ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം;
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര
നമുക്കു ഞരമ്പുകളില്‍!
വള്ളത്തോളിന്റെ ഈ ശീലുകള്‍ നെഞ്ചിലേറ്റിയ ജനതയാണ് മലയാളികള്‍. ലോകത്തിനുമുന്നില്‍ ദൈവത്തിന്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന, അവകാശപ്പെടുന്ന സസ്യശ്യാമളകോമളനാടുതന്നെയാണു കേരളം. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമുള്‍ക്കൊള്ളുന്ന, വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ മലയാളനാട് ചെറുതും വലുതുമായ നിരവധി പരിസ്ഥിതിപ്രശ്‌നങ്ങളെ ഇന്നു നേരിടുന്നു.
വര്‍ണമഴകള്‍ പെയ്തിറങ്ങുന്നതും കിണറുകള്‍ താഴുന്നതുമായ പ്രതിഭാസങ്ങളുടെ അശാന്തിയിലേക്കാണു വര്‍ഷങ്ങള്‍ക്കുമുമ്പ് നാം ഉണര്‍ന്നെണീറ്റതെങ്കില്‍, പിന്നീട് ഭൂകമ്പങ്ങളുടെ പ്രകമ്പനങ്ങള്‍ നമ്മെ ഭയചകിതരാക്കി. അടിക്കടി സംഭവിക്കുന്ന ഉരുള്‍പൊട്ടലുകളും വരള്‍ച്ചയും വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും കാട്ടുതീയും സ്വാഭാവികപ്രകൃതിദുരന്തങ്ങള്‍ മാത്രമല്ല, മനുഷ്യനിര്‍മിതപരിസ്ഥിതിയുടെ പ്രത്യാഘാതങ്ങളുംകൂടിയാണ് എന്ന തിരിച്ചറിവ് നമ്മെ ചിന്തപ്പിക്കേണ്ടതാണ്. എലിപ്പനിയും ഡങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കടന്ന് ഇന്ന് കൊവിഡിലെത്തിനില്‍ക്കുമ്പോള്‍ പ്രകൃതി നല്‍കുന്ന ചില സൂചനകള്‍ കണ്ടില്ലെന്നു നടിക്കാതിരിക്കുക. ജീവജാലങ്ങള്‍ തമ്മില്‍ത്തമ്മിലും ജീവജാലങ്ങളും അജീവിയഘടകങ്ങളും തമ്മിലും പരസ്പരാശ്രയത്വത്തില്‍ നിലകൊള്ളുന്ന സജീവവും അഭേദ്യവുമായ ബന്ധമാണ് പരിസ്ഥിതിയുടെ ജീവനാഡി. ഈ ബന്ധത്തിനുണ്ടാകുന്ന ഏതു ക്ഷയവും ദുരന്തമായി നാം ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടിവരും.
വനനശീകരണവും നഗരവത്കരണവും വ്യവസായവിപ്ലവവും ഭൂഗര്‍ഭജലത്തിന്റെ ദുര്‍വിനിയോഗവും മണ്ണ്, വായു, ജല മലിനീകരണങ്ങളും കുടിവെള്ളത്തിനു വില നല്‍കേണ്ടി വരുന്ന അവസ്ഥയില്‍ നമ്മെ എത്തിച്ചിരിക്കുന്നു. ദുരന്തങ്ങളില്‍നിന്നു പാഠം പഠിക്കുന്നതിനു പകരം ദുരന്തങ്ങള്‍പോലും ആഘോഷമാക്കി മാറ്റുന്ന ഗതികേടിലാണ് നാമിന്ന്.
