സുറിയാനിപൈതൃകത്തിന്റെ ഉര്‍വരമായ മീനച്ചില്‍ താലൂക്കിലെ കട്ടക്കയം തറവാട്ടിലെ അസ്തമിക്കാത്ത സൂര്യനാണ് ഭാഗ്യസ്മരണാര്‍ഹനായ വലിയ ചാണ്ടിയച്ചന്‍ (1828 - 1909). അതിസമര്‍ത്ഥരായ കത്തനാര്‍മാരുടെ പിതൃഗൃഹമാണ് കട്ടക്കയം. പ്രതിഭകളുടെ സംഗമവേദിയാണത്. ആഴത്തില്‍ വേരുകളുള്ള വൃക്ഷങ്ങളേ ഉയരത്തില്‍ വളര്‍ന്നു ശാഖകള്‍ വിടര്‍ത്തി പന്തലിക്കുകയുള്ളൂ. കട്ടക്കയം കത്തനാര്‍മാരുടെ ഔന്നിത്യം എളുപ്പത്തില്‍ അളക്കാനുള്ള വാരക്കോല്‍ നമ്മുടെ പക്കല്‍ കാണില്ല. വലിയ ചാണ്ടിയച്ചന്‍ കേവലം ഒരു വ്യക്തിയല്ല, ഒരു 'ദിശാബോധ'മാണ്. വണ്ണംകൊണ്ടും പൊക്കംകൊണ്ടും ബുദ്ധികൊണ്ടും വലിയ ആള്‍തന്നെയായിരുന്നു. ഗാംഭീര്യവും ലാവണ്യവും തിളങ്ങുന്ന മുഖഭാവം അദ്ദേഹം നയിച്ച മൂല്യാധിഷ്ഠിത ജീവിതത്തിന്റെ മികവാണു വ്യക്തമാക്കുന്നത്.
ഭക്തരായ മാതാപിതാക്കളും ശക്തരായ കത്തനാര്‍മാരും ചാണ്ടിക്കുഞ്ഞിനു വളരാനുള്ള വളക്കൂറുള്ള മണ്ണായിരുന്നു. തമിഴ്ഭാഷയില്‍ അസാധാരണപാണ്ഡിത്യം നേടിയ മാത്തുക്കത്തനാരുടെ പക്കല്‍നിന്നു തമിഴും, സുറിയാനിഭാഷയുടെ മറുകരകണ്ട ഇട്ടിമാത്തന്‍ കത്തനാരില്‍നിന്നു സുറിയാനിയും കരസ്ഥമാക്കി. ഈ ഭാഷകളില്‍ വ്യുത്പത്തി നേടിയപ്പോള്‍ത്തന്നെ ചാണ്ടിക്കുഞ്ഞ് എല്ലാവരുടെയും ശ്രദ്ധാവിഷയമായി. പാലാ, മാന്നാനം സെമിനാരികളില്‍ വൈദികപരിശീലനം നേടിയ ചാണ്ടിശ്ശെമ്മാശ്ശന്‍ 1845 ല്‍ ലുദ്‌വിക്കോസ് മെത്രാനില്‍നിന്ന് ആസ്ഥപ്പാടുപട്ടവും 1851 ല്‍ അഞ്ചാം പട്ടവും 1853 ല്‍ കശീശാപ്പട്ടവും സ്വീകരിച്ചു. 1853 മാര്‍ച്ച് 17-ാം തീയതി പാലാപ്പള്ളിയില്‍ പുത്തന്‍ കുര്‍ബാന അര്‍പ്പിച്ചു.
മാന്നാനം കൊവേന്തയില്‍
പഠിപ്പിച്ചവരോ കുടുംബാംഗങ്ങളോ ആരും ചിന്തിക്കാത്ത ഒരു വഴിയിലേക്ക് കൊച്ചച്ചന്‍ മാറി മാന്നാനം ആശ്രമത്തില്‍ ചേര്‍ന്നു. മാന്നാനം കൊവേന്തയില്‍ ആദ്യം പറഞ്ഞൊപ്പു നടത്തിയ പതിനൊന്നുപേരില്‍ ഒരാളായിരുന്നു ചാണ്ടിയച്ചന്‍. അമ്മാവന്മാരായ മാത്തുക്കത്തനാരും ഇട്ടിമാത്തന്‍ കത്തനാരും അദ്ഭുതപ്പെട്ടു. ഈ മാറ്റത്തിലൂടെ സംഭവബഹുലമായ ഒരു ജീവിതത്തിലേക്ക് അദ്ദേഹം മാറുകയായിരുന്നു.
