•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തുടങ്ങിയൊടുങ്ങുന്ന വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍

സ്വതന്ത്രഭാരതം അഭിമുഖീകരിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്ന് 1835-ല്‍ മെക്കാളെ പ്രഭു തുടങ്ങിവച്ച ബ്രിട്ടീഷ് വിദ്യാഭ്യാസസമ്പ്രദായത്തെ മറികടക്കുക എന്നതായിരുന്നു. 1948-ലെ രാധാകൃഷ്ണ കമ്മീഷന്‍, 1952-53 ലെ മുതലിയാര്‍ കമ്മീഷന്‍, 1964-66 ലെ കോത്താരി കമ്മീഷന്‍ എന്നിവയെല്ലാം വളരെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണു മുമ്പോട്ടുവച്ചത്. വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് അതു വഴിതെളിക്കുകയും ചെയ്തു. തുടര്‍ന്നും, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ പല കമ്മീഷനുകളും കൗണ്‍സിലുകളും രൂപീകരിച്ചിട്ടുണ്ട്. പല നല്ല നിര്‍ദ്ദേശങ്ങളും വരികയും ചിലതെല്ലാം നടപ്പിലാക്കുകയും മറ്റു ചിലതെല്ലാം അമ്പേ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതായാലും, മാറിമാറിവരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ കൗണ്‍സിലുകളും കമ്മീഷനുകളും സ്ഥാനത്തും അസ്ഥാനത്തും, വീണ്ടും വീണ്ടും നിയോഗിച്ചുകൊണ്ടിരിക്കുന്നു. 
ഇത്തരത്തിലുള്ള ഒരു സമിതിയുടെ രൂപീകരണം സംബന്ധിച്ചുള്ള പത്രവാര്‍ത്ത ജൂണ്‍ 12-ാം തീയതി ഉണ്ടായിരുന്നു. വാര്‍ത്ത ഇങ്ങനെ: ''സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷാനടത്തിപ്പില്‍ അടിമുടി മാറ്റം വരുത്തി പൊതുനയം രൂപവത്കരിക്കാന്‍ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനഭാരവും പരീക്ഷാഭാരവും കുറയ്ക്കുകയാണു ലക്ഷ്യം. 
കോപ്പിയടിയുടെ പേരില്‍ കോട്ടയത്തെ കോളജുവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. ഇതുസംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ വിദഗ്ധസമിതിയെ ഉടന്‍ നിയോഗിക്കും. ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രിയാണു കൗണ്‍സിലിന്റെ ചെയര്‍മാന്‍. പഠനവും പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരമുണ്ടായിക്കൊണ്ടിരുന്നിട്ടും, പരീക്ഷാനടത്തിപ്പില്‍ അടിമുടി മാറ്റംവരുത്താന്‍ സമിതി രൂപീകരിക്കുന്നതിനു തീരുമാനമെടുക്കാന്‍, ചേര്‍പ്പുങ്കല്‍ കോളജില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കുവേണ്ടി കാത്തിരുന്നതുപോലെ തോന്നിപ്പോകുന്നു, നടപടി കണ്ടിട്ട്. വിദ്യാര്‍ത്ഥികളുടെ ഭാരങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്ന കൗണ്‍സിലിനു വിദ്യാര്‍ത്ഥിസമൂഹത്തിന്റെ കൈയടി കിട്ടാന്‍ ഈ പ്രഖ്യാപനം പ്രയോജനപ്പെട്ടിട്ടുണ്ടായിരിക്കാം. അതുപോലെ, സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ഒച്ചപ്പാടും ബഹളവും ശമിപ്പിക്കാനും ഈ പ്രഖ്യാപനം സഹായകമായിട്ടുണ്ടാകാം. പക്ഷേ, സംഭവത്തെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിരുന്ന സ്ഥിതിക്ക് ഇത്തരമൊരു സമിതിയുടെ പ്രസക്തിയെന്ത് എന്ന ചോദ്യം സ്വാഭാവികം മാത്രം. അതിലുമുപരി, സമിതിയുടെ ലക്ഷ്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങളെപ്പറ്റി പഠിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളസര്‍ക്കാര്‍ നിയമിച്ച ഒരു സമിതി, അതും എം.ജി. സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ ചെയര്‍മാനായുള്ള സമിതി - നിലനില്‍ക്കുന്ന സ്ഥിതിക്ക്, വീണ്ടുമൊരു സമിതിയുടെ പ്രസക്തി എന്ത് എന്ന ചോദ്യവും അവശേഷിക്കുന്നു. 
