•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മാധ്യമപ്രവര്‍ത്തനം മനുഷ്യനന്മയെ മാനിക്കാതായാല്‍

ഭരണാധികാരികളെയും ഭരണവര്‍ഗത്തെ മുഴുവനും വാഴ്ത്തിപ്പാടാന്‍ പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യന്‍ജനതയുടെ മൗലികമായ പ്രശ്‌നങ്ങളെ പലപ്പോഴും തമസ്‌കരിക്കുന്നു. കര്‍ഷകനും തൊഴിലാളിയും അടിസ്ഥാനനീതി നിഷേധിക്കപ്പെട്ട് തെരുവിലലയുന്നു. തൊഴിലില്ലായ്മയുടെയും ജാതിസ്പര്‍ദ്ധയുടെയും ശക്തികള്‍ സമൂഹത്തെ കീഴ്‌പ്പെടുത്തുന്നു. ഇന്ത്യന്‍മാധ്യമങ്ങള്‍ ജനതയുടെ ഈ വിലാപങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ മാധ്യമഗാലറിക്കുനേരേ വിരല്‍ ചൂണ്ടിക്കൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്ന തോമസ് കാര്‍ലൈന്‍ ഒരിക്കല്‍ പറഞ്ഞു:“Edmond Burke said: there are three estates in the parliament. But the reporters gallery yonder there sat a fourth Estate more important far than they all.”
മാധ്യമങ്ങള്‍ ജനാധിപത്യവ്യവസ്ഥിതിയുടെ ചതുര്‍സ്തംഭങ്ങളില്‍ ഒന്നായിമാറാന്‍ ഈ പ്രസ്താവന ഏറെ പങ്കുവഹിച്ചുവെന്നത് ഒരു ചരിത്രസത്യമാണ്. നീതിന്യായവ്യവസ്ഥയും ഭരണനിര്‍വഹണസഭയും നിയമനിര്‍മാണസഭയും മാധ്യമങ്ങളും ഒന്നിച്ചുകൂടുന്ന ഈ ചതുര്‍സ്തംഭങ്ങളാണ് ജനാധിപത്യവ്യവസ്ഥിതിയെ കറപുരളാതെയും പരിക്കുപറ്റാതെയും കാത്തുസൂക്ഷിക്കുന്നത്. ഇതില്‍ മാധ്യമങ്ങളാണ് ഏറ്റവും സുപ്രധാനവും സുശക്തവുമെന്നു കാരണങ്ങള്‍ നിരത്തി കാര്‍ലൈന്‍ പറയുന്നു. മറ്റു മൂന്നു സംവിധാനങ്ങളെയും സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ ബഹുജനശ്രദ്ധയില്‍ കൊണ്ടുവരിക, അവയെ വിലയിരുത്തുക, അവയിലെ അപഭ്രംശങ്ങളും വ്യതിചലനങ്ങളും പുറത്തുകൊണ്ടുവരിക എന്നീ ദൗത്യങ്ങള്‍ അനുഷ്ഠിക്കുന്നതുവഴി മാധ്യമങ്ങള്‍ മുഖ്യസ്ഥാനം വഹിക്കുന്നു എന്നാണ് കാര്‍ലൈന്റെ വിവക്ഷ.

ഭാരതത്തിന്റെ സാഹചര്യങ്ങളില്‍
ഭാരതത്തിലെ ജനങ്ങളുടെ അനുദിനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും മാധ്യമങ്ങള്‍  പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചുകഴിഞ്ഞു. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ മനസ്സു ക്രമീകരിക്കാനോ മാറ്റിയെടുക്കാനോ മാധ്യമങ്ങള്‍ കരുത്തുറ്റ ആയുധങ്ങളാണെന്ന് ഭാരതത്തിലെ ആനുകാലിക സാമൂഹികസാംസ്‌കാരികസംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ ജനങ്ങളില്‍ സ്വാതന്ത്ര്യബോധം വളര്‍ത്തുന്നതില്‍ സോഷ്യല്‍മീഡിയ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയമാറ്റങ്ങള്‍ക്കായുള്ള ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും പൊതുജനാഭിപ്രായങ്ങള്‍ ഏകീകരിക്കുന്നതിനും എക്കാലത്തും മാധ്യമങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. ഫ്രഞ്ചുവിപ്ലവത്തിന് 'ലഘുലേഖകള്‍' പ്രധാന സംവേദനമാധ്യമമായി പ്രവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സ്വാധീനം ചെലുത്തിയത് 'ഹരിജന്‍,' 'കേസരി' തുടങ്ങിയ പത്രങ്ങള്‍ ആയിരുന്നു. എന്നാല്‍, ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസത്തിന്റെ ഫലമായി ലോകം അച്ചടിമാധ്യമത്തില്‍നിന്ന് ഇലക്ട്രോണിക് മാധ്യമത്തിലേക്കു ചുവടുമാറ്റിയപ്പോള്‍ ജനകീയമുന്നേറ്റങ്ങളിലും ഈ മാറ്റം പ്രതിഫലിക്കാന്‍ തുടങ്ങി.
