•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കഥയറിയാത്ത ചൊല്ലിയാട്ടങ്ങള്‍

  • നിയമങ്ങളെയും പൊതുമര്യാദകളെയുംകുറിച്ചു തീരെ ധാരണയും ജീവിതപരിചയവുമില്ലാത്ത കുട്ടികളും മുതിര്‍ന്നവരും സമൂഹമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെയും അപക്വസമീപനങ്ങളെയുംകുറിച്ച്:

നിയമം അറിയില്ലെന്നത് നിയമലംഘനത്തിനുള്ള ന്യായീകരണമായി ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ല. ഓരോ ഇന്ത്യക്കാരനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളും ഇന്ത്യന്‍നിയമങ്ങള്‍ അറിഞ്ഞിരിക്കാനും അവ അനുസരിക്കാനും ബാധ്യസ്ഥരാണ്.
കൊവിഡ് കാലത്തിനുമുമ്പ് യുവാക്കളായിരുന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നത്. ഇന്നു  സ്‌കൂള്‍കുട്ടികളാണധികം. നിയമങ്ങളെയും പൊതുമര്യാദകളെയുംകുറിച്ച് തീരെ ധാരണയില്ലാത്ത കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പലതും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍പ്പെടുന്നതാണ്. കലാപാഹ്വാനം, ഭീഷണി, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താനുള്ള ആഹ്വാനം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 153, 506, 117, 353 എന്നിവയുടെ പരിധിയില്‍ വരുന്നതരം വാചകങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതുവഴി നിയമത്തെക്കുറിച്ചു കുട്ടികളുടെ അപകടകരമായ അജ്ഞതയാണ് വ്യക്തമാകുന്നത്.
യുട്യൂബ് കമന്റുകള്‍, ഫേസ്ബുക് പോസ്റ്റുകള്‍, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്നിവയിലൊക്കെ കാണുന്ന അഭിപ്രായപ്രകടനങ്ങളിലുമുണ്ട് കുട്ടികളുടെ ശബ്ദം.
സ്‌കൂള്‍വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയില്‍ ആധുനികടെക്‌നോളജികള്‍ വരുത്തുന്ന മാറ്റം വ്യാപകമായി പഠനവിധേയമാക്കുന്നുണ്ട്. പൂര്‍ണമായും ആധുനികവത്കരിക്കപ്പെട്ട സമൂഹമാണിത്. എല്ലാ ആധുനികോപകരണങ്ങളും ചെറുപ്പംമുതല്‍ കൈകാര്യം ചെയ്യുന്ന കുട്ടികളുടെ ബുദ്ധിയും വികാസവും വിവിധ തലങ്ങളില്‍ നിരീക്ഷിച്ച് എത്തിച്ചേരുന്ന കണ്ടെത്തലുകള്‍ ഭാവിയിലെ ടെക്‌നോളജിയുമായി ബന്ധപ്പെട്ട നയങ്ങളിലും നിയമങ്ങളിലുംവരെ മാറ്റങ്ങള്‍ വരുത്തിയേക്കാം.
ഇന്റര്‍നെറ്റ് അഡിക്ഷന്‍
കേരളത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി പാഠപുസ്തകങ്ങളോടൊപ്പം വിജ്ഞാനസ്രോതസായി അംഗീകരിച്ചിരിക്കുന്ന മാധ്യമമാണ് ഇന്റര്‍നെറ്റ്. യൂട്യൂബ് വീഡിയോകള്‍, പഠനസഹായകരമായ ആപ്ലിക്കേഷനുകള്‍ എന്നിവവഴി അറിവിന്റെ വന്‍ശേഖരംതന്നെ ഇ-ലോകത്ത് ലഭ്യവുമാണ്.  ശാസ്ത്രീയമായ രീതിയില്‍ വളരെ വര്‍ഷത്തെ അധ്യാപനപരിചയമുള്ള അധ്യാപകര്‍ ഉള്‍പ്പെട്ട സമിതികള്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയാണ്  ടെക്സ്റ്റുബുക്കുകളുടെ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാകുന്നത്. അധ്യാപകന്‍ മുഖേന ഈ പുസ്തകം പഠിക്കുമ്പോള്‍ കേള്‍വി, ശ്രദ്ധ എന്നിവയിലൂടെ പഠിക്കാനും ഓര്‍മിക്കാനുമുള്ള കഴിവുണ്ടാകുന്നു.
