•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പങ്കാളിത്തസഭയ്ക്കായി ആഗോളസിനഡ്

പങ്കാളിത്തത്തോടും കൂട്ടുത്തരവാദിത്വത്തോടുംകൂടി വിശ്വാസിസമൂഹം കൂട്ടായ്മയില്‍ യാത്ര ചെയ്യുന്നതാണ് സിനഡാലിറ്റി. സിനഡാലിറ്റിക്ക് ഏറെ ആവശ്യമുള്ളത് എല്ലാവരുടെയും മാനസാന്തരമാണ്. ഈ സിനഡിലൂടെ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണം. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതശുശ്രൂഷ എന്നിവ സാധ്യമാക്കാന്‍ ഈ മാറ്റം അനിവാര്യമാണ്.

ണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം കത്തോലിക്കാസഭയില്‍ നടക്കുന്ന സുപ്രധാന സംഭവം എന്നാണ് സിനഡ് 2023 നെ പൊതുവേ വത്തിക്കാന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ മുഖം എന്തായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത് ഈ സിനഡുവഴി രൂപപ്പെടണമെന്നാണ് സിനഡു വിളിച്ചുചേര്‍ക്കുന്ന ഫ്രാന്‍സീസ് പാപ്പാ ആഗ്രഹിക്കുന്നത്.
സിനഡുചരിത്രം
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ നാലാമത്തെയും അവസാനത്തെയും സമ്മേളനത്തിന്റെ പ്രാരംഭത്തില്‍, അതായത്, 1965  സെപ്റ്റംബര്‍ 14 ന് പോള്‍ ആറാമന്‍ പാപ്പാ Apostolica Sollicitudo എന്ന Motu proprio വഴി മെത്രാന്മാരുടെ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു നടപ്പില്‍വരുത്തി. രണ്ടു ലക്ഷ്യങ്ങളാണ് മെത്രാന്മാരുടെ സിനഡുകൊണ്ട് പോള്‍ ആറാമന്‍ പാപ്പാ ലക്ഷ്യം വച്ചത്. ഒന്ന്, രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ അനുഭവവേദ്യമായ മെത്രാന്മാരുടെ കൂട്ടായ്മയുടെ അനുഭവത്തിനു തുടര്‍ച്ചയുണ്ടാകുക. രണ്ട്, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രബോധനങ്ങള്‍ക്കു തുടര്‍പഠനം ഉണ്ടാകുകയും അവ വിശ്വാസിസമൂഹത്തിന്റെ പങ്കാളിത്തത്തോടെ പ്രാദേശികമായും സാര്‍വത്രികമായും നടപ്പില്‍ വരുത്തുകയും ചെയ്യുക.
1967 നവംബര്‍ ഒന്നിനാണ് മെത്രാന്മാരുടെ പ്രഥമസിനഡ് വത്തിക്കാനില്‍ നടന്നത്. ''കത്തോലിക്കാവിശ്വാസത്തിന്റെ സംരക്ഷണവും ശക്തീകരണവും'' എന്നതായിരുന്നു പ്രഥമസിനഡിന്റെ വിഷയം. പോള്‍ ആറാമന്‍ പാപ്പാ വിളിച്ചുചേര്‍ത്ത ഈ സിനഡിന്റെ വെളിച്ചത്തിലാണ് അന്തര്‍ദേശീയ ദൈവശാസ്ത്രകമ്മീഷന്‍ (International Theological Commission) നിലവില്‍വന്നതും 1917 ലെ Code of Canon law യുടെ നവീകരണത്തിനു വാതില്‍തുറന്നതും. സിനഡനന്തരപ്രബോധനമായി ഒരു അപ്പസ്‌തോലികപ്രബോധനം (Apostolic Exhortation) പരിശുദ്ധ പിതാക്കന്മാര്‍ പുറപ്പെടുവിക്കാറുണ്ട്. 1974 ല്‍ പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച Evangelii Nuntiandi യാണ് ഇതില്‍ ആദ്യത്തേത്.
