''മനുഷ്യസമുദായത്തെ നന്നാക്കാന്‍ വളരെപ്പേര്‍ ഓടിനടക്കുന്നുണ്ട്. സ്വയം നന്നാകാന്‍ ഒരുക്കമില്ല.'' ലിയോ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകളാണ് ''മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ബില്‍ 2019'' എന്നു കേട്ടപ്പോള്‍ ഓര്‍മ വന്നത്.
ഒരു നിയമംകൊണ്ടു മാത്രം സ്‌നേഹത്തിനു വിലയിടാനാകുമോ? ക്രൂരത കാണിക്കുന്നവര്‍ക്ക് 'പതിനായിരം രൂപ പിഴയും ആറുമാസം തടവും' ഒരു പ്രശ്‌നമാകാനിടയുണ്ടോ? അല്ലെങ്കില്‍ത്തന്നെ നിയമത്തിന്റെ പിന്‍ബലത്തില്‍ ലഭിക്കുന്ന ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ആരോഗ്യസുരക്ഷ (ജീവനാംശം) എന്നിവയ്ക്കു സംതൃപ്തിയുടെ സായുജ്യം വച്ചുനീട്ടാനാകുമോ? വൃദ്ധര്‍ക്കു പരിഗണന നല്‍കേണ്ട യുവത്വത്തിനു വാര്‍ദ്ധക്യം അന്യമാണോ?
മക്കളുടെ ജീവന്റെ കാവലിരുപ്പുകാരായിരുന്ന മാതാപിതാക്കള്‍ക്ക് 'കഞ്ഞി കിട്ടണ'മെങ്കില്‍ പാര്‍ലമെന്റും കോടതിയും പറയണമെന്നു പറയുന്നത് യുവതയ്ക്കു ഭൂഷണമാണോ? പ്രായമായവരെ 'യൂസ് ആന്‍ഡ് ത്രോ'യുടെ ഗണത്തിലേക്കു മാറ്റാനിടയാകുന്നതിലെ സാംഗത്യവും നാം പഠിക്കേണ്ടേ? സ്വാശ്രയം എന്നതിനു മറ്റുള്ളവരെ ആശ്രയിക്കാത്തതും ചുറ്റുമുള്ളവര്‍ക്ക് ആശയും ആശ്രയവും നല്‍കാത്തതുമെന്ന് ഒരു അര്‍ത്ഥവ്യാഖ്യാനമുണ്ടോ? വയ്യാത്തവരെയും വാര്‍ദ്ധക്യത്തിലെത്തിയവരെയും ശുശ്രൂഷിക്കേണ്ടത് ആരോഗ്യമുള്ളവരുടെ കടമയാണെന്ന ബോധ്യമുണ്ടാകണം. ഇതിനു തക്ക ബോധ്യവും മാതൃകയും നിലപാടുകളും വളരണം. ആദ്യമേ നാം നന്നാകണം, മാതൃകയാകണം.
അവഗണനയുടെ ആരംഭം
കൂട്ടുകുടുംബവും കൂട്ടുത്തരവാദിത്വവും പടിയിറങ്ങിയപ്പോള്‍ അണുകുടുംബവും സ്വാര്‍ത്ഥതയും പടികയറിവന്നു. ഞാന്‍ മാത്രമുള്ള ലോകം സ്വന്തം വിരല്‍ത്തുമ്പില്‍ വളരാന്‍ തുടങ്ങി. പിടിച്ചുനില്‍ക്കാന്‍ ആരെയും പടിക്കു പുറത്തുനിര്‍ത്തുന്ന മത്സരത്തില്‍ വയോധികര്‍ ഇരകളായി. തിരക്കിന്റെ ആധുനികഭാഷയില്‍ ആയുസ്സിനും സമയത്തിനും നൈമിഷികതയുടെ ആഘോഷപരിവേഷം ചാര്‍ത്തപ്പെട്ടു. അടിച്ചുപൊളിക്ക് ആക്കംകൂടിയപ്പോള്‍ അടങ്ങിയിക്കുന്നവര്‍ ഉപയോഗശൂന്യരോ പാഴ്‌വസ്തുക്കളോ ആയി മാറി. ജീവനാംശത്തിന്റെ ധാരാളിത്തത്തെക്കാള്‍ ഉറ്റവരുടെയും ഉടയവരുടെയും മക്കളുടെയും ഒരു സ്‌നേഹസ്പര്‍ശമാണ് മുതിര്‍ന്നവര്‍ക്ക് അനുഭവവേദ്യമാകേണ്ടത്. നിയമത്തിന്റെ 'കഞ്ഞി'ക്കു വിശപ്പിന്റെ അര്‍ത്ഥത്തെ ശമിപ്പിക്കാന്‍ കഴിയില്ല. മനുഷ്യത്വമില്ലാത്തവര്‍ക്ക് നിയമം മറ്റൊരു മാറാല മാത്രം; തട്ടിമാറ്റുകയോ പൊട്ടിച്ചുകടന്നുകളയുകയോ ചെയ്യാം.
പഠനം
വിദ്യാലയം വെറുമൊരു അക്ഷരശാലയല്ല. സകല പാഠങ്ങളുടെയും രത്‌നച്ചുരുക്കം സന്മാര്‍ഗശാസ്ത്രത്തിലൊതുക്കണം. ഏതു പഠനവും തോളോടു തോള്‍ ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യത്വത്തിലൂന്നണം. തൊഴിലും പണവും തേടിയുള്ള ഓട്ടത്തില്‍ അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യം ക്ലാസ്സുമുറികളില്‍ പഠനവിധേയമാക്കണം. ഭാഷാപാണ്ഡിത്യവും വിജ്ഞാനശേഖരണവും സേവ് ചെയ്യുന്ന വെറും 'ഹാര്‍ഡ് ഡിസ്‌കായി' മനുഷ്യരുടെ തലച്ചോറിനെ രൂപപ്പെടുത്തരുത്. അതിലെ കരുണയുടെ വികാരത്തെ ഉദ്ദീപിപ്പിക്കാന്‍ പഠനമുറികള്‍ക്കു കഴിയണം.