പുസ്തകങ്ങളും നോട്ടുബുക്കുകളും പേനയും അധ്യാപകരും ബോര്‍ഡും ക്ലാസ്മുറികളും ഉള്‍പ്പെട്ട പഠനസമ്പ്രദായത്തോടൊപ്പം പുതിയ മാര്‍ഗങ്ങളും എന്ന രീതിയാണ് ആരോഗ്യകരമായ പഠനത്തിനും ബുദ്ധിവളര്‍ച്ചയ്ക്കും അഭിലഷണീയം. കുറച്ച് ആശയങ്ങള്‍ പഠിച്ച് ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്നതു മാത്രമല്ല, ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ തുടര്‍പ്രക്രിയയാണ് വിദ്യാഭ്യാസം എന്ന തിരിച്ചറിവ് അതിപ്രധാനമാണ്.
വ്യക്തിപരമായ വിഷയങ്ങളെ സാമൂഹികവിഷയങ്ങളായി തെറ്റിദ്ധരിക്കുകയും ഭരണ-നിയമസംവിധാനങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ അപക്വമായി പ്രതികരിക്കുകയും ചെയ്ത ഉദാഹരണങ്ങള്‍ അടുത്ത കാലത്ത് പൊതുശ്രദ്ധയില്‍ നിറഞ്ഞിരുന്നു. ഇത്തരം അപക്വത ഉടലെടുക്കുന്നത് യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ള അറിവില്ലാത്തതിനാലാണ്. സ്വതന്ത്രമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കേവലപ്രായപരിധി പതിമ്മൂന്നു വയസാണെന്നതും പ്രധാന വസ്തുതയാണ്. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലല്ലാതെ എല്ലാത്തരത്തിലും പ്രായത്തിലുമുള്ള ആളുകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ജീവിതപരിചയമില്ലാത്ത കുട്ടികള്‍ ഇടപെടുന്നതും ചിന്തിക്കുന്നതും അവരെ ദോഷകരമായി ബാധിച്ചേക്കാം. മനഃശാസ്ത്രജ്ഞരും അധ്യാപകരും എല്ലായ്‌പോഴും ഓര്‍മിപ്പിക്കുന്ന വസ്തുതകളാണിത്.  പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍കൂടി വന്നതോടെ വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സാധ്യതകളെയും ദോഷങ്ങളെയുംകുറിച്ച് തുടര്‍ച്ചയായി ബോധവത്കരിച്ചേ മതിയാകൂ എന്നാണ്. പ്രകോപനപരമായ പരാമര്‍ശങ്ങളില്‍നിന്നും അതിവൈകാരികപ്രകടനങ്ങളില്‍നിന്നും ഒഴിവായി, ആരോഗ്യകരമായ രീതിയില്‍ ഇന്റര്‍നെറ്റ് സ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ പതിമ്മൂന്നു വയസ്സുള്ള ഒരു കുട്ടി സ്വയം പക്വത പ്രകടിപ്പിക്കേണ്ട കാലമാണിത്. ഫോണും കമ്പ്യൂട്ടറും സമയബന്ധിതമായി ഉപയോഗിച്ച് മാതൃക കാണിക്കാന്‍ മുതിര്‍ന്നവര്‍ക്കു സാധ്യമാകാത്തിടത്തോളം 'ടെക്‌നോളജി അഡിക്ട്' ആകുന്ന കുട്ടികളെ ബോധവത്കരിക്കുക ക്ലേശകരമാണ്.