ഫ്രാന്‍സീസ് പാപ്പാ 2012 ലാണ് ആദ്യമായി മെത്രാന്മാരുടെ സിനഡ് വിളിച്ചുചേര്‍ത്തത്. സുവിശേഷത്തിന്റെ സന്തോഷം (Evangelii Gaudium) എന്ന പ്രബോധനം ഇതിനെത്തുടര്‍ന്നു പ്രസിദ്ധീകരിച്ചതാണ്. 2015 ല്‍ കുടുംബത്തെക്കുറിച്ചും (സ്‌നേഹത്തിന്റെ ആനന്ദം - Amoris Laetizia) , 2018ല്‍ യുവജനശുശ്രൂഷയെക്കുറിച്ചും (ക്രിസ്തു ജീവിക്കുന്നു- Christus Vivit)  ഫ്രാന്‍സീസ് പാപ്പാ സിനഡുകള്‍ വിളിച്ചുചേര്‍ത്തു. ഫ്രാന്‍സീസ് പാപ്പാ വിളിച്ചുചേര്‍ക്കുന്ന നാലാമത് സിനഡുസമ്മേളനമാണ് 2021 - 2023 സിനഡ്.
മെത്രാന്മാരുടെ 16-ാമത്  ആഗോളസിനഡ്
ഫ്രാന്‍സീസ് പാപ്പാ ഇപ്പോള്‍ വിളിച്ചുചേര്‍ക്കുന്നത്  വത്തിക്കാന്‍ സൂനഹദോസിനുശേഷമുള്ള 16-ാമത് ആഗോളസിനഡാണ്. ഓരോ സിനഡും സംഘടിപ്പിക്കുന്നത് ഒരു പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചാണ്. 2023 സിനഡിന്റെ വിഷയം ''സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതശുശ്രൂഷ'' എന്നതാണ്. ചുരുക്കത്തില്‍, ഇതിനെ Synod of Synodality എന്നു വിശേഷിപ്പിക്കുന്നു. സിനഡ് എന്ന പദം ഗ്രീക്കിലെ സിനോദോസ് (Synodos)  എന്ന വാക്കില്‍നിന്നു വരുന്നു. 'ഒരുമിച്ചു നടക്കുക (Walking together) എന്ന് ഈ വാക്കിന് പൊതുവേ അര്‍ത്ഥം കല്പിക്കാം. സിനഡ് ഒരുമിച്ചുള്ള യാത്രയ്ക്ക് ഏവരെയും ആഹ്വാനം ചെയ്യുന്ന ഒരു സംവിധാനമാണ്.
''ഞാനാകുന്നു വഴിയും സത്യവും ജീവനും'' (യോഹ. 14:6) എന്ന് അരുള്‍ചെയ്ത യേശുവിന്റെ പിന്നാലെ, യേശുവോടൊത്തു യാത്ര ചെയ്ത ആദിമക്രൈസ്തവസമൂഹം അറിയപ്പെട്ടിരുന്നതും 'മാര്‍ഗവാസികള്‍' എന്നുതന്നെയാണല്ലോ (അപ്പ. 9:2; 19:9; 24:14). എമ്മാവൂസിലേക്കു യാത്രയായ ശിഷ്യന്മാരോടൊപ്പം (ലൂക്കാ 24) യാത്ര ചെയ്ത് അവര്‍ക്കു വചനം വ്യാഖ്യാനിച്ചുകൊടുത്തും അപ്പം മുറിച്ചുകൊടുത്തും രക്ഷയുടെ വഴിയൊരുക്കിയ  അനുഭവമാണ് ഈ കൂട്ടായ യാത്രയ്ക്കുള്ള പ്രചോദനവും.
'സിനഡാലിറ്റി' എന്നത് ഫ്രാന്‍സീസ് പാപ്പായ്ക്ക് ഏറെ പ്രിയംനിറഞ്ഞ ഒരു വാക്കാണ്. പങ്കാളിത്തത്തോടും കൂട്ടുത്തരവാദിത്വത്തോടുംകൂടി വിശ്വാസിസമൂഹം കൂട്ടായ്മയില്‍ യാത്ര ചെയ്യുന്നതാണ് സിനഡാലിറ്റി. ആമസോണ്‍ സിനഡിന്റെ  സമാപനരേഖയില്‍ Synodal conversion   എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. സിനഡാലിറ്റിക്ക് ഏറെ ആവശ്യമുള്ളത് എല്ലാവരുടെയും മാനസാന്തരമാണ്. ഈ സിനഡിലൂടെ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണം. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതശുശ്രൂഷ എന്നിവ സാധ്യമാക്കാന്‍ ഈ മാറ്റം അനിവാര്യമാണ്. ഈ മൂന്നു കാര്യങ്ങളാണ് സിനഡിന്റെ ആപ്തവാക്യത്തിന്റെ ഭാഗമായി ഫ്രാന്‍സീസ് പാപ്പാ ഉയര്‍ത്തിക്കാട്ടുന്നത്.
