•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പൗരസ്ത്യസുറിയാനിയുടെ പടിപ്പുരവാതില്‍ പാലാ രൂപതയില്‍ ബേസ് അപ്രേം നസ്രാണി ദയറ

വാസസ്ഥലം, മേച്ചില്‍പ്പുറം, വീട് എന്നെല്ലാം അര്‍ത്ഥമുള്ള ദയറ (Dayara) എന്ന പൗരസ്ത്യസുറിയാനി വാക്ക് ആലങ്കാരികമായി (Metaphorically) സന്ന്യാസാശ്രമം (Monastery) എന്നു സൂചിപ്പിക്കുന്നു. പൗരസ്ത്യസഭകളില്‍ ഒരു സന്ന്യാസഭവനത്തെ ദയറ എന്നാണു വിളിക്കുന്നത്.
അനവധി ദയറകള്‍ പൗരസ്ത്യസഭകളുടെ ആധ്യാത്മികസമ്പന്നതയെ വിളിച്ചോതുന്നു. സന്ന്യാസപ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം ഈജിപ്താണെന്നു പറയുമ്പോഴും അതിനുമുമ്പേ സുറിയാനിസഭകളിലും മധ്യേഷന്‍നാടുകളിലും തീക്ഷ്ണതയേറിയ സന്ന്യാസതാപസ ദൈവാരാധനാസങ്കേതങ്ങളുണ്ടായിരുന്നുവെന്നുള്ളതു നിശ്ചയമാണ്. ക്രമീകൃതമായ ജീവിതപ്രസ്ഥാനമായി സന്ന്യാസസമൂഹത്തെ വിഭാവനം ചെയ്തു വളര്‍ത്തിയതിനാലാണ് ഈജിപ്തിലെ വിശുദ്ധ അന്തോനീസിനെ സന്ന്യാസത്തിന്റെ പിതാവെന്നു വിളിക്കുന്നത്. എന്നാല്‍, സുറിയാനിസഭകളിലെ സന്ന്യാസജീവിതത്തിനു പഴയനിയമഗ്രന്ഥങ്ങളിലെ പ്രവാചകന്മാരുടെയും യഹൂദറബ്ബിമാരുടെയും നാസീര്‍വ്രതബദ്ധരായ താപസന്മാരുടെയും ശൈലിയും ചൈതന്യവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദൈവാന്വേഷണത്തിന്റെ പ്രാരംഭപടികള്‍ കടന്ന് ഈശോമിശിഹായിലൂടെ നല്കപ്പെട്ട ദൈവികവെളിപ്പെടുത്തലിന്റെ പഴയതും പുതിയതുമായ കൃപാവരപാഠങ്ങള്‍ പഠിച്ച് വിശ്വാസത്തില്‍ പൂര്‍ണമായ ആത്മസമര്‍പ്പണം നടത്തി പരിശുദ്ധമായ ദൈവാരാധനയില്‍ ലോകത്തില്‍നിന്ന് ഉയരുന്ന ജീവിതമാണ് ദയറകളുടേത്. ഓരോ ദയറയും ശുദ്ധമായ ദൈവാരാധനയുടെ ആലയവും കലര്‍പ്പില്ലാത്ത തിരുസ്സഭാപ്രബോധനത്തിന്റെ പഠനക്കളരിയും മാനവചേതനയെ ആന്തരികമായി സ്പര്‍ശിക്കുന്ന പുണ്യഗേഹങ്ങളുമാണ്.
ദയറജീവിതത്തെ ഏറ്റവും വിലമതിച്ച സമൂഹമാണ് മാര്‍ത്തോമ്മാനസ്രാണികള്‍. നമ്മുടെ പഴയകാല ആവാസകേന്ദ്രങ്ങളില്‍ പലയിടത്തും ദയറകളുണ്ടായിരുന്നു. മിക്കവാറും വൈദികജീവിതപരിശീലനവേദികളായ മല്പാനേറ്റുകളും ദയറകളില്‍ത്തന്നെ യായിരുന്നു.
