കര്‍ദ്ദിനാള്‍ സറായുടെ സാമാന്യം ദീര്‍ഘമായ ലേഖനത്തിനു നല്കിയിരിക്കുന്ന ശീര്‍ഷകം 'അവസാനംവരെ സ്‌നേഹിക്കുക' എന്നാണ് (യോഹന്നാന്‍ 13,1). ആര്‍സിലെ വികാരി ജോണ്‍ മരിയ വിയാനി പറഞ്ഞു: ''പൗരോഹിത്യം ഈശോയുടെ ഹൃദയത്തിലെ സ്‌നേഹമാണ്.'' തര്‍ക്കങ്ങള്‍ക്കോ ആശയസംഘട്ടത്തിനോ ഒന്നും വിഷയമാക്കേണ്ട കാര്യമല്ലിത്. നൈയാമികകാര്യമായോ അജപാലനസൗകര്യമായോ മാത്രം കാണേണ്ട ഒന്നല്ല പൗരോഹിത്യമെന്ന ദിവ്യരഹസ്യം. ഭയത്തോടും വിറയലോടുംകൂടി പരിശുദ്ധ റൂഹായെ വിളിച്ചപേക്ഷിച്ചുകൊണ്ട് പഠനവിഷയമാക്കേണ്ട കാര്യമാണ് വൈദികബ്രഹ്മചര്യമെന്ന് കര്‍ദ്ദിനാള്‍ സറാ ആമുഖമായി പ്രസ്താവിക്കുന്നു.
ആമസോണ്‍ സിനഡ് അവസാനിച്ച് ഒരു മാസം കഴിയുമ്പോഴാണ് (2019 നവംബര്‍ 25) കര്‍ദ്ദിനാള്‍ സറാ ഈ പഠനം എഴുതി പൂര്‍ത്തിയാക്കുന്നത്. ആമസോണിലെ സഭയില്‍ വിവാഹിതരായ ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കണമെന്ന നിര്‍ദ്ദേശം വോട്ടിനിട്ടപ്പോള്‍ 128 പേര്‍ അനുകൂലിക്കുകയും 41 പേര്‍ എതിര്‍ക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു ഡീക്കന്‍പട്ടം നല്കുന്നതിനെപ്പറ്റിയുള്ള നിര്‍ദ്ദേശത്തിന് 137 പേര്‍ അനുകൂലമായും 30 പേര്‍ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി.
വിവാഹിതര്‍ക്ക് തിരുപ്പട്ടം നല്കുവാനുള്ള സാധ്യത അനുവദിച്ചാല്‍ അത് അജപാലനപരമായ മഹാദുരന്തവും സഭാവിജ്ഞാനീയപരമായ വലിയ ആശയക്കുഴപ്പവും പൗരോഹിത്യത്തെ മനസ്സിലാക്കുന്നതില്‍ അപകടകരമായ അവ്യക്തതയും സൃഷ്ടിക്കുമെന്ന് കര്‍ദ്ദിനാള്‍ സറാ നിസ്സംശയം പ്രസ്താവിക്കുന്നു.
കര്‍ത്താവിനുവേണ്ടിയും മനുഷ്യരക്ഷയ്ക്കായും തന്നെത്തന്നെ നല്കാനുള്ള ആഗ്രഹത്തിന്റെ പ്രകാശനമാണ് ബ്രഹ്മചര്യം. ദൈവത്തിന് തന്നെത്തന്നെ മുഴുവനായും നല്കിയാലേ തന്റെ സഹോദരങ്ങള്‍ക്കായി തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ ഒരു വൈദികനു സാധിക്കൂ.
ഈ ബോധ്യത്തിന് അടിസ്ഥാനം കര്‍ദ്ദിനാളിന്റെതന്നെ ജീവിതാനുഭവങ്ങളാണ്. ആഫ്രിക്കാ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറേഭാഗത്ത് കടല്‍ത്തീരത്തായുള്ള പല ചെറിയ രാജ്യങ്ങളിലൊന്നായ ഗ്വിനേ റിപ്പബ്ലിക്കിലാണ് 1945 ല്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സറാ ജനിച്ചത്. വനാന്തരങ്ങളിലുള്ള അവരുടെ ഗ്രാമങ്ങളില്‍ കത്തോലിക്കാവിശ്വാസമെത്തിച്ച ഫ്രഞ്ചു മിഷനറിവൈദികരെ അദ്ദേഹം പ്രത്യേകം സ്മരിക്കുന്നുണ്ട്. അവര്‍ ബ്രഹ്മചര്യം സ്വീകരിച്ച വൈദികരല്ലായിരുന്നെങ്കില്‍ ഒരിക്കലും അവിടെ എത്തുകയോ അവിടെത്തന്നെ ജീവിച്ചു മരിക്കുകയോ ചെയ്യുമായിരുന്നില്ല. കര്‍ദ്ദിനാള്‍ സറായ്ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് ക്രിസ്തുമതം സ്വീകരിക്കുന്നത്. അങ്ങനെ ഒരു ശൈശവസഭയില്‍ നാട്ടുകാരനായ ഒരു വിവാഹിതനെ പുരോഹിതനാക്കിയിട്ട് മിഷനറിമാര്‍ പിന്‍വലിഞ്ഞിരുന്നെങ്കിലത്തെ സ്ഥിതി അചിന്ത്യമെന്നാണ് കര്‍ദ്ദിനാള്‍ ഈ ലേഖനത്തില്‍ പറയുന്നത്. ആ മിഷനറിമാരുടെ വീരോചിതജീവിതമാണ് തന്റെ ദൈവവിളിക്കുള്ള പ്രചോദനമെന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.
