ഇംഗ്ലീഷ്ഭാഷയിലെ പോര്‍ണോഗ്രാഫി (Pornography)) എന്നതിന്റെ സമാനപദമായിട്ടാണ് അശ്ലീലം എന്ന മലയാളപദം ഉപയോഗിച്ചുവരുന്നത്. പോര്‍ണോഗ്രാഫിയാകട്ടെ ഗ്രീക്കുഭാഷയിലെ പോര്‍ണി(Porni) അഥവാ വേശ്യ (Prostitute), എഴുതുക (graph-ein) എന്നീ വാക്കുകള്‍ ചേര്‍ന്ന് ഉരുത്തിരിഞ്ഞതാണ്.
ലൈംഗികോത്തേജനം ഉദ്ദേശിച്ചുകൊണ്ടു നിര്‍മിക്കുന്ന പ്രതിരൂപങ്ങളാണ് അശ്ലീലസൃഷ്ടികള്‍. അവ ഭാഷാരചനകളാകാം, ചിത്രരചനകളാകാം. ശില്പങ്ങളാകാം. ആധുനികകാലത്തേക്കു വരുമ്പോള്‍ ചലച്ചിത്രങ്ങളും വീഡിയോകളും ഓഡിയോകളും ആകാം.
ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങളിലും ചില ഹൈന്ദവക്ഷേത്രങ്ങളിലും ശില്പങ്ങളായും ചുവര്‍ചിത്രങ്ങളായും രതിയുടെ അതിപ്രസരം ആരോപിക്കാവുന്ന പല സൃഷ്ടികളും കാണാവുന്നതാണ്. ഉദാ. ഖജുരാഹോ. സുപ്രസിദ്ധ പാശ്ചാത്യകലാസൃഷ്ടികളില്‍ പലതിലും നഗ്നതയും രതിനിര്‍വ്വേദഭാവങ്ങളും രചനാവിഷയങ്ങളാണ്.
അശ്ലീലത്തോടുള്ള അദമ്യമായ ആസക്തി/ അടിമത്തം ഒരു രോഗമായിട്ടാണ് കാണേണ്ടതും കണക്കാക്കേണ്ടതും. ക്രമാനുഗതമായി ശക്തിയാര്‍ജ്ജിക്കുന്ന ''നിര്‍ബന്ധപ്രേരണ'' ഈ സ്വഭാവവൈകല്യത്തിന്റെ സവിശേഷതകളിലൊന്നാണ്. മദ്യാസസക്തി - മയക്കുമരുന്നുരോഗവും പുകയിലജന്യമായആസക്തിരോഗങ്ങളുംപോലെതന്നെ അശ്ലീലത്തോടുള്ള പ്രതിപത്തിക്കും ആസക്തി/ അടിമത്തം ജനിപ്പിക്കുന്നതിനുള്ള പ്രബലമായ ത്വരയും പ്രേരണയും തനതായുണ്ട്.
പല മാനസികരോഗവിദഗ്ധരും ഭിഷഗ്വരന്മാരും ഈ അവസ്ഥയെ വേണ്ടത്ര ഗൗരവത്തോടെ കണക്കിലെടുക്കുന്നില്ല എന്നത് ദയനീയമെന്നേ പറയേണ്ടൂ. അശ്ലീലപ്രതിപത്തി ആസക്തിയിലേക്കും ആസക്തി അടിമത്തത്തിലേക്കും നീങ്ങുന്നതിന്റെ നാള്‍വഴി, മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗത്തിന്റെ രീതികളില്‍നിന്നു വ്യത്യസ്തമല്ലെന്നു തന്നെയല്ല, ഒരുപോലെതന്നെയാണുതാനും.
