•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കൊടുമുടികളെ കീഴടക്കുന്നവള്‍

ലിയ ഉത്സാഹത്തോടെയാണ് അരുണിമ സിന്‍ഹ ഡല്‍ഹിയിലേക്കു പുറപ്പെട്ടത്. 2011 ഏപ്രില്‍ 12 ലെ ആ യാത്ര CISF ല്‍ പ്രവേശനപ്പരീക്ഷ എഴുതാനായിരുന്നു. ദേശീയ വോളിബോള്‍ താരമായതിനാല്‍ ശുഭപ്രതീക്ഷയ്ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.
ലക്‌നൗവില്‍നിന്ന് പദ്മാവതി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലിരുന്ന് അവള്‍ സഹോദരനോടു യാത്ര പറഞ്ഞു. വായനയും പാട്ടുകേള്‍ക്കലുമായി സമയം പോയതറിഞ്ഞില്ല... സന്ധ്യയായപ്പോഴേക്കും കംപാര്‍ട്ട്‌മെന്റില്‍ തീരെ ആളില്ലാതെയായി. എതിരേയിരുന്നവര്‍ തന്നെ സൂക്ഷ്മനിരീക്ഷണം നടത്തുന്നതുപോലെ തോന്നിയെങ്കിലും അവഗണിച്ചു.
പെട്ടെന്നാണ് അവളുടെ കഴുത്തിലെ സ്വര്‍ണമാലയില്‍ ഒരാള്‍ കടന്നുപിടിച്ചത്. മത്സരങ്ങളില്‍ ലഭിച്ച പാരിതോഷികംകൊണ്ടു വാങ്ങിയതാണ്. വിട്ടുകൊടുക്കാന്‍ തോന്നിയില്ല. ചെറുത്തുനിന്ന് ഉറക്കെ നിലവിളിച്ചു. ഒരാളും സഹായത്തിനായി കടന്നുവന്നില്ല.
പിടിവലിയില്‍ അരുണിമ പുറത്തേക്കു തെറിച്ചു. റെയില്‍വേ ട്രാക്കിലേക്കു വീണ അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഒരു ട്രെയിന്‍ അവളുടെ ഇടതുകാലിലൂടെ കടന്നുപോയി...
ചതഞ്ഞരഞ്ഞ ഇടതുകാലും ഒടിഞ്ഞുതൂങ്ങിയ വലതുകാലും. അനങ്ങാന്‍പോലും ശേഷിയില്ലാതെ ആ പെണ്‍കുട്ടി റെയില്‍വേപ്പാളത്തില്‍ കനത്ത ഇരുട്ടില്‍ കിടന്നു. വീണ്ടും ട്രെയിനുകള്‍ കടന്നുപോയി... അവളുടെ കാലില്‍ക്കൂടിത്തന്നെ... അങ്ങനെ ഏഴു മണിക്കൂറുകള്‍... 49 ട്രെയിനുകള്‍... എന്നിട്ടും ബോധരഹിതയായില്ല അവള്‍.... അവളനുഭവിച്ച ആ കൊടിയ വേദനയെ എങ്ങനെ കടലാസിലാക്കുമെന്നറിയില്ല... ഇടയ്‌ക്കെപ്പോഴൊക്കെയോ പാളത്തില്‍ക്കൂടി ഭക്ഷണം തേടിവന്ന എലികള്‍ അവളുടെ മുറിവുകളില്‍ കരണ്ടു. ഉറക്കെക്കരഞ്ഞും അലറിവിളിച്ചുമൊക്കെ തള്ളിവിട്ട ആ രാത്രിയിലെ അവളുടെ സങ്കടം മുഴുവന്‍ ട്രെയിനുകളുടെ ഇരമ്പലില്‍പ്പെട്ടു നിഷ്ഫലമായി.
പിറ്റേന്നു രാവിലെ ആ വഴി വന്ന റെയില്‍വേ ഗാര്‍ഡുകളാണ് അവളെ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലാശുപത്രിയില്‍ എത്തിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍പോലും ഇല്ലാതിരുന്ന ആശുപത്രിയിലെ ശുശ്രൂഷ അവള്‍ക്കു നല്‍കിയത് ഒരിക്കലും മറക്കാന്‍ പറ്റാത്ത വേദനയായിരുന്നു. അവളുടെ ഇടതുകാല്‍ അനസ്തീഷ്യ നല്‍കാതെയാണു മുറിച്ചുമാറ്റിയത്. രക്തം നല്‍കിയത് ആ ഡോക്ടര്‍തന്നെയായിരുന്നു. പിന്നീട് ദേശീയതാരമാണെന്നു തിരിച്ചറിഞ്ഞ് ഡോക്ടര്‍തന്നെ അവളെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തിച്ചു. അവിടെനിന്നു ലഭിച്ച വിദഗ്ധപരിചരണം മുറിവുണക്കിത്തുടങ്ങി. പക്ഷേ, മനസ്സിനേറ്റ മുറിവുകളെ ആഴപ്പെടുത്തുന്ന പല പരീക്ഷണങ്ങളും അവള്‍ക്കു നേരിടേണ്ടിവന്നു.
