ഒരു ആറ്റുതീരമോ, ഒരു വയല്‍ക്കരയോ എന്നതായിരുന്നു വീട് എന്നത് ഒരു സ്വപ്നമായി മനസ്സില്‍ ഉറച്ചപ്പോള്‍ എടുത്ത ആദ്യതീരുമാനം. ദൈവാനുഗ്രഹംകൊണ്ട് വയല്‍ക്കരയില്‍ത്തന്നെ വീടു കെട്ടാനുള്ള ഭാഗ്യമുണ്ടായി. വീടിന്റെ ഉമ്മറത്തിരുന്ന് ഇന്നു വയലിലേക്കു നോക്കുമ്പോള്‍ ''വയലും വീടും'' എന്ന ആകാശവാണി പ്രോഗ്രാമിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലായിത്തുടങ്ങി. വീടിന്റെ നിലനില്പുതന്നെ വയലുമായുള്ള ഒരു ബന്ധത്തിലാണ്. സമ്പന്നമായ ഒരു സംസ്‌കാരത്തിന്റെ ഈറ്റില്ലംതന്നെയാണത്. വയല്‍ പങ്കുവയ്ക്കുന്നത് സാഹോദര്യമാണ്, ഭക്ഷണമാണ്, ജലമാണ്, നല്ല വായുവാണ്, നല്ല നല്ല കാഴ്ചകളാണ്...
നിലം ഉഴുന്ന കാഴ്ച, വിത്തെറിയുന്ന കാഴ്ച, കള പറിക്കുന്ന കാഴ്ച, കതിരണിയുന്ന കാഴ്ച, കൊയ്യുന്ന കാഴ്ച, മെതിക്കുന്ന കാഴ്ച... ഞൗണിക്കയും തവളയും തുമ്പിയും ചിത്രശലഭങ്ങളും! പാറിപ്പറക്കുന്ന എത്രയോ തരം പക്ഷികള്‍; ഇവിടെങ്ങുമില്ലാത്ത, കണ്ണിനു കൗതുകമുള്ള കിളിക്കൂട്ടങ്ങള്‍. ദേശാടനപ്പക്ഷികള്‍!... കാഴ്ചകള്‍ക്കൊപ്പം പല തരത്തിലുള്ള ഈണങ്ങളും... വിതപ്പാട്ടായും കൊയ്ത്തുപാട്ടായും കാതിലെത്തുന്നു. ഇക്കാലം കഴിഞ്ഞാലോ? വയലുനിറയെ പശുക്കളും കിടാങ്ങളും... അവയ്ക്കിടയിലൂടെ പന്തുരുട്ടി നീങ്ങുന്ന കരുമാടിക്കുട്ടന്മാര്‍. ഇത്തരം കുതൂഹലങ്ങള്‍ക്കിടയില്‍ വീടും ഉണരുകയായി... പത്തായം നിറയുകയായി... പുന്നെല്ലിന്റെ മണമുള്ള ദിനങ്ങള്‍. വൈക്കോല്‍ തുറു വണ്ണംവച്ചു തുടങ്ങും. പശുവിന്നകിട്ടിലെ പാലിനും കനംവയ്ക്കും. കര്‍ഷകന്റെ സ്വപ്നങ്ങള്‍ ചിറകടിച്ചുയരും. വീട്ടിലെത്തുന്നവര്‍ക്കെല്ലാം ആതിഥ്യത്തിന്റെ ആഹ്ലാദങ്ങള്‍ അനുഭവമാകും. ഇടവേളയില്‍ പയറിട്ട് വീണ്ടും വയല്‍ സജീവമാകും. വീടിനടുക്കളയില്‍ ശുദ്ധമായ പയറുകറിയുടെ ഗന്ധം... ചാത്തനും ചോതിയും മത്തായിയും റോസിയും അഹമ്മദും ഖദീജയും; പേരിന്റെ വൈവിധ്യങ്ങള്‍ക്കപ്പുറം ഒന്നുപോലെ അധ്വാനിക്കുന്ന - ജീവിക്കുന്ന ഇടം. മനുഷ്യാധ്വാനത്തിന്റെയും പങ്കുവയ്ക്കലിന്റെയും സ്‌നേഹത്തിന്റെയും ഒരു മാനവസംസ്‌കാരം ഓരോ വയലും അടയാളപ്പെടുത്തുന്നുണ്ട്. മതിലുകളേതുമില്ലാതെ ഇത്രമേല്‍ ജീവിതവൈവിധ്യത്തെ സമ്പന്നതയോടെ ഉള്‍ക്കൊള്ളുന്ന മറ്റേത് കരഭൂമിയുണ്ട് നമുക്കീ ലോകത്ത്? ഒരു പൊതുഇടം എന്നു