സുന്ദരമായ ബാല്യം ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ്. മാതാപിതാക്കളുടെ കരുതലും സ്‌നേഹവും ആവോളം ലഭിച്ച്, കൂട്ടുകാരുടെകൂടെ കളിയും ചിരിയും കുസൃതിയുമൊക്കെയായി കടന്നുപോയ കുട്ടിക്കാലം, ഒരു വ്യക്തിയെ ശുഭപ്രതീക്ഷകളോടെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ചേക്കാം. വിശാലമായ നീലാകാശം നോക്കി കിനാവുകാണാന്‍, പ്രകൃതിയുടെ മടിത്തട്ടില്‍ പച്ചപ്പിന്റെ ശീതളച്ഛായയില്‍ മയങ്ങാന്‍ ഭാഗ്യമുണ്ടായാല്‍ അവനു ഭാവനയുടെ ചിറകുകളില്‍ പാറിപ്പറക്കാനായേക്കാം. അക്ഷരമുറ്റത്ത് പിച്ചവച്ചെത്തി, ലോകം കരുതിവച്ചിരിക്കുന്ന വിസ്മയങ്ങള്‍ വായിക്കാനും കാണാനും സാധിക്കുന്നവര്‍ക്ക് ജീവിതത്തിന്റെ ഉന്നതശ്രേണികളിലെത്താനായേക്കാം.
എന്നാല്‍, ഈ സൗഭാഗ്യങ്ങളിലൊന്നുപോലും കരഗതമാക്കാനാവാതെ, മാതാപിതാക്കളില്‍നിന്നു പറിച്ചുമാറ്റപ്പെട്ട ബാല്യങ്ങളുടെ ജീവിതക്കാഴ്ചകള്‍ ഭയാനകമാണ്. അപകടകരമായ പരിതസ്ഥിതിയില്‍ ബാല്യത്തില്‍ത്തന്നെ ജോലി ചെയ്യേണ്ടിവരുന്നവര്‍. ചെറിയ പിഴവുകള്‍ക്കുപോലും കഠിനമായ ശിക്ഷയനുഭവിക്കേണ്ടിവരുന്നവര്‍, കളിപ്പാട്ടവും കളിക്കൂട്ടുകാരും മാത്രമല്ല മരുന്നും ഭക്ഷണവും നിഷേധിക്കപ്പെടുന്നവര്‍... സ്വയം തിരിച്ചറിയാനാവാതെ ബാല്യത്തില്‍ത്തന്നെ, അടിമകളായി ഉടമകള്‍ രചിക്കുന്ന തിരക്കഥയ്ക്കനുസരണം മാത്രം ചലിക്കുന്നവര്‍. മറ്റുള്ളവരുടെ അഹിതമായ ആഗ്രഹങ്ങള്‍ക്കുപോലും മനസ്സും ശരീരവും വിട്ടുകൊടുക്കേണ്ടിവരുന്നവര്‍, ഭിക്ഷാടനത്തിനായി അംഗഭംഗം വരുത്തിയും സാമൂഹികതിന്മകള്‍ പരിശീലിപ്പിച്ചും തെരുവുകളിലേക്കയയ്ക്കപ്പെടുന്നവര്‍, പലപ്പോഴും അവയവക്കച്ചവടത്തിനു തിരഞ്ഞെടുക്കപ്പെടുന്നവര്‍... മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്ന ബാല്യങ്ങളുടെ തീരായാതനകളില്‍ ചിലതു മാത്രമാണിവ...
