എണ്ണത്തിന്റെ വലിപ്പം പറഞ്ഞ് 44 നദികളുണ്ടെന്ന് മലയാളിക്കഭിമാനിക്കാമെങ്കിലും അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു നദിപോലും നമുക്കില്ല; വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ എല്ലാ നദികളും ചേര്‍ത്തുവച്ചാല്‍ ആ നിലയിലുള്ള രണ്ടു നദികള്‍ മാത്രമായി ചുരുങ്ങും എന്നതാണവസ്ഥ. അതുകൊണ്ട് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന പ്രധാന സ്രോതസ്സെന്ന നിലയില്‍ നമ്മുടെ നദികള്‍ മലിനീകരണമുക്തമാക്കി സംരക്ഷിക്കപ്പെടേണ്ടതാണ്.
നീലാകാശംപോലെ പരന്നുകിടക്കുന്ന സാഗരത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും ആധുനികമനുഷ്യന്റെ നെഞ്ചിലെ തിരയിളക്കം തീരുന്നില്ല. സാമുവല്‍ ടെയ്‌ലര്‍ കോള്‍റിഡ്ജിന്റെ പ്രശസ്തമായ വരികള്‍ ഓര്‍മയില്‍ നിറയുകയാണ്: ണമലേൃ, ംമലേൃ ല്‌ലൃ്യംവലൃല, ചീൃ മി്യ റൃീു ീേ റൃശിസ.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും വിലപ്പിടിപ്പുള്ളതായി ശാസ്ത്രലോകം കരുതുന്ന വസ്തു എന്ന നിലയിലാണ് ജലത്തിന് 'ബ്‌ളൂ ഗോള്‍ഡ്' എന്ന പേരു നല്‍കിയിരിക്കുന്നത്. സ്വര്‍ണമില്ലെങ്കിലും മനുഷ്യജീവിതം സാധ്യമാണ്. എന്നാല്‍, ജലമില്ലെങ്കില്‍ ജീവനു തുടര്‍ച്ചയുണ്ടാവില്ല. അതുകൊണ്ടുതന്നെയാകണം ഈജിപ്തിലെ ഏറ്റവും വലിയ ബുദ്ധിമാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രകാരനും മുന്‍ലോകബാങ്ക് വൈസ് പ്രസിഡന്റുമായ ഇസ്മയില്‍ സെരാഗല്‍ഡ് 1995 ല്‍ നടത്തിയ ഒരു പ്രവചനം ലോകശ്രദ്ധയാകര്‍ഷിച്ചത്. അദ്ദേഹം അന്നു പറഞ്ഞത്, 'ഈ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ എണ്ണയ്ക്കുവേണ്ടിയുള്ളതാണെങ്കില്‍ വരും നൂറ്റാണ്ടിലേതു വെള്ളത്തിനുവേണ്ടിയുള്ളതാകും' എന്നാണ്. ഭാവിയില്‍ അങ്ങനെയൊരു യുദ്ധം ഉണ്ടാകാനിടയില്ല. കാരണം അത് എന്നേ തുടങ്ങിക്കഴിഞ്ഞു!!
ഇന്ത്യയിലെ അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞയും പരിസ്ഥിതിപ്രവര്‍ത്തികയുമായ ഡോ. വന്ദന ശിവ തന്റെ പ്രശസ്തമായ 'ജലയുദ്ധങ്ങള്‍' എന്ന പുസ്തകത്തില്‍ പങ്കുവയ്ക്കുന്ന ഒരനുഭവമുണ്ട്. ദില്ലിയില്‍നിന്ന്, ജയ്പൂരിലേക്കു നടത്തിയ ഒരു ട്രെയിന്‍യാത്രയില്‍ അവര്‍ക്കു ലഭിച്ചത്, അക്വാഫിന എന്ന ബ്രാന്‍ഡോടുകൂടിയ കുപ്പിവെള്ളമാണ്. വില കൊടുക്കേണ്ടി വന്നു അതിന്. എന്നാല്‍, ജയ്പൂരിലെ തെരുവുകളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച അവിടത്തെ സാധാരണക്കാരായ ആള്‍ക്കാര്‍ തണ്ണീര്‍പ്പന്തലൊരുക്കി മണ്‍കുടങ്ങളില്‍ സൗജന്യമായി വെള്ളം കൊടുക്കുന്നതാണ്. ജീവന്റെ നിലനില്പിനായി ജലസംഭരണം നടത്തി ആവശ്യക്കാര്‍ക്കു പകര്‍ന്നു നല്കുന്ന ഒരു ജലസംസ്‌കാരം. മറ്റൊരിടത്ത് ജലത്തെ ഒരു ചരക്കായിക്കണ്ട് കച്ചവടത്തിനായി ഉപയോഗിക്കുന്നു. രണ്ടാമതു പറഞ്ഞ ജലസംസ്‌കാരത്തിനുവേണ്ടി രാജ്യങ്ങളും കോര്‍പ്പറേറ്റുകളും പിടിമുറുക്കുന്ന ഭീകരതയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്.