ചാണ്ടിയച്ചന്റെ കഴിവുകള്‍ മനസ്സിലാക്കിയ വരാപ്പുഴയിലെ ബര്‍ണര്‍ദീനോസ് മെത്രാന്‍ വൈദികവിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും മെത്രാസനപ്പള്ളിയിലെ പ്രസംഗകനായും നിയമിച്ചു. മാന്നാനത്തിനുവേണ്ടിയുള്ള നിയമാവലിയും പിതാവ് അച്ചനെ ഏല്പിച്ചു. 1855 ല്‍ മാന്നാനത്തിനു തിരികെ വന്ന് ധ്യാന (ജ്ഞാന) പ്രസംഗടീമിന്റെ നേതാവായി.
ചാണ്ടിയച്ചന്‍ 1865 ല്‍ കൂനമ്മാവിലേക്കു പോയി. അവിടെയാണ് കുര്യാക്കോസ് ചാവറയച്ചനും ലയോപോള്‍ഡച്ചനും താമസിച്ചിരുന്നത്. ഈ സഹവാസം ചാണ്ടിയച്ചന്റെ ജീവിതത്തെ കൂടുതല്‍ ധന്യമാക്കി. കൂനമ്മാവ്, മുത്തോലി ആശ്രമങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വവിധേനയും ചാണ്ടിയച്ചന്‍ സഹായിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചു.
ഏലിയാസ് മേലൂസ് മെത്രാന്‍ കേരളത്തില്‍
1874 ഒക്‌ടോബര്‍ രണ്ടിന് മാര്‍ ഏലിയാസ് മേലൂസ് കേരളത്തിലെത്തി. ഇത് പരിശുദ്ധ സിംഹാസനത്തിന്റെ അറിവോടെയായിരുന്നില്ല. തൃശൂരുകാര്‍ മേലൂസിന് ആവേശപൂര്‍വമായ സ്വീകരണം നല്‍കി. ഇതിനുമുമ്പ് 1861 മെയ് ഒമ്പതിന് കേരളത്തിലെത്തിയ കല്‍ദായ കത്തോലിക്ക മെത്രാനായിരുന്നു മാര്‍ റോക്കോസ് (മാര്‍ തോമ്മ). തദവസരത്തില്‍ ചാവറയച്ചന്‍ വരാപ്പുഴ വികാരി ജനറാള്‍ ആയിരുന്നു. അനധികൃതമായിട്ടായിരുന്നു റോക്കോസ് എത്തിയതെന്ന് റോമില്‍നിന്ന് അറിയിപ്പു കിട്ടി. 1861 സെപ്റ്റംബര്‍ ഏഴിന് പാത്രിയാര്‍ക്കീസ്, റോക്കോസിനെ തിരികെ വിളിച്ചു. തനതായ മെത്രാനെ കിട്ടാനുള്ള ആഗ്രഹം റോക്കോസ് നസ്രാണികളുടെ ഇടയില്‍ വളര്‍ത്തി.
മാര്‍ റോക്കോസിനെ എതിര്‍ത്തതുപോലെ മേലൂസിനെതിരായും പ്രസംഗിക്കാന്‍ ചാണ്ടിയച്ചന്‍ ഏല്‍ത്തുരുത്തിലേക്കുപോയി. മാര്‍ റോക്കോസിനെ തിരിച്ചയയ്ക്കാന്‍ പ്രയത്‌നിച്ചവരില്‍ മുഖ്യനായിരുന്നു ചാണ്ടിയച്ചന്‍. 1886 ല്‍ ലെയോ മോയ്‌റിന്‍ മെത്രാന്‍ എഴുതി: ''മാന്നാനത്തുനിന്ന് അയച്ച വിശദാംശങ്ങളോടുകൂടിയ കത്തു കിട്ടിയെന്നും ഇന്നലെ വിശ്വാസതിരുസംഘത്തിന്റെ തലവനായ കര്‍ദിനാള്‍ സിമയോണിക്ക് അത് അയച്ചുവെന്നും ബഹുമാനപ്പെട്ട ചാണ്ടിയച്ചനോടു പറയുക. നിങ്ങളുടെ സഭ ഒരു പ്രത്യേക രൂപതയാകും.'' രണ്ടു വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെടുന്നതിന് എട്ടുമാസംമുമ്പുള്ള കത്താണിത്.