ഇതിനിടെ, ശ്രദ്ധേയമായൊരു കാര്യം, കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്ന, എം.ജി. സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ചെയര്‍മാനായുള്ള, പഠനസമിതിയുടെ റിപ്പോര്‍ട്ടു വന്നു എന്നതാണ്. റിപ്പോര്‍ട്ട് പൊതുവേ സ്വാഗതാര്‍ഹമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിപ്പോര്‍ട്ട് താരതമ്യേന 'പോസിറ്റീവ്' സമീപനമാണു സ്വീകരിച്ചിരിക്കുന്നതും. പഠനഭാരം കുറയ്ക്കുക, പരീക്ഷാഭാരം കുറയ്ക്കുക എന്ന വികലമായ ലക്ഷ്യമല്ല സമിതി സ്വീകരിച്ചത്. അനാവശ്യ പഠനഭാരം എടുത്തുമാറ്റാനും തെറ്റായ പരീക്ഷാരീതി തിരുത്താനുമാണ് സമിതി ശ്രമിച്ചിരിക്കുന്നത്. മാറ്റ(change)ത്തെ സംബന്ധിച്ചു സാമൂഹികശാസ്ത്രജ്ഞന്‍മാര്‍ മൂന്നു രീതികള്‍ നിര്‍ദ്ദേശിക്കാറുണ്ട് : ഉപരിപ്ലവമായ മാറ്റം (Reformative Change), സമൂലമാറ്റം (Radical Change).). രൂപാന്തരീകരണമാറ്റം Transformative Change). കരണീയമായതു മൂന്നാമത്തേതാണ്. നിലവിലുള്ള സംവിധാനത്തിലെ നല്ലതു നിലനിര്‍ത്തുകയും അല്ലാത്തത് ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട്, പുതിയ ഒന്നിനു രൂപം നല്‍കുന്നതാണു രൂപാന്തരീകരണമാറ്റം. ഇവിടെ മുന്‍വിധികള്‍ പാടില്ല; പക്ഷംചേരലുമുണ്ടാവരുത്. സമീപകാലത്തുള്ള സമിതികളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ താത്പര്യവും ആ താത്പര്യങ്ങള്‍ക്കുവേണ്ടിയുള്ള പക്ഷംചേരലും ഉണ്ട് എന്ന വസ്തുത നിരാകരിക്കാനാവില്ല. അതുകൊണ്ട്, കമ്മീഷന്‍ പലപ്പോഴും ഏകപക്ഷീയമായിപ്പോകുകയും; കമ്മീഷന്റെ പഠനത്തില്‍ അതു പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. കമ്മീഷനെ നിയമിക്കുന്നത് ഭരണകക്ഷിയായിരിക്കുമല്ലോ. ഭരണം മാറിവരുമ്പോള്‍ ഒരു ഭരണകാലത്തുകൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഉടച്ചുവാര്‍ക്കാനുള്ള പ്രവണതയാണു കാണുന്നത്. തുടങ്ങുമ്പോള്‍ തുടങ്ങുന്നവര്‍ ചിന്തിക്കണം, തുടരാന്‍ പറ്റുമോ എന്ന്; തുടരുന്നവര്‍ തുടരേണ്ടവ തുടരുകയും വേണം. 