കൂട്ടായ്മ എന്നത് ഏകവിശ്വാസം പ്രഖ്യാപിച്ചു മുന്നേറുന്ന വിശ്വാസിസമൂഹത്തിന്റെ ഐക്യത്തോടെയുള്ള യാത്രയാണ്. അതില്‍ സുപ്രധാനമായ  ഘടകമാണ് പങ്കാളിത്തം എന്നത്. സഭയെന്നാല്‍ മെത്രാന്മാരോ വൈദികരോ സന്ന്യസ്തരോ അല്ല. സഭ വിശ്വാസിസമൂഹമാണ്, ദൈവജനമാണ്. വിശ്വാസിസമൂഹത്തിന്റെ ഭാഗമാണ് ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും. പങ്കാളിത്തസഭയില്‍  എല്ലാവര്‍ക്കും അവസരമുണ്ട്. ആരും അവഗണിക്കപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ കേള്‍ക്കാതെ പോകുകയോ പാടില്ല. പ്രേഷിതശുശ്രൂഷ സഭയുടെ സ്വഭാവമാണ്. സഭ ആയിരിക്കുന്നതുതന്നെ സുവിശേഷപ്രഘോഷണത്തിനാണ്.
സിനഡിന്റെ ലക്ഷ്യങ്ങള്‍
2023 സിനഡ് സംഘടിപ്പിക്കുന്നത് ആളുകളുടെ അഭിപ്രായശേഖരണത്തിനല്ല; ഏതെങ്കിലും തരത്തിലുള്ള ഒരു അന്വേഷണവുമല്ല ഈ സിനഡ്. പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് ഒരുമിച്ചു യാത്ര ചെയ്യാനുള്ള ഒരു ശ്രമമാണിത്.
സഭയുടെ ചരിത്രത്തിലുടനീളം സഭയെ പരിശുദ്ധാത്മാവ് എപ്രകാരമാണു നയിച്ചതെന്ന് പിന്തിരിഞ്ഞു നോക്കാനുള്ള ഒരു അവസരമാണിത്. ആത്മാവിന്റെ സ്വരം അപരനിലും കേള്‍ക്കാന്‍ കഴിയണം. ആരെയും ഒഴിച്ചുനിര്‍ത്താതെ പരസ്പരം കേള്‍ക്കാന്‍ ഈ യാത്രയില്‍ ശ്രമമുണ്ടാകണം.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഒരു കൂട്ടായ്മയാണിത്. ഓരോരുത്തര്‍ക്കും അവരവരുടെ വിളിക്കനുസൃതമായി  കടമകള്‍ നിര്‍വഹിക്കാനാവണം. ദൈവവിളി എന്നത് ഒരു പദവിയായി ആരും കാണരുത്. അത് ഒരു ഉത്തരവാദിത്വമാണ്. സ്വര്‍ഗീയജറുസലേം ലക്ഷ്യമാക്കിയുള്ള വിശ്വാസിസമൂഹത്തിന്റെ ഈ തീര്‍ത്ഥാടനത്തില്‍ എല്ലാവരുടെയും വിളിക്കനുസൃതമായ ഫലങ്ങള്‍ പുറപ്പെടുവിക്കണം.
സഭയുടെ ശുശ്രൂഷാസംവിധാനങ്ങളെ വിലയിരുത്താനും കാലികമായി നവീകരിക്കാനും ഈ സിനഡുവഴി സാധിക്കണം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭയപ്പെടാതിരിക്കുകയും തെറ്റായ രീതികളും ബോധ്യങ്ങളും  ഉപേക്ഷിക്കുകയും വേണം.
എല്ലാത്തലത്തിലുമുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ശ്രവിക്കാനും കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ്  (listening and discernment)  പ്രവര്‍ത്തിക്കാനും അവസരമൊരുക്കണം.
ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വിഭാഗീയതകള്‍ ഒഴിവാക്കാനും ശ്രമങ്ങള്‍ നടക്കണം.