വീടാകുന്ന സ്‌നേഹാവൃതിക്കുള്ളില്‍നിന്നു നന്നേ ചെറുപ്പത്തില്‍ അടര്‍ത്തിയെടുത്ത് പല മേഖലകളില്‍ കുട്ടികളെ ചൂഷണത്തിനു വിധേയമാക്കുന്നു, മനുഷ്യക്കടത്തെന്ന തിന്മ. തിരിച്ചറിവില്ലാത്ത പ്രായത്തിലുണ്ടാകുന്ന ഈ ഒറ്റപ്പെടലും ഭീഷണിയും മര്‍ദനമുറകളും ശാരീരികമാനസികപീഡനവുമെല്ലാം അവരെ പ്രതികരിക്കാനാവാത്ത, ദുരവസ്ഥയിലെത്തിക്കുന്നു.
ഇന്ത്യയിലെ മനുഷ്യക്കടത്തിന്റെ കണക്കുകള്‍, 40000 കുട്ടികളെങ്കിലും ഓരോ വര്‍ഷവും വീടിന്റെ തണലില്‍നിന്നു തട്ടിയെടുക്കപ്പെടുന്നുവെന്നു നമുക്കു പറഞ്ഞുതരുന്നു. 11000 പേരെയെങ്കിലും കാണാതാകുന്നു. ഇതില്‍ വലിയ പങ്ക് ലൈംഗികത്തൊഴിലിലേക്കു തള്ളപ്പെടുന്നു. കേരളത്തില്‍ 2019 ല്‍ ഇത്തരം 180 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ദാരിദ്ര്യം, മാതാപിതാക്കളുടെ അഭാവം, യുദ്ധം, കലാപം തുടങ്ങിയ പശ്ചാത്തലങ്ങളാണ് കൂടുതലായും ഇത്തരം കടത്തുകള്‍ക്കു സഹായകമാവുന്നത്.
ഈയൊരു പശ്ചാത്തലത്തിലാണ് റാണി ഹോങ്ങിന്റെ ജീവിതം നമ്മെ അതിശയിപ്പിക്കുന്നത്. ആരാണ് ഈ റാണി ഹോങ്? മനുഷ്യക്കടത്തിനെതിരേയുള്ള യു.എന്‍. ഉപദേശകസംഘാംഗം... ഈ വിഷയത്തെക്കുറിച്ച് ഏതാണ്ട് ആറില്‍പ്പരം തവണ യു.എന്നില്‍ സംസാരിക്കാന്‍ അവസരം ലഭിച്ച വനിത... 2011 ല്‍ യു.എന്‍. ഉപദേഷ്ടാവായി ചുമതലയേറ്റ റാണിയുടെ നിര്‍ദേശപ്രകാരമാണ് ജൂലൈ 30 മനുഷ്യക്കടത്തിനെതിരേയുള്ള രാജ്യാന്തരദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. കമ്പനികളെ ബാലവേലയ്‌ക്കെതിരേ ബോധവത്കരിക്കാനും അതിനിരയായവരെ ബാലവേലയില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഇടം നല്‍കുന്ന സംവിധാനമായ ളൃലലറീാ ലെമഹ ന് ആരംഭം കുറിക്കാനും അവര്‍ക്കു കഴിഞ്ഞു. മനുഷ്യക്കടത്തിനെതിരായി ലോകം ചുറ്റിസഞ്ചരിച്ചു സംസാരിക്കുന്നവള്‍, അതിനിരയായവരില്‍ ആത്മവിശ്വാസം നിറച്ച്, വിദ്യാഭ്യാസം നല്‍കി വീണ്ടെടുക്കാന്‍ സാഹസപ്പെടുന്നവള്‍, അതിനായി ഭര്‍ത്താവായ ട്രോങ് ഹോങ്ങുമൊത്ത് ട്രോണി ഫൗണ്ടേഷന്‍ സ്ഥാപിച്ചവള്‍ - ഇതൊക്കെയാണ് റാണി ആരാണെന്ന ചോദ്യത്തിന്റെ ചില ഉത്തരങ്ങള്‍.