2050 ആകുമ്പോള്‍ മൂന്നില്‍ ഒരാള്‍ക്ക് ജലദൗര്‍ലഭ്യം നേരിടുമെന്ന ശാസ്ത്രീയപ്രവചനം ഞെട്ടലോടെ തിരിച്ചറിഞ്ഞ് കേരളത്തിലെ ജലദൗര്‍ലഭ്യത്തെക്കുറിച്ചും ജലമലിനീകരണത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടതുണ്ട്. വായുമലിനീകരണം ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിക്കു പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. പച്ചപ്പുകള്‍ മുഴുവന്‍ നഷ്ടമാക്കി മുന്നോട്ടുപോകുന്ന വികസനപ്രയാണത്തില്‍ കേരളത്തിലെ വായുമലിനീകരണത്തിന്റെ തീവ്രതയെക്കുറിച്ചു നാം അറിയേണ്ടതില്ലേ? വരുംകാലങ്ങളില്‍ തീവ്രതയേറിയ ചുഴലിക്കാറ്റുകളും കാലാവസ്ഥാവ്യതിയാനം മൂലമുള്ള സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളില്‍ കേരളമുണ്ട് എന്ന നിഗമനത്തില്‍ തീരദേശപരിസ്ഥിതിപ്രശ്‌നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ത്തന്നെ സമയബന്ധിതമായി സംബോധന ചെയ്യേണ്ടതുണ്ട്. മലയോരഭാഗങ്ങളെല്ലാം തുടര്‍ച്ചയായ ഭൂചലനങ്ങളുടെയും ഉരുള്‍പൊട്ടലിന്റെയും സാധ്യതപ്പട്ടികയില്‍ നിലനില്ക്കുമ്പോള്‍ പാറമടകളുടെയും കരിങ്കല്‍ഖനികളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാക്കേണ്ടതില്ലേ? യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തി സുരക്ഷാസംവിധാനങ്ങള്‍ മുന്‍കൂട്ടി ഒരുക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷയെക്കുറിച്ച് വാതോരാതെ വര്‍ത്തമാനം പറയുമ്പോഴും മണ്ണുമലിനീകരണവും മണ്ണൊലിപ്പും തടയുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോ?
തണ്ണീര്‍ത്തടങ്ങളും വയലേലകളും വലിയ തോതില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വരള്‍ച്ചയും വെള്ളപ്പൊക്കവും ഒരേ സമയത്തുതന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമായി വരുന്നു. കേരളത്തില്‍ ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരു വിപത്തായി നഗരവത്കരണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അനുബന്ധമായി എടുക്കേണ്ട മുന്‍കരുതലുകളും തുടര്‍പ്രവര്‍ത്തനങ്ങളും ഭരണകൂടസമിതികളില്‍ നയരൂപീകരണരൂപത്തില്‍ത്തന്നെ വരേണ്ടതുണ്ട്. ഇതിനുമപ്പുറം സമൂഹത്തില്‍ നടക്കുന്ന സാംസ്‌കാരികമലിനീകരണത്തെക്കുറിച്ചും മലയാളി ബോധവാനാകുകയും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും വേണം.
തുടര്‍ച്ചയായ സാമ്പത്തികവളര്‍ച്ചയാണ് വികസനം എന്ന സങ്കല്പത്തില്‍നിന്ന് ജനങ്ങളുടെ ഭൗതികഗുണനിലവാരം, മാനസികാരോഗ്യം, സാംസ്‌കാരികമൂല്യങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ദുര്‍ബലവിഭാഗക്കാരുടെയും അവസ്ഥകള്‍ എന്നിവ കണക്കിലെടുക്കുന്ന ഒരു വികസനസൂചിക ഉരുത്തിരിഞ്ഞുവരണം. മത്സരത്തിനു പകരം സഹകരണത്തിനും, പിടിച്ചെടുക്കലിനു പകരം പങ്കിടലിനും, വ്യക്തിപരമായ രക്ഷപ്പെടലിനുപകരം സാമൂഹികപ്രശ്‌നപരിഹാരത്തിനും മുന്‍തൂക്കം കൊടുക്കുന്ന ഒരു സുസ്ഥിരസംസ്‌കാരത്തിന്റെ ജീവിക്കുന്ന മാതൃകകളാകാന്‍ മലയാളികള്‍ക്കു കഴിയട്ടെ.