ഇന്നത്തെ പാലാ രൂപതാതിര്‍ത്തിയില്‍ത്തന്നെ നിരവധി സ്ഥലങ്ങളില്‍ മല്പാനേറ്റുകളും ദയറകളും ഉണ്ടായിരുന്നു. ചരിത്രത്തിന്റെ ഗതിവിഗതികളില്‍ അവയെല്ലാം മാറ്റത്തിനു വിധേയമായെന്നുമാത്രം. എങ്കിലും, തോമ്മാമാര്‍ഗമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വിശ്വാസജീവിതത്തിന്റെ പരമോദാത്തമായ ആ ചൈതന്യം നമ്മുടെ മനസ്സില്‍നിന്നു വിട്ടുമാറിയിട്ടില്ല. അസംഖ്യം വൈദികസന്ന്യാസവിളികള്‍, സമര്‍പ്പിതസമൂഹങ്ങള്‍, പ്രാര്‍ത്ഥനാശുദ്ധിയുള്ള കുടുംബങ്ങള്‍, ആദര്‍ശധീരരും തീക്ഷ്ണമതികളുമായ അല്മായസഹോദരര്‍ എല്ലാം ഈ മണ്ണില്‍ കൊരുത്തത്, ലോകത്തെ വിട്ട് ദൈവത്തിലേക്കു തിരിയുന്നത് ആ സുവിശേഷമാര്‍ഗത്തിന്റെ നിഗൂഢസാന്നിധ്യംകൊണ്ടുതന്നെയാണ്. ഇതഃപര്യന്തമുള്ള നസ്രാണിചരിത്രത്തില്‍ ജനസമൂഹത്തെ സ്വാധീനിക്കാനും നയിക്കാനും ഈ നാട്ടില്‍നിന്നു പുണ്യജന്മങ്ങള്‍ ഏറെയുണ്ടായി. മാന്നാനത്ത് പോരൂക്കര, പാലയ്ക്കല്‍ മല്പാന്മാരും വിശുദ്ധ ചാവറ കുര്യാക്കോസച്ചനും ചേര്‍ന്ന് ആദ്യത്തെ ഏതദ്ദേശീയ കര്‍മലീത്താസന്ന്യാസസമൂഹം (CMI) വളര്‍ത്തിയതുപോലെ പാലാ ഇടവകക്കാരന്‍ കുടക്കച്ചിറ അന്തോണിക്കത്തനാര്‍ പ്ലാശനാലില്‍ അരുവിത്തുറ ഇടവകാതിര്‍ത്തിയില്‍ മറ്റൊരു സന്ന്യാസപ്രസ്ഥാനത്തിനും ഭവനത്തിനും (ദയറ) രൂപം നല്കി. സഭാനേതൃത്വത്തില്‍ പിന്നീടുവന്ന മാറ്റത്തിലാണ് പ്ലാശനാല്‍ ദയറ മുന്നോട്ടു പോകാതായത്. അമ്പതിലധികം സുറിയാനിഗ്രന്ഥങ്ങളെഴുതിയ കളപ്പുരയ്ക്കല്‍ അന്ത്രയോസ് മല്പാനും പാലാ രൂപതക്കാരനാണ്. തോമസ് അരയത്തിനാലച്ചന്റെ സംഭാവനയും അദ്ഭുതാവഹമത്രേ.
