ഒരേ സമയം രണ്ടു ദിക്കില്‍ രണ്ടു പോര്‍മുഖങ്ങള്‍ തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചൈന നടത്തിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ യുദ്ധമുഖത്ത് പാക്കിസ്ഥാന്‍ പട്ടാളം കൂട്ടിനുണ്ട്. ശത്രുവിന്റെ 'ശത്രുവിനെ മിത്ര'മാക്കുന്ന തന്ത്രമാണിവിടെ ചൈന പയറ്റുന്നത്. ശക്തരായ സുഹൃദ്‌രാജ്യങ്ങളൊന്നും നമ്മുടെ അയല്‍വക്കങ്ങളില്‍ ഇല്ല. നമ്മോട് അടുപ്പമുണെ്ടന്നു കരുതിയ നേപ്പാളും ബഹുദൂരം അകന്നിരിക്കുന്നു
''ഇന്ത്യയുടെ മണ്ണില്‍ ആരും അതിക്രമിച്ചുകയറിയിട്ടില്ല. യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ഏതു നീക്കത്തെയും ശക്തമായി നേരിടും. നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. സമാധാനമാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നത്.''
ഈ മാസം 15-ാം തീയതി അര്‍ദ്ധരാത്രിയോടെ വടക്കുകിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖ കടന്നെത്തിയ ചൈനീസ് ഭടന്മാരുമായി ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടിയതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടായി ചെയ്ത പ്രക്ഷേപണത്തിലെ ഏതാനും വാക്കുകളാണിവ. 1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തില്‍ നഷ്ടമായ അക്‌സായ് ചിന്നിനു പടിഞ്ഞാറുഭാഗത്തെ ഗല്‍വാന്‍ താഴ്‌വര കേന്ദ്രീകരിച്ചായിരുന്നു സംഘര്‍ഷം. ഏറ്റുമുട്ടലില്‍ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ ബി. സന്തോഷ് ബാബുവിന്റെയും 19 സൈനികരുടെയും ജീവന്‍ നഷ്ടമായി.
തന്ത്രപ്രധാനമായ ഗല്‍വാന്‍ താഴ്‌വര കൈവശപ്പെടുത്താനുള്ള ചൈനയുടെ ആസൂത്രിതനീക്കങ്ങള്‍ക്കൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ചൈനയുടെ സൈനികനീക്കങ്ങള്‍ ലാഘവബുദ്ധിയോടെ കണ്ടതിനാല്‍ അവരെ ഫലപ്രദമായി നേരിടുന്നതില്‍ നാം പരാജയപ്പെട്ടു. ആയിരത്തോളം വരുന്ന ശത്രുസൈന്യത്തെ നേരിടാന്‍ നൂറോളം ഇന്ത്യന്‍ സൈനികര്‍ മാത്രം! ഏറ്റുമുട്ടലില്‍ 35 ചൈനീസ് ഭടന്മാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ടായിരുന്നു. ചൈനയുടെ ആക്രമണത്തെ അപലപിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു:
''ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗം രാജ്യം മറക്കില്ല. മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം രാജ്യം ഒന്നടങ്കം നിലകൊള്ളും. ഇന്ത്യ എക്കാലവും സമാധാനമാണ് ആഗ്രഹിച്ചിട്ടുള്ളത്.
