•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കാലം കൊളുത്തിയ കെടാവിളക്ക്

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് രണ്ടായിരം വര്‍ഷങ്ങളുടെ വിശ്വാസപാരമ്പര്യമാണുള്ളത്. കാലാകാലങ്ങളില്‍ ചില വ്യക്തികളെ ദൈവം തിരഞ്ഞെടുക്കുകയും പ്രത്യേക നിയോഗങ്ങള്‍ക്കായി വേര്‍തിരിക്കുകയും എടുത്തുപയോഗിക്കുകയും ചെയ്യുന്നു. ആ ഗണത്തില്‍പ്പെട്ട അനേകം വിശുദ്ധാത്മാക്കള്‍ കാലയവനികയ്ക്കുള്ളില്‍ മറയുകയും സ്വര്‍ഗത്തില്‍ വിരാജിക്കുകയും ചെയ്യുന്നു. അവരിലൊരാളാണ് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍.
എറണാകുളം തേവരയ്ക്കടുത്തുള്ള കോന്തുരുത്തിയെന്ന പ്രകൃതിരമണീയമായ ചെറുഗ്രാമമാണ് അച്ചന്റെ ജന്മംകൊണ്ട് അനുഗൃഹീതമായ ഭൂപ്രദേശം. കോന്തുരുത്തിയിലെ ഒരു ഉത്തമകത്തോലിക്കാക്കുടുംബമായ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി തറവാട്ടില്‍ ലോനന്‍-കുഞ്ഞുമറിയം ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനായി 1876 ഓഗസ്റ്റ് 8 ന് അച്ചന്‍ ജനിച്ചു. പിതാവ് ലോനന്‍ കൃഷിയില്‍ തത്പരനും ആയുര്‍വേദചികിത്സയില്‍ നിപുണനുമായിരുന്നു. തന്മൂലം കുഞ്ഞുമറിയമാണ് കുടുംബകാര്യങ്ങള്‍ കൃത്യമായും ചിട്ടയായും നിര്‍വഹിച്ചിരുന്നത്. തന്റെ മക്കളില്‍ ദൈവസ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ കുറിച്ചിടാനും തിരുക്കുടുംബഭക്തിയില്‍ വളര്‍ത്താനും സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് പരമപ്രാധാന്യം നല്‍കാനും കുഞ്ഞുമറിയം നിതാന്തജാഗ്രത പുലര്‍ത്തിയിരുന്നു.
ഹൈസ്‌കൂള്‍വിദ്യാഭ്യാസകാലഘട്ടത്തില്‍ത്തന്നെ തനിക്കൊരു വൈദികനാകണമെന്ന തീവ്രമായ ആഗ്രഹം വര്‍ഗീസ് ഹൃദയത്തില്‍ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ പിതൃസഹോദരനായിരുന്ന ബഹു. ഗീവര്‍ഗീസച്ചനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് മാതാപിതാക്കളെയും തന്റെ ഇംഗിതം അറിയിച്ചു. ഗീവര്‍ഗീസച്ചന്റെ എല്ലാ പിന്തുണയും പ്രോത്സാഹനവും വലിയൊരാശ്വാസമായി ഭവിച്ചു. എറണാകുളം മെത്രാപ്പോലീത്തയായിരുന്ന ളൂയിസ് പഴേപറമ്പില്‍ പിതാവാണ് വൈദികപഠനത്തിനായി വര്‍ഗീസിനെ ശ്രീലങ്കയിലെ 'കാണ്ടി' സെമിനാരിയിലേക്കയച്ചത്. വ്യത്യസ്ത വ്യക്തിത്വങ്ങള്‍, ഭാഷകള്‍, ദേശങ്ങള്‍, സംസ്‌കാരങ്ങള്‍ തുടങ്ങിയവയുടെ സംഗമവേദിയായിരുന്നു കാണ്ടി സെമിനാരി. പത്തുവര്‍ഷത്തെ സെമിനാരി ജീവിതം നിസ്വാര്‍ത്ഥസ്‌നേഹത്തിന്റെയും സുവിശേഷമൂല്യങ്ങളുടെയും ക്രിസ്തീയപുണ്യങ്ങളുടെയും വിളനിലമായി വര്‍ഗീസ് ശെമ്മാശ്ശനെ മാറ്റി.
1907 ല്‍ കാണ്ടി പേപ്പല്‍ സെമിനാരിയിലെ ബലിവേദിയില്‍ തന്റെ ഹൃദയാഭിലാഷത്തിന്റെ സാക്ഷാത്കാരമായ പ്രഥമബലി അര്‍പ്പിച്ചു. നാട്ടില്‍ തിരിച്ചെത്തിയ നവവൈദികനെ   കടമക്കുഴിപ്പള്ളി വികാരിയായി മാര്‍ ളൂയിസ് പഴേപറമ്പില്‍ നിയമിച്ചു. പിന്നീട് ആലങ്ങാട്, ആരക്കുഴ എന്നീ പള്ളികളില്‍ വികാരിയായും അതിരൂപതയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളേറ്റെടുത്തും സ്തുത്യര്‍ഹമാംവിധം സേവനം ചെയ്തു. വര്‍ഗീസച്ചന്റെ ഉത്തരവാദിത്വബോധവും നേതൃപാടവവും അര്‍പ്പണമനോഭാവവും ജീവിതവിശുദ്ധിയും ഏറെ പ്രശംസനീയവും മാതൃകാപരവുമായിരുന്നു.
