•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇപ്പോള്‍ ഒരു വിനോബാ ഭാവെ ഉണ്ടായിരുന്നെങ്കില്‍!

കേരളപ്പിറവിക്കുശേഷം അനേകം ഭൂപരിഷ്‌കരണനടപടികളും പട്ടയദാനമഹോത്സവങ്ങളും മിച്ചഭൂമിസമരങ്ങളും കണ്ടു. എന്നിട്ടും, സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഭവനപദ്ധതികളിലൊന്നും ഇടം നേടാതെ, പുറംപോക്കിലും പാലത്തിനടിയിലും പ്ലാസ്റ്റിക് ഷീറ്റുകള്‍ പാര്‍പ്പിടമാക്കി മാറ്റിയിട്ടുള്ളവരെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓര്‍ത്തുപോയി; കേരളത്തില്‍ ഇപ്പോള്‍ ഒരു വിനോബാ ഭാവെ ഉണ്ടായിരുന്നെങ്കില്‍!
വിനോബാ ഭാവെയെ ഓര്‍മയില്ലേ? 1895 സെപ്റ്റംബര്‍ 11 ന് മഹാരാഷ്ട്രയിലെ ഗാകോഡെ  വില്ലേജിലെ ഒരു ബ്രാഹ്‌മണകുടുംബത്തില്‍ ജനിച്ച വിനായക് നരഹരി ഭാവെ എന്ന വിനോബാ ഭാവെ. ഗാന്ധിജിയുടെ അരുമശിഷ്യനായിരുന്ന അദ്ദേഹമാണ്  ഭൂദാനപ്രസ്ഥാനം ആരംഭിച്ചത്. 1951 ഏപ്രില്‍ 18-ാം തീയതി പോച്ചംപള്ളി ഗ്രാമത്തിലെ, ഉടുതുണിക്കു മറുതുണിയില്ലാതിരുന്ന കുറെ ഹരിജനങ്ങള്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട്, തങ്ങളുടെ ഉപജീവനത്തിനായി ഒരു എണ്‍പതേക്കര്‍ ഭൂമി ദാനമായി നല്‍കണമെന്നപേക്ഷിച്ചു. പ്രസ്തുത ആവശ്യത്തിന്റെ അത്യന്താപേക്ഷികത തിരിച്ചറിഞ്ഞ അദ്ദേഹം തെലുങ്കാനയിലെ ഭൂപ്രഭുക്കന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. അദ്ദേഹത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒരു ജന്മി, അത്രയും ഭൂമി താന്‍ ഒറ്റയ്ക്കു ദാനം ചെയ്യാന്‍ തയ്യാറാണെന്നറിയിച്ചു. ഈ വലിയ പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു. 13 വര്‍ഷംകൊണ്ട് 58741 കി.മീ. കാല്‍നടയായി സഞ്ചരിച്ചപ്പോഴേക്കും അദ്ദേഹത്തിനു സൗജന്യമായി ലഭിച്ചത് 4.4 മില്യണ്‍ ഏക്കര്‍ ഭൂമിയാണ്. (ഒരു മില്യണ്‍ = 10,00,000) അതില്‍നിന്ന് 1.3. മില്യണ്‍ ഏക്കര്‍ കിടപ്പാടമില്ലാതിരുന്നവര്‍ക്കു വീതിച്ചു നല്‍കി. സര്‍വോദയപ്രസ്ഥാനത്തിന്റെ പടനായകനായിരുന്ന അദ്ദേഹത്തിന് മഗ്‌സാസെ അവാര്‍ഡ്, ഭാരതരത്‌ന എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