ഷീ ചിന്‍പിംഗിന്റെ
നിഗൂഢലക്ഷ്യങ്ങള്‍
തന്റെ രാജ്യത്തിന്റെ പടിഞ്ഞാറും തെക്കുമുള്ള ഭൂപ്രദേശത്തെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കാനുള്ള നിഗൂഢനീക്കങ്ങളാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിംഗിന്റെ മനസ്സിലുള്ളത്. റഷ്യയുമായി അതിരിടുന്ന വടക്കുകിഴക്കുഭാഗത്തുള്ള ജപ്പാന്‍കടല്‍മുതല്‍ തെക്കോട്ട് പൂര്‍വ/ദക്ഷിണ ചൈനാകടലുകളും കടന്ന് വിയറ്റ്‌നാംവരെയുള്ള സുദീര്‍ഘമായ കടല്‍ത്തീരം പസഫിക് സമുദ്രത്തിലേക്കുള്ള തുറന്ന വാതായനമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ഒരു എളുപ്പവഴി ചൈനീസ് ഭരണാധികാരികളുടെ സ്വപ്നമാണ്. 1949 ലെ ടിബറ്റന്‍ അധിനിവേശവും 1962 മുതല്‍ നമ്മുടെ രാജ്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളും ഈ ലക്ഷ്യം വച്ചുകൊണ്ടാണ്. പാംഗോഗ് തടാകം മുതല്‍ ദൗളത്ത്‌ബെഗ് ഓള്‍ഡി വരെയുള്ള നിയന്ത്രണരേഖയോടു ചേര്‍ന്നുകിടക്കുന്ന അര ഡസനോളം ചുരങ്ങളും കാരക്കോറം ചുരവും ഗാല്‍വാന്‍ താഴ്‌വരയും ഭൂട്ടാന്റെ അതിര്‍ത്തിയിലുള്ള ദോക്‌ലയിലെ നാഥുലാചുരവും കൈവശപ്പെടുത്തിയാല്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാമെന്ന് ഷീ കണക്കുകൂട്ടുന്നു. വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ചൈനയുടെ ഭൂപടങ്ങളിലെല്ലാം അക്‌സായ്ചിന്നിന്റെയും ഡെംചോക്കിന്റെയും അരുണാചല്‍പ്രദേശിന്റെയും പേരിനു താഴെ ബ്രാക്കറ്റില്‍ കുറിച്ചിരിക്കുന്നതിങ്ങനെ: ഇന്ത്യയുടേതെന്ന് അവകാശവാദം, പക്ഷേ, ചൈനയുടെ ഭരണത്തില്‍(Clained by Indians, but administered by China).
പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളുമായി സാമ്പത്തികവും സൈനികവുമായ വിവിധ കരാറുകളിലൂടെ നമ്മുടെ രാജ്യത്തെ ചുറ്റിവരിഞ്ഞു ശ്വാസംമുട്ടിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളില്‍ ചൈന വിജയിച്ചുകഴിഞ്ഞു. ഉദാഹരണമായി പാക്കിസ്ഥാനുമായി ചേര്‍ന്ന് നിര്‍മ്മാണം പുരോഗമിക്കുന്ന 'ഓബോര്‍' (O.B.O.R. One Belt, One Road. എന്ന പദ്ധതി. പൗരാണിക 'പട്ടുപാത'യോടു (Silk route) ബന്ധപ്പെടുത്തിയാണ് പാക്കിസ്ഥാനിലൂടെയുള്ള ഈ 'സാമ്പത്തിക ഇടനാഴി(C.P.E.C. China Pak Economic Corridor) . വികസിപ്പിക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് കാരക്കോറം ഹൈവേയിലൂടെ പാക് അധിനിവേശ കാശ്മീരില്‍ക്കടന്ന് പാക്കിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെത്തുന്ന സ്വപ്നപദ്ധതിയാണിത്. അറബിക്കടല്‍വഴിയുള്ള സുഗമമായ വാണിജ്യമാര്‍ഗ്ഗം ഇതോടെ തുറന്നുകിട്ടും. ടൗണ്‍ഷിപ്പുകളും വ്യവസായശാലകളും നിര്‍മ്മിച്ച് ഇടനാഴിയുടെ ഇരുവശങ്ങളും വികസിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ചൈന ഉയരും. ഈ ബൃഹദ്പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യയും പാക്കിസ്ഥാനും ചൈനയുമായുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. രണ്ടു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍നിന്നുള്ള ഭീഷണിക്കുപുറമെ, സാമ്പത്തികഇടനാഴിയുടെ സുരക്ഷയ്‌ക്കെന്നപേരില്‍ വിന്യസിച്ചേക്കാവുന്ന സുരക്ഷാഭടന്മാരും നമ്മുടെ രാജ്യത്തിനു തലവേദന സൃഷ്ടിക്കും.