ആമസോണിലെ തദ്ദേശവാസികള്‍ക്ക് ബ്രഹ്മചര്യം മനസ്സിലാകില്ലെന്ന വാദത്തിനു മറുപടിയാണ് മേല്പറഞ്ഞ അനുഭവസാക്ഷ്യം.
കര്‍ദ്ദിനാള്‍ സറായുടെ അനുഭവത്തില്‍നിന്നുരുത്തിരിയുന്ന മറ്റൊരു സാക്ഷ്യംകൂടി ഇവിടെ പ്രതിപാദിക്കട്ടെ. 1974ല്‍ യുവവൈദികനായ റോബര്‍ട്ട് സറാ തന്റെ നാട്ടിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. ഗ്വിനേയിലെ സ്വേച്ഛാധിപതിയായ സെകുതുരേ (Se’kou Toure’) 1967ല്‍ വിദേശമിഷനറിമാരെ എല്ലാം പുറത്താക്കിയിരുന്നതുകൊണ്ട് പത്തുകൊല്ലംവരെ ഒരു വൈദികനെത്താത്ത ഗ്രാമങ്ങളുണ്ടായിരുന്നു. എന്നിട്ടും അവര്‍ അനുദിനം പ്രാര്‍ത്ഥിച്ചും ജപമാലയര്‍പ്പിച്ചും വിശ്വാസം നിലനിര്‍ത്തി. അങ്ങനെ ഒരു ഗ്രാമത്തില്‍ സഭയെ മണവാട്ടിയായി സ്വീകരിച്ച, കര്‍ത്താവിന്റെ സ്ഥാനം വഹിക്കുന്ന ഒരു പുരോഹിതനെത്തുമ്പോള്‍ ഉണ്ടാകുന്ന ആനന്ദത്തിന്റെ വിസ്‌ഫോടനം അനുഭവിച്ചറിഞ്ഞവര്‍ക്ക് വൈദികബ്രഹ്മചര്യം ഭാരമായി അനുഭവപ്പെടുകയില്ല. എത്ര വലിയ ഉത്സവമാണതെന്ന് കര്‍ദ്ദിനാള്‍ വിവരിക്കുന്നുണ്ട്.
ജപ്പാനില്‍നിന്നുള്ള ഹൃദയസ്പര്‍ശിയായ ഒരു സംഭവം കര്‍ദ്ദിനാള്‍ വിവരിക്കുന്നുണ്ട്. 1549 ല്‍ വി. ഫ്രാന്‍സീസ് സേവ്യര്‍ ആരംഭിച്ച സഭയില്‍ താമസിയാതെതന്നെ ക്രൂരമായ ഒരു മതപീഡനം പൊട്ടിപ്പുറപ്പെട്ടു. രണ്ടു നൂറ്റാണ്ടുകാലം ജപ്പാനില്‍ വൈദികരില്ലായിരുന്നു. പക്ഷേ, വിശ്വാസക്കൈമാറ്റവും മാമ്മോദീസായും നിലയ്ക്കുവാന്‍ ഇടവന്നില്ല. തലമുറതലമുറയായി അവര്‍ പഠിച്ചുവച്ച ഒരു കാര്യമുണ്ട്. എന്നെങ്കിലും വൈദികന്‍ അവരുടെയിടയില്‍ എത്തിയാല്‍ മൂന്ന് അടയാളങ്ങള്‍കൊണ്ട് തിരിച്ചറിയാമെന്ന്. ഒന്ന്, അവര്‍ ബ്രഹ്മചാരികളായിരിക്കും. രണ്ട്, അവരുടെ പക്കല്‍ മാതാവിന്റെ തിരുസ്വരൂപം ഉണ്ടാകും. മൂന്ന്, അവര്‍ റോമിലെ പാപ്പായെ അനുസരിക്കുന്നവരാകും.
പൗരോഹിത്യബ്രഹ്മചര്യത്തില്‍ ജീവിക്കുവാന്‍ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞശേഷം പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പായോട് കര്‍ദ്ദിനാള്‍ സറാ അപേക്ഷിക്കുകയാണ്, ''താഴ്മയോടെ ഞാന്‍ കേണപേക്ഷിക്കുന്നു. ഫ്രാന്‍സീസ് പാപ്പായേ, പൗരോഹിത്യബ്രഹ്മചര്യം എന്ന സഭാനിയമത്തിനു യാതൊരു മാറ്റവും പ്രാദേശികമായിപ്പോലും വരുത്താതിരിക്കുവാന്‍ ഖണ്ഡിതമായ തീരുമാനം അങ്ങ് എടുക്കണമേ.'' 2019 ജനുവരി മാസം പനാമയില്‍നിന്നു തിരിച്ചുവരുമ്പോള്‍ വി. പൗലോസ് ആറാമന്റെ വാക്കുകള്‍ ഫ്രാന്‍സീസ് പാപ്പാ ഉദ്ധരിച്ച കാര്യവും ഓര്‍മ്മിപ്പിച്ചു 'ഈ നിയമം മാറ്റുന്നതിലും മരണം വരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്' എന്നായിരുന്നു വി. പൗലോസ് ആറാമന്റെ വാക്കുകള്‍.