ഈ ജീവിതരീതി തന്റെ ജീവിതത്തോടുതന്നെ അവജ്ഞയും കുറ്റബോധവും ഒരുവനില്‍ ജനിപ്പിക്കുന്നു. എന്നാല്‍, സ്വഭാവം മാറ്റാനാവാത്തതിന്റെ നിരാശ വ്യക്തിയെ ദുഃഖിതനും അന്തര്‍മുഖനും ആക്കുകയും ചെയ്യുന്നു. വിച്ഛേദിക്കപ്പെട്ട വ്യക്തിബന്ധങ്ങള്‍, ജീവിതപങ്കാളിയോടു തോന്നുന്ന വിരസത, വൈകാരികമായ അകല്‍ച്ച, ജീവിതപങ്കാളിയുമായുള്ള ലൈംഗികബന്ധത്തില്‍ ഇഷ്ടക്കേടും തൃപ്തിക്കുറവും, അശ്ലീലപ്രവണതകളില്‍നിന്ന് ജോലിസമയത്തുപോലും വിട്ടുനില്ക്കാനാവാത്ത ആസക്തി, തന്മൂലമുണ്ടാകുന്ന അച്ചടക്കനടപടികളും ജോലിനഷ്ടവും ഒക്കെയും ഇതിന്റെ അനന്തരഫലങ്ങളാണ്. മനുഷ്യമനസ്സിനെയും ചിന്തകളെയും വിഷലിപ്തമാക്കുകയും കുറ്റവാസനകള്‍ക്കു വഴിമരുന്നിടുകയും ചെയ്യുന്ന അശ്ലീലമെന്ന പുഴുക്കുത്ത്, സാങ്കേതികവിദ്യകളുടെ സഹായത്തോടെ, സമൂഹഗാത്രത്തില്‍ ഒരു കാന്‍സര്‍ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.
ഇന്‍ഡോര്‍കാരനായ കമലേഷ് വാസ്‌വാനി എന്ന യുവ അഭിഭാഷകന്‍ 2013 ല്‍ സുപ്രീംകോടതിയില്‍ അശ്ലീലത്തിന് സമ്പൂര്‍ണനിരോധനം ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിട്ടുഹര്‍ജി സുപ്രീംകോടതി ഒരു പൊതുതാത്പര്യഹര്‍ജിയായി പരിഗണിച്ചു. അശ്ലീലത്തിനെതിരായ ഒറ്റയാള്‍പോരാട്ടത്തില്‍ ലക്ഷ്യത്തില്‍ തറച്ച ആദ്യത്തെ ആഗ്നേയാസ്ത്രമായിരുന്നു കമലേഷിന്റെ റിട്ടു പെറ്റീഷന്‍. തൊട്ടടുത്ത ആഴ്ചയില്‍ത്തന്നെ 857 പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ട് ഉത്തരവിറങ്ങി.
കമലേഷ് വാസ്‌വാനി എന്ന യുവ അഭിഭാഷകന്റെ പഠനങ്ങളില്‍നിന്നും ആത്മാര്‍ത്ഥമായ വിചിന്തനങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അധികാരികളുടെ നെഞ്ചില്‍ തറയ്ക്കുന്നവയായിരുന്നു. 2012 ലെ കുപ്രസിദ്ധമായ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെത്തുടര്‍ന്നായിരുന്നു വാസ്‌വാനിയുടെ ഈ നീക്കം.
വാസ്‌വാനിയുടെ ഇക്കാര്യത്തിലുള്ള ശക്തമായ ഇടപെടല്‍ ഉറങ്ങിക്കിടന്ന, ഉറക്കം നടിച്ചിരുന്ന സര്‍ക്കാര്‍ ലാവണങ്ങളിലെ കുംഭകര്‍ണ്ണന്മാരെ കുറച്ചു നേരത്തേക്കെങ്കിലും ഉണര്‍ത്തി.
ഉടനടി, സൈബര്‍ റെഗുലേഷന്‍ അഡൈ്വസറി കമ്മിറ്റി രൂപീകരിക്കുന്നു. ചെയര്‍മാന്‍ അന്നത്തെ ടെലികോം & ഐറ്റി മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദ്. 2015 ല്‍ അശ്ലീലം ഉള്ളടക്കത്തിലുള്ള ചിത്രീകരണങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കു വഴിവയ്ക്കുന്നുവെന്നു കണ്ടെത്തി ഒരു സമഗ്രനിരോധനത്തിനു ശ്രമിച്ചെങ്കിലും 'പൊതുജനരോഷം' മൂലം ആ സ്റ്റാറ്റിയൂട്ട് പിന്‍വലിക്കേണ്ടി വന്നു.
