മാനവവികസനസൂചികയിലും ജീവിതനിലവാരത്തിലും അഭിമാനകരമായ ഉയരങ്ങളില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ''ദൈവത്തിന്റെ സ്വന്തം നാട്''. പക്ഷേ, കൊവിഡ് വിതച്ച അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ഇന്ന് ജനം വീര്‍പ്പുമുട്ടുകയാണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം സാമ്പത്തികവും ആരോഗ്യപരവും മാനസികവുമായ പ്രശ്‌നങ്ങളും അവരെ അലട്ടുന്നു. സ്വസ്ഥവും സമാധാനപരവുമായൊരു ജീവിതത്തിലൂടെയേ മികച്ച ആരോഗ്യവും സ്വന്തമാകൂ, പ്രത്യേകിച്ചും രോഗഭീതി മുന്നില്‍ നില്‍ക്കുന്ന ഇന്നാളുകളില്‍.
ജോലിക്കും പഠനത്തിനും ജനം കൂടുതലായും വീട്ടകങ്ങളില്‍ത്തന്നെ ആയിരിക്കുന്ന സമയത്ത് ഗാര്‍ഹികപീഡനങ്ങളും സ്ത്രീധനപീഡനങ്ങളും പ്രണയപ്പകയെത്തുടര്‍ന്നുള്ള കൊലപാതകങ്ങളും സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ട്. ജനങ്ങളുടെ സൈ്വരജീവിതത്തിനും കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്.
കൊവിഡ് വെല്ലുവിളി ഉയര്‍ത്തുന്ന ജോലിഭാരത്തിനിടയില്‍ സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതില്‍ പോലീസ് സംവിധാനത്തിനു പലയിടത്തും ജാഗ്രത കുറയുന്നുവോ എന്ന് ജനം ആശങ്കപ്പെടുന്നുണ്ട്. പോലീസിനെതിരേ ഈയിടെയായി പലവിധ ആരോപണങ്ങളുയരുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. സത്യസന്ധരായ പോലീസ് ഓഫീസര്‍മാര്‍ക്കൊപ്പംതന്നെ പാവങ്ങള്‍ക്കു നീതി നിഷേധിച്ചും കൈക്കൂലി വാങ്ങിയും പൊതുജനത്തോട് അപമര്യാദയായി പെരുമാറിയും സേനയുടെ പേരു കളയുന്നവരുമുണ്ടെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.
കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അമിതമായ ഇടപെടലും നീതിരഹിതമായ പിഴചുമത്തലും നടക്കുന്നുണ്ടെന്ന പരാതി പൊതുവേയുണ്ട്. ഇതിനിടയിലാണ് പേടിച്ചിട്ടു വഴിനടക്കാന്‍പോലുമാകാതെ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളും ആവര്‍ത്തിക്കുന്നത്.
സമൂഹവിരുദ്ധരുടെ വിളയാട്ടവും മോഷണവുമെല്ലാം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതിലേക്കാണ് സമീപകാലസംഭവങ്ങള്‍ പലതും വിരല്‍ ചൂണ്ടുന്നത്. സദാചാരപ്പോലീസ് ചമഞ്ഞെത്തുന്നവരുടെ എണ്ണത്തിലുമുണ്ട് വര്‍ധന. പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകാത്തതാണ് ഇത്തരക്കാര്‍ക്കു പ്രോത്സാഹനമാകുന്നത്.
കൊല്ലം പറവൂരില്‍ തെക്കുംഭാഗം ബീച്ചില്‍ ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ വണ്ടി നിര്‍ത്തിയ മകനോടും അമ്മയോടും അമ്മയാണെന്നതിനു സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഒരു സദാചാരഗുണ്ട അക്രമം അഴിച്ചുവിട്ടതും ഒരു വാക്കുപോലും പറയാന്‍ തയ്യാറാവാതെ ചുറ്റുമുള്ളവര്‍ നിസ്സംഗതയോടെ എല്ലാം കണ്ടുനിന്നതും ദിവസങ്ങള്‍ക്കുമുമ്പാണ്. കേരളീയസമൂഹത്തിന്റെ മാനസികനില വളരെ മാറിയിരിക്കുന്നു. പലപ്പോഴും സ്വാര്‍ത്ഥപരമാകുന്നു കേരളീയന്റെ രീതികള്‍. ഒരു വ്യക്തി അപകടത്തില്‍പ്പെട്ടാല്‍ സഹായിക്കാനോ ഒരു കൈത്താങ്ങു നല്‍കാനോ മനസ്സില്ലാത്തവരായി മലയാളി മാറിയിരിക്കുന്നു. അപകടത്തില്‍പ്പെട്ട സഹജീവിയെ കണ്ടില്ലെന്നു നടിച്ചു കടന്നുപോകാന്‍ അവനു കുറ്റബോധമൊന്നുമില്ല.