വിശേഷിപ്പിക്കാവുന്ന രീതിയില്‍ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാവുന്ന മറ്റേത് സ്വകാര്യഭൂമിയുണ്ട് കേരളത്തില്‍ വയലുകളല്ലാതെ!! വയല്‍ ഒരു കൃഷിസ്ഥലം എന്നതിനുമപ്പുറം ഒരു പ്രദേശത്തെ ജലത്തിന്റെ അക്ഷയസ്രോതസുകളാണെന്നറിയണം. പരിസ്ഥിതിയെ സംബന്ധിച്ച് നിതാന്തജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ട 'ഹോട്ട് സ്‌പോട്ട്!'
വയലുകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കാം. 1970-71 കാലഘട്ടത്തില്‍ 8.76 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ചെയ്തിരുന്ന കേരളമിന്ന് വെറും രണ്ടു ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങിപ്പോയതിനു കാരണം മാറി മാറി വന്ന സര്‍ക്കാരുകളുടെ വിവേചനരഹിതമായ നയങ്ങളാണ് എന്ന വിദഗ്ധരുടെ വിമര്‍ശനം നമ്മുടെ മുമ്പിലുണ്ട്. നിലനില്ക്കുന്ന നെല്‍പ്പാടങ്ങളെയെങ്കിലും സംരക്ഷിക്കുവാന്‍, അച്യുതാനന്ദന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ക്ക് തുടര്‍ച്ച നല്‍കുവാന്‍ പിന്നീട് മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ക്കു കഴിഞ്ഞില്ല. എന്തൊക്കെ ന്യായീകരണങ്ങള്‍ നടത്തിയാലും അപകടത്തിലായത് കേരളസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷ മാത്രമല്ല, പാരിസ്ഥിതികസുരക്ഷയും കൂടിയാണെന്നോര്‍മ്മിക്കുക. ഓഖി ചുഴലിക്കാറ്റും, തുടര്‍ച്ചയായി വന്ന വെള്ളപ്പൊക്കക്കെടുതികളും, കാലാവസ്ഥാവ്യതിയാനവുമൊക്കെയായി പൊതുവെ നിലവില്‍ കൃഷിക്കനുകൂലമല്ലാത്ത ഒരു സാഹചര്യമുണ്ട്. അതിനൊപ്പം, 2018 ല്‍ ഭേദഗതി ചെയ്ത കേരളനെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമത്തിലെ പല അനുച്ഛേദങ്ങളും നെല്‍വയല്‍സംരക്ഷണനിയമത്തെ നെല്‍വയല്‍സംഹാരനിയമമാക്കിത്തീര്‍ത്തു എന്ന ആക്ഷേപവും കൂടിയാകുമ്പോള്‍-വരുംനാളുകളില്‍ കേരളം അന്നത്തിനും വെള്ളത്തിനുംവേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്ന ഗതികേടിലെത്തും. ഇപ്പോള്‍ത്തന്നെ അന്നന്നത്തെ അന്നത്തിനുവേണ്ടി ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഒരു വര്‍ഷം 40 ലക്ഷം ടണ്‍ അരി നമുക്കാവശ്യമുള്ളപ്പോള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാനാകുന്നത് വെറും 8 ലക്ഷം ടണ്‍ അരി മാത്രമാണ്.
