അഗാധപണ്ഡിതനും ചരിത്രപടുവുമായ ഡോ. പ്ലാസിഡ് പൊടിപാറയുടെ വാക്കുകളോടെ ഈ ലേഖനം ആരംഭിക്കുകയാണ്: ''കേരള സുറിയാനി കര്‍മ്മലീത്താസഭയിലെ രണ്ട് ഉജ്ജ്വലതാരങ്ങളാണ് പാലാ കട്ടക്കയം കുടുംബത്തില്‍പ്പെട്ട പ്രഗല്ഭരായ വലിയ ചാണ്ടിയച്ചനും കൊച്ചുചാണ്ടിയച്ചനും. രണ്ടു പേരും രണ്ടു പ്രാവശ്യംവീതം പ്രസ്തുത സഭയുടെ പ്രിയോര്‍ ജനറല്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.'' കഴിഞ്ഞ ലക്കത്തില്‍ കട്ടക്കയം വലിയ ചാണ്ടിയച്ചനെക്കുറിച്ച് എഴുതിയിരുന്നുവല്ലോ. വലിയ ചാണ്ടിയച്ചന്റെ സഹോദരനായ ചെറിയാന്‍ കട്ടക്കയത്തിന്റെ മകനാണ് കൊച്ചുചാണ്ടിയച്ചന്‍ (1866-1933). പുണ്യശ്ലോകനും ചരിത്രപണ്ഡിതനും സുറിയാനിഭാഷാപ്രേമിയുമായിരുന്ന കൊച്ചുചാണ്ടിയച്ചന്‍ ലത്തീനും ഇറ്റാലിയനും ഫ്രഞ്ചും നല്ലവണ്ണം വശമാക്കിയിരുന്നു.
മാതാപിതാക്കള്‍ കുഞ്ഞിനെ ദൈവഭക്തിയില്‍ വളര്‍ത്തി. പാലായില്‍ തെക്കേടത്ത് മാത്തനാശാന്റെ കളരിയില്‍ ചേര്‍ന്നു സംസ്‌കൃതം വേണ്ടവിധം പഠിച്ചു. ബുദ്ധികൂര്‍മ്മതയുള്ളവനും പ്രതിഭാശാലിയുമായിരുന്ന ചാണ്ടിക്കുഞ്ഞ്, ആശാന്റെ വത്സലപുത്രനായിരുന്നു. അരോഗദൃഢഗാത്രനായ ചാണ്ടിക്കുഞ്ഞിന് കൂട്ടുകാരുടെ ഇടയില്‍ നായകസ്ഥാനമുണ്ടായിരുന്നു. മലയാളം അക്ഷരങ്ങള്‍ മണലില്‍ വിരല്‍കൊണ്ട് എഴുതിപ്പഠിച്ചുകഴിഞ്ഞപ്പോള്‍ നാരായംകൊണ്ട് ഓലയില്‍ എഴുതാന്‍ തുടങ്ങി. ജപങ്ങളും പ്രാര്‍ത്ഥനകളും ഓലയില്‍ എഴുതിപ്പഠിച്ചു.
കട്ടക്കയം തറവാട്ടിലെ മറ്റൊരു കാരണവരായ ഇട്ടിമാത്തച്ചന്റെ (ളാലം പള്ളി വികാരി) കൂട്ടത്തില്‍ താമസിച്ച് സുറിയാനി പഠിച്ചു. കൂട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയും വശമാക്കി. ഇട്ടിമാത്തച്ചന്‍ ളാലത്തുനിന്നു വിരമിച്ചപ്പോള്‍ വലിയ ചാണ്ടിയച്ചന്‍ കൊച്ച്ചാണ്ടിയച്ചനെ മാന്നാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. വലിയ ചാണ്ടിയച്ചനായിരുന്നു അക്കാലത്ത് മാന്നാനത്തെ ആശ്രമശ്രേഷ്ഠന്‍. കര്‍മ്മലീത്താസഭയില്‍ യോഗാര്‍ത്ഥിയായി ചേരുകയും നൊവേസ്യേത്തിനായി കൂനമ്മാവ് കൊവേന്തയിലേക്കു പോവുകയും ചെയ്തു.