വ്യക്തികള്‍ തമ്മില്‍ പൈപ്പിന്‍ചുവട്ടിലും സംസ്ഥാനങ്ങളും രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയമായും ജലത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കാവേരി ജലതര്‍ക്കവും മുല്ലപ്പെരിയാര്‍ ജലതര്‍ക്കവും ഇനിയും പെയ്തുതോരുന്നില്ല. ഇറാനും ഇറാക്കും സിറിയയും പാലസ്തീനും ആഫ്രിക്കന്‍ രാജ്യങ്ങളും എന്നുവേണ്ട ലോകത്തെ അമ്പതിലധികം രാജ്യങ്ങളില്‍ നടക്കുന്ന രാഷ്ട്രീയയുദ്ധങ്ങള്‍ക്കു പിന്നിലെ പറയുന്നതും പറയപ്പെടാത്തതുമായ കാരണങ്ങളില്‍ പ്രധാനം, നദീതടങ്ങളാല്‍ സമ്പന്നമായ ഭൂപ്രദേശങ്ങള്‍ സ്വന്തമാക്കുക എന്നതു തന്നെയാണ്. മതത്തിന്റെയും വര്‍ഗീയതയുടെയും പരിവേഷങ്ങള്‍ ചാര്‍ത്തുന്നുവെന്നു മാത്രം.
യു.എന്‍. ഈയിടെ പുറത്തുവിട്ട കണക്കുപ്രകാരം ലോകജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം ഇപ്പോള്‍ത്തന്നെ ശുദ്ധവും സുരക്ഷിതവുമായ ജലത്തിന്റെ ദൗര്‍ലഭ്യം അനുഭവിക്കുന്നു. ലോകത്ത് ഒരു ദിവസം 30,000 ആളുകള്‍ ജലക്ഷാമംകൊണ്ട് മരിക്കുന്നുണ്ട്. ഓരോ മൂന്നു മിനിറ്റിലും അഞ്ചു വയസ്സിനു താഴെയുള്ള ഒരു കുഞ്ഞ് ജലജന്യരോഗങ്ങള്‍ക്കൊണ്ടു മരണപ്പെടുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം ഞെട്ടലുളവാക്കുന്നു. 2050 ആകുമ്പോഴേക്കും ലോകത്ത് 300 കോടി ആളുകള്‍ക്ക് ശുദ്ധജലം ലഭ്യമാകില്ല എന്ന ഗൗരവമായ പഠനനിരീക്ഷണത്തിനുമുന്നില്‍നിന്നുവേണം ഈ ആഗോളപ്രതിഭാസത്തെ നാം അഭിസംബോധന ചെയ്യാന്‍. വരുംതലമുറയിലെ കുഞ്ഞുങ്ങള്‍ കരഞ്ഞു വാശിപിടിക്കുന്നത് ചോക്ലേറ്റിനോ ഐസ്‌ക്രീമിനോ വേണ്ടിയായിരിക്കില്ല; പച്ചവെള്ളത്തിനുവേണ്ടിയായിരിക്കും.