ഈ നാളുകളില്‍ പാലാ രൂപതയില്‍ ഒരു ദയറ ഉയര്‍ന്നുവരികയാണ് - ബേസ് അപ്രേം നസ്രാണി ദയറ, കാപ്പുന്തല. സുറിയാനി ദൈവശാസ്ത്രവിചിന്തനങ്ങളുടെ സുവര്‍ണകാലഘട്ടമായി അടയാളപ്പെടുത്താവുന്ന സഭാപിതാവ് നിസിബിസിലെ മാര്‍ അപ്രേമിന്റെ നാമത്തിലാണ് ഈ ഭവനം ഉയരുന്നത്. ''പരിശുദ്ധ റൂഹായുടെ വീണ'' എന്നും സുറിയാനി സഭകളുടെ ''മല്പാന്‍ മല്പാനേ'' (ഗുരുക്കന്മാരുടെ ഗുരു) എന്നും വാഴ്ത്തപ്പെടുന്ന മാര്‍ അപ്രേം  വിശേഷണങ്ങള്‍ക്കതീതനായി നില്ക്കുകയാണ്. ''നസ്രാണി'' എന്ന പദം ഈ നാട്ടിലെ ക്രൈസ്തവസമൂഹത്തിന്റെ ശ്ലൈഹികവും പൗരാണികവുമായ ചരിത്രത്തെ ജ്വലിപ്പിക്കുന്നതും ''നസ്രായന്റെ അനുയായികള്‍'' എന്ന അര്‍ത്ഥം പകരുന്നതുമാണ്.
വിശ്രുത സുറിയാനി മല്പാനും പിതാക്കന്മാരുടെ പഠനത്തിലും തിരുസ്സഭാചരിത്രത്തിലും ദൈവശാസ്ത്രവിഷയങ്ങളിലും അവഗാഹവുമുള്ള റവ. ഡോ. കൂനമ്മാക്കല്‍ തോമ്മാക്കത്തനാര്‍ കാപ്പുന്തലയില്‍ ബേസ് അപ്രേം നസ്രാണി ദയറയ്ക്കു തുടക്കംകുറിച്ചു. റോമിലും ഓക്‌സ്‌ഫോര്‍ഡിലും പരിശീലനം നേടിയ തോമ്മാക്കത്തനാര്‍ സുറിയാനിഭാഷയില്‍ അസാധാരണമായ പാണ്ഡിത്യം കരസ്ഥമാക്കി. 1999 മാര്‍ച്ചുമാസം 20-ാം തീയതി, പാറേമ്മാക്കല്‍ തോമ്മാ ഗോവര്‍ണദോറുടെ 200-ാം ചരമവാര്‍ഷികദിനത്തില്‍ ആ പുണ്യപിതാവിന്റെ ജന്മഗേഹത്തിലും പുണ്യകുടീരത്തിലും സ്മരണാഞ്ജലി അര്‍പ്പിച്ച് തൊഴുകൈകളോടെ തുടങ്ങിയതാണീ സംരംഭം. ധീരരും പുണ്യപുരോഹിതരും പണ്ഡിതരുമായ ഗുരു യോഹന്ദ് എന്നറിയപ്പെടുന്ന ബഹുമാനപ്പെട്ട ജോണ്‍ ബോസ്‌കോ തോട്ടക്കര CMI, ബഹുമാനപ്പെട്ട  എമ്മാനുവേല്‍ തെള്ളിയില്‍ CMI എന്നിവരും ഈ ദൗത്യത്തില്‍ അച്ചനോടൊപ്പം ചേര്‍ന്നു. ദയറയില്‍ സുറിയാനിപൈതൃകത്തോടു ബന്ധപ്പെട്ട സമ്പന്നമായ ഒരു ഗ്രന്ഥശാലയുമുണ്ട്. കൂനമ്മാക്കല്‍ തോമ്മാക്കത്തനാരുടെ വ്യക്തിപരമായ പരിശ്രമഫലമായിട്ടാണ് ഈ വിശിഷ്ടഗ്രന്ഥങ്ങളെല്ലാം ശേഖരിക്കാന്‍ സാധിച്ചത്. ആധുനിക സീറോ മലബാര്‍ സഭയുടെ പ്രകാശതാരകവും പതാകവാഹകനുമായ റവ. ഡോ. പ്ലാസിഡ് ജെ. പൊടിപാറ CMI യുടെ 100-ാം ജന്മവാര്‍ഷികവും