റോമിലെ പ്രൊപ്പഗാന്താ കോളജിലേക്ക്
ഇന്ത്യയില്‍ ഒന്നാമത്തെ ഡെലഗേറ്റ് അപ്പസ്‌തോലിക്കയായിരുന്ന മോണ്‍. അലിയാര്‍ ദി 1855 ല്‍ കേരളം സന്ദര്‍ശിച്ചു. നസ്രാണികളുടെ അഭിവൃദ്ധിക്കായി സുറിയാനിസഭാംഗങ്ങളെ റോമില്‍ പ്രൊപ്പഗാന്തയില്‍ വിട്ടു പഠിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാസിഡച്ചന്റെ വാക്കുകള്‍ ശ്രവിക്കാം: ''പെരിയ ബഹു. കൊച്ചുചാണ്ടിയച്ചന്‍ കേരള സഭാചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കരിയാറ്റില്‍ മാര്‍ യൗസേപ്പ് മെത്രാപ്പോലിത്തായുടെ കാലശേഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ റോമായിലെ പ്രൊപ്പഗാന്താ കോളജില്‍ വൈദികവിദ്യാഭ്യാസം നടത്തിയ ആദ്യത്തെ നാലു കേരളീയരില്‍ ഒരാളായിരുന്നു കൊച്ചുചാണ്ടിയച്ചന്‍ (കട്ടക്കയം ചാണ്ടി പാലാ, സെബാസ്റ്റ്യന്‍ പുല്ലന്‍ ഞാറയ്ക്കല്‍, വല്യവീട്ടില്‍ അന്തപ്പന്‍ അമ്പഴക്കാട്, ആലപ്പാട്ട് പൗലോസ് എടത്തുരുത്തി). തിരുവിതാംകൂര്‍ സംസ്ഥാനത്തുനിന്ന് ആദ്യമായി പ്രൊപ്പഗാന്തയില്‍ പഠിച്ചവന്‍ എന്ന അപൂര്‍വബഹുമതി അന്നു കൊച്ചുചാണ്ടിയച്ചനു ലഭിച്ചു. പ്രൊപ്പഗാന്തയില്‍ സന്ന്യാസസഭകളില്‍പ്പെട്ട വൈദികവിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനമില്ല. മിസ്സത്തിനു (രൂപത) വേണ്ടി പഠിക്കുന്നവര്‍ക്കുമാത്രമേ അനുമതി ലഭിക്കൂ. ക.നി.മൂ.സ. മാറ്റി വീട്ടുപേരില്‍ അവിടെ ചേര്‍ന്നു. അവിടെ ചേരാന്‍ ഖൗൃമാലിൗോ ജീിശേളശരശൗാ എടുക്കണമായിരുന്നു. അതായത്, സന്ന്യാസസഭയില്‍ ചേരാതെ മിസ്സത്തില്‍ ചേര്‍ന്നു ശുശ്രൂഷ ചെയ്തുകൊള്ളാമെന്ന്.