നിയമനിര്‍മാണത്തെക്കുറിച്ചോ നീതിന്യായവ്യവസ്ഥിതിയെക്കുറിച്ചോ ഭരണനിര്‍വഹണത്തെക്കുറിച്ചോ ഉള്ള സമൂഹത്തിന്റെ ചിന്തകളുടെയും നിഗമനങ്ങളുടെയും അജണ്ട രൂപപ്പെടുത്തുന്നത് ഒരു പരിധിവരെ മാധ്യമങ്ങളാണ്. ഒരു ജനതയുടെ ചിന്താശേഷിയെയും പെരുമാറ്റശൈലിയെയും അധികാരവര്‍ഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പന്താടാന്‍ ഇന്ന് ഏറ്റവും ശക്തമായ മാര്‍ഗമായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു.
ജര്‍മനിയില്‍ നാസിഭരണകാലത്ത് ഗ്യാസ്‌ചേമ്പറുകളില്‍ ലക്ഷക്കണക്കിനു ജൂതന്മാരും കമ്മ്യൂണിസ്റ്റുകളും കത്തോലിക്കരും മൃഗീയമായി കൊലചെയ്യപ്പെട്ടപ്പോഴും ജര്‍മന്‍മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തകള്‍ എല്ലാം ഹിറ്റ്‌ലറെക്കുറിച്ചുള്ള അദ്ഭുതകരമായ വിവരണങ്ങളും അയാളുടെ അപദാനങ്ങളുമായിരുന്നു. മാധ്യമവാഴ്ത്തലുകളുടെ കുത്തൊഴുക്കില്‍ ഹിറ്റ്‌ലര്‍ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങള്‍ അക്കാലത്ത് മൂടിവയ്ക്കപ്പെട്ടു. ഇന്ത്യയിലും ഇതിനു സമാനമായ ഒരു സാഹചര്യം നിലനില്‍ക്കുന്നുവെന്നു വിലയിരുത്തുന്നുണ്ട്. ഭരണാധികാരികളെയും ഭരണവര്‍ഗത്തെ മുഴുവനും വാഴ്ത്തിപ്പാടാന്‍ പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യന്‍ജനതയുടെ മൗലികമായ പ്രശ്‌നങ്ങളെ പലപ്പോഴും തമസ്‌കരിക്കുന്നു. ഒരു വശത്ത് സമ്പന്നവര്‍ഗം ചൂഷണത്തിനു പുതിയ വഴികള്‍ തേടുമ്പോള്‍ മറുവശത്ത് ദരിദ്രര്‍ വീണ്ടും ദരിദ്രരായി മാറിക്കൊണ്ടിരിക്കുന്നു. കര്‍ഷകനും തൊഴിലാളിയും അടിസ്ഥാനനീതി നിഷേധിക്കപ്പെട്ട് തെരുവിലലയുന്നു. തൊഴിലില്ലായ്മയുടെയും ജാതിസ്പര്‍ദ്ധയുടെയും ശക്തികള്‍ സമൂഹത്തെ കീഴ്‌പ്പെടുത്തുന്നു. സാധാരണജനങ്ങള്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ക്രൂരമായ ചൂഷണത്തിനിരകളായിത്തീരുന്നു. പക്ഷേ, ഇന്ത്യന്‍മാധ്യമങ്ങള്‍ ജനതയുടെ ഈ വിലാപങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുന്നു. മാത്രവുമല്ല രാഷ്ട്രീയസാമൂഹിക സാമ്പത്തിക സാംസ്‌കാരിക അനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കും കാരണമാകുന്ന അധികാരികളെയും ഭരണകൂടത്തെയും പുകഴ്ത്തിക്കൊണ്ടിരിക്കുകയുമാണ്. അസ്തിത്വത്തിന്റെയും നിലനില്പിന്റെയും ഉപജീവനത്തിന്റെയും സമസ്യകള്‍കൊണ്ട് ജനം ദുരിതത്തിലായിരിക്കുമ്പോഴും ദേശസ്‌നേഹത്തിന്റെയും വളര്‍ച്ചയുടെയും അപ്പക്കഷണങ്ങള്‍ ക്രൂരമായ രീതിയില്‍ പെരുപ്പിച്ചുകാട്ടി അവരെ നിശ്ശബ്ദമാക്കുന്ന ഭരണശൈലിക്കു മാധ്യമങ്ങള്‍ കുടപിടിക്കുന്നു. ഭരണവര്‍ഗത്തിന്റെ മുഖംമൂടിയായി വികസനവാദവും ദേശസ്‌നേഹവും അവതരിപ്പിക്കപ്പെടുമ്പോള്‍ അന്നത്തിനുവേണ്ടിയും തൊഴിലിനുവേണ്ടിയും മുറവിളി കൂട്ടുന്നവര്‍ ദേശദ്രോഹിയും വികസനവിരോധിയും ആയിത്തീരുന്നു. ഇവിടെ ഭാരതത്തിലെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്ത ശരികളായി മാറുന്നു.
