•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദലൈലാമ @ 85

ബുദ്ധമതവിശാസികളുടെ ആത്മീയാചാര്യനും ചൈനയുടെ അധിനിവേശരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഉദാഹരണവുമായ ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയ്ക്ക് 85 വയസ്സ് പിന്നിടുകയാണ്. ലോകത്ത് എല്ലായിടത്തുമുള്ള ടിബറ്റന്‍ ബുദ്ധവംശജര്‍ക്ക് ആത്മീയമായ നേതൃത്വം നല്‍കുന്ന വ്യക്തിയെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ളത് പതിന്നാലാമത്തെ ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോ ആണ്. ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര് ജെറ്റ്‌സന്‍ ജാംഫെല്‍ ങവാങ് ലൊബ്‌സാങ് യെഷി ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്നാണ്. ടിബറ്റന്‍ ബുദ്ധവിശ്വാസം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ജനിക്കുമെന്നാണ്. 1935ല്‍ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണെ്ടത്തിയത്. ടിബറ്റന്‍ വംശജരുടെ പാരമ്പര്യവിശ്വാസപ്രകാരം രാജ്യം മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഗ്യാറ്റ്‌സിന്‍ പതിമ്മൂന്നാം ദലൈലാമയുടെ പുനര്‍ജന്മമാണെന്ന് തിരിച്ചറിയുകയും 1940 ഫെബ്രുവരി 22-ന് ബാലനെ പുതിയ ലാമയായി വാഴിക്കുകയും ചെയ്തു. 

കമ്യൂണിസ്റ്റ്‌രാജ്യമായതിനു തൊട്ടുപിന്നാലെ 1949 ല്‍ ചൈന ടിബറ്റ് കീഴടക്കിയതിനെത്തുടര്‍ന്ന് ഇരുപത്തിനാലാം വയസ്സില്‍ 1959 ല്‍ ടെന്‍സിന്‍ ഗ്യാറ്റ്‌സോ സ്വന്തം രാജ്യത്തുനിന്നു പലായനം ചെയ്യുകയും ഇന്നും അഭയാര്‍ത്ഥിയായി ഇന്ത്യയില്‍ കഴിയുകയും ചെയ്യുകയാണ്. 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യ ദലൈലാമയ്ക്ക് അഭയം നല്‍കിയ നടപടി ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇന്ന് ദലൈലാമയുടെ നേതൃത്വത്തിലുള്ള ടിബറ്റന്‍ പ്രവാസി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെ ധര്‍മ്മശാല എന്ന സ്ഥലത്താണ്. ദലൈലാമയ്‌ക്കൊപ്പം ഒന്നരലക്ഷം ടിബറ്റന്‍ ബുദ്ധമത വിശ്വാസികളും ഇന്ന് ഇന്ത്യയിലുണ്ട്. വിഘടനവാദിയെന്നാണ് ചൈന ദലൈലാമയെ വിശേഷിപ്പിക്കുന്നത്. ചൈനയെ വിഭജിക്കാനുള്ള ആശയങ്ങളാണ് എക്കാലവും അദ്ദേഹം നടപ്പിലാക്കുന്നതെന്ന് ചൈന ആരോപിക്കുന്നു. ഇന്ത്യാ - ചൈന സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും പ്രധാന വിഷയങ്ങളിലൊന്ന് ഇന്ത്യ ദലൈലാമയോടു കാണിക്കുന്ന അനുകൂലസമീപനമാണ്. 2016-ല്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി ദലൈലാമയെ രാഷ്ട്രപതി ഭവനിലേക്കു ക്ഷണിച്ച് ആദരിച്ചിരുന്നു. ഇതിനെതിരേ അന്നു ചൈന വലിയ പ്രതിഷേമാണുയര്‍ത്തിയത്.