മനുഷ്യാവകാശപുരസ്‌കാരം, ജെഫേഴ്‌സന്‍ സമ്മാനം തുടങ്ങിയവ അവര്‍ക്കു ലഭിച്ച അംഗീകാരങ്ങളില്‍ ചിലതു മാത്രം. 2019 ലെ വനിത വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അവരെ തേടിയെത്തി. അമേരിക്കയിലെ (വാഷിങ്ടണ്‍) ഒളിമ്പിയായില്‍ താമസിക്കുന്ന റാണി കേരളത്തിന്റെ പുത്രിയാണ്. ദരിദ്രമായ ചുറ്റുപാടില്‍ ഏഴാമത്തെ വയസ്സില്‍ മാതാപിതാക്കളില്‍നിന്നു തട്ടിയെടുക്കപ്പെട്ട കുട്ടി... അച്ഛന്റെ രോഗാവസ്ഥയും തൊഴിലില്ലായ്മയുംമൂലം വളരെ അരിഷ്ടിച്ചു കഴിഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഒരു മാലാഖയെപ്പോലെയാണ് അകന്ന ബന്ധുവായ ഒരു സ്ത്രീ സഹായഹസ്തവുമായി കടന്നുചെന്നത്. ഒരു കുട്ടിയെയെങ്കിലും എന്റെ കൂടെയയയ്ക്കൂ ഞാന്‍ നോക്കിക്കൊള്ളാമെന്ന സുന്ദരവാഗ്ദാനത്തില്‍ ആ മാതാപിതാക്കള്‍ വീണുപോയി. ഒരു കുഞ്ഞെങ്കിലും നല്ല ഭക്ഷണവും വിദ്യാഭ്യാസവും ലഭിച്ച് രക്ഷപ്പെടുമല്ലോ എന്ന ചിന്തയാണ് അപ്പോള്‍ അവരെ നയിച്ചത്. റാണിക്കാണ് നറുക്കു വീണത്. തങ്ങളുടെ ഭവനത്തില്‍നിന്ന് അധികം ദൂരെയല്ലാത്ത ആ സ്ഥലത്തേക്ക് വലിയ ഉത്സാഹത്തോടെ ആ കുരുന്ന് യാത്രയായി. അച്ഛനും അമ്മയും എന്നുമവളെ സന്ദര്‍ശിച്ചുവന്നു... പക്ഷേ, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായി. റാണിയെ തങ്ങള്‍ക്കു നഷ്ടമായി എന്നവര്‍ മനസ്സിലാക്കി. ഈ സമയംകൊണ്ട് റാണി തമിഴ്‌നാട്ടിലെ ഒരനാഥാലയത്തിലെത്തപ്പെട്ടിരുന്നു. തികച്ചും നിയമവിരുദ്ധമായ, മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണവിടെ നടന്നിരുന്നത്. റാണിയെന്ന ഏഴു വയസ്സുകാരി നിയോഗിക്കപ്പെട്ടത് ഇഷ്ടികക്കളത്തിലെ ജോലിക്കാണ്. കൊടിയ മര്‍ദനവും പട്ടിണിയും ആ കുഞ്ഞിന്റെ ജീവിതത്തെ മരണതുല്യമാക്കി. 'അമ്മാ... അമ്മാ...' എന്ന തന്റെ നിലവിളിക്ക് ഒരുത്തരവും ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞ ആ കുഞ്ഞിന്റെ കരച്ചില്‍ നേര്‍ത്തുനേര്‍ത്തില്ലാതെയായി. നേരേ നോക്കാന്‍ ശക്തിയില്ലാത്ത, കണ്ണുകള്‍ തുറക്കാന്‍പോലും ശേഷിയില്ലാത്ത ആ കുഞ്ഞിനെ തങ്ങള്‍ക്കു പ്രയോജനപ്പെടില്ല എന്നു മനസ്സിലാക്കി ആ കുഞ്ഞിനെ അനധികൃത ദത്തു നല്കി പണം വാങ്ങുകയാണവര്‍ പിന്നീടു ചെയ്തത്.