1886 ല്‍ റ്റിറ്റാനിയ കപ്പലില്‍ ബോംബെയില്‍നിന്നു കയറി. 21 ദിവസങ്ങള്‍ക്കുശേഷം ഇറ്റാലിയന്‍ തുറമുഖമായ ബ്രിണ്ടിസിയിലെത്തി. പ്രൊപ്പഗാന്താ കോളജിലായിരുന്ന വര്‍ഷങ്ങളില്‍ പഠനകാര്യങ്ങളിലും ആത്മീയകാര്യങ്ങളിലും ചാണ്ടി ശെമ്മാശ്ശന്‍ ഒന്നാമനായിരുന്നു. റോമില്‍ വച്ച് ജര്‍മന്‍ കോളജില്‍ താമസിച്ചിരുന്ന ലവീഞ്ഞ് മെത്രാനെ ചാണ്ടി ശെമ്മാശ്ശന്‍ മലയാളം പഠിപ്പിച്ചു. 1892 ഒക്‌ടോബര്‍ 30 ന് തിരുപ്പട്ടം സ്വീകരിച്ചു. 1892 ല്‍ത്തന്നെ നാട്ടിലേക്കു തിരിച്ചു. ആദ്യകുര്‍ബാനയര്‍പ്പണസമയത്ത് ചാണ്ടിയച്ചന്‍ മനസ്സില്‍ സൂക്ഷിച്ച ആപ്തവാക്യം ഢശമേ ജമരശളശരമ ല ോീൃ െുമരശളശരമ - സമാധാനപരമായ ജീവിതവും സമാധാനപരമായ മരണവും - അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവനും സ്വാധീനിച്ചു. നാട്ടില്‍ തിരിച്ചെത്തിയ ചാണ്ടിയച്ചന്‍ താമസിയാതെ കര്‍മ്മലീത്താസഭയില്‍ ചേരുമെന്ന വാര്‍ത്ത പരന്നു. ചങ്ങനാശ്ശേരി അരമനയിലേക്കോ പാലാ ഇടവകയിലേക്കോ പോകാന്‍ വലിയ താത്പര്യം കാണിച്ചില്ല. എങ്കിലും, ചങ്ങനാശ്ശേരിയിലെത്തി ലവീഞ്ഞ് മെത്രാപ്പോലീത്തായുമായി ആലോചിച്ചപ്പോള്‍ കര്‍മ്മലീത്താസഭയില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചില്ല. മിസ്സത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ തന്റെ കഴിവുകള്‍ വിപുലമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നു പലരുടെയും നിര്‍ദേശങ്ങളും ലഭിച്ചു.
ഏറെ എതിര്‍പ്പുകളുണ്ടായിട്ടും കൊവേന്തയില്‍ത്തന്നെ ചേരാന്‍ കൊച്ചുചാണ്ടിയച്ചന്‍ തീരുമാനിച്ചു. കര്‍മ്മലീത്താസഭയില്‍ ചേര്‍ന്നാലും മിസ്സത്തിന്റെ ഗുണത്തിനുവേണ്ടി ജോലി ചെയ്യാന്‍ കഴിയുന്നതാണെന്ന് അക്കാലത്ത് പ്രൊപ്പഗാന്തയുടെ സെക്രട്ടറിയായിരുന്ന മോണ്‍. അയൂത്തിയുടെ സാക്ഷിപ്പ് കര്‍മ്മലീത്തായില്‍ത്തന്നെ ചേരാന്‍ പ്രേരകമായി. പരിശുദ്ധ സിംഹാസനം അനുകൂലമായ നിലപാടു സ്വീകരിച്ചതും ഇക്കാരണത്താലാണ്.
ജനങ്ങള്‍ കൊടുത്ത
അംഗീകാരങ്ങള്‍
മാന്നാനം കേന്ദ്രമാക്കി കൊച്ചുചാണ്ടിയച്ചന്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. കര്‍മലീത്താസഭയുടെ ഉത്തരവാദിത്വമേറിയ സ്ഥാനങ്ങളിലേക്ക് അതിശീഘ്രമെത്തി. 