വര്‍ഗീസച്ചന്റെ പരോപകാര തത്പരതയും ദീനാനുകമ്പയും സമത്വചിന്തയും വിസ്മയാവഹമായിരുന്നു.1914 ല്‍ നടന്ന ഒന്നാംലോകമഹായുദ്ധവും അതിന്റെ പരിണതഫലമായുണ്ടായ സാമ്പത്തികബുദ്ധിമുട്ടുകളും പട്ടിണിയും അച്ചന്റെ ഹൃദയത്തെ വല്ലാതെ ഉലച്ചു. 1924 ലെ മഹാപ്രളയം വരുത്തിവച്ച കഷ്ടനഷ്ടങ്ങളും പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികളും ദാരിദ്ര്യംകൊണ്ടു പിടയുന്ന രോഗികളും വൃദ്ധരും തലചായ്ക്കാനിടമില്ലാത്ത നിസ്സഹായരും അച്ചന്റെ ഹൃദയത്തില്‍ വേദനയായി. ''എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തുതന്നത്'' (മത്താ. 25:40) എന്ന തിരുവചനം. തന്റെ വിളിക്കുള്ളിലെ വിളിയായി സ്വീകരിച്ചുകൊണ്ട് അധികാരികളുടെ അനുഗ്രഹവും അനുവാദവും ഏറ്റുവാങ്ങി വിപ്ലവകരമായ ഒരു ചുവടുവയ്പിനു നാന്ദി കുറിച്ചു.
കാലത്തിനു മുമ്പേ നടന്ന ക്രാന്തദര്‍ശിയും കര്‍മയോഗിയുമായ വര്‍ഗീസച്ചന്‍ ചുണങ്ങംവേലില്‍ ഒരു അഗതിമന്ദിരവും അര്‍ത്ഥിനികള്‍ക്കുള്ള ഒരു സന്ന്യാസഭവനവും സ്ഥാപിച്ചു. നാനാജാതിമതസ്ഥരായ പൗരപ്രമുഖരുടെ സഹായവും സഹകരണവും തേടി. എന്നിട്ടും തികയാതെ വന്നപ്പോള്‍ ഭിക്ഷാപാത്രവുമായി അച്ചന്‍ പല  പടിവാതിലുകളിലും മുട്ടി. കച്ചവടസ്ഥാപനങ്ങളുടെ മുമ്പില്‍ കരങ്ങള്‍ നീട്ടി.  രാത്രിയുടെ യാമങ്ങളിലെ ഉറക്കമില്ലാതെയുള്ള പ്രാര്‍ത്ഥനയും പകല്‍വേളകളിലെ വിശ്രമമില്ലാതെയുള്ള കഠിനാദ്ധ്വാനവും ഉപവാസവും നോമ്പും എല്ലാം ചേര്‍ന്നപ്പോള്‍ അച്ചന്റെ ആരോഗ്യം അനുദിനം വഷളായി. അതോടൊപ്പം ടൈഫോയിഡും പിടിപെട്ടു. താന്‍ ഈ ലോകത്തോടു വിട പറയുവാനുള്ള നാളുകള്‍ അടുത്തുവരുന്നു എന്നു മനസ്സിലാക്കി അച്ചന്‍ ഒരു വില്‍പ്പത്രം തയ്യാറാക്കി ഒപ്പുവച്ചു. അതോടൊപ്പം താന്‍ സ്ഥാപിച്ച സന്ന്യാസസമൂഹത്തിനുള്ള നിയമാവലിയും എഴുതിവച്ചു. പലവിധ രോഗങ്ങള്‍ കലശലായപ്പോള്‍ അഭിവന്ദ്യപിതാവ് കണ്ടത്തില്‍ തിരുമേനിയില്‍നിന്ന് അന്ത്യകൂദാശ സ്വീകരിച്ച് സമാധാനത്തോടും കൃതാര്‍ത്ഥതയോടുംകൂടി 1929 ഒക്‌ടോബര്‍ അഞ്ചാം തീയതി തന്റെ 53-ാമത്തെ വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞ് സ്വര്‍ഗപ്രാപ്തനായി. അദ്ദേഹത്തിന്റെ പൂജ്യശരീരം കോന്തുരുത്തിപ്പള്ളിയിലെ കല്ലറയില്‍ സംസ്‌കരിച്ചു.
ഈ പുണ്യശ്ലോകന്റെ ജീവിതവിശുദ്ധിയും കരുണാര്‍ദ്രസ്‌നേഹവും കേട്ടറിഞ്ഞ നാനാജാതിമതസ്ഥരായ  ജനങ്ങള്‍ കബറിടം സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകളും കൃതജ്ഞതകളുമര്‍പ്പിച്ച് അദ്ഭുതങ്ങളും അടയാളങ്ങളും ഏറ്റുവാങ്ങി  കടന്നുപോകുന്ന സാക്ഷ്യങ്ങള്‍ നിരവധിയാണ്. 2003 ല്‍ നാമകരണനടപടികള്‍ക്ക് ആരംഭം കുറിച്ചു. 2009 ഓഗസ്റ്റ് 25 ന് അദ്ദേഹത്തെ ദൈവദാസപദവിയിലേക്കുയര്‍ത്തി. 2018 ഏപ്രില്‍ 14 ന് പരിശുദ്ധ  ഫ്രാന്‍സീസ് മാര്‍പാപ്പാ ദൈവദാസന്‍ പയ്യപ്പിള്ളിയച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തി.
ഇന്ന് ഈ സമൂഹത്തില്‍നിന്ന് പന്ത്രണ്ടോളം രാജ്യങ്ങളിലായി ആയിരത്തഞ്ഞൂറിലധികം സഹോദരിമാര്‍ ഈശോയെ പകര്‍ന്നുനല്‍കി അനേകായിരങ്ങള്‍ക്ക് ആതുരസേവനം ചെയ്തുകൊണ്ട് ധന്യനച്ചന്റെ കാല്പാടുകള്‍ പിന്തുടരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)