കണക്കുകളനുസരിച്ച് ഇന്ത്യയിലെ വാര്‍ഷികപ്രതിശീര്‍ഷ ജലലഭ്യത 2001 ല്‍ 1820 ക്യൂബിക് മീറ്റര്‍ ആയിരുന്നു. 2011 ല്‍ അത് 1545 ആയും ഇപ്പോള്‍ 1486 ക്യൂബിക് മീറ്ററായും കുറഞ്ഞിട്ടുണ്ട്. 1100 ല്‍ കുറവാകുമ്പോള്‍ ഗുരുതരമായ അവസ്ഥാവിശേഷം സംജാതമാകും. പ്രതിശീര്‍ഷ ജലലഭ്യതയില്‍ ഇന്ത്യ 133-ാം സ്ഥാനത്താണ്.
ജലം എന്നത് ഒരു പ്രകൃതിവിഭവം എന്നതിനെക്കാള്‍ അതൊരു ജീവവ്യവസ്ഥയാണ്. അതിനാല്‍ ജലവുമായി ബന്ധപ്പെട്ട ഏതു കാര്യവും സൂക്ഷ്മതയോടെ ചെയ്യണം. എണ്ണത്തിന്റെ വലിപ്പം പറഞ്ഞ് 44 നദികളുണ്ട് എന്ന് മലയാളിക്കഭിമാനിക്കാമെങ്കിലും അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു നദിപോലും നമുക്കില്ല; വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ എല്ലാ നദികളും ചേര്‍ത്തുവച്ചാല്‍ ആ നിലയിലുള്ള രണ്ടു നദികള്‍ മാത്രമായി ചുരുങ്ങും എന്നതാണവസ്ഥ. അതുകൊണ്ട് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന പ്രധാന സ്രോതസ്സെന്ന നിലയില്‍ നമ്മുടെ നദികള്‍ മലിനീകരണമുക്തമാക്കി സംരക്ഷിക്കപ്പെടേണ്ടതാണ്. ജലത്തെ സ്വീകരിച്ച് സംഭരിക്കുന്ന വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പ്രാധാന്യം മറക്കരുത്. നഗരവത്കരണം, മരുവത്കരണം, വനനശീകരണം, കുഴല്‍ക്കിണറുകളുടെ വ്യാപകമായ ഉപയോഗം, അനധികൃതഖനനങ്ങള്‍, കാലാവസ്ഥാവ്യതിയാനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ശുദ്ധജലത്തിന്റെ അഭാവത്തിനും ജലദൗര്‍ലഭ്യത്തിനും കാരണമാകുന്നുണ്ട്. നാം വിശ്വസിച്ചുപയോഗിക്കുന്ന കുപ്പിവെള്ളത്തിലും ആവശ്യത്തില്‍ക്കൂടുതല്‍ വിഷമുണ്ടെന്ന കണ്ടെത്തലും വിസ്മരിക്കാനാവില്ല. ജലക്ഷാമമെന്ന പ്രശ്‌നത്തിന് അന്താരാഷ്ട്രപരിഹാരം കാത്തിരിക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇന്നുതന്നെ തുടങ്ങിവയ്ക്കാം. ഓരോ വ്യക്തിയും അവരവരുടെ ദൈനംദിനപ്രവൃത്തികളില്‍ ജലസുരക്ഷ മുന്‍നിര്‍ത്തിയുള്ള ഒരു ജീവിതശൈലി പരിശീലിക്കണം. ടാപ്പിലൂടെ ലഭ്യമാകുന്ന ജലം സൂക്ഷിച്ചുപയോഗിച്ചുകൊണ്ട് കഴിയുന്നത്ര സംവിധാനങ്ങളിലൂടെ മഴവെള്ളം സംഭരിച്ച്, മഴക്കുഴികള്‍ നിര്‍മിച്ച് ജലസംഭരണികളെ മലിനമാക്കാതെ ഒരു ജലസൗഹൃദപദ്ധതിക്ക് ഓരോരുത്തരും തുടക്കംകുറിക്കുക. ഇങ്ങനെ ഓരോ തുള്ളി ജലവും ചേര്‍ത്തുവച്ച് വരുംതലമുറയ്ക്കായി ഒരു സാഗരം തീര്‍ക്കുമെന്ന തീരുമാനമെടുക്കാം.
Little drops of water
make a mighty Ocean!