സൈനികപരമായി നോക്കുമ്പോള്‍, ഇന്ത്യയ്ക്ക് അതീവപ്രാധന്യമുള്ള സ്ഥലമായ ദോക്‌ലാ. കൈവശമാക്കിയാല്‍ ബംഗ്ലാദേശിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്താനാകും. ആസാം, മേഘാലയ, ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് തുടങ്ങിയ ഏഴു സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും കഴിയും. ഇതിനെക്കുറിച്ചു ചിന്തിക്കാന്‍പോലും നമുക്കാവില്ല.
ചുരുക്കത്തില്‍, ഒരേ സമയം രണ്ടു ദിക്കില്‍ രണ്ടു പോര്‍മുഖങ്ങള്‍ തുറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചൈന നടത്തിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ യുദ്ധമുഖത്ത് പാക്കിസ്ഥാന്‍ പട്ടാളം കൂട്ടിനുണ്ട്. ശത്രുവിന്റെ 'ശത്രുവിനെ മിത്ര'മാക്കുന്ന തന്ത്രമാണിവിടെ ചൈന പയറ്റുന്നത്. ശക്തരായ സുഹൃദ്‌രാജ്യങ്ങളൊന്നും നമ്മുടെ അയല്‍വക്കങ്ങളില്‍ ഇല്ല. നമ്മോട് അടുപ്പമുണെ്ടന്നു കരുതിയ നേപ്പാളും ബഹുദൂരം അകന്നിരിക്കുന്നു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ഭൂപടം നേപ്പാള്‍ പ്രസിദ്ധീകരിച്ചതാണ് നമ്മെ വേദനിപ്പിക്കുന്നത്. ലിപുലേക്ക്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ നേപ്പാളിന്റേതാണെന്നാണ് അവകാശവാദം. ടിബറ്റിനുള്ളിലെ കൈലാസം, മാനസരോവര്‍ എന്നീ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് ലിപുലേക്ക് ചുരംവഴി ഒരു പാത നിര്‍മ്മിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്. 1949 ല്‍ പിടിച്ചെടുത്ത ടിബറ്റിന്റെ മുഴുവന്‍ പ്രദേശങ്ങളും ചൈനയോടു ചേര്‍ത്തത് 1965 ലാണ്. അവിടെനിന്നു പലായനം ചെയ്ത ദലൈലാമയ്ക്കും അനുയായികള്‍ക്കും ഇന്ത്യ അഭയം നല്‍കി. ഹിമാചല്‍പ്രദേശിലെ കുളു താഴ്‌വരയിലാണ് അവര്‍ അഭയാര്‍ത്ഥികളായി താമസിക്കുന്നത്.
ഇപ്പോളുണ്ടായിരിക്കുന്ന പ്രതിസന്ധിയിലേക്കു കാര്യങ്ങളെത്തിച്ചതിന് ഏതാനും കാരണങ്ങളുണെ്ടന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു:
ഒന്ന്, അക്‌സായ് ചിന്നിലെ നിയന്ത്രണരേഖയോടു ചേര്‍ന്ന് ലഡാക്കിന്റെ തെക്ക് ഡര്‍ബുക്കില്‍നിന്ന് കാരക്കോറം ചുരത്തിനടുത്തുള്ള ദൗളത്ത് ബെഗ് ഓള്‍ഡി എന്ന സൈനികവ്യോമത്താവളത്തിലേക്ക് പുതിയ ഒരു പാത നിര്‍മ്മിച്ചത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന ഈ വ്യോമതാവളത്തിലേക്കെത്താന്‍ 255 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത മാത്രമേ നമുക്കുള്ളൂ. ജമ്മുവിനെയും ലഡാക്കിന്റെ തലസ്ഥാനമായ ലേ യെയും ഈ പാത വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
രണ്ട്, ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദു ചെയ്ത് കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടിയിലുള്ള അമര്‍ഷം. പാക്-അധിനിവേശകാശ്മീരും അക്‌സായ് ചിന്നും ഡെംചോക്കും തിരിച്ചുപിടിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് മറ്റൊരു കാരണമാണ്.