സമൂഹവിരുദ്ധരെ പേടിച്ച് വീട്ടില്‍ സ്വസ്ഥമായി കിടന്നുറങ്ങാനാവാത്തതിനാല്‍ വീടുവിട്ട് ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് രാത്രി കഴിച്ചുകൂട്ടുന്ന യുവതിയുടെയും മക്കളുടെയും വാര്‍ത്ത പുറത്തുവന്നതും അടുത്ത ദിവസങ്ങളില്‍ത്തന്നെയാണ്. സാക്ഷരതയ്ക്കും പ്രബുദ്ധതയ്ക്കും പേരുകേട്ട കേരളത്തിലാണോ ഇതൊക്കെ നടക്കുന്നതെന്ന് നമ്മള്‍ ലജ്ജിച്ചുപോകും. കൊല്ലം ഇരവിപുരത്ത് സുനാമി പുനരധിവാസത്തിന്റെ ഭാഗമായി ലഭിച്ച ഫ്‌ളാറ്റില്‍ താമസിക്കുന്ന അമ്മയും രണ്ടു മക്കളുമാണ് സമൂഹവിരുദ്ധരെ പേടിച്ച് വീടുവിട്ട് ട്രെയിനില്‍ അഭയം തേടിയത്. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷമാണ് ഈ അമ്മയുടെയും മക്കളുടെയും കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നു മതിയായ ഇടപെടലുകളുണ്ടായത്. സമൂഹവിരുദ്ധര്‍ പലയിടത്തും നിര്‍ഭയരായി വിലസുകയാണെന്നതിലേക്കാണീ സംഭവങ്ങളൊക്കെ വിരല്‍ചൂണ്ടുന്നത്. നിരാലംബര്‍ക്കും വിധവകള്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം ഇനിയും ആവര്‍ത്തിക്കരുതെന്നതില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.
തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ റോഡിലൂടെ നടന്നുപോയ പിതാവിനെയും മകളെയും മൊബൈല്‍ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച പിങ്ക് പോലീസിന്റെ നീതിനിഷേധവും നാം കണ്ടു. റോഡില്‍ നിര്‍ത്തിയിരുന്ന പോലീസ് വാഹനത്തില്‍നിന്ന് ഫോണ്‍ കാണാതായെന്നും പിതാവ് ഫോണ്‍ മോഷ്ടിച്ച് കുട്ടിയുടെ കൈയില്‍ കൊടുത്തെന്നും പറഞ്ഞായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍. സ്വന്തം ബാഗ് ഒന്നു പരിശോധിക്കാന്‍പോലും കൂട്ടാക്കാതെയാണ് വഴിയാത്രക്കാരെ പോലീസ് തടഞ്ഞുവച്ച് കുറ്റം വിധിച്ചത്. ഒടുവില്‍ ഫോണ്‍ പോലീസ് വാഹനത്തില്‍നിന്നുതന്നെ കണ്ടെടുത്തു.
പോക്‌സോ കേസില്‍ കല്പകഞ്ചേരി പോലീസ് പിടികൂടി ജയിലിലടച്ച പതിനെട്ടുകാരന്‍ നിരപരാധിയെന്ന് ഡിഎന്‍എ ടെസ്റ്റില്‍ വെളിപ്പെടുത്തപ്പെട്ട സാഹചര്യവുമുണ്ടായി. സ്ത്രീസുരക്ഷാനടപടികള്‍ കര്‍ശനമാക്കുമ്പോള്‍ത്തന്നെ ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്ന സുപ്രധാനനിയമത്തില്‍ വീഴ്ചയുണ്ടാവരുത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് 35 ദിവസം ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് ഡി.എന്‍.എ. ഫലം നെഗറ്റീവായതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയ പോലീസ്, സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ അസഭ്യം പറഞ്ഞും മര്‍ദിച്ചും തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തിയെന്ന യുവാവിന്റെ പരാതി ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതാണ്.
സംസ്ഥാന പോലീസിനെക്കുറിച്ച് സിപിഐ നേതാവും നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ നടത്തിയ പ്രസ്താവനയ്ക്കും ഈ സന്ദര്‍ഭത്തില്‍ പ്രാധാന്യമേറെയാണ്. കേരള പോലീസില്‍ ഒരു ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്ന സിപിഐയുടെ തലമുതിര്‍ന്ന നേതാവിന്റെ പ്രസ്താവന പിണറായി സര്‍ക്കാരിനും ഇടതുപക്ഷത്തിനും ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ നയത്തിനു നിരക്കാത്തതും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കുന്നതുമാണ് പല പോലീസ് നടപടികളെന്നും ആനി രാജ കുറ്റപ്പെടുത്തുന്നു.
സ്ത്രീകള്‍ക്കു സമാധാനപരമായി ജീവിക്കാനാവുന്ന, സ്ത്രീധനപീഡനങ്ങളില്ലാത്ത, സ്ത്രീക്കെതിരേ ലൈംഗികാതിക്രമങ്ങളുണ്ടാവാത്ത, അവള്‍ക്കു സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാനാവുന്ന കേരളമാണ് നമുക്കു വേണ്ടത്. ഒപ്പംതന്നെ, പൊതുസമൂഹത്തിനും അതിന്റേതായ അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ടെന്ന കാര്യവും മറക്കരുത്. സ്ത്രീസുരക്ഷയ്ക്കായി ആവിഷ്‌കരിക്കപ്പെടുന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ ഉറപ്പുവരുത്തണം. അത്തരമൊരു സമൂഹത്തിനേ പരിഷ്‌കൃതസമൂഹമെന്ന് അവകാശപ്പെടാനാകൂ.