വിനോബാജിക്കു സമാഹരിക്കാന്‍ സാധിച്ചത്ര ഭൂമിയൊന്നും ലഭിച്ചില്ലെങ്കിലും, ഇന്ന് അദ്ദേഹത്തെപ്പോലുള്ള മറ്റൊരു വിനോബാജി ഇറങ്ങിത്തിരിച്ചാല്‍ ആ ശ്രമം പാഴ്‌വേലയാകില്ല.  കാരണങ്ങള്‍ പലതാണ്. 1950 കളിലെ വ്യവസ്ഥിതിക്കും മനുഷ്യരുടെ മനഃസ്ഥിതിക്കും ഒരുപാട് മാറ്റം വന്നിട്ടുണ്ട്. 1950 കളിലൊക്കെ ഭൂരിഭാഗം ജനങ്ങളുടെയും തൊഴില്‍ കൃഷിയായിരുന്നു. കൗമാരപ്രായത്തില്‍ത്തന്നെ കാര്‍ഷികവൃത്തിയിലേക്കിറങ്ങുന്നു. വ്യവസായികമേഖലയോ സേവനമേഖലയോ ഇന്നത്തേതുപോലെ വികസിച്ചിരുന്നില്ല. കുടുംബാസൂത്രണമൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ലാതിരുന്നതിനാല്‍ കര്‍ഷക/ കര്‍ഷകത്തൊഴിലാളികളുടെ ജനസംഖ്യ വളരെ കൂടുതലായിരുന്നു. പ്രാകൃതമായ കൃഷിരീതികളില്‍ക്കൂടി വലിയ ജനസംഖ്യയെ തീറ്റിപ്പോറ്റുന്നതിന് വളരെയേറെ ഭൂപ്രദേശം കൃഷി ചെയ്യേണ്ടിയിരുന്നു. ഇന്ന് ഹരിതവിപ്ലവത്തിലൂടെ ചുരുങ്ങിയ പ്രദേശത്തുനിന്നു കൂടുതല്‍ വിളവുത്പാദിപ്പിക്കാവുന്ന നൂതനസാങ്കേതികവിദ്യകള്‍ കണ്ടെത്തി.
ജനങ്ങളുടെ ദാനശീലത്തില്‍ ഗണ്യമായ മാറ്റമുണ്ടായി. സോഷ്യലിസ്റ്റാശയങ്ങളുടെ പ്രചാരണംകൊണ്ടും ആദ്ധ്യാത്മികപ്രഘോഷണങ്ങള്‍കൊണ്ടും മനുഷ്യരുടെ കാഴ്ചപ്പാടിനു തന്നെ മാറ്റം വന്നു. കുഷ്ഠരോഗമുണ്ടാകുന്നത് മുജ്ജന്മപാപം കൊണ്ടാണെന്നു വിശ്വസിച്ച് കുഷ്ഠരോഗികളെ കണ്ടാല്‍ കല്ലെറിയുന്ന മനോഭാവത്തിനു മാറ്റം വന്നു. വിദ്യാഭ്യാസംകൊണ്ടും സാങ്കേതികവളര്‍ച്ചകൊണ്ടും ഹൃദയവിശാലതയുണ്ടായി. പെരിന്തല്‍മണ്ണയില്‍ ങടഅ രോഗം ബാധിച്ച ആറുമാസം പ്രായമായ ഇര്‍ഫാന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കുവേണ്ടി കേവലം രണ്ടാഴ്ചകൊണ്ടു സമാഹരിച്ചത്  നാല്പത്തിയാറരക്കോടി രൂപയാണ്. (ചികിത്സ ലഭിക്കുന്നതിനുമുമ്പേ ആ കുഞ്ഞ് മരിച്ചുപോകുകയാണുണ്ടായത്.)
വ്യവസായമേഖലയിലും സേവനമേഖലയിലുമുണ്ടായ വളര്‍ച്ചനിമിത്തം വിദ്യാഭ്യാസം സിദ്ധിച്ച അനേകംപേര്‍ വിദേശത്തും സ്വദേശത്തും ആ മേഖലകളിലെ ജോലികളില്‍ വ്യാപൃതരായി. കാര്‍ഷികരംഗത്തുനിന്നുള്ള വരുമാനവുമായി താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര വരുമാനം പ്രസ്തുത മേഖലകളില്‍നിന്നു ലഭിച്ചപ്പോള്‍ അവരൊക്കെ കൃഷി ഉപേക്ഷിച്ചു. വരുമാനം വര്‍ദ്ധിച്ചപ്പോള്‍ ദാനശേഷിയിലും ദാനശീലത്തിലും മാറ്റംവന്നു. അവരുടെയൊക്കെ കൃഷിഭൂമികള്‍ ക്രമേണ തരിശുഭൂമികളായിത്തുടങ്ങി. പല കാരണങ്ങള്‍കൊണ്ടും കാര്‍ഷികവൃത്തി അനാകര്‍ഷകമായി മാറി. കൃഷി ലാഭകരമല്ലാതായി.
ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍പ്പിടമില്ലാത്തവര്‍ക്ക് ഒരു തുണ്ടു ഭൂമിക്കുവേണ്ടിയുള്ള അപേക്ഷയുമായി, ഇഹലോകവാസം വെടിഞ്ഞ മദര്‍ തെരേസയോ, അല്ലെങ്കില്‍ വഴിയച്ചന്‍ എന്ന പേരുചൊല്ലി വിളിച്ചിരുന്ന വിരുത്തിയില്‍ തോമസച്ചനോ ഒക്കെ ഇറങ്ങിത്തിരിച്ചിരുന്നെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമായിരുന്നു. വഴിയച്ചനെ ഓര്‍ക്കുന്നുണ്ടോ? കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1600 കി.മീ. നീളത്തില്‍ റോഡും കുറെ പാലങ്ങളുമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയത്. ഇന്നു ജീവിച്ചിരിക്കുന്ന സാമൂഹികപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പി.യു. തോമസിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. കോട്ടയം  ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റ് അദ്ദേഹമാണു സ്ഥാപിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെയും ജില്ലാ ആശുപത്രിയിലെയും മുഴുവന്‍ കിടപ്പുരോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും കഴിഞ്ഞ 30 വര്‍ഷത്തിലധികം മുടങ്ങാതെ സൗജന്യഭക്ഷണം നല്‍കുന്ന അദ്ദേഹം മാനസികരോഗികള്‍ക്കും ആലംബഹീനര്‍ക്കും അഭയകേന്ദ്രമാണ്.
കേരളത്തിന്റെ മുക്കിലും മൂലയിലും മനുഷ്യസ്‌നേഹികളായ അനേകം സാമൂഹികപ്രവര്‍ത്തകരുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു വിരമിച്ച പ്രഫ. എം.എസ്. സുനില്‍ (പേരുകേട്ടാല്‍ പുരുഷനെന്നു തോന്നാമെങ്കിലും സ്ത്രീയാണ്) ചുരുങ്ങിയ കാലംകൊണ്ട് പാര്‍പ്പിടമില്ലാത്ത 200 പേര്‍ക്കാണ് സൗജന്യമായി വീടു നിര്‍മിച്ചു നല്‍കിയത്. 650 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നല്ല സുരക്ഷിതത്വമുള്ള വീടുകള്‍ വെറും 35 ദിവസംകൊണ്ടാണ് ആ മഹതി നിര്‍മിച്ചുനല്‍കിയത്. ഇടുക്കി ശാന്തിനികേതന്‍ ആശ്രമത്തിലെ കപ്പുച്ചിന്‍ സന്ന്യാസസഭക്കാരനായ വൈദികന്‍, ഫാ. ജിജോ കുര്യന്‍ 300 മുതല്‍ 400 ചതുരശ്രയടി വരെയുള്ള വീടുകള്‍ ശരാശരി മൂന്നു ലക്ഷം രൂപ ചെലവിലാണു നിര്‍മിച്ചു സൗജന്യമായി നല്‍കുന്നത്. ഇരുമ്പുപൈപ്പും സിമന്റിഷ്ടികയും സിമന്റ് ഫൈബര്‍ ബോര്‍ഡും കഴുകിയെടുത്ത പഴയ ഓടും ഉപയോഗിച്ച് രണ്ടു മുറികളും അടുക്കളയും ഡൈനിംഗ് ഇടവും വരാന്തയും ടോയ്‌ലറ്റുമുള്ള വീടുകള്‍ വെറും 15 ദിവസംകൊണ്ടു പൂര്‍ത്തിയാക്കുന്നു. ഇരുപതംഗ ടീമാണ് വീടിന്റെ നിര്‍മാണം നടത്തുന്നത്. സുമനസ്സുകള്‍ നല്‍കുന്ന സംഭാവന മാത്രമാണ് ഇവരുടെയൊക്കെ വരുമാനസ്രോതസ്സ്. പി.യു. തോമസും പ്രഫ. എം.എസ്. സുനിലും ഫാ. ജിജോ കുര്യനുമൊന്നും ഡോക്ടറോ മനഃശാസ്ത്രജ്ഞനോ സാങ്കേതികവിദഗ്ധരോ ആത്മീയാചാര്യന്മാരോ അല്ല. കറ തീര്‍ന്ന മനുഷ്യസ്‌നേഹമല്ലാതെ മറ്റൊന്നുമല്ല അവരെയൊക്കെ നയിക്കുന്നത്.
