പ്രതിവര്‍ഷം 17.9 ദശലക്ഷം പേരെ കൊന്നൊടുക്കുന്ന സര്‍വസാധാരണവും ഭീതിദവുമായ ഒരു രോഗമായി മാറിക്കഴിഞ്ഞു ഹൃദ്രോഗം. സമുചിതമായ ഭക്ഷണക്രമീകരണങ്ങള്‍കൊണ്ട് 85 ശതമാനംവരെ നിയന്ത്രണവിധേയമാക്കാവുന്ന ഈ രോഗത്തിന്റെ പ്രത്യേകത, ഘടനാപരമായ ധമനീവ്യതിയാനങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘകാലമെടുക്കും എന്നതാണ്. രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഹാര്‍ട്ടറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്. ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്ന പൊതുവായ ജരിതാവസ്ഥ ഗുരുതമായാല്‍ ശാശ്വതപരിഹാരമില്ലതാനും.
ചികിത്സാപദ്ധതികളെല്ലാം താത്കാലികരോഗശാന്തി മാത്രം നല്‍കുന്നു. ആന്‍ജിയോപ്ലാസ്റ്റിയും ബൈപ്പാസ് ശസ്ത്രക്രിയയുമെല്ലാം ഗുരുതരമായ രോഗാവസ്ഥയിലെ സമയബന്ധിതമായ ചികിത്സാമുറകള്‍ മാത്രം. ഈ രണ്ടു ചികിത്സാവിധികളിലും രോഗം വന്ന കൊറോണറി ധമനി പരിപോഷിപ്പിക്കുന്ന ഹൃദയപേശികളെ പ്രവര്‍ത്തനയോഗ്യമാക്കുകയാണു ചെയ്യുന്നത്. സമൂലമായ രോഗാവസ്ഥയ്ക്ക് ഇവ പരിഹാരമാകുന്നില്ലെന്നര്‍ത്ഥം.
ഓരോ വ്യക്തിയിലെയും അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്താന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗരേഖകളില്‍, പ്രായം, ലിംഗം, പ്രഷര്‍, പുകവലി, പ്രമേഹം, കൊളസ്‌ട്രോള്‍, ശരീരഭാരം, വ്യായാമനിലവാരം, സ്‌ട്രെസ്, മദ്യപാനം തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, പല നൂതന ആപത്ഘടകങ്ങളും രോഗസൂചകങ്ങളും പുതുതായി കണ്ടെത്തിയിട്ടുമുണ്ട്. ട്രോപോണിന്‍, ഫാറ്റി ആസിഡ് ബൈന്‍ഡിങ് പ്രോട്ടിനാള്‍ തുടങ്ങിയവ ഹാര്‍ട്ടറ്റാക്ക് ഉണ്ടായ പ്രാരംഭദശയില്‍ രോഗനിര്‍ണയത്തിനായി ഉപയോഗിക്കാം. ഹാര്‍ട്ടറ്റാക്കും തുടര്‍ന്നുള്ള മരണസാധ്യതയും പ്രവചിക്കാനായി ഫാക്ടര്‍-15, സി. റിയാക്റ്റീവ് പ്രോട്ടീന്‍, ഫെബ്രനോജന്‍, യൂറിക് ആസിഡ് എന്നിവയുണ്ട്. പ്ലാസ്മ പ്രോട്ടീന്‍-എ, മയെലോ പെറോക്‌സി സെയ്‌സ്, ഫോസ്‌ഫോ ലിപ്പെയ്ഡ്-എ 2, നാറ്റ്‌റിയുറൈറ്റിക് പെപ്പ്‌റ്റൈഡ്, മൈക്രോ-ആര്‍.എന്‍.എ. തുടങ്ങിയവയെല്ലാം ഹൃദ്രോഗസാധ്യതയും ഹൃദയപരാജയവും ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നു. ഇവയില്‍ പലതും ഇനിയും പ്രായോഗികതലത്തില്‍ വന്നിട്ടില്ല.
