•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇടയനോടൊപ്പം

ലസ്തീനായിലെ ഇടയന്മാര്‍ ആടുകളോടൊപ്പം യാത്രയിലാണ്. ഒരു സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്ക്  നല്ല മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്ര. ഈ യാത്രയില്‍ അവര്‍ മാസങ്ങളോളം മരുഭൂമിയുടെ വന്യതയില്‍ സമയം ചെലവഴിക്കേണ്ടിവരും. അത്തരം യാത്രയുടെ രാത്രികാലങ്ങളില്‍ അവര്‍ ആടുകളെ ഗുഹയ്ക്കുള്ളിലാക്കിയിട്ട് അടയ്ക്കാന്‍ സാധിക്കാത്ത ഗുഹാകവാടത്തില്‍ കിടന്നുറങ്ങും. ആടുകള്‍ക്കു പുറത്തുപോവണമെങ്കിലും ചെന്നായ് ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്ക് അകത്തുകടന്ന് ആടുകളെ ഇരയാക്കണമെങ്കിലും ഇത്തരം കാവല്‍ക്കാരായ ഇടയന്മാരെ കടന്നുവേണം പോകുവാന്‍.  ഗുഹയ്ക്കുള്ളില്‍ സുരക്ഷിതത്വത്തില്‍ കഴിയുന്ന ആടുകള്‍ക്കും ഗുഹയ്ക്കു വെളിയിലെ വന്യതയ്ക്കും ഇടയിലെ വാതിലും കാവലുമാണ് ഇത്തരം ഇടയന്മാര്‍.  ഗുഹയ്ക്കു കുറുകെ കിടക്കുന്ന വാതില്‍. സ്‌നേഹത്തിന്റെയും കരുതലിന്റെയും കാവലിന്റെയും പ്രതിരൂപമായ ഇടയന്‍. എപ്പോള്‍ ഇടയന്‍ ഉറങ്ങുന്നുവോ ആലസ്യത്തിലാകുന്നുവോ അത്തരം സന്ദര്‍ഭങ്ങളില്‍ ഗുഹയിലെ സുരക്ഷിതത്വത്തില്‍നിന്നു പുറത്തെ വന്യതയുടെ ചതിക്കുഴികള്‍ അറിയാതെ ഇടയനെ ഒളിച്ചു പുറത്തു കടക്കുന്ന ആട് വന്യതയിലെ ക്രൂരതയ്ക്കിരയാകും. അതിനാല്‍, വാതിലിനു കുറുകെ കിടക്കുന്ന ഇടയന്‍ ആടിന്റെ കാവല്‍ക്കാരനും സംരക്ഷകനുമാണ്.
നമ്മുടെയൊക്കെ ഭവനങ്ങളില്‍ ഇത്തരത്തില്‍ സംരക്ഷണം നല്‍കുന്ന, സ്‌നേഹം പകരുന്ന, കാവലാകുന്ന ഇടയന്മാരുണ്ട്. നമ്മുടെ മക്കള്‍ക്ക്, സഹോദരങ്ങള്‍ക്ക്, മറ്റു പ്രിയപ്പെട്ടവര്‍ക്ക് കാവലായും കരുതലായും നിലകൊള്ളുന്ന സ്‌നേഹത്തിന്റെ കാവല്‍ഭടന്മാര്‍. ഇത്തരം ഇടയന്മാര്‍ ഉള്ളയിടങ്ങളില്‍നിന്നു പുറത്തെ മായക്കാഴ്ചകളിലേക്കും ഭ്രമിപ്പിക്കുന്ന അന്തരീക്ഷങ്ങളിലേക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ വഴിമാറിപ്പോവില്ല. കുടുംബങ്ങളിലെ അഭയം നല്‍കുന്ന, സ്‌നേഹം പ്രസരിപ്പിക്കുന്ന ഇടയന്മാരായി ഓരോരുത്തരും മാറണം.
നൂറ് ആടുകളില്‍ ഒന്നിനെപ്പോലും നഷ്ടമാകാന്‍ ആഗ്രഹിക്കാത്ത, ഒരു വലിയ ഇടയസങ്കല്പവും ബൈബിളിലുണ്ട്. കൂട്ടത്തില്‍നിന്നു വഴിതെറ്റി മറ്റു ജീവികള്‍ക്ക് ഇരയാവാന്‍ സാധ്യതയുള്ള ആടിനെ തേടിപ്പിടിക്കുന്ന ഇടയനും ബൈബിളില്‍ നമുക്കു സുപരിചിതമാണ്.
പാലാ രൂപതയുടെ വലിയ ഇടയന്‍ തന്റെ അജപാലനകര്‍മത്തിന് ഏല്പിച്ചുകിട്ടിയ ആടുകളുടെ നന്മയും സുരക്ഷിതത്വവും ആഗ്രഹിച്ചുവെങ്കില്‍, അവരെ തന്റെ സംരക്ഷണത്തിനുപുറത്തുള്ള മായക്കാഴ്ചകളും ഭ്രമിപ്പിക്കുന്ന വന്യതയും ഓര്‍മിപ്പിക്കുന്നുവെങ്കില്‍, അതിനെതിരേ ജാഗരൂകരാകണമെന്ന് ഉദ്‌ബോധിപ്പിക്കുന്നുവെങ്കില്‍ മറ്റുള്ളവര്‍ എന്തിന് അതിനെക്കുറിച്ചു വേവലാതിപ്പെടണം?
മലര്‍ക്കെത്തുറന്നിട്ട് കാക്കാന്‍ കാവലില്ലെങ്കില്‍ അതൊരു സാധ്യതയാണ്, പുറമേനിന്നു കയറി വരുന്നതിനും പുറത്തെ മായക്കാഴ്ചകളിലേക്ക് ഇറങ്ങിപ്പോകുന്നതിനും. തന്റെ ആടുകളെ ആരും കയറി ആക്രമിക്കാതിരിക്കാനും ഒന്നുപോലും നഷ്ടമാവാതിരിക്കുന്നതിനുമായി ഇടയന്‍ ചില കാര്യങ്ങള്‍ ആടുകളെ ബോധ്യപ്പെടുത്തുന്നത്  മറ്റുള്ളവര്‍ക്ക് അലോസരമായെങ്കില്‍, ആര്‍ക്കെങ്കിലുമൊക്കെ അവരുടെ സാധ്യതകള്‍ അടയുന്നുണ്ട് എന്നു തോന്നിയെങ്കില്‍ അവിടെ എന്തോ തകരാറുണ്ട്. ഇടയന്‍ ആടുകളുമായി പങ്കുവയ്ക്കുന്ന സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ പുറത്തുള്ള ശത്രുക്കള്‍ക്ക് ഇഷ്ടമാകാനല്ലല്ലോ പറയുന്നത്.
പാലാ രൂപതയുടെ നല്ല ഇടയന്‍ ആടുകളുടെ നന്മയ്ക്കായി, കരുതലിനായി, കാവലിനായി, അവരോടു മാത്രമായി സ്‌നേഹപൂര്‍വം പറഞ്ഞ കാര്യങ്ങളോടൊപ്പം ആടുകള്‍ ഒന്നടങ്കം ഉണ്ടായിരിക്കും.
(ലേഖകന്‍ കത്തോലിക്കാ കോണ്‍ഗ്രസ്  പാലാ രൂപത വൈസ് പ്രസിഡന്റാണ്)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)