1861 ല്‍ ഏല്‍ത്തുരുത്തില്‍ റോക്കോസ് ശീശ്മയ്‌ക്കെതിരേ പ്രസംഗിച്ചു പോരാടാന്‍ ചാണ്ടിയച്ചന്‍ അയയ്ക്കപ്പെട്ടു. ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും വിജയിച്ചു. 1865 ല്‍ കൂനമ്മാവിലെത്തി കേരളത്തിലെ ആദ്യത്തെ കന്യാമഠം ആരംഭിച്ചു. തുടര്‍ന്ന് അമ്പഴക്കാട്, മുത്തോലി, കൊഴുവനാല്‍ എന്നിവിടങ്ങളിലും മഠങ്ങള്‍ സ്ഥാപിച്ചു. പിന്നീട് മേലൂസ് മെത്രാന്‍ വന്നപ്പോഴും ചാണ്ടിയച്ചനെ നിയോഗിച്ചു. തൃശൂര്‍ മേലൂസ് കീഴ്‌പ്പെടുത്തിയപ്പോള്‍ കത്തോലിക്കര്‍ക്കായി ചാണ്ടിയച്ചന്‍ സ്ഥാപിച്ച പള്ളിയാണ് റൊട്ടിപ്പള്ളി എന്നറിയപ്പെടുന്നത്. 1876 ല്‍ മാന്നാനം പള്ളി വികാരിയായി ചുമതലയേറ്റു. മൊയ്‌റിന്‍ മെത്രാനെ മാന്നാനത്തു സ്വീകരിച്ചു യോഗം ഗംഭീരമാക്കി.
മുത്തോലി കര്‍മലീത്താമഠം ആരംഭിക്കുന്നത് അദ്ദേഹം മാന്നാനത്തു വികാരിയായിരിക്കുമ്പോഴാണ്. മാന്നാനം ഹൈസ്‌കൂള്‍, ദീപിക പത്രം തുടങ്ങിയവയൊക്കെ ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. 1885 ല്‍ മാന്നാനത്ത് പ്രിയോരായി. മോണ്‍. ലവീഞ്ഞ് മെത്രാന്റെ ആലോചനക്കാരില്‍ ഒരാളായിരുന്നു ചാണ്ടിയച്ചന്‍. സുറിയാനിക്കാര്‍ക്ക് വികാരിയാത്തുകള്‍ സ്ഥാപിച്ചപ്പോള്‍ അവയിലേക്കു വികാരി അപ്പസ്‌തോലിക്കാമാരായി കര്‍മലീത്താക്കാരെ നിയോഗിക്കണമെന്ന അഭിപ്രായത്തോട് ചാണ്ടിയച്ചന്‍ വിയോജിച്ചു. സഭയുടെ നിയമാവലി പരിഷ്‌കരണക്കമ്മറ്റിയില്‍ അംഗമായി. 1902 ല്‍ കര്‍മലീത്താസഭയ്ക്ക് സ്വയംഭരണം ലഭിക്കുകയും തുടര്‍ന്ന് പ്രിയോര്‍ ജനറലായി ചാണ്ടിയച്ചനെ തിരഞ്ഞെടുക്കുകയും ചെയ്തു. 1905 ല്‍ രണ്ടാം തവണയും പ്രിയോര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
വചനപ്രഘോഷകന്‍
ചാണ്ടിയച്ചന്‍ നസ്രാണികളുടെ ഇടയില്‍ മാത്രമല്ല, മറ്റു മതധാരകളുമായും നല്ല ബന്ധം പുലര്‍ത്തി. കേരളം കണ്ട ഏറ്റവും നല്ല വചനപ്രഘോഷകരില്‍ ഒരാളായിരുന്നു വലിയ ചാണ്ടിയച്ചന്‍. ചാവറയച്ചനും പോരൂക്കരയച്ചനും ചാണ്ടിയച്ചനും ഒറ്റ ടീമായി പ്രവര്‍ത്തിച്ചു. കാടിളക്കി ചാണ്ടിയച്ചന്‍ പ്രസംഗിച്ചു. അദ്ദേഹം പ്രസംഗിക്കാത്ത പള്ളികള്‍തന്നെ ചുരുക്കമായിരിക്കും. ഇടിമുഴക്കംപോലുള്ള ശബ്ദം. സിംഹഗര്‍ജനമായിരുന്നെങ്കിലും