രോഗനിര്‍ണയവും
ചികിത്സയും
ഒരു വ്യക്തിയുടെ അശ്ലീലത്തോടുള്ള അടിമത്തം ചികിത്സിക്കേണ്ട ഘട്ടത്തിലെത്തിയോ? ചികിത്സ വേണ്ട സാഹചര്യങ്ങളില്‍പ്പോലും സ്വയാവബോധമോ ഉള്‍ക്കാഴ്ചയോ ഇതൊരു രോഗാവസ്ഥയാണ് എന്ന ചിന്തപോലുമോ ഈ വ്യക്തിക്ക് ഉണ്ടായെന്നു വരില്ല.
താഴെപറയുന്ന
കാര്യങ്ങള്‍ ശ്രദ്ധിക്കുക
• എനിക്ക് അശ്ലീലം കാണാനുള്ള ആസക്തി നിയന്ത്രിക്കാനാവുന്നില്ല.
• ഞാന്‍ മുമ്പു കരുതിയിരുന്നതിനേക്കാള്‍ ഏറെ സമയവും സമ്പത്തും ഇതിനായി ചെലവഴിക്കുന്നു.
• പലവുരു ശ്രമിച്ചിട്ടും അശ്ലീലത്തിന് എന്റെ മേലുള്ള നീരാളിപ്പിടിത്തം അയയുന്നില്ല.
• എന്റെ സമയത്തില്‍ ഏറിയപങ്കും അശ്ലീലം കാണാനും അശ്ലീലവസ്തുക്കള്‍ നേടി വയ്ക്കാനും ചെലവാക്കുന്നു.
• എന്റെ കുടുംബകാര്യങ്ങളും ഔദ്യോഗിക/ സാമൂഹികകൃത്യനിര്‍വഹണങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്നു.
• ദൂഷ്യഫലങ്ങളെ അവഗണിച്ചും തിക്താനുഭവങ്ങള്‍ വകവയ്ക്കാതെയും അശ്ലീലത്തിനു സമയം കണ്ടെത്തുന്നു.
• അശ്ലീലം അനുഭവിക്കാനായില്ലെങ്കില്‍ ഞാന്‍ അസ്വസ്ഥനാകുന്നു/ അരിശം വരുന്നു/ ദേഷ്യം കലഹങ്ങളിലേക്കു നയിക്കുന്നു.
മേല്പറഞ്ഞ ലക്ഷണങ്ങളുണ്ടോ, എങ്കില്‍ നിങ്ങള്‍ അശ്ലീലത്തിന് അടിമയായിക്കഴിഞ്ഞു.
പോണ്‍ അഡിക്ഷന്‍, ഇന്റര്‍നെറ്റ് അഡിക്ഷന്‍ തുടങ്ങിയ സ്വഭാവവൈകല്യരോഗങ്ങള്‍, മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗത്തിലെന്നപോലെ നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതിലൂടെയാണ് പരിണമിച്ച് അടിമത്തസ്വഭാവവൈകല്യമായി മാറുന്നത്. ശാസ്ത്രീയവിശകലനങ്ങളും പഠനങ്ങളുംവഴി തെളിയിക്കപ്പെട്ട ഒരു ശാസ്ത്രവസ്തുതയാണിത്.
ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോഴോ ആകാംക്ഷാഭരിതമായ നിമിഷങ്ങളിലോ ദുഃഖകരമായ സാഹചര്യങ്ങളിലോ തുടങ്ങിവച്ച പോണ്‍ കാഴ്ചകള്‍ ഒരുപക്ഷേ, ചിലരെയെങ്കിലും തുടര്‍ക്കാഴ്ചകളിലേക്കും ആസക്തിയിലേക്കും അടിമത്തത്തിലേക്കും നയിച്ചേക്കാം.
ഓര്‍ക്കുക, ദുശ്ശീലങ്ങള്‍ തുടക്കത്തില്‍ മാറാലയ്ക്കു സമം, തൂത്താല്‍ പോകും. പോകപ്പോകെ അവ ചങ്ങലപ്പൂട്ടുകളായിത്തീരും. പൊട്ടിച്ചെറിയുക ദുഷ്‌കരം, പലപ്പോഴും അസാദ്ധ്യം. കൊല്ലനെ (വൈദ്യനെ) വിളിക്കേണ്ടി വരും.
