ഒന്നാം പിണറായി സര്‍ക്കാരിന് ഒരേസമയം നേട്ടവും തലവേദനയുമായി മാറിയ ബൃഹത്പദ്ധതിയായ ലൈഫ് ഭവനപദ്ധതിയുടെ നിലവിലെ അവസ്ഥ തികച്ചും പരിതാപകരമാണ്. ഭവനരഹിതരില്ലാത്ത കേരളം ലക്ഷ്യമിട്ട് 2016 ല്‍ ആരംഭിച്ച ക്ഷേമപദ്ധതിയാണിത്. അഞ്ചു വര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനവും ലക്ഷ്യപ്രാപ്തിയും തമ്മില്‍ ഇനിയും ദൂരമേറെ. ഇതുവരെയുള്ള കണക്കുപ്രകാരം 2.63 ലക്ഷം വീടുകള്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. അതിനര്‍ത്ഥം 2.63 ലക്ഷം കുടുംബങ്ങള്‍ക്കു ഭവനമുണ്ടായി എന്നാണല്ലോ. ഏറെ അഭിനന്ദനാര്‍ഹമായ കാര്യം.
മിന്നുന്ന തിരഞ്ഞെടുപ്പുവിജയവുമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമതും ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി നൂറുദിനം പിന്നിട്ടുകഴിഞ്ഞു. ആദ്യപിണറായി സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയുടെ സ്ഥിതി വിലയിരുത്തപ്പെടുത്തുന്നത് ഈ സാഹചര്യത്തില്‍ക്കൂടിയാണ്. 8,94,906 അപേക്ഷകളാണ് ലൈഫ് പദ്ധതിയില്‍ പരിഗണനയ്ക്കുള്ളത്. അതിനര്‍ത്ഥം ഒമ്പതു ലക്ഷത്തോളം കുടുംബങ്ങള്‍, പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നുവെന്നാണ്. ആ അപേക്ഷകളിന്മേല്‍ പ്രാഥമികനടപടിപോലും സ്വീകരിച്ചിട്ടില്ല എന്നുവേണം കരുതാന്‍. അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷയ്ക്കു വകയില്ലാത്ത സ്ഥിതി. പാലങ്ങള്‍ക്കു ചുവട്ടിലും വെളിമ്പ്രദേശങ്ങളിലും മറ്റും കൂര കുത്തി, ഒട്ടും സുരക്ഷിതത്വമില്ലാതെ കഴിയുന്ന നിരാലംബരും പരമദരിദ്രരുമായ പതിനായിരക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷകള്‍ ഈ അപേക്ഷക്കൂമ്പാരത്തില്‍ കിടന്നു ശ്വാസംമുട്ടുന്നു. ഓരോ അപേക്ഷയിലും ഒട്ടനവധി മനുഷ്യജീവിതങ്ങള്‍ കുരുങ്ങിക്കിടക്കുന്നുണ്ടെന്ന് അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി മുഖ്യമന്ത്രിപദമേറ്റ അവസരത്തില്‍ ഉദ്യോഗസ്ഥരോടു പറഞ്ഞ പിണറായി വിജയന്‍തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള പദ്ധതിയുടെ അവസ്ഥയാണിത്. കൂട്ടുത്തരവാദിത്വത്തിനപ്പുറം വ്യക്തിപരമായ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടെന്നു സാരം.
രാഷ്ട്രീയഭേദമെന്യേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ പദ്ധതിയാണ് ലൈഫ് ഭവനപദ്ധതി. അഴിമതി-കോഴയാരോപണങ്ങള്‍ പിന്നീടു കടന്നുവന്നെങ്കിലും ഭരണ-പ്രതിപക്ഷഭേദമെന്യേ എം.എല്‍.എ.മാര്‍ ഏറെ പ്രാധാന്യത്തോടെ സമീപിച്ച പദ്ധതി. ഭവനരഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ പ്രാധാന്യവും സാമൂഹികമായ ആവശ്യകതയുമായിരുന്നു ലൈഫ്പദ്ധതിയുടെ സ്വീകാര്യതയ്ക്കു കാരണം.
സ്വന്തമായി ഒരു വീട് എന്നതു സ്വപ്നം കാണാന്‍പോലും ആവതില്ലാത്ത ലക്ഷക്കണക്കിനു കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് എന്നതു വസ്തുത. വാടകവീടുകളില്‍ കഴിയുന്നവര്‍ ജീവിതകാലമത്രയും അങ്ങനെതന്നെ തുടരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ഭൂമിക്കും നിര്‍മാണസാമഗ്രികള്‍ക്കും വില ഭീമമായി വര്‍ദ്ധിക്കുന്നതും കൂലിച്ചെലവ് അനിയന്ത്രിതമായി ഉയരുന്നതും അതിന് ആനുപാതികമായി വരുമാനം വര്‍ദ്ധിക്കാത്തതുമാണു കാരണം. വരുമാനത്തിന്റെ നല്ലൊരു പങ്ക് മാസാമാസം വാടകയായി നല്‍കേണ്ടിവരുന്നു. അങ്ങനെയുണ്ടാവുന്ന സാമ്പത്തികപ്രാരബ്ധങ്ങളെത്തുടര്‍ന്നു കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഉന്നതവിദ്യാഭ്യാസം നല്‍കാനോ മുതിര്‍ന്നവര്‍ക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കാനോ കഴിയാതാവുന്നു. കുടുംബങ്ങള്‍ എല്ലാക്കാലത്തും ഇല്ലായ്മയില്‍ തുടരുന്നു. അത്തരം പരാധീനതകളുടെ ചുഴിയില്‍നിന്ന് അവരെ കൈപിടിച്ചു കയറ്റാനുള്ള ഒരേയൊരു പോംവഴി സ്വന്തമായി ഒരു വീട് എന്നതു മാത്രമാണ്. അതിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനവും സാമൂഹികനീതിയും കുടുംബസുരക്ഷിതത്വവും സാധ്യമാകും. അതിനുള്ള മഹത്തായൊരു ഉദ്യമമായിരുന്നു ലൈഫ് പദ്ധതി.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീമമായ ചെലവുള്ള ക്ഷേമപദ്ധതിയാണിത്. അതുകൊണ്ടുതന്നെ കൊവിഡ്കാല പ്രതിസന്ധിയില്‍പ്പെട്ടു സാമ്പത്തികനില താറുമാറായ ഈ സാഹചര്യത്തില്‍ ആയിരക്കണക്കിനു കോടി രൂപ ചെലവു വരുന്ന ലൈഫ് പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഏറെ വിഷമകരമാണ്. അക്ഷരാര്‍ത്ഥത്തില്‍ വെന്റിലേറ്ററില്‍ ആയിരിക്കുന്നു ലൈഫ് പദ്ധതി. അത് ആരോഗ്യവും ആയുസ്സും വീണ്ടെടുക്കേണ്ടത് സ്വന്തമായി ഒരു വീട് ഇപ്പോഴും വിദൂരസ്വപ്നമായിത്തുടരുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ശോഭനജീവിതത്തിന് അത്യാന്താപേക്ഷിതമാണ്. പ്രതികൂലസാഹചര്യമാണെങ്കില്‍പ്പോലും, സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചു കാത്തിരിക്കുന്ന ജനലക്ഷങ്ങളെ ഗൗനിക്കാതിരിക്കുക ജനാധിപത്യസര്‍ക്കാരിനു ഭൂഷണമല്ലല്ലോ.
ലേഖനം
ലൈഫ് പദ്ധതി വെന്റിലേറ്ററിലോ?