1994-ല്‍ തുടങ്ങിയ ഡി.പി.ഇ.പി. സമ്പ്രദായം ഉദാഹരണത്തിനെടുക്കാം. ബ്രിട്ടീഷ് വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അവശേഷിപ്പായ 'ഓര്‍മ്മ'പ്രധാനമായ വിദ്യാഭ്യാസത്തിന്റെ വൈകല്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗം ഡി.പി.ഇ.പി. നിര്‍ദ്ദേശിക്കുന്നുണ്ട്. ഓര്‍മ്മപ്രധാനമായ വിദ്യാഭ്യാസസമ്പ്രദായത്തെ 'ബാങ്കിംഗ് സിസ്റ്റം'  (Banking System) എന്നാണ്, സുപ്രസിദ്ധ വിദ്യാഭ്യാസവിചക്ഷണനായ പൗളോ ഫ്രയര്‍ വിശേഷിപ്പിച്ചിരുന്നത്. ഈ സിസ്റ്റത്തെ പുട്ടുകുറ്റിയോടാണ് പ്രൊഫ. എം.പി. മന്‍മഥന്‍ ഉപമിച്ചിരുന്നത്. വിദ്യാര്‍ത്ഥിയാകുന്ന പുട്ടുകുറ്റിയിലേക്ക് അധ്യാപകനാകുന്ന പാചകക്കാരന്‍ അറിവാകുന്ന അരിപ്പൊടിചേര്‍ന്ന മിശ്രിതം കുത്തിനിറയ്ക്കുന്നു. പുഴുങ്ങിയ പുട്ട് പരീക്ഷയിലൂടെ കുത്തിച്ചാടിച്ചെടുക്കുന്നു. ഈ സമ്പ്രദായത്തിന്റെ വൈകല്യങ്ങള്‍ ശരിക്കും വിലയിരുത്തിക്കൊണ്ടാണ്, ഡി.പി.ഇ.പി പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്. അതുപോലെ, വിദ്യാര്‍ത്ഥിയെ 'ഓബ്‌ജെക്റ്റ്' ആയിട്ടല്ല 'സബ്ജക്റ്റ്' ആയിക്കാണണമെന്ന കാഴ്ചപ്പാടും ഡി.പി.ഇ.പി.യിലുണ്ട്. വിദ്യാഭ്യാസം അധ്യാപകന്റെ അഭ്യാസം മാത്രമല്ല എന്ന കാര്യവും അതില്‍ പരിഗണിച്ചിട്ടുണ്ട്. ഭാഗഭാഗിത്വത്തോടുകൂടിയുള്ള പഠനം  (Participatory Learning) എന്ന ആധുനിക കാഴ്ചപ്പാടും ഇതിലുണ്ട്. വിദ്യാഭ്യാസപ്രക്രിയയില്‍ ആരും ആരെയും പഠിപ്പിക്കുകയല്ലെന്നും എന്നാല്‍, അധ്യാപകരും വിദ്യാര്‍ത്ഥിയും പ്രകൃതിയും സമൂഹവുമെല്ലാം ചേര്‍ന്നു പഠിക്കാന്‍ പരസ്പരം സഹായിക്കുകയുമാണ് ചെയ്യുന്നതെന്നുമുള്ള കാഴ്ചപ്പാടും(Education is Interaction)  ഇതിലുണ്ട്. ഭാരതീയസങ്കല്പത്തില്‍ ഗുരുവിന്റെ 'റോള്‍' ശിഷ്യനു 'ഷോക്ക്' കൊടുക്കുക എന്നതാണ്. നിരീക്ഷണം, നിരൂപണം, നിഗമനം എന്നീ കാര്യങ്ങളിലേക്കു ശിഷ്യനെ നയിക്കുകയാണു ഗുരു ചെയ്യേണ്ടത് എന്ന പാഠവും ഇതിലുണ്ട്. ആധുനിക കാഴ്ചപ്പാടില്‍, തയ്യാറാക്കപ്പെട്ട ടെക്സ്റ്റുബുക്ക് പഠിപ്പിക്കലല്ല വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നു വിഷയം പഠിച്ചു പഠനം അവസാനിക്കുമ്പോള്‍ ടെക്സ്റ്റുബുക്കു രൂപപ്പെടുകയാണു വേണ്ടത്. 
