•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ട

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും സംഘാടകമികവുകൊണ്ടു കൈയടി നേടിയ ഒളിമ്പിക്‌സാണ് ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ആധുനിക ഒളിമ്പിക്‌സിന്റെ മുപ്പത്തിരണ്ടാം പകര്‍പ്പ്. 2020 ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സാണ് കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഏറെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷം വൈകി നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ടോക്കിയോയില്‍ എത്തിയ ഇന്ത്യ എക്കാലത്തെയും തങ്ങളുടെ ഏറ്റവും വലിയ മെഡല്‍വേട്ട നടത്തിയാണു മടങ്ങിയത്. ലണ്ടനില്‍ 2012 ല്‍ നേടിയ രണ്ടു വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ആറു മെഡലുകള്‍ ആയിരുന്നു ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2016 ല്‍ റിയോയില്‍ ഒരു വെള്ളിയും ഒരു വെങ്കലവുമായി 67-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ടോക്കിയോയില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും, നാലു വെങ്കലവുമുള്‍പ്പെടെ ഏഴു മെഡലുകള്‍ നേടി 47-ാം സ്ഥാനത്തെത്തി. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമായി 113 മെഡലുകള്‍ നേടിയ അമേരിക്കയാണ് മെഡല്‍നിലയില്‍ ഒന്നാമത്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമായി 88 മെഡലുകള്‍ നേടി ചൈന രണ്ടാമതെത്തി. ആതിഥേയരായ ജപ്പാന്‍ 27 സ്വര്‍ണവും 14  വെള്ളിയും 17 വെങ്കലവുമായി 58 മെഡലുകള്‍ നേടി മൂന്നാമതെത്തി.
ഇന്ത്യയുടെ ഒളിമ്പിക് അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണമെഡല്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യയിലെത്തി. ജാവലിന്‍ ത്രോയില്‍ 87.58 ദൂരം കണ്ടെത്തിയാണ് ചോപ്രയുടെ മെഡല്‍ നേട്ടം. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗതയിനത്തില്‍ സ്വര്‍ണമെഡല്‍ നേടുന്ന താരമാണ് നീരജ് ചോപ്ര.  2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ചോപ്ര ആ മികവ് ഒളിമ്പിക്‌സിലും തുടരുകയായിരുന്നു.  2016 ലെ ഒളിമ്പിക്‌സിന് തൊട്ടുമുമ്പു നടന്ന ലോകജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍  ഒളിമ്പിക് യോഗ്യതമാര്‍ക്ക് മറികടന്ന് സ്വര്‍ണം നേടിയെങ്കിലും യോഗ്യത നേടുന്നതിനുള്ള സമയപരിധി അവസാനിച്ചതിനാല്‍ അവസരം നഷ്ടപ്പെട്ടു. 2016 മുതല്‍ പ്രധാനപ്പെട്ട ലോകചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണനേട്ടം ശീലമാക്കിയ നീരജ് ചോപ്ര ആ പ്രകടനം ടോക്കിയോയിലും തുടരുകയായിരുന്നു.
ആദ്യദിനംതന്നെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിലൂടെ  മെഡല്‍ വേട്ടയ്ക്കു തുടക്കം കുറിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. ഭാരോദ്വഹനത്തില്‍ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് ചാനു വെള്ളിമെഡല്‍ നേടിയത്.
പുരുഷന്മാരുടെ ഗുസ്തിയില്‍ മികച്ച പ്രകടനം നടത്തി രണ്ടു മെഡലുകള്‍ നേടിയാണ് ഇന്ത്യ മടങ്ങിയത്. 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രവികുമാര്‍ ദഹിയ വെള്ളിമെഡലും 65 കിലോഗ്രാം വിഭാഗത്തില്‍  ബജ്രംഗ് പൂനിയ വെങ്കലവും നേടി.