മറ്റൊന്ന്, രക്ഷിതാക്കള്‍തന്നെ സമൂഹമാധ്യമങ്ങളിലെ അപക്വമായ വിനോദങ്ങളില്‍ ഉള്‍പ്പെടുന്നതും അതിലേക്കു കുട്ടികളുടെ ശ്രദ്ധ വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നതുമാണ്.  ശ്രദ്ധപിടിച്ചുപറ്റാനും പണമുണ്ടാക്കാനും ഇത്തരം വേദികളില്‍ കുട്ടികളെ അവതരിപ്പിക്കുമ്പോള്‍ അവരില്‍ യഥാര്‍ത്ഥ സമൂഹത്തെക്കുറിച്ചു തെറ്റായ ധാരണ നല്‍കുകയാണ്. ഇത്തരം കാര്യങ്ങളില്‍ മുഴുകുന്ന കുട്ടികള്‍ ക്രമേണ സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാന്‍ തുടങ്ങുന്നു. എങ്ങനെയും ശ്രദ്ധ പിടിച്ചുപറ്റുക യെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
കുട്ടികളുടെ അവകാശലംഘനമാണ് ഇത്തരം പ്രവൃത്തികളിലൂടെ നടക്കുന്നത്. സ്വന്തമായി അക്കൗണ്ട് എടുക്കാന്‍ പതിമ്മൂന്നു വയസ് എങ്കിലും വേണമെന്നിരിക്കേ, കുട്ടികളെ സമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവരില്‍ രക്ഷിതാക്കള്‍ത്തന്നെയാണു മുന്നില്‍. കുട്ടികള്‍ക്കു തങ്ങള്‍ പ്രദര്‍ശനവസ്തു ആക്കപ്പെടുകയാണ് എന്ന ബോധ്യംപോലും ഇല്ലാത്ത പ്രായത്തില്‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും ലംഘിക്കപ്പെടുകയാണ്. ശക്തമായ സൈബര്‍നിയമങ്ങളുടെ അഭാവവും അതോടൊപ്പം ഇന്റര്‍നെറ്റും അനുബന്ധമാധ്യമങ്ങളും പക്വതയില്ലാതെ ഉപയോഗിക്കുന്ന രക്ഷിതാക്കളുംതന്നെയാണ് ഇത്തരം ബാലാവകാശലംഘനങ്ങള്‍ക്കു കാരണമാകുന്നത്.
മോട്ടോര്‍വാഹനനിയമപ്രകാരം നിയമലംഘനങ്ങള്‍ക്ക് കേരള പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികള്‍ക്ക് അനുകൂലമായി രംഗത്തു വന്നവരില്‍ ഭൂരിഭാഗവും പതിനെട്ടു വയസ്സു പൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു. മോട്ടോര്‍വാഹനവകുപ്പിനെയും പോലീസിനെയും അധിക്ഷേപിക്കുന്ന തരത്തിലും കലാപാഹ്വാനവുംവരെ എത്തിയപ്പോള്‍ പോലീസധികാരികള്‍ തന്നെ രംഗത്തുവരേണ്ടിവന്നു എന്നതില്‍നിന്നു മനസ്സിലാക്കാം സാഹചര്യത്തിന്റെ ഗൗരവം.
സമൂഹമാധ്യമങ്ങളുടെ ദുര്‍വിനിയോഗത്തില്‍നിന്നു പൊട്ടിപ്പുറപ്പെട്ട അപക്വതയും നിലവാരത്തകര്‍ച്ചയും സമൂഹത്തിലേക്കും തലമുറകളിലേക്കും വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. പ്രസ്തുത സംഭവത്തില്‍ അനുകൂലിച്ചു പ്രത്യക്ഷപ്പെട്ട കുട്ടികളുപയോഗിച്ച ഭാഷയും അവര്‍ പ്രകടിപ്പിച്ച സംസ്‌കാരവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണെന്നതും അവര്‍ കാണുന്ന ലോകത്തിനുമപ്പുറമാണ് യഥാര്‍ത്ഥ ലോകമെന്നും, അവിടെ സമൂഹമാധ്യമത്തിലെ 'ഫാന്‍സ്' ഒന്നും യഥാര്‍ത്ഥത്തില്‍ അസ്തിത്വമുള്ള ഘടകങ്ങളല്ലെന്നും ബോധ്യപ്പെട്ടാല്‍ മാത്രമേ കുട്ടികളുള്‍പ്പെടുന്ന ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയൂ.