ഇപ്പോള്‍ ലഡാക്കില്‍ ഇന്ത്യാ - ചൈന അതിര്‍ത്തിത്തര്‍ക്കം തുടരുന്നതിനിടെ ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം പല കോണുകളിലുംനിന്ന് ഉയരുന്നുണ്ട്. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ പ്രതീകമായ ദലൈലാമയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കുകവഴി അതിര്‍ത്തിത്തര്‍ക്കത്തില്‍ ചൈനയ്ക്ക് കൃത്യമായ സന്ദേശം നല്‍കാന്‍ കഴിയുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറിയായ നിരുപമ റാവുവും ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. 20 ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തോളം എത്തിയ ലഡാക്കിലെ സംഘര്‍ഷസമാനമായ സാഹചര്യം ഇല്ലാതാക്കാന്‍ സൈനിക - നയതന്ത്ര ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനാല്‍ ചൈനയെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനം ഉടന്‍ വേണെ്ടന്ന അഭിപ്രായവും പൊതുവേയുണ്ട്.
ദലൈലാമയുടെ പിന്‍ഗാമിയെക്കുറിച്ചും ചൈനയുമായി രൂക്ഷമായ തര്‍ക്കം നിലവിലുണ്ട്. മരണശേഷം തന്റെ പിന്‍ഗാമി ഇന്ത്യയില്‍നിന്നാവാമെന്നുള്ള ദലൈലാമയുടെ അഭിപ്രായത്തെ ചൈന അംഗീകരിച്ചിട്ടില്ല. ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണെ്ടന്നു ചൈന നേരത്തേ പറഞ്ഞിരുന്നു. ''ഭാവിയില്‍ രണ്ട് ദലൈലാമാര് ഉണ്ടാവുകയാണെങ്കില്‍ ഒരാള്‍ ഇവിടെ നിന്നും മറ്റൊന്ന് ചൈന തിരഞ്ഞെടുത്തതും. ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധികപ്രശ്‌നമാവും. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്.'' ദലൈലാമ പറയുന്നു. 
ദലൈലാമയുടെ ആത്മകഥയായ 'മൈ ലാന്‍ഡ് ആന്‍ഡ് മൈ പീപ്പിള്‍' മലയാളം ഉള്‍പ്പടെ അനേകം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഈ പുസ്തകത്തില്‍ ടിബറ്റിനെക്കുറിച്ചും ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും ദലൈലാമ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: ''ചരിത്രപരമായി ടിബറ്റ് ചൈനയുടെ ഭാഗമായിരുന്നില്ല. എങ്കിലും ചരിത്രം പിടിച്ചു തര്‍ക്കിക്കാനൊന്നും ഞാനില്ല. ഇന്നു ഞാന്‍ ആവശ്യപ്പെടുന്നത് ടിബറ്റിന്റെ സ്വാതന്ത്ര്യമല്ല. സൈന്യവും വിദേശകാര്യവും ബെയ്ജിങ് തന്നെ കൈകാര്യം ചെയ്തുകൊള്ളട്ടെ. ടിബറ്റുകാര്‍ക്ക് ശുദ്ധമായ സ്വയംഭരണം വേണം. അതാണ് മൗലികം.'' ആറു പതിറ്റാണ്ടായി ഇന്ത്യ - ചൈന ബന്ധത്തിലെ തര്‍ക്കവിഷയമായ തിബറ്റും ദലൈലാമയും ഇനിയും അങ്ങനെതന്നെ തുടരാനാണ് എല്ലാ സാധ്യതകളും.
1989-ല്‍ ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കുകവഴി അദ്ദേഹത്തിന്റെ ചൈനാവിരുദ്ധ -അധിനിവേശവിരുദ്ധ നിലപാടുകളെ ലോകം അംഗീകരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആത്മീയവശത്തേക്കാള്‍ ഏറെ പ്രസക്തിയുള്ളതും ഭാവിയില്‍ പ്രസക്തമാകുന്നതും ഇതുതന്നെയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)