മുകളില്‍ സൂചിപ്പിച്ചതുപോലുള്ള ഏതെങ്കിലുമൊരു മനുഷ്യസ്‌നേഹി മറ്റൊരു വിനോബാജിയുടെ വേഷമണിഞ്ഞാല്‍ കേരളത്തില്‍ കിടപ്പാടമില്ലാത്ത മുഴുവന്‍ പേര്‍ക്കും കിടപ്പാടം നിര്‍മിച്ചു നല്‍കാന്‍ ആവശ്യമുള്ളത്ര ഭൂമി സമാഹരിക്കാന്‍ കഴിയുമെന്നതു തീര്‍ച്ചയാണ്. മക്കള്‍ വിദേശത്തു ജോലിക്കു പോയതിനാല്‍ നോക്കെത്താ ദൂരത്തു പരന്നുകിടക്കുന്ന പറമ്പിനു നടുവില്‍ ഏകാന്തരായി കഴിയുന്ന മാതാപിതാക്കള്‍ക്ക് വിളിപ്പാടകലെ താമസിക്കുന്ന ഒരു പാവപ്പെട്ടവന്റെ വീടുണ്ടായിരിക്കുന്നത് എന്തുകൊണ്ടും സുരക്ഷയാണെന്നു മക്കളും മാതാപിതാക്കളും ചിന്തിക്കാതിരിക്കുമോ? മേല്‍സൂചിപ്പിച്ചതുപോലുള്ള വീടുകള്‍ 15 ദിവസംകൊണ്ടും 35 ദിവസംകൊണ്ടുമൊക്കെ നിര്‍മിക്കാന്‍ കഴിയും. അതിനുള്ള പണമൊക്കെ കേരളത്തിലെ സുമനസ്സുകള്‍ കണ്ടെത്തിക്കൊള്ളും. ജിജോയച്ചന് മേല്‍ക്കൂര നിര്‍മിക്കാന്‍ എത്ര ലക്ഷം പഴയ ഓടുകള്‍ നമ്മുടെ പരിസരങ്ങളിലുണ്ട്! വലിയ സാങ്കേതികവിദ്യ ആവശ്യമില്ലാത്ത ഇത്തരം നിര്‍മാണപ്രവൃത്തികള്‍ക്കു ശാരീരികാധ്വാനത്തിന്റെ പിന്തുണ നല്‍കാന്‍ തയ്യാറുള്ള എത്രയോ ചെറുപ്പക്കാരെ കണ്ടെത്താന്‍ കഴിയും!  
ഭൂമി വീതിച്ചു നല്‍കുമ്പോള്‍ പട്ടയമടക്കമുള്ള രേഖകള്‍ സഹിതം ഗുണഭോക്താവിനു നല്‍കണം. തീര്‍ച്ചയായും സ്റ്റാമ്പ്/ രജിസ്‌ട്രേഷന്‍ ഫീസ്/ ജി.എസ്.ടി. ഇവയൊന്നും ഈടാക്കാതിരിക്കുക. സര്‍ക്കാര്‍ ബഡ്ജറ്റിലോ സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലോ ഒന്നും ഈ ഭവനപദ്ധതിയെ ഉള്‍പ്പെടുത്താതിരിക്കുക. ഇപ്രകാരം വീടു കിട്ടുന്ന പാവപ്പെട്ട മനുഷ്യരെ വോട്ടു ബാങ്കും പാര്‍ട്ടിഗ്രാമക്കാരുമായി കാണാതിരിക്കാനുള്ള വിവേകം രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ കാണിക്കണം. തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് കരാറുകാര്‍ പറയാതിരിക്കില്ല. ഇന്നലെവരെയില്ലാതിരുന്ന തൊഴിലായിരുന്നുവെന്ന് അവര്‍ സമാധാനിക്കട്ടെ. തൊഴിലാളിയൂണിയന്‍ നേതാക്കന്മാരും അത്രമാത്രം ചിന്തിച്ചാല്‍ മതി. നന്നാകാനാണെങ്കിലും ഇതൊക്കെയാണു മാര്‍ഗം.
''നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)