നോമൊഫോബിയ
വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുമ്പോള്‍ ബുദ്ധിവളര്‍ച്ച മുരടിക്കുക മാത്രമല്ല, പെരുമാറ്റ വൈകല്യങ്ങളും സംഭവിക്കുന്നു. പലപ്പോഴും ചുറ്റുപാടും മറന്നു ഗെയിമിലോ ഇന്റര്‍നെറ്റ് വിനോദങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇത്തരം വൈകല്യങ്ങള്‍ വളരാന്‍ സാധ്യത ഏറെയാണ്.
ഇന്നു വളരെയധികം ആളുകള്‍ 'നോമൊഫോബിയ' എന്ന ഓമനപ്പേരില്‍ വിളിക്കുന്ന 'മൊബൈല്‍ ഫോണില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള പേടി'  അനുഭവിക്കുന്നവരാണ്. ഫോണ്‍ അടുത്തില്ലെങ്കില്‍ അസ്വസ്ഥത തോന്നുന്നവര്‍ ഇത്തരം വൈകല്യങ്ങളുടെ ലക്ഷണമായി ആ അസ്വസ്ഥതയെ മനസ്സിലാക്കി പരിഹാരം കാണേണ്ടത് അനിവാര്യമാണ്.
മൊബൈല്‍ ആപ്പുകള്‍ വഴി പണം നഷ്ടമായ അനേകം കേസുകള്‍ പോലീസും കോടതിയും കൈകാര്യം ചെയ്യുന്നുണ്ട്. അതിനു കാരണം ഓണ്‍ലൈന്‍ ബാങ്കിങ്ങും മറ്റും മുതിര്‍ന്നവര്‍പോലും സുരക്ഷിതമായി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുന്നു എന്നതാണ്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ സമൂഹത്തിലെ എല്ലാത്തലത്തിലുമുള്ള ആളുകളുണ്ട്. പല കേസുകളിലും അന്വേഷണമെത്തുന്നത് കുട്ടികളിലേക്കാണ്. ഓണ്‍ലൈന്‍ ക്ലാസുകളുടെ സൗജന്യത്തില്‍ കിട്ടുന്ന സമയം ഗെയിമിങ്, ട്രേഡിങ് എന്നിവയില്‍ ഇടപെട്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്ന് അനേകം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഫോണില്‍ ചൈല്‍ഡ് ലോക്ക് നിര്‍ബന്ധമാക്കുകയാണ് ഇതിനു പരിഹാരം. സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളില്‍നിന്നും സൈറ്റുകളില്‍നിന്നും ഇതുവഴി കുട്ടികള്‍ സുരക്ഷിതരായിരിക്കും.
നിയന്ത്രണം നഷ്ടമാകുമ്പോളാണ് ആധുനികോപകരണങ്ങള്‍ എത്രയേറെ അപകടകരമാണെന്ന് നാം തിരിച്ചറിയുക. സമൂഹമാധ്യമത്തില്‍ നടത്തിയ ഒരു പ്രസ്താവനയോ, പങ്കുവച്ച ഒരു ചിത്രമോ എന്തിന്, വെറുതെ വിനോദത്തിനായി എടുത്ത ഒരു സ്വകാര്യചിത്രംപോലുമോ നാളെ രൂപവും ഭാവവും മാറി സമൂഹത്തില്‍ അപകീര്‍ത്തി പരത്തുംവിധം പ്രചരിച്ചേക്കാം.
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൂടിവരുന്ന കാലമാണിത്. പഠനങ്ങളും നിയമനിര്‍മാണവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ദുഃഖകരമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)