മൂന്ന്, കോവിഡ് മഹാമാരിയുടെ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും ചൈനയെ ഒറ്റപ്പെടുത്തുമ്പോള്‍ അവരോടു സൗഹൃദം പുലര്‍ത്തുന്ന നമ്മുടെ സമീപനം. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ ചൈന പുലര്‍ത്തിയ ഉദാസീനത, വൈറസുകളെ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നു തെറ്റിദ്ധരിക്കാന്‍ കാരണമായി. വുഹാനിലെ വൈറോളജി ലാബില്‍നിന്ന് പരീക്ഷണത്തിനിടയില്‍ വൈറസുകള്‍ പുറത്തുചാടിയെന്ന വാര്‍ത്ത പ്രചുരപ്രചാരം നേടി. അമേരിക്കയും ചൈനയുമായുണ്ടായ വാണിജ്യയുദ്ധം അവരുടെ കയറ്റുമതിയെയും വ്യവസായമേഖലയെയും സാരമായി ബാധിച്ചത് നമുക്കു നേട്ടമായേക്കുമെന്ന കണക്കുകൂട്ടലും ഒരു കാരണമാണ്.
'അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' എന്ന് പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ വാക്കുകള്‍ വിശ്വാസയോഗ്യമല്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ഷീ ചിന്‍ പിംഗിന്റെ നേരിട്ടുള്ള ഇടപെടല്‍ ഇപ്പോഴത്തെ കൈയേറ്റത്തിലുമുണ്ട്. മിലിറ്ററി കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനവും ഷീ കൈയടക്കിയിരിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയുടെ മൊത്തം സംരക്ഷണച്ചുമതല ചൈനീസ് പട്ടാളത്തിലെ ഏറ്റവും സമര്‍ത്ഥനെന്നു ഖ്യാതി നേടിയ ലഫ്. ജനറല്‍ കി ലിംഗിന് നല്കി. പാംഗോഗ് തടാകംമുതല്‍ കാരക്കോറം ചുരം വരെയുള്ള പല മേഖലകളിലും രണ്ടു സൈന്യങ്ങളും മുഖാമുഖം നില്‍ക്കുന്ന ഭീതിദമായ അന്തരീക്ഷമാണ്. രണ്ടു സേനകളിലുമായി 50,000ത്തോളം സൈനികര്‍. ടാങ്കുകളും കവചിതവാഹനങ്ങളും ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും സജ്ജം. ഇപ്പോഴത്തെ സംഘര്‍ഷത്തിനിടയിലും ശത്രുസൈന്യം നേട്ടമുണ്ടാക്കിയതായി റിട്ട. ലഫ്. ജനറല്‍ എച്ച്.എസ്. പനാഗ് വെളിപ്പെടുത്തിയിരിക്കുന്നു.
'നമ്മുടെ മണ്ണില്‍ ആരും അതിക്രമിച്ചു കയറിയിട്ടില്ല' എന്നും 'ഒരിഞ്ചുഭൂമിപോലും നാം വിട്ടുകൊടുക്കില്ല' എന്നും നേതാക്കള്‍ വീമ്പിളക്കുമ്പോഴും ഇപ്പോള്‍ നഷ്ടപ്പെട്ടതും മുന്‍കാലങ്ങളില്‍ ശത്രുരാജ്യങ്ങള്‍ക്ക് അടിയറവച്ചതും എത്ര ഭൂമിയെന്ന് വ്യക്തമായി അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍മ്മിക്കണം.