•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മിയാവാക്കി ഫോറസ്റ്റ്

മിയാവാക്കി എന്നു കേട്ടാല്‍ത്തന്നെ അറിയാം, ഈ നാട്ടുകാരനല്ല. ശരിയാണ്, നാടങ്ങ് ജപ്പാനിലാണ്. നല്ലൊരു സസ്യശാസ്ത്രജ്ഞനായിരുന്നു. മുഴുവന്‍ പേര് ഡോ. അകിരാ മിയാവാക്കി. ഇക്കഴിഞ്ഞ ജൂലൈ 16-ാം തീയതി 93-ാമത്തെ വയസ്സില്‍ ലോകത്തോടു വിട പറഞ്ഞു. വനവത്കരണത്തിനായി ഒരു നൂതനപദ്ധതി നടപ്പാക്കിയാണു മടക്കം. ലോകശ്രദ്ധയാകര്‍ഷിച്ച ഈ ബദല്‍ മാതൃക അദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നത്. മിയാവാക്കി ഫോറസ്റ്റ്.
ആഗോളതാപനത്തിനും ഭക്ഷ്യക്ഷാമത്തിനുമുള്ള ഒരു മറുപടിയാണ് മിയാവാക്കി ഫോറസ്റ്റ്. സ്വാഭാവികമായി ഒരു വനം രൂപപ്പെടാന്‍ 300 മുതല്‍ 500 വരെ വര്‍ഷങ്ങള്‍ എടുക്കും. മനുഷ്യപ്രയത്‌നത്തിലൂടെ കൃത്രിമവനങ്ങള്‍ രൂപപ്പെടുത്താന്‍ കുറഞ്ഞത് 20-30 വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കേ, വെറും അഞ്ചു മുതല്‍ പത്തുവരെ വര്‍ഷങ്ങള്‍കൊണ്ട് സ്വാഭാവികവനങ്ങള്‍ നിര്‍മിക്കാന്‍ കഴിയും എന്നതാണ് മിയാവാക്കി മോഡലിന്റെ പ്രത്യേകത. 1970 കളില്‍ ജപ്പാനില്‍ മിയാവാക്കി നടത്തിയ നിരന്തരഗവേഷണങ്ങളുടെയും നിതാന്തപരിശ്രമത്തിന്റെയും ഫലമാണ് മിയാവാക്കി ഫോറസ്റ്റ്. വിദേശസസ്യജാലങ്ങളെ ഒഴിവാക്കി പ്രാദേശികമായ തനതു സ്പീഷിസുകളെ പ്രത്യേകമാംവിധം മണ്ണൊരുക്കി നട്ടുവളര്‍ത്തുന്ന രീതിയാണ് 'മിയാവാക്കി മാതൃക'യില്‍ അവലംബിച്ചിരിക്കുന്നത്. ഒരു സെന്റ് സ്ഥലത്തുപോലും ഹ്രസ്വമായ കാലയളവിനുള്ളില്‍ ഒരു ചെറിയ വനം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുമെന്നതാണ് ഈ ബദല്‍ മാതൃകയുടെ പ്രത്യേകതയും മേന്മയും. ഗ്രാമങ്ങളില്‍ മാത്രമല്ല തിരക്കേറിയ പട്ടണങ്ങളിലും റോഡരികിലും വെളിമ്പ്രദേശത്തും ഫ്‌ളാറ്റുകള്‍ക്കു ചുറ്റിലും തീരപ്രദേശത്തുമൊക്കെ നിബിഡവനങ്ങളുടെ സാന്നിധ്യം കണ്ണുകള്‍ക്കു കൗതുകമാകുന്നു. മാത്രമല്ല, ഓക്‌സിജന്‍ ബൂത്തായും ഭക്ഷ്യസുരക്ഷാമാര്‍ഗമായും പ്രകൃതിക്ഷോഭപ്രതിരോധസംവിധാനമായുമൊക്കെ വ്യത്യസ്തസേവനങ്ങള്‍ മനുഷ്യര്‍ക്കു പകര്‍ന്നു നല്കുന്ന സുസ്ഥിര ആവാസവ്യവസ്ഥയായും മിയാവാക്കി വനങ്ങള്‍ മാറുന്നു എന്നതു ശ്രദ്ധേയമാണ്.
സ്വാഭാവികവനം രൂപപ്പെടുന്നതിന്റെ പത്തിരട്ടി വേഗത്തിലും മുപ്പതിരട്ടി നിബിഡതയാര്‍ന്നും വനവത്കരണം സാധ്യമാകുന്നു വെന്ന യാഥാര്‍ത്ഥ്യമറിഞ്ഞാണ്, ജപ്പാനിലെ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ ഇന്ന് ചൈന, മലേഷ്യ, ഇറ്റലി, ഇന്‍ഡ്യോനേഷ്യ, ഫ്രാന്‍സ്, ലണ്ടന്‍, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച് സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലും വിജയകരമായി പ്രാവര്‍ത്തികമാക്കിവരുന്നത്. പരിസ്ഥിതിമേഖലയിലെ മികച്ച സംഭാവനകള്‍ക്ക് ആഹൗല ജഹമി േജൃശ്വല നല്കി ലോകം മിയാവാക്കിനെ ആദരിച്ചു.
മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് 2018 ലാണ് കേരളത്തില്‍ ആദ്യമായി ഈ നൂതനവിദ്യ വിജയകരമായി   പ്രാവര്‍ത്തികമാക്കിയത്. അതിനു നേതൃത്വം കൊടുത്തത് ഇന്‍വിക് മള്‍ട്ടിമീഡിയ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍  എം.ആര്‍. ഹരി എന്ന പ്രകൃതിസ്‌നേഹിയാണ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് 12 കി.മീറ്ററിനുമപ്പുറം പുലിയാര്‍കോണമെന്ന സ്ഥലത്ത് വലിയ പാറമടകള്‍ക്കടുത്ത് പാറകളാല്‍ നിറഞ്ഞ രണ്ടര ഏക്കര്‍ സ്ഥലം വിലകൊടുത്തു വാങ്ങി അതിലെ മൂന്നു സെന്റില്‍ പരീക്ഷണാര്‍ത്ഥം മണ്ണൊരുക്കി, 460 സസ്യങ്ങള്‍ നട്ടു പരീക്ഷിച്ച മിയാവാക്കി മോഡല്‍ ഇന്ന് മൂന്നുവര്‍ഷങ്ങള്‍ക്കുമിപ്പുറം ആരെയും വശീകരിക്കുന്ന ഒരു ചെറുവനമായി രൂപപ്പെട്ടിരിക്കുന്നു. ഇതേ സ്ഥലത്ത് മൂന്നു സെന്റ് വീതം പത്തിടങ്ങളില്‍ ഈ വനവത്കരണം നടത്തുമ്പോള്‍, മൂന്നുവര്‍ഷംകൊണ്ട് മരങ്ങള്‍ക്ക് 30 അടി ഉയരവും 20 വര്‍ഷംകൊണ്ട് 100 വര്‍ഷം പഴക്കവും തോന്നിക്കുന്ന വനവത്കരണം എന്ന സ്വപ്നത്തിന്റെ ആവേശത്തിലാണ് അദ്ദേഹം.  എം.ആര്‍. ഹരിയോടൊപ്പം അദ്ദേഹം രൂപപ്പെടുത്തിയ പുലിയാര്‍കോണത്തിലെ വനത്തിനുള്ളിലൂടെ നടന്നപ്പോള്‍ ഞാനനുഭവിച്ചത് കാല്‍നൂറ്റാണ്ടുമുമ്പ് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണപദ്ധതിയുടെ ഭാഗമായി കേരളത്തിലെ നിത്യഹരിതവനങ്ങളിലൂടെ നടന്നപ്പോള്‍ അനുഭവിച്ച അതേ സുഖദമായ അവസ്ഥയാണ്. സസ്യവൈവിധ്യത്തോടൊപ്പം പക്ഷികളും തേനീച്ചകളും ശലഭങ്ങളും, അണ്ണാറക്കണ്ണന്മാരുമൊക്കെയടങ്ങുന്ന ജന്തുവൈവിധ്യത്തിന്റെ സമ്പന്നതയും ഈ കാട് അടയാളപ്പെടുത്തുന്നു. നടക്കുന്നതിനിടയില്‍, ഒരു സെന്റില്‍ 160 ഫലസസ്യങ്ങള്‍ നട്ടു രൂപപ്പെടുത്തുന്ന ഒരു പഴത്തോട്ടത്തിന്റെ മാതൃക വിവരിച്ച് ഒരു സ്വപ്നവും അദ്ദേഹം പങ്കിട്ടു; കേരളത്തില്‍ 10,000 പേര്‍ ഒരു സെന്റില്‍ ഇത്തരത്തില്‍ കൃഷി ചെയ്താല്‍ അഞ്ചു വര്‍ഷംകൊണ്ട് 100 ഏക്കര്‍ കാടുണ്ടാകും എന്ന കണക്ക്.
ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും കടച്ചില്‍ച്ചീളുമൊക്കെ ചേര്‍ത്ത് മണ്ണൊരുക്കി ഒരു സ്‌ക്വയര്‍ഫീറ്റില്‍ മൂന്നു സസ്യങ്ങള്‍ നട്ട് മൂന്നു വര്‍ഷം മാത്രം പരിചരണം ആവശ്യമുള്ള ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏതു സ്ഥലത്തും നമുക്കിഷ്ടപ്പെട്ട തരത്തിലൊരു വനം സൃഷ്ടിക്കുമ്പോള്‍ അതിന്റെ പ്രയോജനങ്ങള്‍ വാക്കുകള്‍ക്കും ചിന്തകള്‍ക്കുമതീതമാണ്. വരുംതലമുറകള്‍ക്കുവേണ്ടിയുള്ള പച്ചപ്പിന്റെ ഒരു കരുതലായി ഈ വനങ്ങള്‍ മാറുമെന്നതിനു സംശയമില്ല.
ശാശ്വതവും സുസ്ഥിരവുമായ ഈ ഹരിതസ്വപ്നത്തെ ഒരു സെന്റ് കൊടുത്ത് നെഞ്ചേറ്റുവാന്‍ ധൈര്യമുള്ള 1000 യുവജനങ്ങളെങ്കിലും ഈ കോട്ടയം ജില്ലയിലുണ്ടായാല്‍, 14 ജില്ലകളില്‍നിന്ന് 14000 സെന്റില്‍ ഭൂമുഖത്തുയരാന്‍ പോകുന്നത് വരുംനാളുകളിലെ അതിജീവനത്തിന്റെ ഏറ്റവും മഹത്തായ ഒരു മാതൃകയായിരിക്കും. അതായിരിക്കട്ടെ കേരളം മിയാവാക്കി എന്ന ദാര്‍ശനികനു നല്കുന്ന ആദരാഞ്ജലി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)