ്റി (മരശറശ്യേ) വര്‍ദ്ധിക്കുകയും ഓക്‌സിജന്റെ അളവു കുറയുകയും ചെയ്യുന്നു.
ഹിമാലയത്തിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇന്ത്യന്‍ സമതലഭൂമിയുടെ സ്ഥിതി സങ്കീര്‍ണമാക്കുകയും അസാധാരണപ്രളയത്തിനും ചൂടേറ്റത്തിനും കാരണമാകുകയും ചെയ്യുന്നു. ചൈനയിലെയും ജര്‍മനിയിലെയും പ്രളയത്തിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്. യൂറോപ്പിലെ ആല്‍പ്‌സ് പര്‍വതനിരയിലെ മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങിയെന്നും സ്വിറ്റ്‌സര്‍ലണ്ടില്‍ മാത്രം 1,000 ജലാശയങ്ങള്‍ പുതുതായി രൂപപ്പെട്ടുവെന്നും വാര്‍ത്തയുണ്ട്. ആല്‍പ്‌സിലെ മൂന്നില്‍ രണ്ടു മഞ്ഞുമലകളും വരുംവര്‍ഷങ്ങളില്‍ ഉരുകിയിറങ്ങി പുതിയ തടാകങ്ങള്‍ ഉണ്ടാകുമെന്നു കണക്കാക്കുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ അടുത്തയിടെ അനുഭവപ്പെട്ട 49.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് സര്‍വകാല റെക്കോര്‍ഡാണ്. ഗ്രീസിലുണ്ടായ കാട്ടുതീയില്‍ കത്തിയമര്‍ന്നത് 56,000 ഹെക്ടര്‍ നിബിഡവനമാണ്. ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ആഗോളതാപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാദുരന്തങ്ങളാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
നമ്മുടെ സംസ്ഥാനത്തെ മലയോരങ്ങളും നദികളും പട്ടണങ്ങളും ചൂടിനെ ആഗിരണം ചെയ്യാനും മഴവെള്ളത്തെ ഉള്‍ക്കൊള്ളാനുമാകാത്തവിധം ദീര്‍ഘവീക്ഷണമില്ലാത്ത വികസനത്തിന്റെ ഇരകളായി മാറിയതാണ് ദുരന്തം. ഇന്ത്യയില്‍ കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ വ്യാപകമായതിന്റെ പ്രധാനകാരണം മണ്ണിന്റെ ഘടനയുടെ പരിജ്ഞാനമില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതാണ്.
ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ പ്രതീക്ഷ
അടുത്തമാസം മധ്യത്തോടെ സ്‌കോട്ട്‌ലണ്ടിലെ ഗ്ലാസ്‌ഗോ നഗരത്തില്‍ ചേരുന്ന യു.എന്‍. കാലാവസ്ഥാവ്യതിയാന ഉച്ചകോടി 2015 ലെ പാരീസ് ഉടമ്പടിക്കുശേഷമുള്ള സുപ്രധാന സമ്മേളനമാണ്. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിഷ്‌കരണം 2050 ഓടെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള കരാറിലേര്‍പ്പെടാന്‍ നൂറിലേറെ രാജ്യങ്ങള്‍ സന്നദ്ധരായിട്ടുണ്ടെന്നാണു വാര്‍ത്ത. ഗ്ലാസ്‌ഗോ ഉച്ചകോടിക്കു മുന്നോടിയായി ഈ വര്‍ഷം മേയ്മാസത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചകളില്‍ ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പര്യാലോചിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ അന്യോന്യം നിര്‍ദേശിക്കുകയുമുണ്ടായി. താപനം 1.50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ പിടിച്ചുനിര്‍ത്താന്‍ 2030 ഓടെ കാര്‍ബണ്‍ ബഹിഷ്‌കരണം ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയ്ക്കാന്‍ ധാരണയായി. അടുത്ത നാളുകളിലുണ്ടായ ടൗട്ടേ, യാസ് തുടങ്ങിയ ചുഴലിക്കാറ്റുകള്‍ ആഗോളതാപനത്തിന്റെ സൃഷ്ടികളായിരുന്നുവെന്ന തിരിച്ചറിവില്‍ ഭാവി ദുരന്തങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ആഗോളതാപനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള ഒടുവിലത്തെ അവസരമാണ് ഗ്ലാസ്‌ഗോയിലേതെന്നു നിരീക്ഷിക്കുന്നവരുണ്ട്. ഇനിയൊരവസരം ഉണ്ടായിക്കൊള്ളണമെന്നില്ല.