മാധുര്യമുള്ള സ്വരമായിരുന്നു. ചാണ്ടിയച്ചനെ കേള്‍ക്കാന്‍ എല്ലാവരും കൊതിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ട് വിശ്വാസികള്‍ വാവിട്ടു കരഞ്ഞിരുന്നു. യോഹന്നാന്‍ മാംദാനയുടെ ശൈലിയിലാണു സംസാരിച്ചിരുന്നത്. വചനപ്രഘോഷണത്തിലൂടെ സഭാനവീകരണവും കുടുംബസന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യവും ഉറപ്പിച്ചു. താപസാഭിമുഖ്യമുള്ള പുരോഹിതന്‍, സുറിയാനിപണ്ഡിതന്‍, സമുദായസ്‌നേഹി, താരതമ്യങ്ങളില്ലാത്ത വചനോപാസകന്‍, സന്ന്യാസമഠസ്ഥാപകന്‍, ശീശ്മകള്‍ക്കു കണ്ഠകോടാലി, ആദ്യത്തെ ഏതദ്ദേശീയ പ്രിയോര്‍ ജനറല്‍, കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാര്‍ ആദരിച്ചിരുന്ന മുനിവര്യന്‍, വിശ്രമമില്ലാതെ പോരാടിയവന്‍, ഏതദ്ദേശീയ മെത്രാന്മാര്‍ക്കുവേണ്ടി വാദിച്ചവന്‍... ഇങ്ങനെ നീളുന്നു വലിയ ചാണ്ടിയച്ചന്റെ വിശേഷണങ്ങള്‍.
കീര്‍ത്തിമുദ്രകള്‍:രണ്ടാം ശൗരിയാര്‍
സംഭവബഹുലമായിരുന്നു ചാണ്ടിയച്ചന്റെ പൗരോഹിത്യ-സന്ന്യാസജീവിതകാലം. ഇടവക ധ്യാനപ്രസംഗകന്‍ എന്ന നിലയില്‍ അസാധാരണമായ ഖ്യാതി നേടി. മേലൂസ് ശീശ്മയ്‌ക്കെതിരേ ദൈവശാസ്ത്രപ്രബോധനങ്ങള്‍ ചാണ്ടിയച്ചന്‍ ഒന്നിനുപിറകേ ഒന്നായി അവതരിപ്പിച്ചു. വി. കുര്‍ബാനയിലും പരിശുദ്ധ സിംഹാസനത്തോടുള്ള ബന്ധത്തിലും മര്‍ത്ത്മറിയത്തോടുള്ള ഭക്തിയിലും കേന്ദ്രിതമായിരുന്നു ചാണ്ടിയച്ചന്റെ പ്രഭാഷണങ്ങള്‍. കുളത്തില്‍ കല്ലെറിയുന്നതുപോലെ മനുഷ്യഹൃദയങ്ങളില്‍ അതു ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചാണ്ടിയച്ചന്‍ ഡഫനിത്തോര്‍ ജനറാളായി തിരഞ്ഞെടുക്കപ്പെട്ടത്. 1903 ല്‍ ഗുരുപ്പട്ട ജൂബിലിയും 1905 ല്‍ വ്രതവാഗ്ദാനജൂബിലിയും ആഘോഷിച്ചു. ആഘോഷവേളയില്‍ നിധീരിക്കല്‍ മാണിക്കത്തനാര്‍ ചാണ്ടിയച്ചനെ ലോകജേതാവായ അലക്‌സാണ്ടറോട് ഉപമിക്കുകയുണ്ടായി. ജൂബിലി പ്രമാണിച്ച് ഇൃീരല ആലില ങലൃല്വമ എന്ന കീര്‍ത്തിമുദ്ര ലിയോ പതിമൂന്നാമന്‍ പാപ്പാ അയച്ചുകൊടുത്തു. ചാണ്ടിയച്ചന്റെ പ്രസംഗചാതുരി പരിഗണിച്ച് ഡോ. ലവീഞ്ഞ് മെത്രാപ്പോലീത്താ മുന്‍കൂട്ടി പറഞ്ഞിരുന്നു, ''പ്രസംഗമധ്യേ ആയിരിക്കും ചാണ്ടിയച്ചന്‍ മരിക്കുന്നത്'' എന്ന്. അപ്രകാരം സംഭവിക്കുകയും ചെയ്തു.
വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലെയാണ് ചാണ്ടിയച്ചനെ എനിക്കു മനസ്സിലാകുന്നത്. സിംഹത്തിന്റെ ഹൃദയത്തോടെ തീരുമാനമെടുക്കുക, ഇടയന്റെ ഹൃദയത്തോടെ തീരുമാനങ്ങള്‍ നടപ്പാക്കുക. ഉറച്ച തീരുമാനങ്ങളുടെയും ഇടയനടുത്ത സ്‌നേഹമസൃണമായ പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു ചാണ്ടിയച്ചന്‍. ചാണ്ടിയച്ചന്‍ പ്രിയോര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ യോഗാര്‍ത്ഥികള്‍ക്കു ശിക്ഷണം നല്‍കി. പതിറ്റാണ്ടുകള്‍ നസ്രാണിസഭയെ സ്‌നേഹിക്കുന്ന നൂറുകണക്കിനു വൈദികരെ സഭയ്ക്കു സമ്മാനിച്ചു. അഗാധപണ്ഡിതനായിരുന്ന ചാണ്ടിയച്ചന്‍ 'കുസുമമകുടം' എന്ന ഗ്രന്ഥം രചിച്ചു.
രാജാക്കന്മാരുടെ സൗഹൃദം
അറിവും കഴിവുമുള്ള ചാണ്ടിയച്ചനെ പരിചയപ്പെട്ടപ്പോള്‍ രാജാക്കന്മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ മതിപ്പുതോന്നി. വജ്രവും മരതകവും മാണിക്യവും വിളയുന്ന അപൂര്‍വം സമതലപ്രദേശങ്ങളും നദീതടങ്ങളുമുണ്ട്. കട്ടക്കയത്തെ തിളങ്ങുന്ന മാണിക്യമാണ് വലിയ ചാണ്ടിയച്ചന്‍. നേതൃത്വത്തില്‍ ഒരു രണ്ടാം മോശതന്നെയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെല്ലാം നവോത്ഥാനത്തിന്റെ വഴിവിളക്കുകളായിരുന്നു. കുലീനനായ തന്ത്രജ്ഞനും വിവേകമുള്ള തന്ത്രജ്ഞന്മാരെ കണ്ടെത്തുന്നവനുമായിരുന്നു ചാണ്ടിയച്ചന്‍.
രാജാക്കന്മാര്‍ക്ക് ഇഷ്ടപ്പെട്ട മുനിയായിരുന്നു ചാണ്ടിയച്ചന്‍. വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ, മികച്ച മധ്യസ്ഥപാടവവും നയചാതുരിയുമുള്ളവനായിരുന്നു. പ്രസംഗപീഠങ്ങളില്‍ മായാത്ത കൈയൊപ്പു ചാര്‍ത്തി. ഉറപ്പോടും വെടിപ്പോടുംകൂടി തന്റെ മനസ്സാക്ഷി പറഞ്ഞ സ്വരം കേള്‍ക്കുകയും സുവിശേഷത്തിന്റെ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ആയിരക്കണക്കിനു പാപികളെ നീതിനിഷ്ഠയിലേക്കും അതില്‍നിന്നു പുണ്യജീവിതത്തിലേക്കും നയിച്ച ചാണ്ടിയച്ചന്റെ നാമം ഉജ്ജ്വലതരംഗംപോലെ മലയാളക്കരയില്‍ ഇന്നും ശോഭിക്കുന്നു. അസാധാരണമായ ഒരു നേതൃത്വസംസ്‌കാരത്തിന്റെ പിതൃത്വം ചാണ്ടിയച്ചനിലുണ്ട്.
തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍, മാര്‍ത്താണ്ഡവര്‍മ ഇളയരാജാവ്, ബ്രിട്ടീഷ് റസിഡന്റ് ഗ്രാറ്റ് സായിപ്പ്, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തുടങ്ങിയവരും ചാണ്ടിയച്ചനെ ബഹുമാനിച്ചിരുന്നു. അവരെല്ലാം മാന്നാനത്തെത്തി ചാണ്ടിയച്ചന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എപ്പോള്‍ വേണമെങ്കിലും മഹാരാജാവിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും കുഷ്ഠരോഗാശുപത്രിയിലും വി. കുര്‍ബാന അര്‍പ്പിക്കുന്നതിന് അനുമതിയും ലഭിച്ചിരുന്നു. തിരുവനന്തപുരം വലിയകൊട്ടാരലായത്തില്‍നിന്ന് ചാണ്ടിയച്ചന്റെ യാത്രയ്ക്കായി ഇരട്ടക്കുതിരവണ്ടിയും അനുവദിച്ചിരുന്നു.
റോക്കോസിനും മേലൂസിനുമെതിരേ നടത്തിയ പ്രഭാഷണങ്ങള്‍ സഭയിലാകമാനം സംസാരവിഷയമായി. പരിശുദ്ധ പിതാവ് മിഷനറി അപ്പസ്‌തോലിക്ക എന്ന ബഹുമതി നല്കി ചാണ്ടിയച്ചനെ ആദരിച്ചു. ഡോ. ലവീഞ്ഞ് ഈ കീര്‍ത്തിമുദ്ര മാന്നാനത്തുവച്ച് കൊല്ലം മെത്രാന്‍ ഡോ. ഫെര്‍ണാണ്ടസിനെക്കൊണ്ട് വലിയ ഒരു സദസ്സില്‍വച്ച് ചാണ്ടിയച്ചനു നല്കി.
പുതിയ മെത്രാന്മാര്‍ക്കു
സ്വീകരണം
1887 ല്‍ സീറോ മലബാര്‍ സഭയ്ക്ക് രണ്ടു വികാരിയാത്തുകള്‍ ലഭിച്ചു. പരിശുദ്ധ പിതാവിന്റെ കത്ത് ഇവിടെയുണ്ടായിരുന്ന ഡെലഗേറ്റ് അപ്പസ്‌തോലിക്കാ ചാണ്ടിമെത്രാനാണ് അയച്ചത്. പ്രധാനമായും, ചാള്‍സ് ലവീഞ്ഞിനെ കോട്ടയത്തിന്റെ വികാരി അപ്പസ്‌തോലിക്കയായി നിയമിച്ചതിനെക്കുറിച്ച്. വികാരിയാത്തിലുള്ള പള്ളികളിലേക്ക് ചാണ്ടിയച്ചന്‍ ഈ അറിയിപ്പു നല്കി. 1887 ഡിസംബര്‍ 18 ന് വടക്കാംചേരിയിലെത്തിയ അഡോള്‍ഫ് മെഡ്‌ലിക്കോട്ടിനെ (തൃശൂര്‍ വികാര്‍ അപ്പസ്‌തോലിക്കാ) സ്വീകരിക്കാന്‍ നിധീരിക്കല്‍ മാണിയച്ചനും ചാണ്ടിയച്ചനുംകൂടി പോയി. തുടര്‍ന്ന്, മാന്നാനത്ത് ലവീഞ്ഞ് മെത്രാന്റെ സ്വീകരണത്തിനായി ആലോചനാസമ്മേളനം വിളിച്ചു. അതിന്റെ തീരുമാനപ്രകാരം നിധീരിക്കല്‍ മാണിയച്ചനും ചാണ്ടിയച്ചനും പഴേപറമ്പില്‍ ജയിംസച്ചനുംകൂടി ഊട്ടക്കമണ്ടില്‍ പോയി പുതിയ വികാരി അപ്പസ്‌തോലിക്കാ മാന്നാനത്തേക്കു കൊണ്ടുവന്നു. അവിടെ അദ്ദേഹത്തിനു ഗംഭീരമായ സ്വീകരണം നല്‍കി. ലവീഞ്ഞ് മെത്രാന്‍ ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തിന്റെ നാല് ആലോചനക്കാരില്‍ ഒരുവന്‍ ചാണ്ടിയച്ചനായിരുന്നു.