ഉദയംപേരൂര്‍ സൂനഹദോസ് എന്ന സമ്മേളനത്തിന്റെ 400-ാം വര്‍ഷവും 1999 ല്‍ത്തന്നെ ആയിരുന്നുവെന്നത് യാദൃച്ഛികമല്ല; മറിച്ച്, ഉദയംപേരൂര്‍ സമ്മേളനത്തിലൂടെ നസ്രാണിസമൂഹത്തിന്റെമേല്‍ ചുമത്തപ്പെട്ട വ്യതിയാനങ്ങള്‍ ഓരോന്നായി എടുത്തുമാറ്റാനുള്ള മണിമുഴക്കമായി (count down) അതു മാറണമെന്ന് അവര്‍ ആഗ്രഹിച്ചു. ദയറയുടെ വെഞ്ചെരിപ്പ് 2010 ജൂണ്‍ 12 ന് സുറിയാനിഭാഷയില്‍ നടത്താന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ശൂറായസഭയിലെ അഭിവന്ദ്യ സഹായമെത്രാന്മാരും സന്നിഹിതരായിരുന്നു. ബഹു. തോമ്മാക്കത്തനാര്‍ 2019 ജനുവരി 20 ന് സീരി (SEERI)യില്‍നിന്നു മുട്ടുചിറയിലേക്കു മാറി. 2019 ഫെബ്രുവരി 23 ന് അച്ചന്റെ നിര്‍ബന്ധംമൂലം ദയറയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുകയും ബഹു. സെബാസ്റ്റ്യന്‍ അടപ്പശേരിയിലച്ചനെ ചുമതല ഏല്പിക്കുകയും ചെയ്തു. 2017 ജനുവരി 25 ന് ദയറസംബന്ധമായ ഔദ്യോഗികരേഖകള്‍ തോമ്മാക്കത്തനാര്‍ രൂപതാകേന്ദ്രത്തില്‍ ഏല്പിച്ചു.
ആരോഗ്യകരമായ കാരണങ്ങളാല്‍ തോമ്മാക്കത്തനാര്‍ ദയറയില്‍നിന്ന് രൂപതയുടെ മുട്ടുചിറ വിയാനി വൈദികമന്ദിരത്തിലേക്കു വിശ്രമത്തിനായി മാറി. തുടര്‍ന്ന്, ദയറയുടെ ചുമതല ബഹു. സെബാസ്റ്റ്യന്‍ അടപ്പശേരിയിലച്ചനെയാണ് ഏല്പിച്ചത്. നല്ല ഇടവകവികാരിയും സുറിയാനി ഭാഷാപണ്ഡിതനും പേപ്പല്‍ അത്തനേയത്തില്‍ വി.ഗ്രന്ഥപഠനത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ വ്യക്തിയാണ് അദ്ദേഹം. പരി. കുര്‍ബാനയും യാമപ്രാര്‍ത്ഥനകളും സുറിയാനിഭാഷയില്‍ത്തന്നെ അദ്ദേഹം അര്‍പ്പിക്കുന്നു. പൗരസ്ത്യ സുറിയാനിയുടെ കൂട്ടത്തില്‍ എസ്ത്രാംഗലേയും കര്‍ഷോണും അച്ചനു വശമാണ്. ദയറയുടെ അകവും പുറവും എല്ലാം ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ പുതുക്കി. സുറിയാനി ക്ലാസുകള്‍ അവിടെവച്ച് നടത്തുന്നു. ആശ്രമത്തിന്റെ തീക്ഷ്ണതയില്‍ ആ പ്രദേശം മുഴുവന്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആശ്രമങ്ങളുടെ പ്രത്യേകത ഇത്തരം സ്വാധീനങ്ങളാണ്.