1903 മുതല്‍ 1933 വരെ കര്‍മ്മലകുസുമം മാസികയില്‍ തുടര്‍ച്ചയായി എഴുതി. വളരെ വിജ്ഞാനപ്രദമായ ലേഖനങ്ങളാണ് അവയെല്ലാം. ഈ ലേഖനങ്ങളുടെ സമാഹാരമാണ് പിന്നീട്, 'പ്രകാശരേഖകള്‍' എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങിയ പുസ്തകം. അനേകരുടെ ചിരപ്രതീക്ഷിതമായ ആഗ്രഹമായിരുന്നു ഈ ലേഖനങ്ങളുടെ പുസ്തകരൂപം. ശ്രീ മാത്യു സി. കട്ടക്കയം തയ്യാറാക്കിയ 'വലിയ ചാണ്ടിയച്ചനും കൊച്ചുചാണ്ടിയച്ചനും' എന്ന ഗ്രന്ഥവും (1959) ഏറെ പ്രധാനപ്പെട്ട ഒരു ചരിത്രസമാഹാരമാണ്. പ്രൊപ്പഗാന്തയിലെ വിദ്യാഭ്യാസം, വിവിധ ഭാഷാജ്ഞാനം, പ്രസംഗചാതുരി, അനിതരസാധാരണമായ പുണ്യജീവിതം, ഭക്തശിരോമണി, അഗാധചിന്തകന്‍, അജയ്യനായ താര്‍ക്കികന്‍, ധന്യനായ വചനപ്രഘോഷകന്‍, കുടുംബധ്യാനപ്രസംഗകന്‍, സമുദായനേതാവ്, സുകൃത മാധുരി കവിഞ്ഞൊഴുകുന്ന നര്‍മഭാഷണങ്ങള്‍, വിശാലസമൂഹത്തിന്റെ ഗുണകാംക്ഷി, സംസ്‌കാരസമ്പന്നന്‍, വേദാന്തനിപുണന്‍, സുറിയാനിമല്പാന്‍, കീര്‍ത്തികേട്ട ഉപദേഷ്ടാവ്, വായനക്കാരന്‍, ഗുരുഭൂതന്‍, ഗ്രന്ഥകര്‍ത്താവ്, പത്രാധിപര്‍, മരിയഭക്തന്‍, വി. കുര്‍ബാനയുടെ ഭക്തന്‍, പുനരൈക്യവക്താവ് (പന്തളം മിഷന്‍ കേന്ദ്രം) എന്നിങ്ങനെ കൊച്ചുചാണ്ടിയച്ചന്റെ അപദാനങ്ങള്‍ എത്രവേണമെങ്കിലും പറയാന്‍ കഴിയും. കുര്യനാട്, ചമ്പക്കുളം, പൂഞ്ഞാര്‍ എന്നീ കൊവേന്തകളുടെ സ്ഥാപകന്‍, മാന്നാനം കൊവേന്ത പ്രിയോര്‍, കര്‍മ്മലീത്താസഭയുടെ ഡെഫനിത്തോര്‍, പ്രിയോര്‍ ജനറല്‍ എന്നീ താക്കോല്‍സ്ഥാനങ്ങളിലിരുന്നു ശുശ്രൂഷ ചെയ്തു അദ്ദേഹം. രണ്ടാം തവണയും കൊച്ചുചാണ്ടിയച്ചന്‍ യൂറോപ്യന്‍യാത്ര നടത്തുകയും കര്‍മ്മലീത്താസഭയുടെ ഔദ്യോഗികകാര്യങ്ങള്‍ക്കുവേണ്ടിയുള്ള നിയമപരമായ അംഗീകാരം വാങ്ങിച്ചെടുക്കുകയും നാട്ടില്‍ വിവിധ കൊവേന്തകള്‍ സ്ഥാപിക്കുന്നതിലേക്കു ധനശേഖരണം നടത്തുകയും ചെയ്തു. കേരളത്തിലെ ഏറെക്കൂറെ എല്ലാ പള്ളികളിലും ഫലവത്തായ രീതിയില്‍ ജ്ഞാനപ്രസംഗങ്ങള്‍ നടത്തി. പേരെടുത്ത ഗ്രന്ഥകാരനായിരുന്നു അദ്ദേഹം. പരിശുദ്ധ മാര്‍പാപ്പയുടെ ശ്രേഷ്ഠാധിപത്യാദരവ്, തിരുസിംഹാസനാദരവ്, കത്തോലിക്കാസഭയും വിദ്യാഭ്യാസവും, ക്രിസ്തുനാഥചരിത്രം, വിശുദ്ധ അലക്‌സാണ്ടറുടെ ചരിത്രം എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
ചില സുപ്രധാന
സംഭവങ്ങള്‍
കര്‍മ്മലീത്ത പ്രിയോര്‍ ജനറല്‍ എന്ന നിലയില്‍ കൊച്ചുചാണ്ടിയച്ചന്‍ അസാധാരണമായ ഭരണമികവ് സമസ്ത മേഖലകളിലും പ്രകടമാക്കി. അദ്ദേഹത്തിന്റെ നേതൃത്വം എല്ലാവരും അംഗീകരിക്കുകയും ചെയ്തു.