ആശങ്കകള്‍ക്കു നടുവിലും ചില പച്ചത്തുരുത്തുകള്‍ ആശ്വാസമേകുന്നു. 'കുടുംബശ്രീ' പദ്ധതികള്‍വഴി നെല്‍കൃഷി വ്യാപകമാക്കാനുള്ള ശ്രമങ്ങളാണത്. ജലരേഖയായി മാറാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണമെന്നു മാത്രം. എക്‌സ്പ്രസ് ഹൈവേയ്ക്കുവേണ്ടി നഷ്ടപ്പെടുന്ന 250 ഏക്കറോളം നെല്‍പ്പാടങ്ങളെ എങ്ങനെ പുനര്‍നിര്‍മ്മിക്കാം എന്നുള്ള ചിന്തയും ആവശ്യമാണ്. ഭക്ഷ്യപ്രതിസന്ധിയെ മാത്രമല്ല ആരോഗ്യപ്രതിസന്ധിയെപ്പോലും മറികടക്കാനാകുന്നവിധം പാലക്കാട് ജില്ലയില്‍ 80 ഏക്കര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവരീതിയില്‍ നെല്‍കൃഷി ചെയ്ത് നാടന്‍ അരിവിഭവങ്ങള്‍ 'നാച്ചുറല്‍ എഡിബിള്‍സ്' എന്ന പേരില്‍ മാര്‍ക്കറ്റു ചെയ്യുന്ന ബിജി അബുബേക്കര്‍ എന്ന യുവസംരംഭക ഈ തലമുറയ്ക്കു മാതൃകയാണ്. താരപരിവേഷമുള്ള മമ്മൂട്ടിയും ശ്രീനിവാസനുമൊക്കെ കാണിക്കുന്ന നെല്‍കൃഷിയോടുള്ള ആഭിമുഖ്യവും യുവജനങ്ങള്‍ക്കു പ്രചോദനാത്മകമാണ്. സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷിരീതിയും ഹിലാലിന്റെ നെല്‍കൃഷിസമ്പ്രദായങ്ങളും മനസ്സിലാക്കാനുള്ള അവസരങ്ങള്‍ ധാരാളമുണ്ടിന്ന്. ഉച്ചയ്ക്കു കൈയും കഴുകി ചോറിനു മുന്നിലിരുന്ന് സ്വാദോടെ ഭക്ഷണം കഴിക്കുന്ന മലയാളിയായി മാത്രം മാറാതെ മറ്റുള്ളവര്‍ക്ക് ആരോഗ്യമുള്ള ഭക്ഷണം കൊടുക്കുന്ന അധ്വാനികളുംകൂടിയാകാന്‍ നാം ശ്രമിക്കണം. വര്‍ഷങ്ങള്‍ക്കുമുമ്പ്, പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറിയിലെ ചുണക്കുട്ടന്മാര്‍ 'നെല്ലറിവ് നല്ലറിവ്' എന്ന പദ്ധതിയിലൂടെ പാടത്തിറങ്ങി നിലമുഴുത് വരമ്പുവച്ച്, വിത്തിട്ട്, കളപറിച്ച്, ചാരം വിതറി, കൊയ്‌തെടുത്ത നെല്ലിന്റെ ഗന്ധവും കുട്ടികളുടെ വിയര്‍പ്പും മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു.
മണ്ണിനോടും മനുഷ്യനോടുമുള്ള പ്രണയംകൊണ്ട് നെല്‍പ്പാടങ്ങളില്‍ വീണ്ടും വീണ്ടും കൃഷി ചെയ്ത് കടംകേറി രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പെടുന്ന സാധാരണകര്‍ഷകന്റെ നിലവിളികള്‍ക്ക് ഉത്തരം ലഭിക്കണം. സബ്‌സിഡിയും ഇന്‍സന്റീവും നല്‍കി സംരക്ഷിക്കണം വംശനാശഭീഷണി നേരിടുന്ന ഈ കര്‍ഷകജനുസുകളെ. അല്ലെങ്കില്‍ ഒരു മഹാസംസ്‌കാരത്തിന് ചരമഗീതം എഴുതേണ്ടിവരും. പിന്നാമ്പുറങ്ങളിലെവിടെയോ ഒരു വിലാപം കേള്‍ക്കുന്നു:
''ഇതു പാടമല്ലെന്റെ ഹൃദയമാണ്...''