ആപത്ഘടകങ്ങളുടെ പ്രസക്തിയേറെയുണ്ടെങ്കിലും ഹൃദ്രോഗമുണ്ടാക്കുന്ന ഏതാണ്ട് 50 ശതമാനം പേരിലും ഇവ കണ്ടെന്നു വരില്ല. അല്ലെങ്കില്‍ കഷ്ടിച്ച് ഒന്നോ രണ്ടോ അപായഘടകങ്ങള്‍ മാത്രം കണ്ടെന്നു വരാം. അപ്പോള്‍ അപകടഘടകങ്ങളെ മാത്രം ആശ്രയിച്ചുള്ള ഹൃദ്രോഗപ്രതിരോധവും ചികിത്സയും അപൂര്‍ണമായി അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് രോഗാവസ്ഥയിലേക്കു നയിക്കുന്ന ജൈവശാസ്ത്രപരവും രാസഘടനാപരവുമായ പരിവര്‍ത്തനങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ബയോസൂചകങ്ങളുടെ പ്രാധാന്യം സ്ഥിരീകരിക്കപ്പെട്ടത്. കൊറോണറി ധമനികളിലെ പരോക്ഷമായ ജരിതാവസ്ഥ ഹൃദയാഘാതമുണ്ടാകുന്നതിനു ദശകങ്ങള്‍ക്കുമുമ്പേ ആരംഭിക്കുന്നതാണ്. ഇക്കൂട്ടരെ കര്‍ശനമായ ഭക്ഷണക്രമീകരണങ്ങള്‍ക്കു വിധേയമാക്കിയാല്‍ പിന്നീടുണ്ടാകാവുന്ന ഹാര്‍ട്ടറ്റാക്ക് നല്ലൊരു പരിധിവരെ ഒഴിവാക്കാം.
ഹൃദ്രോഗത്തിന്റെ പ്രഥമ പ്രതിരോധത്തെപ്പറ്റി പറയുമ്പോള്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാന്‍ ഏറെ സാധ്യതയുള്ളവരെ കാലാനുസൃതമായി കണ്ടുപിടിച്ച് തക്ക പ്രതിരോധചികിത്സ കാലേകൂട്ടി ചെയ്യണം. ഹാര്‍ട്ടറ്റാക്കിലേക്കു നയിക്കുന്ന കൊറോണറിധമനികളിലെ ജരിതാവസ്ഥ ആരംഭിക്കുന്നതുമുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിത്തുടങ്ങുന്നതുവരെയുള്ള കാലഘട്ടത്തിന് ദശകങ്ങളുടെ ദൈര്‍ഘ്യമുണ്ട്. ഈയവസരത്തില്‍ ക്രിയാത്മകമായി നടത്തുന്ന അപകടഘടകങ്ങളുടെ ശക്തമായ നിയന്ത്രണം ഹാര്‍ട്ടറ്റാക്കില്‍നിന്ന് ഒരു വ്യക്തിയെ പരിരക്ഷിക്കാന്‍ പര്യാപ്തമാകും.
ഇനി ഹാര്‍ട്ടറ്റാക്ക് ഒരു പ്രാവശ്യം സംഭവിച്ചശേഷം, തുടര്‍ന്നുണ്ടായേക്കാവുന്ന ഹൃദയാഘാതം തടയുന്ന നടപടിയാണ്. ഇതുതന്നെയാണ് നമ്മുടെ നാട്ടില്‍ കൂടുതലായി നടക്കുന്നതും. കാരണം, ആദ്യഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നതുവരെ മലയാളി അന്ധനും ബധിരനുമാണ്. പ്രതിരോധപരമായി എന്തൊക്കെ ചെയ്യണമെന്നു പറഞ്ഞാലും അതു കാണുകയും കേള്‍ക്കുകയുമില്ല. അത്യാഹിതം സംഭവിച്ചുകഴിഞ്ഞാല്‍പ്പിന്നെ വെപ്രാളമാണ്. ആദ്യകാലങ്ങളില്‍ പ്രതിരോധചികിത്സ ചെയ്യാന്‍ ഡോക്ടറോടു സഹകരിക്കും. എന്നാല്‍, കുറച്ചുനാള്‍ കഴിയുമ്പോള്‍ അയാള്‍ പഴയ മലയാളിയായിത്തീരും. സാവധാനം ചികിത്സ നിര്‍ത്തിത്തുടങ്ങും. അല്പം സുഖം തോന്നിയാല്‍പ്പിന്നെ എല്ലാമങ്ങു നിര്‍ത്തിക്കളയും; മാത്രമല്ല, ചിലര്‍ പഴയ പുകവലിയും കുടിയും കഴിപ്പും വീണ്ടും തുടങ്ങും.