ഉദ്ദേശിച്ചത്ര വിജയിക്കാന്‍ ഡി.പി.ഇ.പി.ക്കു കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. വിജയിപ്പിക്കാന്‍, എന്നു പറയുന്നതാകും കൂടുതല്‍ ശരി. കാരണം, അധ്യാപകരുടെ പ്രാപ്തിക്കുറവുതന്നെ. തുടക്കത്തിലെ ആവേശം ക്രമേണ കെട്ടടങ്ങി. തുടങ്ങിയവര്‍ നന്നായി ഗൃഹപാഠം ചെയ്തിരുന്നു. പക്ഷേ, തുടര്‍ന്നവര്‍ അതു ചെയ്യാതെപോയി. തുടങ്ങിയവര്‍ക്കുള്ളത്ര ഭാവനാസമ്പത്തോ ദീര്‍ഘവീക്ഷണമോ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഒന്നും തുടര്‍ന്നവര്‍ക്കില്ലാതെപോയി. പദ്ധതിയുടെ ഉടച്ചുവാര്‍ക്കലുണ്ടായില്ല എന്നതു ശരിതന്നെ. കേവലം ഉപരിപ്ലവമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണു പദ്ധതി മുന്നോട്ടുപോയത്. രൂപാന്തരീകരിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളൊന്നും ഉണ്ടായതുമില്ല. പദ്ധതിയുടെ പേരിനു രൂപഭേദമുണ്ടാവുകയും ചെയ്തു. അങ്ങനെ, തുടക്കത്തിലെ ഡി.പി.ഇ.പി. (ഡിസ്ട്രിക്റ്റ് പ്രൈമറി എഡ്യൂക്കേഷന്‍ പ്രോഗ്രാം) എസ്.എസ്.എ. (സര്‍വ്വശിക്ഷ അഭിയാന്‍), ആര്‍.എം.എസ്.എ. (രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍), എസ്.എസ്.കെ. (സമഗ്ര ശിക്ഷ കേരള) എന്നീ പേരുകളിലൂടെയെല്ലാമാണു സഞ്ചരിച്ചത്. പ്രൈമറി-പ്രീപ്രൈമറി തലത്തിലാരംഭിച്ച്, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്നിവ കടന്ന് കോളജുതലത്തില്‍ 'അക്രഡിറ്റേഷനി'ലെത്തി എന്നതാണു അതിന്റെ ചരിത്രപാഠം. ഡോ. സാബു തോമസ് കമ്മീഷന്‍ ഈ സഞ്ചാരപഥത്തിലൂടെയെല്ലാം സഞ്ചരിച്ചശേഷമാണ്, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അതിന്റെ മികവ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. 
'ഏട്ടിലെ പശു പുല്ലു തിന്നുകേല' എന്ന വസ്തുത വിസ്മരിക്കാനാവില്ല. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതാകുമോ എന്ന ഭീതിയും നിലനില്‍ക്കുന്നു. നാലുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഓണേഴ്‌സ് ബിരുദം, ട്രിപ്പിള്‍ മെയിന്‍ ഡിഗ്രി കോഴ്‌സ്, സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാം കോഴ്‌സ് എല്ലാമെല്ലാം കേള്‍വിക്കു സുഖം നല്‍കുന്നു. പ്രയോഗത്തില്‍ ഫലമെന്താകുമെന്നു കാത്തിരുന്നു കാണുകയേ വേണ്ടൂ. 200 പുതിയ കോഴ്‌സുകള്‍ എന്ന ജംബോ പ്രോജക്റ്റും എവിടെച്ചെന്നവസാനിക്കുമെന്നു പറയാനാവില്ല. 