അരുണിമയുടെ അപകടം ആത്മഹത്യാശ്രമമാണെന്നും, റെയില്‍വേ ട്രാക്കു മുറിച്ചു കടന്നപ്പോള്‍ സംഭവിച്ചതാണെന്നുമൊക്കെ റെയില്‍വേ വക്കീല്‍ വാദിച്ചു. മേല്‍ക്കോടതികളിലെ ശക്തമായ വാദത്തിനൊടുവിലാണ് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം അവള്‍ക്കു ലഭിച്ചത്.
ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിനിടയില്‍ അവള്‍ക്കുണ്ടായിരുന്ന സന്ദര്‍ശകരിലധികവും സഹതപിക്കാനെത്തിയവരായിരുന്നു. ദേശീയതാരത്തിന്റെ വീല്‍ച്ചെയറിലേക്കുള്ള ജീവിതപരിണാമത്തെ ഭൂരിഭാഗം പേര്‍ക്കും അങ്ങനെയേ കാണുവാന്‍ കഴിഞ്ഞുള്ളൂ. കടുത്ത വിഷാദത്തിലേക്കു തള്ളിവിടുന്ന ഇത്തരം സമീപനങ്ങള്‍ അവള്‍ അവഗണിച്ചു. ദീര്‍ഘദൂരം സഞ്ചരിക്കണമെന്നും ഉയരങ്ങള്‍ കീഴടക്കണമെന്നും അവള്‍ ദൃഢനിശ്ചയം ചെയ്തു. കിടക്കയില്‍നിന്നു വീല്‍ച്ചെയറിലേക്കു കടന്നിരുന്നപ്പോഴേക്കും അവള്‍ തീരുമാനമെടുത്തിരുന്നു, 'എവറസ്റ്റ് കീഴടക്കണമെന്ന്...' ലോകത്തോടു വിളിച്ചു പറയണമെന്ന്, ഈ അംഗവൈകല്യത്തെ താന്‍ അതിജീവിച്ചുവെന്ന്. സഹോദരനോടല്ലാതെ മറ്റാരോടും തന്റെ സ്വപ്നമവള്‍ പങ്കുവച്ചില്ല. അതിനു കാരണവും പറഞ്ഞിട്ടുണ്ട്: ''നിങ്ങളുടെ ലക്ഷ്യങ്ങള്‍ പങ്കുവയ്‌ക്കേണ്ടത് അവയോടു പോസിറ്റീവായി പ്രതികരിക്കുന്നവരോടാണ്, അല്ലാതെ, നിങ്ങളുടെ പരിമിതികളെപ്പറ്റി പരിതപിക്കുന്നവരോടല്ല.''
ആശുപത്രിയില്‍നിന്ന് അവള്‍ നേരേ പോയത് ബചേന്ദ്രി പാലിന്റെയടുത്തേക്കാണ്. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയാണ് അവര്‍. അരുണിമയുടെ സ്വപ്നത്തിന്റെ തീവ്രത ഉള്‍ക്കൊണ്ട അവരുടെ മറുപടി തികച്ചും പ്രചോദനപരമായിരുന്നു.
'ഈ അവസ്ഥയിലും എവറസ്റ്റ് കീഴടക്കാനാഗ്രഹിക്കുന്ന അരുണിമ മനസ്സുകൊണ്ട് അതു സാധിച്ചു കഴിഞ്ഞു' എന്നാണവര്‍ പറഞ്ഞത്.
നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടിനീയറിങ്ങില്‍ ചേര്‍ന്ന് അവള്‍ പര്‍വതാരോഹണപരിശീലനം ആരംഭിച്ചു. കൃത്രിമക്കാല്‍ ഘടിപ്പിച്ചപ്പോള്‍  നാലു വര്‍ഷംകൊണ്ടു നടക്കാന്‍ പഠിച്ചേക്കുമെന്നു വിധിയെഴുതപ്പെട്ട അരുണിമയാണ് കഠിനപരിശ്രമത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. പെണ്‍കുട്ടിയാണ്, വികലാംഗയാണ്, ഇടത്തരം കുടുംബത്തില്‍നിന്നാണ്, സര്‍വോപരി പലപ്പോഴും ഭയങ്കരമായ വേദനയനുഭവിക്കേണ്ടിവരുന്നു... തുടങ്ങിയ അവസ്ഥകളൊന്നും അവളെ പിന്തിരിപ്പിച്ചില്ല.
അരുണിമയുടെ പരിശ്രമങ്ങളെ പല വിധത്തിലാണ് സമൂഹം നോക്കിക്കണ്ടത്. ചിലര്‍ കുറ്റപ്പെടുത്തി, പരിഹസിച്ചു... വട്ടാണെന്നു പറഞ്ഞവരുമുണ്ട്. എന്തിനീപെടാപ്പാടു പെടുന്നു എന്നു ചോദിച്ചവരാണധികവും. ഒന്നും അരുണിമയുടെ സ്വപ്നങ്ങളെ തളര്‍ത്തിയില്ല.
അങ്ങനെ, പതിനെട്ടു മാസത്തെ തീവ്രപരിശ്രമത്തിനൊടുവില്‍ റാറ്റാ സ്റ്റീല്‍ അഡ്വെഞ്ചര്‍ ഫൗണ്ടേഷന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ അരുണിമ എവറസ്റ്റിലേക്കു കയറിത്തുടങ്ങി. അപകടം പതിയിരിക്കുന്ന വഴികള്‍, കൃത്രിമക്കാലുപയോഗിച്ചു കയറുന്ന അരുണിമയ്ക്ക് ഉയര്‍ത്തിയ വെല്ലുവിളികള്‍ വലുതായിരുന്നു.
അതിശൈത്യവും മഞ്ഞുമലയിലൂടെ കൃത്രിമക്കാലുകൊണ്ടുള്ള നടത്തവും ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ, അരുണിമ സ്വയം തിരഞ്ഞെടുത്ത വഴിയാണിത്. യാത്ര പകുതിവഴിയാക്കി തിരിഞ്ഞുനടക്കുന്നവരെയും പരിക്കു പറ്റിയവരെയുമൊക്കെ വഴിക്കുകണ്ടു. ഈ അതിസാഹസവൃത്തിക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരങ്ങളും പല സ്ഥലത്തുമുണ്ട്. എന്നാലും മുന്നോട്ടുതന്നെ.
ഏതാണ്ട് അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും ഓക്‌സിജന്‍ സിലിണ്ടറിലെ ഓക്‌സിജന്‍ തീരാറായി...
യാത്രയിലെ സഹായിയായ ഷേര്‍പ്പ തിരിച്ചുപോരാനും നിര്‍ബന്ധിച്ചു. ജീവന്‍ അപകടത്തിലായതിനാല്‍ ഈ പരിപാടി അവസാനിപ്പിക്കൂ എന്ന് ഇണങ്ങിയും പിണങ്ങിയും പറഞ്ഞു... പക്ഷേ, അരുണിമയ്ക്ക് ലക്ഷ്യസ്ഥാനത്തെത്താതെ തിരിച്ചുപോകാനും പറ്റില്ല, മരണം തൊട്ടടുത്തു പതിയിരിക്കുന്ന അവസ്ഥയിലായിട്ടുപോലും.
അവള്‍ സധൈര്യം മുന്നോട്ടുതന്നെ പോയി. അങ്ങനെ മേയ് 23 സമയം 10.55 ന് എവറസ്റ്റിന്റെ നെറുകയില്‍ അവള്‍ നിന്നു. കൈയില്‍ രണ്ടു ക്യാമറകള്‍ കരുതിയിരുന്നു. ഒരു മുന്‍കരുതല്‍പോലെ ഷേര്‍പ്പയുടെ കൈയില്‍ ക്യാമറകൊടുത്ത് ഫോട്ടോയും വീഡിയോയും എടുക്കാന്‍ പറഞ്ഞു. ഷേര്‍പ്പയ്ക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഓക്‌സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ, അരുണിമ സമ്മതിക്കുന്നില്ല. ഫോട്ടോയും വീഡിയോടും എടുക്കാതെ തിരിച്ചുപോവില്ല. ഞാന്‍ മരിച്ചാലും ലോകമിതറിയണം. യുവജനത ഇതില്‍നിന്നു പ്രചോദനമുള്‍ക്കൊള്ളണം.