മലയാളികള്‍ ആപത്ഘടകങ്ങളുടെ നിയന്ത്രണത്തില്‍ ഒരു മുന്‍കരുതലും എടുക്കുന്നില്ല. ഇവിടത്തെ ചികിത്സാസംവിധാനങ്ങള്‍ മെച്ചപ്പെട്ടതായതുകൊണ്ടു മാത്രം ആയുസ്സ് നീട്ടിക്കിട്ടുന്നു.
ഹൃദയാഘാതം സംഭവിച്ചശേഷം ഔഷധചികിത്സയോ ആന്‍ജിയോപ്ലാസ്റ്റിയോ സര്‍ജറിയോ ചെയ്ത് വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന രോഗിയെ തുടര്‍ജീവിതത്തിനു പ്രാപ്തമാക്കുന്ന ക്രിയാത്മകപദ്ധതികള്‍ ചികിത്സകന്‍ ആസൂത്രണം ചെയ്യണം, ഇതിനു രോഗിയുടെ പൂര്‍ണമായ സഹകരണവും അനിവാര്യമാണ്. വിദേശരാജ്യങ്ങളില്‍ കൃത്യമായ കാര്‍ഡിയാക് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമുണ്ട്. കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും ഔദ്യോഗികജീവിതത്തിലും തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നിര്‍ദേശങ്ങള്‍ ചികിത്സകന്‍ രോഗിയോടു വ്യക്തമായി പറയണം. രോഗിയുടെ പഴകിയ ശീലങ്ങള്‍, മാനസികനിലവാരം, ബലഹീനതകള്‍ ഇവ തിട്ടപ്പെടുത്തണം. രോഗത്തെപ്പറ്റി കൃത്യവും സുതാര്യവുമായ ബോധവത്കരണം നടത്തണം. ഹൃദ്രോഗത്തിലേക്കു നയിച്ച ആപത്ഘടകങ്ങളെ നിയന്ത്രണവിധേയമാക്കേണ്ടതിന്റെ പ്രാധാന്യം വിവരിച്ചുകൊടുക്കണം. കൃത്യമായ കാലയളവില്‍ തുടര്‍ചെക്കപ്പുകള്‍ നടത്തേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കിക്കൊടുക്കണം. എല്ലാ കുടുംബാംഗങ്ങളും രോഗിയോടൊപ്പംനിന്ന് അയാളുടെ ബലഹീനമായ മനസ്സിനെ ബലപ്പെടുത്തണം. രോഗിയുടെ മാത്രമല്ല, കുടുംബാംഗങ്ങളെല്ലാവരുടെയും അശാസ്ത്രീയ-ഭക്ഷണശൈലികള്‍ മാറ്റണം. മേല്പറഞ്ഞ കാര്യങ്ങളെല്ലാം ചികിത്സകനും രോഗിയും പങ്കാളിയും കൂട്ടമായി ചര്‍ച്ച ചെയ്യണം.