ദയറയിലെ പ്രാര്‍ത്ഥനാരീതികളും ലൈബ്രറിയും പൗരസ്ത്യ സുറിയാനി ഭാഷാഭിമുഖ്യവും നമ്മെ എല്ലാവരെയും സ്വാധീനിക്കണം. പല പ്രസ്ഥാനങ്ങളില്‍ ഒരെണ്ണം മാത്രമായി ദയറയെ കാണരുത്. ആന്തരികഗുണമേന്മയുളള വൈദികരും അല്മായരുമായി ജീവിക്കുവാന്‍ ഈ ദയറ കാരണമാകും. ഒപ്പം, സഭയുടെ ആധികാരികമായ നവീകരണത്തിനും വളര്‍ച്ചയ്ക്കും ഐക്യത്തിനും ഉപകാരപ്പെടും. ഈ ദയറയിലൂടെ രൂപതയുടെ ആത്മീയ വേരുകള്‍ക്ക് ആഴം കിട്ടണം. ആഴത്തിലുളള വായന ഇഷ്ടപ്പെടുന്ന ആര്‍ക്കും ദയറയിലെ ഗ്രന്ഥാലയം തൃപ്തികരമായ ഉത്തരം നല്കും.  
ദയറ തുടങ്ങുന്നതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഏറെ ഉത്കൃഷ്ടവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. (1) മാര്‍ത്തോമ്മാനസ്രാണികളുടെ പാരമ്പര്യമനുസരിച്ചുള്ള ആത്മീയതയില്‍ ജീവിക്കുക. (2) പൗരസ്ത്യ സുറിയാനിസഭയുടെ ആരാധനക്രമ ആദ്ധ്യാത്മികതയില്‍ ജീവിക്കുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുക. (3) പൗരസ്ത്യസുറിയാനി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. (4) മലങ്കര മല്പാനേറ്റ്, മാര്‍ സ്ലീവാ സ്‌കൂള്‍, പാറേമ്മാക്കല്‍ ലൈബ്രറി, മാര്‍ കരിയാറ്റില്‍ മ്യൂസിയം എന്നിവ സ്ഥാപിക്കുക. (5) പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രസ്രോതസ്സുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക. (6) നസ്രാണി എന്ന പേരില്‍ ഔദ്യോഗികജിഹ്വ പ്രസിദ്ധീകരിക്കുക. (7) പൗരസ്ത്യ സുറിയാനിഭാഷയില്‍ പരിശുദ്ധ കുര്‍ബാനയും യാമനമസ്‌കാരങ്ങളും അര്‍പ്പിക്കുക.
(8) മലങ്കര നസ്രാണിമക്കളുടെ പൊതുവായ പൗരസ്ത്യസുറിയാനിപ്രാഭവവും ഉറവിടശുദ്ധിയും തറവാട്ടു മഹിമയും തിരിച്ചറിഞ്ഞ് ഐക്യത്തിന്റെ സാക്ഷ്യം വര്‍ദ്ധിപ്പിക്കുക. (9) പൗരസ്ത്യ സുറിയാനിപാരമ്പര്യത്തിനും നസ്രാണിചൈതന്യത്തിനും യോജിക്കുന്ന വിധത്തില്‍ സന്ന്യാസജീവിതം നയിക്കുക.
ബേസ് അപ്രേം നസ്രാണി ദയറയിലൂടെ സീറോ മലബാര്‍ സഭയുടെ കാതുകളില്‍ ഇതിനോടകം മന്ത്രിക്കപ്പെട്ടവയില്‍ കാലപ്രവാഹത്തില്‍ നഷ്ടപ്പെട്ടുപോയ നസ്രാണികളുടെ കൗദാശികവും ആചാരപരവുമായ ഒട്ടനവധി കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തേതാണ് പുളിപ്പിച്ച അപ്പം പരിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന പൗരസ്ത്യനസ്രാണിപാരമ്പര്യം അനുവര്‍ത്തിക്കാന്‍ മല്ക്കാ എന്ന വിശുദ്ധ പുളിപ്പ് തിരിച്ചുകൊണ്ടുവന്നു എന്നുള്ളത്.