ദേഹമാസകലം പരുക്കുകളുള്ള, ശബ്ദിക്കാന്‍പോലും വയ്യാത്ത ആ കുഞ്ഞിനെ നെല്‍ എന്ന കനേഡിയന്‍ സ്ത്രീയാണ് ദത്തെടുത്തത്. അവര്‍ ആ പെണ്‍കുട്ടിയെ സ്‌നേഹിച്ചു. കരുതലോടെ ശുശ്രൂഷിച്ചു. പ്രത്യേക സ്‌കൂളില്‍വിട്ടു പഠിപ്പിച്ചു. സംസാരിക്കാന്‍ പരിശീലിപ്പിച്ചു... അങ്ങനെ നെല്‍ എന്ന പോറ്റമ്മയുടെ കാരുണ്യത്തില്‍ അവള്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ തുടങ്ങി. 16 വയസ്സുവരെ ആ അമ്മ അവളെ ചേര്‍ത്തുപിടിച്ചു. ജീവിതത്തെ നേരിടാന്‍ അവള്‍ ശക്തയായപ്പോഴേക്കും ആ അമ്മ മരണപ്പെട്ടു. സാമ്പത്തികപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും റോട്ടറി ക്ലബിന്റെ സഹായത്താല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആ കാലയളവില്‍ ട്രോങ് ഹോങ്ങിനെ പരിചയപ്പെട്ടു. അദ്ദേഹവും മനുഷ്യക്കടത്തിന്റെ ഇരതന്നെയായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് മനുഷ്യക്കടത്തിലൂടെ കാനഡയില്‍, ബാല്യത്തില്‍ത്തന്നെ എത്തപ്പെട്ടയാള്‍. ആ പരിചയം വിവാഹത്തിലെത്തി.
റാണി ഒരിക്കലും നാടിനെ മറന്നില്ല. അവരുടെ വാക്കുകള്‍: ''ഈ മണ്ണില്‍നിന്നാണ് എന്റെ ഇഷ്ടത്തിനെതിരായി എന്നെ കടത്തിക്കൊണ്ടുപോയത്. മാതൃഭാഷപോലും മറന്നെങ്കിലും എന്റെ നാട് എന്റെ മനസ്സിലുണ്ട്.'' അവര്‍ വേരുകളന്വേഷിച്ച് 1999 ല്‍ ഇന്ത്യയിലെത്തി. വലിയ അന്വേഷണങ്ങള്‍ക്കിടയില്‍ അമ്മയെയും സഹോദരങ്ങളെയും കണ്ടെത്തി. അപ്പോഴാണ് എന്താണു സംഭവിച്ചതെന്ന് അവര്‍ തിരിച്ചറിയുന്നത്.
ഒരേ തൂവല്‍പ്പക്ഷികള്‍ ജീവിതത്തിലൊരുമിച്ചപ്പോള്‍ തങ്ങളുടെ നരകതുല്യമായ ബാല്യം മറ്റൊരു കുഞ്ഞിനുമുണ്ടാകരുതെന്ന് തീവ്രമായി ആഗ്രഹിച്ചു. അങ്ങനെയാണ് ട്രോണി ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനം രൂപംകൊണ്ടത്. തങ്ങള്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത ആ തിക്താനുഭവങ്ങളെ അവര്‍ മറ്റുള്ളവരുടെ മുമ്പില്‍ പുനരാവിഷ്‌കരിച്ചു.
ഇരുട്ടു കണ്ട് ഭയന്നു നില്‍ക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ സങ്കടങ്ങളുടെ ഇരുട്ടില്‍നിന്നു വെളിച്ചം കണ്ടെത്തി പതിനായിരങ്ങളിലേക്കു പകരുന്ന വെളിച്ചത്തിന്റെ റാണിയായി 'റാണി ഹോങ്' ഇന്നു വിശേഷിപ്പിക്കപ്പെടുന്നു.