കാലാകാലങ്ങളില്‍ സഭയില്‍ നടന്നിട്ടുള്ള പഠനങ്ങളും പ്രബോധനങ്ങളും അംഗീകരിച്ചു നടപ്പിലാക്കുകയും ഫലപ്രദമാക്കുകയും ചെയ്യണം.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങളാണ് മാര്‍ഗരേഖ
''സിനഡാലിറ്റി'' എന്നത് ആരുടെയും വ്യക്തിപരമായ കണ്ടുപിടിത്തമോ ചിന്തയോ അല്ല.  ആദിമസഭയുടെ ബ്ലൂപ്രിന്റ് ആണ് സിനഡാലിറ്റി. ആദിമസഭ ഒരുമിച്ചു യാത്ര ചെയ്ത ദൈവജനമാണ്. ദൈവവചനത്തിനു കാതോര്‍ത്ത് ചെയ്ത ആ യാത്ര ജറൂസലേമിലാരംഭിച്ച്  റോമില്‍ എത്തിച്ചേര്‍ന്നു. ആദിമസഭയില്‍ എല്ലാവരും  പ്രധാന കഥാപാത്രങ്ങളായിരുന്നു. ആരും അവിടെ മാറ്റിനിര്‍ത്തപ്പെട്ടില്ല. ആരും അധികപ്പറ്റാണെന്നു  കരുതപ്പെട്ടില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും അവര്‍ക്കു പരിഹാരമുണ്ടായിരുന്നു. പരിച്ഛേദനകര്‍മത്തെക്കുറിച്ചുള്ള തര്‍ക്കവും വിധവകളുടെ ശുശ്രൂഷയെ സംബന്ധിച്ച പ്രശ്‌നങ്ങളുമെല്ലാം അവര്‍ പരിഹരിച്ചു. ദൈവത്തിന്റെ സ്ഥാനം ആരും അപഹരിച്ചെടുക്കാന്‍ ശ്രമിച്ചില്ല. സഭയെ തന്നിഷ്ടപ്രകാരം രൂപപ്പെടുത്താനുള്ള കുത്സിതശ്രമങ്ങളെ അവര്‍ കൂട്ടായി തച്ചുടച്ചു.
പത്രോസും പൗലോസുംഉദാത്തമാതൃകകള്‍
''വിശ്വാസിസമൂഹത്തിന്റെ വിശ്വാസാവബോധത്തെ'' (Sensus fidei fidelium)  കേന്ദ്രീകരിച്ച് ക്രിസ്തുവിന്റെ പ്രവാചകധീരതയോടെ മുന്നേറാനാണ് സഭാനേതൃത്വം  ശ്രമിക്കേണ്ടതെന്ന് അപ്പസ്‌തോലന്മാരായ പത്രോസും പൗലോസും കാട്ടിത്തന്നു. ക്രിസ്തു സാധ്യമാക്കിയ രക്ഷയുടെ സന്ദേശം എല്ലായിടത്തും പ്രഘോഷിക്കപ്പെടാന്‍ പുതിയ വഴികള്‍ അവര്‍ വെട്ടിത്തെളിച്ചു. സഭയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നുവച്ച അവര്‍ വിഭജനത്തിന്റെ മതിലുകള്‍ തകര്‍ത്തും ബന്ധനത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞും ധീരതയോടെ ക്രിസ്തുവിനു സാക്ഷ്യം നല്കി. ഈ മാതൃകകള്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസിസമൂഹത്തിനു മുഴുവന്‍ കഴിയണം.
സിനഡിന്റെ നടപടിക്രമങ്ങള്‍
2021 ഒക്‌ടോബര്‍മുതല്‍ 2023 മാര്‍ച്ചുവരെയാണ് സിനഡിന്റെ ഒരുക്കത്തിന്റെ കാലം. മൂന്നു ഘട്ടങ്ങളിലൂടെയാണ്  ഈ സിനഡ് നടക്കുന്നത്. ആദ്യഘട്ടം രൂപതാതലത്തില്‍ നടക്കേണ്ടതാണ്. 2021 ഒക്‌ടോബര്‍ മുതല്‍ 2022  ഏപ്രില്‍വരെയാണ് ഈ കാലഘട്ടം. 2021 ഒക്‌ടോബര്‍ 17 ന് കത്തോലിക്കാസഭയിലെ 3000 രൂപതകളില്‍ സിനഡ് ഉദ്ഘാടനം ചെയ്യപ്പെട്ടു.
 ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാ അംഗങ്ങളെയും ശ്രവിക്കുക എന്നതാണ് രൂപതാതലസിനഡില്‍ ഏറ്റവും കരണീയമായിട്ടുള്ളത്. വിഭാഗീയതകളും തെറ്റുധാരണകളും ഒഴിവാക്കി യാത്രയില്‍ കൈകോര്‍ക്കാന്‍ രൂപതാതലത്തില്‍ ശ്രമങ്ങളുണ്ടാകണം.
രണ്ടാം ഘട്ടം ഭൂഖണ്ഡാടിസ്ഥാനത്തില്‍ (Continental phase)  നടക്കും. 2022 സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടാംഘട്ടം 2023 മാര്‍ച്ചില്‍ അവസാനിക്കും. രൂപതാതലത്തില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തിലായിരിക്കും രണ്ടാംഘട്ടസിനഡ് നടക്കുക.
2023 ഒക്‌ടോബറിലാണ് മൂന്നാം ഘട്ടമായ ആഗോള സിനഡ് വത്തിക്കാനില്‍ നടക്കുക. ഭൂഖണ്ഡാടിസ്ഥാനത്തില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തിലായിരിക്കും ആഗോളസിനഡ് നടക്കുക.
ആദ്‌സുമൂസ് സാങ്‌തേ സ്പിരിത്തൂസ്(Adsimus Sancte  Spiritus - We stand before you, Holy Spirit)   എന്ന പരിശുദ്ധാത്മഗീതത്തോടെ ആരംഭിക്കുന്ന വത്തിക്കാന്‍ സിനഡ് ഏകദേശം ഒക്‌ടോബര്‍ മാസം മുഴുവന്‍ നീണ്ടുനില്ക്കും. സിനഡിനൊരുക്കമായി കത്തോലിക്കാസഭയിലെ എല്ലാ രൂപതകളിലേക്കും ഒരു പ്രിപ്പറേറ്ററി ഡോക്കുമെന്റും (Lineamenta) ഒരു ഗൈഡ്ബുക്കും (Vademecum)) 2021 സെപ്റ്റംബര്‍ 7 ന് വത്തിക്കാനില്‍നിന്ന് അയച്ചുകൊടുത്തിരുന്നു.
ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ പ്രതിനിധികളാണ് വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുക. ഏതാണ്ട് മുന്നൂറോളം മെത്രാന്മാരാണ് കത്തോലിക്കാസഭയിലെ മൂവായിരം രൂപതകളില്‍നിന്നായി പ്രാതിനിധ്യാടിസ്ഥാനത്തില്‍ ഇതില്‍ പങ്കുചേരുക. സിനഡുദിനങ്ങളിലെല്ലാം അധ്യക്ഷപദവിയില്‍ മാര്‍പാപ്പാ സന്നിഹിതനായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന ആറു കര്‍ദിനാള്‍മാരായിരിക്കും ക്രമമനുസരിച്ച് അധ്യക്ഷന്റെ ദൗത്യങ്ങള്‍ നിര്‍വഹിക്കുക. പങ്കെടുക്കുന്ന എല്ലാ മെത്രാന്മാര്‍ക്കും അവരുടെ പ്രാദേശികസഭയെ സംബന്ധിച്ചു സംസാരിക്കാന്‍ എട്ടു മിനിട്ടു വീതം ലഭിക്കും. സിനഡു ഹാളില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയം ചര്‍ച്ച ചെയ്യുന്നത് അഞ്ച് ഭാഷാഗ്രൂപ്പുകള്‍ തിരിച്ചായിരിക്കും. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മന്‍ എന്നീ ഭാഷകളിലാണ് ഗ്രൂപ്പുകള്‍ തിരിക്കുക. സിനഡിന്റെ സമാപനദിനത്തില്‍ സമാപനരേഖ അംഗീകരിക്കുമെങ്കിലും, ഈ രേഖയുടെ വെളിച്ചത്തില്‍ പാപ്പാ അപ്പസ്‌തോലികപ്രബോധനം പ്രസിദ്ധീകരിക്കുന്നതു പിന്നീടായിരിക്കും.