ഉത്തമമായ സഭൈക്യചിന്തകളും ചാണ്ടിയച്ചനില്‍ ഉണ്ടായിരുന്നു. പുലിക്കോട്ടില്‍ ഡയനീഷ്യസ് മെത്രാനുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ആന്റണി തൊണ്ടനാട്ടി(1862-1900) നെതിരേ ശബ്ദമുയര്‍ത്തി. ആന്റണി തൊണ്ടനാട്ട് മേലൂസ് നല്കിയ മെത്രാന്‍വേഷം ധരിപ്പിച്ച് ഇളംതോട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. പല പള്ളികളും അക്കൂട്ടത്തില്‍ ചേരാന്‍ ആലോചനകള്‍ മുറുകി.
അന്ത്യം
1908 ല്‍ പ്രിയോര്‍സ്ഥാനത്തുനിന്നു ചാണ്ടിയച്ചന്‍ വിരമിച്ചു. കഠിനമായ അനാരോഗ്യത്തിലും പള്ളിപ്രസംഗങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. അവസാനനാളുകളില്‍ ആലപ്പുഴ മാര്‍ സ്ലീവാ പള്ളിയിലും, വിളക്കുമാടം (പാലാ) പള്ളിയിലും, തുടര്‍ന്ന്, തിടനാട് (പാലാ) പള്ളിയിലും ധ്യാനപ്രസംഗങ്ങള്‍ നടത്തി. തിടനാട് പള്ളിയിലെ പ്രസംഗത്തിനിടയില്‍ ശ്വാസതടസ്സം നേരിട്ടു. തുടര്‍ന്ന് മുത്തോലിയില്‍ താമസിച്ചു ചികിത്സിച്ചു. അവസാനശ്വാസംവരെ പ്രസംഗിച്ചു. 1909 സെപ്റ്റംബര്‍ 17 ന് മാന്നാനത്ത് എത്തി. ഒക്‌ടോബര്‍ 7 ന് ഇഹലോകവാസം വെടിഞ്ഞു. ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്കാ മാര്‍ മാക്കീലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ മാന്നാനത്തു നടന്നു.
പ്രസംഗവേദികളിലും ഭരണരംഗങ്ങളിലും ഇതിഹാസം സൃഷ്ടിച്ചാണ് വലിയ ചാണ്ടിയച്ചന്‍ കടന്നുപോയത്. ഗര്‍ജിക്കുന്നവനായിരുന്നെങ്കിലും ഹൃദയാര്‍ദ്രമായ സൗമ്യഭാവങ്ങളുടെ ഉടമയുംകൂടിയായിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയാണ് അദ്ദേഹം എല്ലാ ഇടവകയിലും കയറിയിറങ്ങി പ്രസംഗിച്ചത്. സത്യസഭയ്ക്കു വിരുദ്ധമായിട്ടുള്ള ഒരു നിലപാടും സ്വീകരിക്കാന്‍ ചാണ്ടിയച്ചന്‍ തയ്യാറല്ലായിരുന്നു. കയ്യില്‍ നീണ്ട വടിയും മണിനാദംപോലുള്ള ശബ്ദവും ദീര്‍ഘകായകത്വവുമെല്ലാം ചാണ്ടിയച്ചനെ മനുഷ്യമനസ്സുകളില്‍ അനശ്വരനാക്കുന്നു. ഉരുക്കുമനുഷ്യനായിരുന്ന ചാണ്ടിയച്ചന്റെ സഭാത്മകചിന്തകള്‍ ഇന്നും സൗവര്‍ണദ്യുതിയോടെ നിലനില്ക്കുന്നു.