മാധ്യമങ്ങളുടെ സ്വാധീനം
കൂടുതല്‍ വ്യക്തത ആവശ്യമാണെങ്കിലും സമൂഹത്തിന്റെമേലുള്ള മാധ്യമസ്വാധീനങ്ങളെ പൊതുവില്‍ അഞ്ചു മേഖലകളിലായി ദര്‍ശിക്കാം:
A .ചിന്താശൈലിയില്‍         (Thought Pattern)
B. പെരുമാറ്റശൈലിയില്‍
 (Behaviour Pattern)
C. വൈകാരികമേഖലയില്‍        (Emotional  Pattern)
D.മനോഭാവത്തിന്റെ മേഖലയില്‍                
 (Attitudes)
E. ശാരീരികതലത്തില്‍
(Attitudes)
മാധ്യമപ്രവര്‍ത്തനരംഗത്തെ ഏറ്റവും ശക്തമായ ഘടകങ്ങളാണ് മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റും സാമൂഹികസമ്പര്‍ക്കവും, സിനിമ, പരസ്യങ്ങള്‍,  വാര്‍ത്താവിഭാഗവും ടെലിവിഷനും. ഏതാണ്ട് 82222 വര്‍ത്തമാനപ്പത്രങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. 840 ടെലിവിഷന്‍ ന്യൂസ് ചാനലുകളും 1600 സര്‍ക്കാര്‍, സര്‍ക്കാരേതര കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളും ഇന്ന് ഇന്ത്യയിലുണ്ട്. 2022 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 92 കോടിയിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ മാധ്യമമേഖലയിലെ പ്രശ്‌നങ്ങള്‍
'എത്തിക്കല്‍ ജേണലിസം നെറ്റ്വര്‍ക്ക്' എന്ന കമ്പനി ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനമേഖലയിലെ പ്രശ്‌നങ്ങളെയെല്ലാം അക്കമിട്ടു നിരത്തുകയാണ്.
A. കൂലിക്കു വാര്‍ത്ത എഴുതല്‍
               (Paid News).
B. കോര്‍പ്പറേറ്റു കമ്പനികളുമായുള്ള രഹസ്യബന്ധവും ധാരണകളും (Opaque Private Treaties)..
C. തുറന്ന അപകീര്‍ത്തിപ്പെടുത്തല്‍
( Blatant Blackmail)..
D. ശ്രോതാക്കളിലേക്ക് എത്തിച്ചേരാനുള്ള കുല്‍സിതമാര്‍ഗങ്ങള്‍
ഇവ പരിഹരിക്കാതെ എങ്ങനെ സത്യസന്ധമായ മാധ്യമസംസ്‌കാരം നമ്മുടെ സമൂഹത്തില്‍ വളര്‍ത്താനാകും?
കേരളത്തിലേത് മാധ്യമവേട്ടയോ, മാധ്യമമതമര്‍ദനമോ?
സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തനശൈലിയെ വിലയിരുത്തേണ്ടത് ആവശ്യമാണെന്നു തോന്നുന്നു. ഓരോ പ്രത്യേക രാഷ്ട്രീയവിഭാഗത്തിന്റെയും നിക്ഷിപ്തതാത്പര്യങ്ങള്‍ക്കുവേണ്ടി വിലയ്ക്കുവാങ്ങപ്പെട്ട ഉപകരണങ്ങളുടെ അവസ്ഥയിലേക്കു കേരളത്തിലെ മാധ്യമങ്ങള്‍ അധഃപതിച്ചുപോയെന്ന് പരിതപിക്കേണ്ടിയിരിക്കുന്നു. വ്യാജവാര്‍ത്തകളുടെയും മതനിന്ദയുടെയും വികലവിശ്വാസങ്ങളുടെയും രാഷ്ട്രീയഗ്രൂപ്പിസത്തിന്റെയും ഒരു ഗോഡൗണായി കേരളത്തിലെ മാധ്യമലോകം മാറിപ്പോയോ എന്ന് ഉറക്കെച്ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യൂവര്‍ഷിപ്പ് കൂട്ടാന്‍വേണ്ടി വ്യക്തിഹത്യയ്ക്കായി മാധ്യമങ്ങളെ ദുരുപയോഗിക്കുന്നു. വ്യാജവിവരങ്ങള്‍  അവതരിപ്പിച്ച് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമൂഹമധ്യത്തില്‍ നിന്ദിക്കുന്ന ശൈലി, കോര്‍പ്പറേറ്റ് കമ്പനികളുടെ വ്യവസായതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങളെയും തീവ്രവാദശൈലികളെയും പ്രോത്സാഹിപ്പിക്കുന്ന രീതി ഇവയെല്ലാം കേരളത്തിലെ മാധ്യമസംസ്‌കാരത്തിലെ പുഴുക്കുത്തുകളാണ്.
പരിശുദ്ധ സഭയ്ക്കും സഭാമൂല്യങ്ങള്‍ക്കുമെതിരേ രഹസ്യ അജണ്ടയോ?
സമൂഹത്തില്‍ നിലനില്‍ക്കുന്ന പുഴുക്കുത്തുകള്‍ക്കും തിന്മകള്‍ക്കുമെതിരേ ശബ്ദം ഉയര്‍ത്തുമ്പോളാണല്ലോ മാധ്യമങ്ങളുടെ സാമൂഹ്യപ്രതിബദ്ധത വ്യക്തമാകുന്നത്. കേരളസമൂഹത്തെ കാര്‍ന്നുതിന്നുന്ന നാര്‍ക്കോട്ടിക് ടെററിസം, ലൗ ജിഹാദ് എന്നീ തിന്മകള്‍ക്കെതിരേ സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ശൈലി മാധ്യമങ്ങളുടെ സാമൂഹികപ്രതിബദ്ധതയ്ക്കു ചേര്‍ന്നതല്ല.
സഭാപ്രബോധനങ്ങളെയും പഠനങ്ങളെയും ബോധപൂര്‍വം നിഷേധിക്കുന്നതും സഭാശുശ്രൂഷകളെ തമസ്‌കരിക്കുന്നതും താറടിക്കുന്നതും നിസ്സാരമായി കാണാനാവില്ല. സന്ന്യാസത്തെയും പരിശുദ്ധ കൂദാശകളെയും നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവരുടെ ശബ്ദമായി മാധ്യമങ്ങള്‍ മാറുന്നത് ആശാസ്യമല്ല. നീതിക്കും സമത്വത്തിനും സമാധാനത്തിനുംവേണ്ടിയുള്ള സഭയുടെ അവകാശാധികാരങ്ങളെ ബോധപൂര്‍വം അവഗണിക്കുന്നതും ശരിയല്ല.
2016 സെപ്റ്റംബര്‍ 22 ന് ഇറ്റാലിയന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ജേണലിസ്റ്റ് എന്ന സംഘടനയിലെ 500 റിപ്പോര്‍ട്ടര്‍മാരെ അഭിസംബോധന ചെയ്തു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ഇത്തരുണത്തില്‍ പ്രസക്തമാണ്:
''സത്യസന്ധത, പ്രൊഫഷണലിസം, മനുഷ്യത്വമുള്ള ബഹുമാനം, മനുഷ്യനന്മകളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ട ഗുണങ്ങള്‍. അപവാദം പ്രചരിപ്പിക്കുകയും ഭയം വിതറുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം ഭീകരപ്രവര്‍ത്തനമാണ്. അതുകൊണ്ട് ഏഷണി പറയാതെ സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അനീതിയായും അസത്യമായും മാന്യതയില്ലാതെയും വാക്കുകള്‍കൊണ്ടും ചിത്രങ്ങള്‍കൊണ്ടും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നശിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തനം ആയുധമാക്കരുത്.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)