ചികിത്സാരീതികള്‍
പോണ്‍ അഡിക്ഷന്‍ ഒരാളുടെ ജീവിതരീതികളില്‍ ആഴപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ തെറാപ്പിസ്റ്റിന്റെ സഹായം കൂടിയേ തീരൂ. നിങ്ങളുടെ തെറാപ്പിസ്റ്റ്, വിശകലങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുംശേഷം നിങ്ങള്‍ക്ക് വ്യക്തിഗതമായ ചികിത്സയോ ഗ്രൂപ്പ് തെറാപ്പിയോ ഫാമിലി കൗണ്‍സെലിങ്ങോ നിര്‍ദ്ദേശിച്ചേക്കാം.
ശ്രദ്ധിക്കുക: സ്വയം വിളംബരം ചെയ്ത് ശ്രദ്ധയാകര്‍ഷിക്കുന്ന വ്യാജതെറാപ്പിസ്റ്റുകളെയും, അവശ്യംവേണ്ട യോഗ്യതകളും പ്രവര്‍ത്തനപരിചയവും ഇല്ലാത്ത കൗണ്‍സിലര്‍മാരെയും തീണ്ടാപ്പാടകലെ നിര്‍ത്തുക. വ്യാജന്മാരുടെ അടുത്തു പോകുന്നത് പലപ്പോഴും വിനാശകരമാണ്.
സഹായകക്കൂട്ടായ്മകള്‍
കൂട്ടായ്മകളിലും പങ്കുവയ്ക്കലുകളിലും ആശ്വാസം കണ്ടെത്തുന്നവരാണ് പലരും. നിങ്ങളുടെ ഫിസിഷ്യനോടോ മാനസികാരോഗ്യവിദഗ്ധനോടോ ചര്‍ച്ച ചെയ്ത് നിങ്ങളുടെ സമീപത്തുള്ള സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കി ഉപയോഗപ്പെടുത്തുക.
ഔഷധങ്ങള്‍
അശ്ലീലപ്രവണതകള്‍ പോലുള്ള സ്വഭാവവൈകല്യരോഗങ്ങള്‍ക്ക് സാധാരണഗതിയില്‍ സംഭാഷണചികിത്സ, പെരുമാറ്റരീതി, പരിവര്‍ത്തനചികിത്സ മുതലായവയാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, ചില സാഹചര്യങ്ങളില്‍, ഉദാഹരണത്തിന്, വിഷാദരോഗമോ ഉത്കണ്ഠയോ ശല്യപ്പെടുത്തുന്ന പോണ്‍ അഡിക്ഷന്‍ രോഗികളില്‍ മേല്‍പ്പറഞ്ഞവയ്ക്കുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചേക്കാം.
ചികിത്സിച്ചില്ലെങ്കിലോ?
ചുരുക്കമായിട്ടാണെങ്കില്‍പോലും പോണ്‍ അഡിക്ഷന്‍, നശീകരണപ്രവണതകളിലേക്കും അതിലും പ്രധാനമായി ശുഷ്‌കമായ വ്യക്തിബന്ധങ്ങളിലേക്കും തരംതാണ ലൈംഗികബന്ധങ്ങളിലേക്കും ലൈംഗികസംതൃപ്തിക്കുറവിലേക്കും നയിക്കും. ഏറ്റവും പ്രധാനമായി ആത്മാഭിമാനം കുറയുകയോ അങ്ങനെ ഒന്ന് ഇല്ലാതാവുകയും ചെയ്യും.
നിങ്ങള്‍ സ്‌നേഹിക്കുന്ന, അറിയുന്ന ആരെങ്കിലും പോണ്‍ അഡിക്ഷനില്‍ വീണു കിടക്കുന്നുവെങ്കില്‍, ദയവായി കുറ്റം വിധിക്കലുകള്‍ക്കോ അനാവശ്യമായ ധാര്‍മികപ്രഭാഷണങ്ങള്‍ക്കോ മുതിരാതെയും വിധികര്‍ത്താക്കളായി ഭാവിക്കാതെയും ആത്മാര്‍ത്ഥമായ സംഭാഷണങ്ങളിലൂടെ ചികിത്സകള്‍ക്ക് ഒരുക്കുക, പ്രേരിപ്പിക്കുക, സഹായിക്കുക. സദ്ഫലം നിശ്ചയം.