•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സഭൈക്യവും ആരാധനക്രമാലാപനവും

സീറോ മലബാര്‍ സഭയുടെ വിശുദ്ധസംഗീത ഭണ്ഡാഗാരം പൗരസ്ത്യസുറിയാനി പാരമ്പര്യമാണ്. ആ പാരമ്പര്യം അനുസരിച്ചുള്ള ലളിതമായ ആലാപനമാണ്  മെത്രാന്‍സിനഡ് അംഗീകരിച്ചത്. അത് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നടപ്പില്‍ വരുത്തുകയാണെങ്കില്‍ സഭൈക്യത്തിന് കൂടുതല്‍ സഹായകമായിത്തീരും.

2021 ജൂലൈ 3-ാം തീയതി പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കയച്ച കത്തില്‍  ആവശ്യപ്പെട്ടിരിക്കുന്നത് ഐകരൂപ്യത്തിലുള്ള കുര്‍ബാനയര്‍പ്പണമാണ്. കുര്‍ബാനയാഘോഷത്തിലുള്ള ഐകരൂപ്യം സഭയില്‍ ഐക്യമുളവാക്കും. ഈ ഐക്യമാണ് മറ്റെന്തിനെക്കാളുമുപരി ദൈവം ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടിയാണ് ഈശോ അവസാനമായി പ്രാര്‍ത്ഥിച്ചതും (യോഹ 17:20-26). കുര്‍ബാനയാഘോഷത്തില്‍ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. കുര്‍ബാനപ്രാര്‍ത്ഥനകള്‍ എന്തായിരുന്നാലും അവ ചൊല്ലുകയും പാടുകയും ചെയ്യുമ്പോഴാണ് അവ അനുഭവമായിത്തീരുന്നത്. 'ഒന്നിച്ചുപ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചു ജീവിക്കുന്നു' എന്ന ചൊല്ല് തികച്ചും അര്‍ത്ഥവത്താണ്. അതുകൊണ്ട് ദൈവത്തെ പ്രതിനിധീകരിക്കുന്ന കാര്‍മികനും ദൈവജനത്തെ പ്രതിനിധീകരിക്കുന്ന സമൂഹവും ഡയലോഗ് രൂപത്തില്‍ കുര്‍ബാന അര്‍പ്പിച്ചെങ്കില്‍ മാത്രമേ കുര്‍ബാനയര്‍പ്പണം ശരിയായ രീതിയിലുള്ള പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും ആവുകയുള്ളൂ. അതിന് ശരിയായ ആരാധനക്രമാലാപനം സഭയ്ക്കുണ്ടാവണം.
സിനഡ് തീരുമാനം
ഇപ്രകാരമൊരു ആരാധനക്രമാലാപനം സീറോ മലബാര്‍ സഭയുടേതായി, 2017 ജനുവരിമാസത്തില്‍, കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സമ്മേളിച്ച മെത്രാന്മാരുടെ സിനഡ് അംഗീകരിച്ചു. പ്രസ്തുത ആരാധനക്രമാലാപനത്തിന്റെ ഇഉ യും സംഗീതസ്വരചിഹ്നങ്ങളോടുകൂടിയ പുസ്തകവും 2017 മാര്‍ച്ച് 31-ാം തീയതി സഭാകേന്ദ്രത്തില്‍ സംലഭ്യമാക്കുകയും ചെയ്തു. അക്കാര്യം മേജര്‍ ആര്‍ച്ചുബിഷപ്, അഭിവന്ദ്യ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിപ്പിതാവ് സഭയിലെ എല്ലാ മെത്രാന്മാരെയും അറിയിക്കുകയും, പ്രസ്തുത ആരാധനക്രമം നമ്മുടെ സഭയുടെ എല്ലാ രൂപതകളിലും നടപ്പാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഇതുവരെ ഈ തീരുമാനം പ്രായോഗികമായി നടപ്പിലാക്കാന്‍ സഭാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.