രൂപാന്തരീകരണമാണു കരണീയമായിട്ടുള്ളതെന്നു സൂചിപ്പിച്ചുവല്ലോ. അവിടെ കൂട്ടിച്ചേര്‍ക്കലും ഏച്ചുകെട്ടലുമല്ല (Juxta Position) സമഗ്രത(Integration)യും സ്വാംശീകരണ(Assimilation)വുമാണു വേണ്ടത്. എന്തിനും എപ്പോഴും പടിഞ്ഞാറോട്ടു നോക്കാനുള്ള നമ്മുടെ അഭിനിവേശം അതിന്റെ പാരമ്യത്തിലാണിപ്പോള്‍. ബ്രിട്ടീഷുകാരുടെ പിടിവിടീക്കാന്‍ പൂര്‍വികര്‍ പെട്ട പാട് നമ്മള്‍ വിസ്മരിക്കരുത്. യൂറോപ്പില്‍ പബ്ലിക് സ്‌കൂള്‍ ആരംഭിക്കുന്നത് എ.ഡി. 800-ല്‍ ചാര്‍ളിമെയിന്‍ ചക്രവര്‍ത്തിയുടെ കാലത്താണ്. നമ്മുടെ നളന്ദയും തക്ഷശിലയും വലഭിയും വിക്രംശിലയുമൊക്കെ എ.ഡി. 500 -നു മുമ്പേ ലോകപ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. നളന്ദയെപ്പറ്റി എ.ഡി. 640-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി യുവാന്‍ച്വാങ് Yuan Chwang) പറയുന്നു: ""Foreign Students came to the establishment to put an end to their doubts and then became celebrated, and those who ‘stole’ the name were treated with respect wherever they went.''റോമാക്കാര്‍ പറഞ്ഞിരുന്നു: '‘Ex Oriente Lux’- 'വെളിച്ചം കിഴക്കുനിന്ന്' എന്ന്. നമ്മുടേതു മാത്രമായ പൈതൃകമാണല്ലോ ഗുരുകുലസമ്പ്രദായം എന്ന കാര്യം 'ഓണ്‍ലൈന്‍ട്രാക്കി'ലൂടെ ഓടുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. ഇന്ത്യയുടെ ആത്മാവുകണെ്ടത്തിയ മഹാത്മജിയുടെ സബര്‍മതി ആശ്രമവും ലോകഗുരുസ്ഥാനീയനായ ടാഗോറിന്റെ ശാന്തിനികേതനും വിശ്വഭാരതിയുമൊക്കെ പടിഞ്ഞാറുള്ളവര്‍ക്കു സ്വപ്നംകാണാന്‍പോലും സാധിക്കാത്ത സാംസ്‌കാരിക കേന്ദ്രങ്ങളാണ് എന്ന കാര്യവും നമ്മള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതല്ലേ, ആധുനികവിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുമ്പോള്‍? ശാസ്ത്രസാങ്കേതിക വെപ്രാളത്തില്‍പ്പെട്ടുപോയ നമ്മുടെ വിദ്യാഭ്യാസധുരന്ധരന്മാര്‍ കലയും സാഹിത്യവുമൊക്കെ അന്യംനിന്നുപോകാതിരിക്കാനുംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. പൊളിറ്റിക്‌സ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു തീറെഴുതിക്കൊടുക്കുന്നത് ആശാസ്യമായി തോന്നുന്നില്ല. അതുപോലെ, ചരിത്രം വര്‍ഗീയശക്തികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുസ്വത്തായി വിട്ടുകൊടുക്കുന്നതും ശരിയാണെന്നു തോന്നുന്നില്ല. ഇവയെല്ലാം സംയോജിപ്പിച്ചുകൊണ്ടും സമന്വയിപ്പിച്ചുകൊണ്ടും ആദര്‍ശശുദ്ധിയും ധാര്‍മികചിന്തയും നീതിബോധവും സത്യസന്ധതയും ആത്മാര്‍ത്ഥതയും അര്‍പ്പണബുദ്ധിയുമൊക്കെയുള്ള തലമുറയ്ക്കു രൂപം നല്‍കുന്ന വിദ്യാഭ്യാസപദ്ധതിയാണു നമ്മള്‍ വിഭാവനം ചെയ്യേണ്ടത്. ശാസ്ത്രസാങ്കേതികമികവിനുള്ള പ്രസക്തി ഒട്ടുംതന്നെ കുറച്ചുകാണുന്നില്ല എന്നകാര്യവും എടുത്തുപറയട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)