വീട്
നമ്മുടെ വീടുകള്‍ പക്ഷിക്കൂടുകള്‍ക്കു സമാനമാകരുത്. അപ്പനുമമ്മയും മുത്തച്ഛനും മുത്തശ്ശിയും മക്കളും പേരക്കിടാങ്ങളുമൊക്കെ വീടിനെ ഭവനത്തിന്റെ മാധുര്യത്തിലേക്കുയര്‍ത്തണം. മുട്ടയിട്ട് കുഞ്ഞു വിരിഞ്ഞ് കുഞ്ഞുങ്ങള്‍ക്കു തീറ്റതേടിക്കൊടുത്ത് ആകാശസീമകള്‍ കീഴടക്കാനുള്ള വീര്യത്തില്‍ തള്ളപ്പക്ഷിയും തന്തപ്പക്ഷിയും 'കൂടിനെ പോറ്റും'. പിന്നീട്, ചില്ലകള്‍ ചാടി, കൊമ്പുകള്‍ ചാടി മരത്തില്‍നിന്നു മരത്തിലേക്കു പറന്ന് കുഞ്ഞുങ്ങള്‍ ആകാശത്തേക്കു പറന്നുയരും. പിന്നീട്, ''ഞാന്‍ വിരിഞ്ഞ കൂടും എന്നെ വളര്‍ത്തിയ പക്ഷികളും'' വിസ്മരിക്കപ്പെടുന്നു.
നമ്മുടെ വീടുകളും ഭവനത്തിനപ്പുറം പിറക്കാനും വളരാനും ഒരിടവും വളര്‍ത്തി 'ആളാക്കാന്‍' മാതാപിതാക്കളും എന്ന ചിന്തയിലേക്കു മാറ്റപ്പെടുന്നുണ്ടോയെന്ന് ഓരോ നിയമവും ബില്ലുകളും നമ്മെ ഓര്‍മപ്പെടുത്തുന്നു. സ്‌നേഹമെന്നതിന് ആഴവും പരപ്പും വിശാലതയുമൊന്നും അളവുകോലല്ല. നിസീമമായ സ്‌നേഹത്തിന് കോടതിയുടെ അനുവാദവും പ്രശ്‌നമല്ല. കോടതിയും പാര്‍ലമെന്റും പറയുന്ന 'വൃദ്ധപരിപാലനം' വെറും യാന്ത്രികമോ മനുഷ്യത്വഹീനമോ ആണ്. മൃഗപരിപാലനവും നിയമങ്ങളും ശക്തമാക്കുന്നതുപോലെയാണോ മനുഷ്യര്‍ക്കിടയിലെ കൂട്ടായ്മ!? ചരിത്രവും ശാസ്ത്രവും ഭൂമിശാസ്ത്രവും പുസ്തകത്താളുകളില്‍നിന്നു കാണാപ്പാഠം പഠിക്കാന്‍ മക്കളെ നിര്‍ബന്ധിക്കുന്ന വീടുകളില്‍, എന്തേ താന്‍ വന്ന വഴിയും താന്‍ വളര്‍ത്തുന്ന രീതിയും മാതാപിതാക്കളുടെ സഹനവും മക്കള്‍ മറവിയുടെ ലോകത്തേക്കു തള്ളിവിടുന്നതെന്നു ചിന്തിക്കണം.
നാളെയെന്ത്?
ഇന്നത്തെ ചിന്താധാരയില്‍ 'നാളെ'യെന്നൊന്നില്ല. ഇന്നു മാത്രമുള്ള ലോകത്ത് തച്ചുടച്ചും തകിടംമറിച്ചും തനിക്കു മാത്രം കെങ്കേമമായി ജീവിക്കണം. തൊഴില്‍ തേടിയുള്ള പറക്കലില്‍ ഒരു 'പക്ഷിക്കൂടുകഥ' യാഥാര്‍ത്ഥ്യമാകുന്നത് നാളെയുടെ വാര്‍ദ്ധക്യത്തെ വലിയ ഒറ്റപ്പെടലിനു കാരണമാക്കും. നിയമംകൊണ്ട് അല്പം 'കഞ്ഞിയും പറ്റും' കിട്ടിയാലും സന്തോഷമാകില്ല. മക്കളുടെ പരിചരണവും സാമീപ്യവും ഉള്ളുനിറഞ്ഞതാകുമ്പോള്‍ നിയമം സ്‌നേഹത്തെ അനുശാസിക്കേണ്ടിവരില്ല. വാര്‍ദ്ധക്യത്തെ നിന്ദിക്കുന്ന അല്ലെങ്കില്‍ അവഗണിക്കുന്നവര്‍ ചിന്തിക്കുക: നിങ്ങള്‍ക്ക് ഒരു വാര്‍ദ്ധക്യം ഉണ്ടെന്നും നിങ്ങളുടെതന്നെ ചിന്തയില്‍ ചേര്‍ന്നുനില്ക്കുന്ന കുഞ്ഞുങ്ങളും മക്കളുമുണ്ടെന്നും. പഴുത്തയില കൊഴിയുമ്പോള്‍ പച്ചില ചിരിക്കുന്നെങ്കില്‍ അതു വെറും ഒരു മണ്ടന്‍,ചിരിയെന്നേ പറയേണ്ടൂ.