ഇന്നത്തെആരാധനക്രമാഘോഷം
ഇന്നത്തെ സീറോ മലബാര്‍ സഭയുടെ ആരാധനക്രമാഘോഷം, പ്രാര്‍ത്ഥനകള്‍ കാര്‍മികന്റെ മനോധര്‍മമനുസരിച്ചു ചൊല്ലിക്കൊണ്ടും പാട്ടുകള്‍ കുറേ സുറിയാനിരീതിയിലും മറ്റുള്ളവ ഭക്തസംഗീതമാതൃകയില്‍ പാടിയുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതു പലപ്പോഴും ഗായകസംഘത്തിന്റേതുമാത്രമായിത്തീരുന്നു. അതുകൊണ്ട് ദൈവജനമാകുന്ന സമൂഹത്തിന് അതില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയാതെപോകുന്നു. ഇപ്രകാരം ആഘോഷിക്കുന്നതുകൊണ്ട് ആരാധനക്രമാഘോഷത്തിലൂടെ സംജാതമാകേണ്ട ഹൃദയൈക്യം ഉണ്ടാകുന്നില്ല. മാത്രമല്ല, വ്യത്യസ്തമായ പാട്ടുകള്‍ പ്രാദേശികമായും രൂപതാപരമായും ഉപയോഗിക്കുകയും ചെയ്യുന്നു. അതിനുംപുറമേ, അര്‍പ്പണരീതിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും നിലപാടുകളും നിലവിലിരിക്കുന്നു. ഇതെല്ലാം സഭൈക്യത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.  
ഈ സ്ഥിതിവിശേഷം സംജാതമായത് കുര്‍ബാനക്രമം സുറിയാനിയില്‍നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത 1962 മുതലുള്ള കാലഘട്ടത്തിലാണ്. ഇതിനു മാറ്റം വരുത്തി ശരിയായ രീതിയിലുള്ള ആരാധനക്രമാഘോഷത്തിനുള്ള സാധ്യതയാണ് സിനഡിന്റെ അംഗീകാരമുള്ള ആരാധനക്രമാലാപനം നല്കുന്നത്.  
കത്തോലിക്കാസഭയുടെ നിലപാട്
ആരാധനക്രമസംഗീതത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ നിലപാട് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം വിശദീകരിക്കുന്നു: വിശുദ്ധസംഗീതത്തിന്റെ ഭണ്ഡാഗാരം അതീവശ്രദ്ധയോടെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. എല്ലാ തിരുക്കര്‍മങ്ങളും വിശ്വാസികളുടെ സമൂഹത്തിനു മുഴുവന്‍ സജീവഭാഗഭാഗിത്വം കാഴ്ചവയ്ക്കുന്നതിനു സാധിക്കത്തക്കവിധം ആവശ്യമുള്ള ക്രമീകരണം ചെയ്യാന്‍ മെത്രാന്മാരും മറ്റ് ആത്മീയപാലകന്മാരും അതീവ ശ്രദ്ധയോടെ കരുതേണ്ടിയിരിക്കുന്നു'' (SC 114). സീറോ മലബാര്‍ സഭയുടെ വിശുദ്ധസംഗീത ഭണ്ഡാഗാരം പൗരസ്ത്യസുറിയാനി പാരമ്പര്യമാണ്. ആ പാരമ്പര്യം അനുസരിച്ചുള്ള ലളിതമായ ആലാപനമാണ്  മെത്രാന്‍സിനഡ് അംഗീകരിച്ചത്. അത് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നടപ്പില്‍ വരുത്തുകയാണെങ്കില്‍ സഭൈക്യത്തിന് കൂടുതല്‍ സഹായകമായിത്തീരും.
ആരാധനക്രമാലാപനത്തിന്റെ പ്രയോജനങ്ങള്‍
ആരാധനക്രമാലാപനം പ്രാര്‍ത്ഥനയെ കൂടുതല്‍ ആസ്വാദ്യമാക്കുകയും മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുകയും ചെയ്യുന്നു. ആരാധനക്രമശുശ്രൂഷകള്‍ക്ക് ആഘോഷമായ പരിവേഷം നല്കി ആരാധനാസമൂഹത്തെ സജീവമായി ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ സഹായിക്കുന്നു. സഭാശരീരത്തിന്റെ ശിരസ്സായ മിശിഹായെ പ്രതിനിധീകരിച്ച് കാര്‍മികനും അവയവങ്ങളാകുന്ന സഭാംഗങ്ങളും ഒന്നായിനിന്നുകൊണ്ട് മിശിഹായിലൂടെ പരിശുദ്ധാത്മാവില്‍ പിതാവിനെ ആരാധിക്കുന്ന (യോഹ 4:23,24) ആരാധനാസമൂഹത്തിനു രൂപംകൊടുക്കുന്നു. കാര്‍മികനോടു ചേര്‍ന്നുനിന്നുകൊണ്ട് സമൂഹത്തിലുള്ള ഓരോരുത്തരും അവരവരുടെ നിലപാടുകള്‍ പ്രകടമാക്കി സഭാസമൂഹത്തെ കുടുംബാരൂപിയില്‍ വളര്‍ത്തുന്നു. സംഭാഷണങ്ങള്‍, ഏറ്റുപറച്ചിലുകള്‍, പ്രഖ്യാപനങ്ങള്‍, വായനകള്‍, സങ്കീര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പ്രാര്‍ത്ഥനാരൂപങ്ങള്‍ക്ക് അതതിന്റെ പരിവേഷം നല്കാന്‍ ആരാധനക്രമാലാപനം സഹായിക്കുന്നു. സ്വരത്തിന്റെ ആരോഹണങ്ങളും അവരോഹണങ്ങളും നിശ്ചിതപരിധിയിലായതുകൊണ്ട് എല്ലാവര്‍ക്കും, ഗായകര്‍ക്കും അല്ലാത്തവര്‍ക്കും, ആലപിക്കാന്‍ സാധിക്കുന്നതാണ് ആരാധനക്രമാലാപനം.