ഭൂമിക്കു മരണഗന്ധം
ജൈവവൈവിധ്യങ്ങളുടെ കലവറയായ ഭുമി മരണത്തോടടുക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിനു നേരേ കണ്ണടയ്ക്കാനാവില്ല. വ്യാപകമായ വനനശീകരണം, വിവേചനമില്ലാത്ത ആഴക്കടല്‍ മത്സ്യബന്ധനം, അനിയന്ത്രിതമായ വ്യവസായവത്കരണം, ജലസ്രോതസ്സുകളുടെ മലിനീകരണം തുടങ്ങിയവ പ്രകൃതിയെ മുമ്പെങ്ങുമില്ലാത്തവിധം നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ വിവേകരഹിതമായ കടന്നുകയറ്റങ്ങള്‍ ഏകകോശജീവിയായ ബാക്ടീരിയയെമുതല്‍ തിമിംഗലംവരെയുള്ള ജീവികളെ ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്യുംവിധം വളര്‍ന്നിരിക്കുന്നു. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ പതിച്ച ഏതോ ഗ്രഹത്തിന്റെ ആഘാതംമൂലം മണ്‍മറഞ്ഞ ദിനോസറുകളുടേതിനെക്കാള്‍ വലിയ ദുര്യോഗമാണ് ജീവജാലങ്ങള്‍ ഇന്നു നേരിടുന്നത്. പുഴയോരങ്ങളിലും കായല്‍ത്തീരങ്ങളിലും സമൃദ്ധമായി വളര്‍ന്നിരുന്ന കണ്ടല്‍കാടുകളില്‍ മുതല്‍ ഇരുധ്രുവങ്ങളിലെയും മഞ്ഞുപാളികളില്‍വരെയുള്ള മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നു. ജലജീവികളുടെ പ്രഭവകേന്ദ്രങ്ങളായ കണ്ടല്‍ക്കാടുകള്‍ വികസനത്തിന്റെ മറവിലാണു നശിപ്പിക്കപ്പെടുന്നത്. പ്രകൃതിയുടെ സമശീതോഷ്ണാവസ്ഥ നിലനിറുത്തുന്ന ധ്രുവപ്രദേശങ്ങളില്‍ നടക്കുന്ന മൃഗവേട്ടയും പ്രകൃതിവാതകത്തിനും എണ്ണയ്ക്കുംവേണ്ടിയുള്ള പര്യവേക്ഷണങ്ങളും നിയന്ത്രിക്കപ്പെട്ടേ മതിയാകൂ. ഭൗമോപരിതലത്തിലെ ശുദ്ധജലത്തില്‍ 90% സംഭരിച്ചുവച്ചിരിക്കുന്നത് ധ്രുവപ്രദേശങ്ങളിലാണെന്നു പറയപ്പെടുന്നു. അന്തരീക്ഷത്തിലെ 50% കാര്‍ബണ്‍ വാതകങ്ങളെയും ആഗിരണം ചെയ്ത് പ്രകാശസംശ്ലേഷണംവഴി പ്രാണവായുവായ ഓക്‌സിജനെയും ജലകണങ്ങളെയും പുറന്തള്ളുന്നത് മഴനിഴല്‍ക്കാടുകളിലെ വൃക്ഷങ്ങളാണെന്നും തെളിഞ്ഞിട്ടുണ്ട്. ഭൂമിയിലെ 70% ജലവും ഉള്‍ക്കൊള്ളുന്ന സമുദ്രങ്ങള്‍ മുഴുവനും മലീമസമായിരിക്കുന്നു. സമുദ്രങ്ങളുടെ അടിത്തട്ടിലെ കോറലുകളും അവയുടെയിടയില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളും മത്സ്യങ്ങളുമെല്ലാം വംശനാശഭീഷണിയിലാണ്. അടുത്ത പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ പത്തു ലക്ഷത്തിലേറെ ജന്തുവര്‍ഗങ്ങളെങ്കിലും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ദുരമൂത്ത മനുഷ്യര്‍ മാത്രം അവശേഷിക്കുന്ന മരിച്ച ഒരു ഗ്രഹമായി ഭൂമി മാറുന്ന കാലം വിദൂരമല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)