ചില തീരുമാനങ്ങള്‍ തനിയെ എടുക്കണം. നടപ്പാക്കണം. അതിനാരും തുണയുണ്ടാവില്ല. അവള്‍ക്കറിയാമായിരുന്നു. അവസാനം ദേശീയപതാക കെട്ടിപ്പിടിച്ചു നില്‍ക്കുന്ന അരുണിമയുടെ ഫോട്ടോയും വീഡിയോയും അദ്ദേഹം എടുത്തു.
തിരിച്ചിറക്കവും ഒട്ടും സുഗമമായിരുന്നില്ല. കൃത്രിമക്കാല്‍ പലപ്പോഴും അനുസരണക്കേടു കാണിച്ചു. നേര്‍ത്തുവന്ന ഓക്‌സിജന്റെ അളവ് ശരീരത്തെ ബാധിച്ചുതുടങ്ങി.
റെയില്‍വേ ട്രാക്കില്‍നിന്നു  പിടിച്ചുയര്‍ത്തിയ സ്രഷ്ടാവിന് തന്നെക്കുറിച്ചു വലിയ പദ്ധതിയുണ്ട് എന്നവള്‍ക്കറിയാമായിരുന്നു. തന്റെ വലിയ ഇച്ഛാശക്തിക്കു പ്രപഞ്ചം കൂട്ടായി വരുമെന്നവള്‍ കരുതി.
വലിയ ഒരു അദ്ഭുതം അവിടെയും സംഭവിച്ചു. ഒരു ബ്രിട്ടീഷ് പര്‍വതാരോഹകന്‍ തന്റെ രണ്ട് ഓക്‌സിജന്‍ സിലിണ്ടറില്‍ ഒന്ന് അവള്‍ക്കു നല്‍കി.
ചില സന്ദര്‍ഭങ്ങളില്‍ കൃത്രിമക്കാല്‍ തെന്നിമാറി. വേദന സഹിച്ചും രക്തം ചിന്തിയും ഇരുന്നുനിരങ്ങിയും ഒരു കൈകൊണ്ട് കയറില്‍ത്തൂങ്ങി മറുകൈകൊണ്ട് കാലില്‍ പിടിച്ചുമൊക്കെ വളരെ കഷ്ടപ്പെട്ട് അരുണിമ ബേസ് ക്യാമ്പില്‍ എത്തി. തിരിച്ചിറങ്ങിയത് പുതിയ ഒരു ലോകത്തേക്കായിരുന്നു. തുടര്‍ന്ന്‌വീണ്ടും പര്‍വതങ്ങളും കൊടുമുടികളും തേടിപ്പോയി... Kili manjaro (Africa), Elbrus (Europe), Kos-ciuszko (Australia), Aconcagua-(Argentina), Carstesz Pyramid (Indonesia), Mount Vinson (Antartica)  തുടങ്ങിയ കൊടുമുടികള്‍ അവള്‍ കീഴടക്കി.
2015 ല്‍ പദ്മശ്രീ അവാര്‍ഡു നല്‍കി രാഷ്ട്രം അവളെ ആദരിച്ചു. ഫസ്റ്റ് ലേഡി അവാര്‍ഡ്, മലാല അവാര്‍ഡ്, റാണി ലക്ഷ്മിഭായി അവാര്‍ഡ് തുടങ്ങി അനേകം അംഗീകാരങ്ങള്‍ അവളെ തേടിയെത്തി.
അതിജീവനത്തിന്റെ സന്ദേശമായി അരുണിമ ഇന്നും പ്രവര്‍ത്തിക്കുന്നു. ജീവിതത്തില്‍ കുറവിന്റെ വേദനകള്‍ അനുഭവിക്കുന്നവര്‍ക്കു നിറവിന്റെ വഴികളാണവള്‍ കാണിച്ചുകൊടുക്കുന്നത്. ശരീരത്തിന്റെ അംഗവൈകല്യങ്ങളെ നമുക്കതിജീവിക്കാം. മനസ്സിനെ ശക്തമാക്കി വയ്ക്കണം... ജീവിതത്തിന്റെ യുദ്ധങ്ങളില്‍ വിജയിക്കുന്നവര്‍ അതിശക്തന്മാരോ വേഗമേറിയവരോ അല്ല; തനിക്കു 'സാധിക്കും' എന്നു കരുതുന്നവരാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)