ആരാധനാസമൂഹം:ഗായകസംഘം
ആരാധനാസമൂഹം മുഴുവനുമാണ് യഥാര്‍ത്ഥഗായകസംഘം എന്നുപറയാം. ആരാധനാസമൂഹമാകുന്ന ഗായകസംഘത്തെ പൊതുവേ സ്വര്‍ഗീയഗായകസംഘം, ഭൗമികഗായകസംഘം എന്നിങ്ങനെ  രണ്ടായി തിരിച്ച് വിശേഷിപ്പിക്കുന്ന പാരമ്പര്യം സഭയിലുണ്ട്. മദ്ബഹായിലെ പുരോഹിതന്മാരും ശുശ്രൂഷികളും ചേര്‍ന്നതാണ് സ്വര്‍ഗീയഗായകസംഘം. ഗായകവേദിയിലെ ഗായകരും സമൂഹവേദിയിലെ വിശ്വാസികളും ചേര്‍ന്നു രൂപംകൊള്ളുന്നതാണ് ഭൗമികഗായകസംഘം. സ്വര്‍ഗീയഗണങ്ങളോടുചേര്‍ന്നുള്ള ആരാധനയാണ് നാം നിര്‍വഹിക്കുന്നത് എന്ന ബോധ്യത്തില്‍നിന്നാണ് മദ്ബഹായിലുള്ളവരെ സ്വര്‍ഗീയഗായകസംഘം എന്നു വിളിക്കുന്നത്. മദ്ബഹായിലും ഹൈക്കലായിലും ഉള്ളവരെ ഗാനാലാപനത്തിനു സഹായിക്കുക എന്നതാണ് ഗായകസംഘത്തിന്റെ ചുമതല. ദൈവാലയത്തിന്റെ മഹത്ത്വത്തിനു ചേര്‍ന്നതും വിശ്വാസികളുടെ സജീവ പങ്കാളിത്തത്തിനു സഹായകവുമായ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, അവ ആരാധനാസമൂഹത്തിന്റെ ശബ്ദത്തിന് ആനുപാതികവും സ്വരലയത്തിനു ചേരുന്നവയുമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസം ജനിപ്പിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായ വിധത്തിലായിരിക്കണം ആരാധനക്രമപ്രാര്‍ത്ഥനകള്‍ ആലപിക്കേണ്ടത്.  
ഗായകസംഘപരിശീലനം
ഗായകസംഘങ്ങളുടെ ദൗത്യം ഒരേ സ്വരത്തിലും ഈണത്തിലും പ്രാര്‍ത്ഥിച്ചും പാടിയും ഹൃദയൈക്യത്തോടെ ആരാധനക്രമാഘോഷത്തില്‍ പങ്കുചേരാന്‍ ആരാധനാസമൂഹത്തെ സഹായിക്കുക എന്നതാണ്.  അതുകൊണ്ട് നമ്മുടെ സഭയിലെ ഗായകസംഘങ്ങള്‍ക്കും അവശ്യം ലിറ്റര്‍ജിക്കല്‍ പരിശീലനം നല്‍കേണ്ടതുണ്ട് (ടഇ 115). ലിറ്റര്‍ജിക്കല്‍ ചാന്റ് സഭാസമൂഹത്തില്‍ നടപ്പില്‍ വരുത്തുന്നതിനു നേതൃത്വം നല്കാന്‍ ഗായകസംഘങ്ങളുടെ സഹായത്തോടെ വൈദികസമൂഹം സന്നദ്ധമാകണം. സീറോ മലബാര്‍സഭയിലെ ആരാധനക്രമാഘോഷത്തിന് നിയതമായ രൂപഭാവങ്ങള്‍ പകരുവാനും ആരാധനക്രമാദ്ധ്യാത്മികതയില്‍ സഭാംഗങ്ങള്‍ വളരുവാനും സഭയുടെ ഐക്യത്തിനും ഈ ആരാധനക്രമാലാപനം സഹായകമാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)