പുരുഷവിഭാഗം ഹോക്കിയില്‍ പതിവിനു വിപരീതമായി വലിയ പ്രതീക്ഷകള്‍ ഇല്ലാതെ ടോക്കിയോയില്‍ എത്തിയ ടീം വെങ്കലമെഡലുമായാണ് മടങ്ങിയത്. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ജര്‍മനിയെ 5-4 എന്ന സ്‌കോര്‍ നിലയില്‍ കീഴടക്കിയാണ് നമ്മുടെ ദേശീയ കായികവിനോദമായ ഹോക്കിയില്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ആസ്‌ട്രേലിയയ്‌ക്കെതിരേ 1-7 ന് വലിയ ഒരു പരാജയം ഏറ്റുവാങ്ങിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ മലയാളിയായ കാവല്‍ക്കാരന്‍ ശ്രീജേഷിന്റെ മികവില്‍ സെമിഫൈനല്‍വരെ മുന്നേറി. ഹോക്കിയില്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന പന്ത്രണ്ടാമത്തെ മെഡലാണ് ടോക്കിയോയിലേത്. മനുവേല്‍ ഫെഡ്രിക്കിനുശേഷം ഒളിമ്പിക് മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി ഇന്ത്യന്‍ ഗോള്‍വല കാത്ത  ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ഒരു തിരിച്ചുവരവിന്റെ പാതയിലാണെന്നു നമുക്കു പ്രതീക്ഷിക്കാം.
വനിതാഹോക്കിയില്‍ ആദ്യ മൂന്നു മത്സരങ്ങളിലും സാമാന്യം ഭേദപ്പെട്ട നിലയില്‍ തോല്‍വി സമ്മതിച്ചെങ്കിലും തുടന്നുള്ള മത്സരങ്ങളില്‍ കരുത്തു തെളിയിച്ചു സെമിഫൈനല്‍വരെ എത്താന്‍ സാധിച്ചു. ഇന്ത്യന്‍ വനിതാഹോക്കിക്ക് ഒരു മെഡലിനോളം വരുന്ന നേട്ടമാണിത്.
ബോക്‌സിങ്ങില്‍ മെഡല്‍ പ്രതീക്ഷിച്ച മേരി കോമും പൂജ റാണിയും, സതീഷ് കുമാറും ക്വാര്‍ട്ടര്‍ ഫൈനലില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നപ്പോള്‍ വനിതകളുടെ 64 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവ് ലവ്‌ലിനെ ബോര്‍ഗോഹിന് ഒളിമ്പിക്‌സിലും രാജ്യത്തിനായി മെഡല്‍ നേടാന്‍ കഴിഞ്ഞു. ലവ്‌ലിനയുടെ അട്ടിമറികള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെ നീണ്ടപ്പോള്‍ സെമിഫൈനലില്‍ ലോകഒന്നാം നമ്പര്‍ താരം തുര്‍ക്കിയുടെ ബുസേനസ് സര്‍മേനലിയോടാണ് പരാജയപ്പെട്ടത്. പുരുഷബോക്‌സിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി എത്തിയ വികാസ് കൃഷ്ണന്‍ ആദ്യറൗണ്ടില്‍ത്തന്നെ പരാജയപ്പെട്ടു. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച 2020 ലെ ലോക ചാമ്പ്യനും ലോകഒന്നാംനമ്പര്‍ താരവുമായ അമിത് പാംഗല്‍ പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവിനോട് പൊരുതി തോറ്റു പുറത്തായി.
ബാഡ്മിന്റണില്‍ റിയോ 2016 ലെ വെള്ളിമെഡല്‍ ജേതാവ് പി. വി. സിന്ധു വീണ്ടും ഒരു ഒളിമ്പിക് മെഡല്‍ രാജ്യത്തിനു സമ്മാനിച്ചു. ഇതോടെ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സിന്ധു. ഒളിമ്പിക്‌സിനു തൊട്ടുമുമ്പുള്ള ടൂര്‍ണമെന്റുകളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കാതിരുന്ന സിന്ധു ടോക്കിയോയില്‍ മികച്ച പ്രകടനം നടത്തിയാണ് വെങ്കലമെഡല്‍ നേടിയത്.  
വനിതാവിഭാഗം ഗോള്‍ഫ് മത്സരത്തില്‍ ഇന്ത്യന്‍ യുവതാരം  അദിതി അശോക് നേടിയ നാലാം സ്ഥാനം ഒരു മെഡലിനോളം ആഘോഷിക്കേണ്ട നേട്ടമാണ്. അവസാനംവരെ മെഡല്‍ പ്രതീക്ഷ നല്‍കിയ അദിതി നിര്‍ഭാഗ്യംകൊണ്ടാണ് മെഡല്‍ നേടാതെ പോയത്. തന്റെ പതിനെട്ടാം വയസ്സില്‍ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ച അദിതി 41 സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ടോക്കിയോയില്‍ ഇരുപത്തിമൂന്നാം വയസ്സില്‍ അദിതി നേടിയ ഈ നാലാംസ്ഥാനം മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം 2024 ല്‍ പാരീസില്‍ ഒരു മെഡല്‍ നേട്ടത്തിലേക്കെത്തുമെന്നു  പ്രതീക്ഷിക്കാം.
വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ യോഗ്യതാറൗണ്ടില്‍ രണ്ടാം സ്ഥാനവുമായി ഫൈനലില്‍ കടന്ന കമല്‍പ്രീത് കൗറിന് ആ മികവ് ഫൈനലില്‍ പുറത്തെടുക്കാനായില്ല. ഫൈനലില്‍ 63.70 മീറ്റര്‍ ദൂരം കണ്ടെത്തിയ കമല്‍പ്രീതിന് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. പുരുഷന്മാരുടെ റിലേയില്‍ മലയാളി താരങ്ങളായ അനസ് മുഹമ്മദും നിര്‍മല്‍ ടോമും അമോജ് ജേക്കബും അണിനിരന്ന ഇന്ത്യന്‍ ടീം ഏഷ്യന്‍ റെക്കോര്‍ഡ് മറികടന്നെങ്കിലും ഫൈനലില്‍ യോഗ്യത നേടാനായില്ല. പുരുഷന്മാരുടെ ലോങ്ജമ്പില്‍ മത്സരിച്ച മലയാളി താരം എം. ശ്രീശങ്കര്‍ ഫൈനലില്‍ എത്താതെ പുറത്തായി. തന്റെ കരിയറിലെ മികച്ച പ്രകടനമായ 8.26 ന് അടുത്തുപോലും എത്താനാകാതെ 31 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ക്വാളിഫയിങ് റൗണ്ടില്‍ 25 ാം സ്ഥാനത്താണ് ശ്രീശങ്കര്‍ ഫിനീഷ് ചെയ്തത്. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ മലയാളി താരം കെ. ടി ഇര്‍ഫാന്‍ 51-ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
ഏറെ പ്രതീക്ഷയോടെ ടോക്കിയോയില്‍ എത്തിയ ഇന്ത്യന്‍ ഷൂട്ടിങ്  താരങ്ങള്‍ക്ക് ഉന്നംപിഴച്ചപ്പോള്‍ ഒരു മെഡല്‍പോലും നേടാനാവാതെയാണ് ലോകറാങ്കിങ്ങിലെ മുന്‍നിരക്കാരായ താരങ്ങള്‍ മടങ്ങിപ്പോന്നത്. തുടര്‍ച്ചയായി ഒളിമ്പിക്‌സില്‍  2004 ല്‍ ആതന്‍സില്‍ വെള്ളി നേടിയ രാജ്‌വര്‍ദ്ധന്‍ സിങ് റത്തൂരും, 2008 ബീജിങ്ങില്‍ സ്വര്‍ണംനേടിയ അഭിനവ് ബിന്ദ്രയും  2012 ല്‍ ലണ്ടനില്‍  വിജയ് കുമാറും ഗഗന്‍ നാരംഗും മെഡല്‍ നേടിയശേഷം 2016 ല്‍ റിയോയിലും 2020 - ല്‍ ടോക്കിയോയിലും ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക് ഉന്നം പിഴയ്ക്കുകയായിരുന്നു. ലോകത്തിലെതന്നെ മികച്ച ഷൂട്ടര്‍മാരില്‍ പലരും ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മെഡല്‍ നേട്ടത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല.   പിസ്റ്റല്‍ വിഭാഗത്തില്‍ പങ്കെടുത്ത പ്രമുഖ താരങ്ങളായ മനു ഭാക്കറിനും സൗരവ് ചൗധരിക്കും റൈഫിള്‍ വിഭാഗത്തില്‍ മത്സരിച്ച എലവേനില്‍ വളരിവാനും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ ലോകഒന്നാം നമ്പര്‍ താരം ദീപികാ കുമാരിയും ഭര്‍ത്താവ് അതാനു ദാസും നിരാശപ്പെടുത്തി. ദീപിക തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിലാണ് ക്വാര്‍ട്ടറില്‍ പുറത്താവുന്നത്. 2012 ല്‍ ലണ്ടനിലും 2016 ല്‍ റിയോയിലും ദീപിക ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ടെന്നീസിലും, ടേബിള്‍ ടെന്നീസിലും നീന്തലിലും തുഴച്ചിലിലും തങ്ങളുടെ സാന്നിധ്യംപോലും അറിയിക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)