തോമസ് കുര്യാളശ്ശേരിയച്ചനെ റോമില്‍വച്ച് ഇറ്റാലിയന്‍ പഠിപ്പിച്ചു. 1904 ല്‍ വന്ദ്യനായ നിധീരിക്കല്‍ മാണിക്കത്തനാരുടെ കബറടക്കശുശ്രൂഷയും ചരമപ്രസംഗവും നടത്തി. കോട്ടയത്തുവച്ചു പത്താം പീയൂസ് പാപ്പായുടെ ജൂബിലിയാഘോഷവേളയില്‍ ഏവരിലും മതിപ്പുളവാക്കിയ പ്രസംഗം ചെയ്തു. അഭിവന്ദ്യ കുര്യാളശ്ശേരി മെത്രാന്റെ ജൂബിലിയവസരത്തിലും ശേഷക്രിയാവസരത്തിലും ഈടുറ്റ സന്ദേശം നല്‍കി. വാര്‍ദ്ധക്യത്തില്‍ എത്തുന്നതിനുമുമ്പേ രോഗബാധിതനായി. 1933 ജനുവരി 29 ന് ഇഹലോകവാസം വെടിഞ്ഞു. അറുപത്തിയാറു വയസ്സേ ആയിരുന്നുള്ളൂ. മരണകാരണം ഉദരവ്യാധിയായിരുന്നു. മാര്‍ ജെയിംസ് കാളാശ്ശേരി കബറടക്കശുശ്രൂഷകള്‍ നടത്തി. പ്രസംഗവേളയില്‍ കാളാശ്ശേരി പിതാവ് പറഞ്ഞു: ''കൊച്ചുചാണ്ടിയച്ചന്‍ ദൈവത്തിന്റെ മനുഷ്യനായിരുന്നു. ഈശോയ്ക്കും ദൈവജനത്തിനുംവേണ്ടി ജീവിച്ച പുരോഹിതനായിരുന്നു.'' പിന്നീട് വയലില്‍ പിതാവ് കുടീരോപരി സ്മാരകശില സ്ഥാപിച്ചു. നസ്രാണി ദീപിക എഴുതി: ''ദൈവഭക്തി, ദീനാനുകമ്പ, ശാസ്ത്രജ്ഞാനം, പ്രസംഗസാമര്‍ത്ഥ്യം ആദിയായ ഗുണങ്ങളില്‍ ഏതാണ് കൊച്ചുചാണ്ടിയച്ചനില്‍ മികച്ചുനിന്നിരുന്നതെന്നു പറയുക അസാധ്യമാണ്. നിരന്തരമായ പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. സാധുക്കളെ സേവിച്ചും അസ്വസ്ഥമാനസരെ ആശ്വസിപ്പിച്ചും ജീവിച്ചു.''
ഭാഗ്യസ്മരണാര്‍ഹനായ വയലില്‍ പിതാവിന്റെ വാക്കുകളോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു: ''കേരളസഭാമണ്ഡലത്തിലെ ഒരു ഉജ്ജ്വലതാരവും കേരള കര്‍മ്മലീത്താസഭയുടെ അഭിമാനപാത്രവുമാണ് കട്ടക്കയത്തില്‍ പെരിയ ബഹു. കൊച്ചുചാണ്ടിയച്ചന്‍. അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും വ്യക്തിമാഹാത്മ്യവും ആധുനിക കേരളീയരെ പരിചയപ്പെടുത്തിയത് കര്‍മ്മലകുസുമമായിരുന്നു. നമ്മുടെ വീടുകളില്‍ ഈ ലേഖനങ്ങള്‍ ഭക്തിപൂര്‍വം വായിച്ചിരുന്നു. അവയുടെ പാരായണം ഇന്നുള്ളവര്‍ക്കും കറയറ്റ ആത്മീയഭക്ഷണമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ ലേഖനങ്ങള്‍ വെളിച്ചംകണ്ട കാലത്ത് എന്നതുപോലെ ഇന്നും നമ്മുടെ കത്തോലിക്കാക്കുടുംബങ്ങളില്‍ പാവനമായ ആധ്യാത്മികചൈതന്യം സംജാതമാക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായകമായിത്തീരും.''