സിനഡ് ലോഗോയുടെ വിശദീകരണം
ഇസബെല്ലെ ദെ സെനീലെസ് (Isabelle de senilhes) എന്ന ഫ്രഞ്ച് ഗ്രാഫിക് ഡിസൈനറാണ് സിനഡ് 2023 ന്റെ ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്.
രാജകീയമായി ഉയര്‍ന്നുനില്ക്കുന്ന ഒരു വൃക്ഷമാണ് ലോഗോയിലെ ആദ്യ ആകര്‍ഷണം. ജ്ഞാനത്തെയും പ്രകാശത്തെയും ജനിപ്പിക്കുന്ന ഈ വൃക്ഷം ജീവന്റെയും പ്രത്യാശയുടെയും അടയാളമാണ്. ജീവന്റെ വൃക്ഷമായ കുരിശിനെയും ഇതു സൂചിപ്പിക്കുന്നു. സൂര്യനെപ്പോലെ പ്രശോഭിക്കുന്ന ദിവ്യകാരുണ്യം വൃത്താകൃതിയില്‍ കാണാം. വൃക്ഷം ഇതിനെ താങ്ങിനിര്‍ത്തിയിരിക്കുന്നു അഥവാ ഉയര്‍ത്തിക്കാട്ടുന്നു. മുകളിലേക്കു ചൂണ്ടിനില്ക്കുന്ന തുറന്ന കരങ്ങള്‍പോലെ അഥവാ ചിറകുകള്‍പോലെയുള്ള രണ്ടു ശാഖകള്‍ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.
യുവാക്കളും കുട്ടികളും സ്ത്രീകളും പുരുഷന്മാരും ദമ്പതികളും അല്മായരും ഏകസ്ഥരും സന്ന്യസ്തരും ആരോഗ്യമുള്ളവരും ഭിന്നശേഷിക്കാരുമടങ്ങിയ പതിനഞ്ച് ആളുകള്‍ വിശ്വാസിസമൂഹത്തെയും മാനവസമൂഹത്തെയും സൂചിപ്പിക്കുന്നു. അവിടെ മെത്രാനും സന്ന്യാസിയുമെല്ലാം വിശ്വാസിസമൂഹത്തിന്റെ ഭാഗമാണ്. അധികാരശ്രേണികള്‍ക്കു സ്ഥാനമില്ലാത്ത കൂട്ടായ്മയാണത്.
കുട്ടികളും കൗമാരക്കാരും യുവജനങ്ങളും മുന്നില്‍നിന്നു നയിക്കുന്ന ഈ യാത്ര ആരംഭിക്കുന്നത് ജീവന്റെ വൃക്ഷച്ചുവട്ടില്‍നിന്നാണ്. ഈ യാത്രയില്‍ അവര്‍ ജീവശ്വാസം സ്വീകരിക്കുന്നതും ഈ വൃക്ഷത്തില്‍നിന്നുതന്നെയാണ്.
ആളുകളിലാരുംതന്നെ നിശ്ചലരല്ല. എല്ലാവരും മുന്നോട്ടു നടന്നുനീങ്ങുന്നവരാണ്. വ്യത്യസ്ത നിറങ്ങളില്‍ ആളുകളെ അവതരിപ്പിച്ചിരിക്കുന്നത്  ആനന്ദത്തിന്റെ അടയാളമായാണ്.
ബഹുസ്വരതയില്‍ ഏകത്വം കല്പിക്കുന്ന ഈ യാത്രയില്‍ പുതുതലമുറയ്ക്കുള്ള സ്ഥാനവും പ്രാധാന്യവും എടുത്തുകാട്ടുന്നു.
'സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു' (മത്താ. 11:25) എന്നുദ്‌ഘോഷിച്ച യേശുവിന്റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാകുന്നു.
സിനഡിന്റെ ആപ്തവാക്യത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഈ ലോഗോതന്നെ സിനഡാലിറ്റിയുടെ പ്രാധാന്യവും ഭംഗിയും ആവശ്യകതയുമെല്ലാം വിളിച്ചോതുന്നു.

 

(ലേഖകന്‍ കെ.സി.ബി.സി. ഡോക്‌ട്രൈനല്‍ കമ്മീഷന്‍ സെക്രട്ടറിയാണ്.)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)