മിക്ക രോഗികളും കൃത്യമായി കഴിക്കേണ്ട മരുന്നുകള്‍ സൗകര്യപൂര്‍വം നിര്‍ത്തിവയ്ക്കുന്നു. തുടര്‍ചെക്കപ്പുകളും വേണ്ടായെന്നുവയ്ക്കുന്നു. സാമ്പത്തികമായി താഴേക്കിടയിലുള്ള 22 രാജ്യങ്ങളിലെ 153996 രോഗികളെ, ഹാര്‍ട്ടറ്റാക്കിനുശേഷം ആറുവര്‍ഷക്കാലത്തോളം നിരീക്ഷണവിധേയമാക്കിയ പ്രഖ്യാതമായ 'പ്യൂവര്‍പഠന'ത്തില്‍ ഞെട്ടിപ്പിക്കുന്ന ഫലങ്ങളാണ് ലഭിച്ചത്. രോഗികളില്‍ വെറും 25.3 ശതമാനം പേര്‍ മാത്രം രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ തുടര്‍ന്നു സേവിക്കുന്നു. ബീറ്റ ബ്ലോക്കര്‍ മരുന്നുകള്‍ 17.4 ശതമാനം പേര്‍, എ.സി.ഇ.ഇന്‍ഹിബിറ്ററും എ.ആര്‍.ബിയും 19.5 ശതമാനംപേര്‍, കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയധമനികളെ സന്തുലിതമാക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ 14.6 ശതമാനം പേര്‍. അതായത് 80 ശതമാനത്തോളം പേര്‍ കൃത്യമായി തുടര്‍മരുന്നുകള്‍ കഴിക്കുന്നില്ല. ആന്ധ്രാപ്രദേശില്‍ പ്രഫ. സലിം യൂസഫ് നടത്തിയ നിരീക്ഷണങ്ങളിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. അവിടത്തെ പാവപ്പെട്ട ജനവിഭാഗങ്ങളില്‍ ദ്വിതീയ പ്രതിരോധമരുന്നുകളുടെ ഉപയോഗം വളരെ കുറവായിക്കണ്ടു. ആന്റിപ്ലേറ്റ്‌ലറ്റ് - 8.8 ശതമാനം, ബീറ്റാ ബ്ലോക്കര്‍ - 9.7 ശതമാനം, എ.സി.ഇ. ഇന്‍ഹിബിറ്ററും എ.ആര്‍.ബി.യും 5.2 ശതമാനം, സ്റ്റാറ്റിന്‍സ്-3.3 ശതമാനം. അതായത്, ദരിദ്രരായ 90 ശതമാനം രോഗികള്‍, സര്‍ക്കാര്‍ സഹായത്തോടെയോ അല്ലാതെയോ ആശുപത്രികളില്‍ എന്തൊക്കെ ചികിത്സ നടത്തിയാലും പിന്നീടുള്ള ഔഷധസേവയും തുടര്‍ ചെക്കപ്പുകളും അവഗണിക്കുന്നു. തല്‍ഫലമായി മിക്കവരിലും ആന്‍ജിയോപ്ലാസ്റ്റിയുടെ സ്റ്റെന്റുകളും ബൈപ്പാസ് ശസ്ത്രക്രിയയുടെ ഗ്രാഫ്റ്റുകളും അടഞ്ഞുപോകുന്നു. മറ്റു ഹൃദയധമനികളിലും പുതുതായി ബ്ലോക്കുകളുണ്ടാകുന്നു. അങ്ങനെ അധികം താമസിയാതെ അവര്‍ വീണ്ടും രോഗലക്ഷണങ്ങളുമായി ആശുപത്രിയെ അഭയം പ്രാപിക്കുന്നു. ഇതാണ് മിക്ക രാജ്യങ്ങളിലും ദ്വിതീയ പ്രതിരോധപദ്ധതികളുടെ ഗതി. അങ്ങനെയാണ് 'പോളിപ്പില്‍' (Polypil) എന്ന ആശയം ജന്മമെടുത്തത്. പ്രധാന മരുന്നുകളടങ്ങുന്ന ഒരു ഗുളിക - അതാണ് പോളിപ്പില്‍. ഇതു മറ്റു പല രാജ്യങ്ങളിലുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് പ്രചുരപ്രചാരം നേടിയിട്ടില്ല.
ലേഖകന്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ്.