ബേസ് അപ്രേംദയറയുടെ ഘടന
ബേസ് അപ്രേം നസ്രാണി ദയറയില്‍ മൂന്നു താമസമുറികളുണ്ട്, രൂപാന്തരീകരണമലയില്‍ പത്രോസ് പണിയാമെന്നു പറഞ്ഞ മൂന്നു കൂടാരങ്ങള്‍പോലെ. ഓരോന്നിന്റെയും വാതില്ക്കല്‍ സുറിയാനി ലിഖിതങ്ങള്‍ (inscriptions) കാണാം. പഴയ സുറിയാനി ലിപിയായ എസ്ത്രാന്‍ഗലാ(Estrangela)യിലാണ് അവ എഴുതിയിരിക്കുന്നത്. കിഴക്കേയറ്റത്തുള്ള ആദ്യത്തെ മുറിയുടെ മുമ്പില്‍ അപ്രേം, ഇസഹാക്ക് എന്നീ പേരുകള്‍ മുകളിലും താഴെയുമായി എഴുതിയിരിക്കുന്നു. ഈ ദയറയുടെ സ്വര്‍ഗീയമദ്ധ്യസ്ഥരാണ് ഇവര്‍ രണ്ടുപേരും. ഇന്നത്തെ തുര്‍ക്കിയില്‍ നിസിബിസ് എന്ന സ്ഥലത്ത് AD 306 ല്‍ ജനിച്ച മാര്‍ അപ്രേം 373 ജൂണ്‍ 9 ന് എദേസായില്‍ വച്ച് അന്തരിച്ചു.
ഇസഹാക്ക് : ദയറയുടെ സ്വര്‍ഗീയമദ്ധ്യസ്ഥനായ നിനവേയിലെ വി. ഇസഹാക്ക് (St Issac of Nineve) ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച സുറിയാനി ദൈവശാസ്ത്ര മിസ്റ്റിക്പ്രതിഭയും ശുദ്ധമതിയായ സന്ന്യാസിയുമാണ്. ഖത്തറില്‍ ജനിക്കുകയും വടക്കന്‍ ഇറാക്കില്‍ സന്ന്യാസജീവിതം നയിക്കുകയും ചെയ്തു. അഞ്ചു മാസക്കാലം മാത്രം നിനവേ രൂപതയുടെ മെത്രാനായിരുന്ന അദ്ദേഹം സന്ന്യാസജീവിതത്തിലേക്കു തിരിച്ചുപോന്നു. പുണ്യപിതാവിന്റെ രചനകള്‍ സന്ന്യാസമാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാണ്.
മാര്‍ അപ്രേമിന്റെയും മാര്‍ ഇസഹാക്കിന്റെയും പേരുകള്‍ക്കിടയില്‍ നാല് പേരുകള്‍കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. നിസിബിസിലെ നാലു മെത്രാന്മാരുടെ പേരുകളാണവ.
യാക്കോവ്
ബാവു
വല്‍ഗാശ്
അവ്‌റാഹം
ഇവരില്‍ മാര്‍ യാക്കോവ് (Bishop Mar Jacob) നിസിബിസിന്റെ ആദ്യത്തെ മെത്രാനും മാര്‍ അപ്രേമിനെ ബാല്യകാലംമുതല്‍ മതപഠനത്തില്‍ വളര്‍ത്തിയവനുമാണ്. അപ്രേമിന് ഡീക്കന്‍പട്ടം കൊടുക്കുകയും നിസിബിസ് ദൈവശാസ്ത്രകേന്ദ്രത്തിലെ വേദപുസ്തകവ്യാഖ്യാതാവ് (Biiblical Exegete) ആയി നിയമിക്കുകയും ചെയ്തു. 338-ല്‍ മാര്‍ യാക്കോവ് കാലം ചെയ്തു.
മാര്‍ ബാവു 338-350 കാലഘട്ടത്തില്‍ മാര്‍ യാക്കോവിന്റെ പിന്‍ഗാമിയായി നിസിബിസിലെ മെത്രാന്‍ ആയിരുന്നു.
മാര്‍ വല്‍ഗാശ് നിസിബിസിന്റെ മൂന്നാമത്തെ മെത്രാനായിരുന്ന കാലഘട്ടത്തിലാണ് (350-361) മാര്‍ അപ്രേം ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായി ഉയര്‍ന്നത്.
മാര്‍ വല്‍ഗാശിനുശേഷം നിസിബിസ് മെത്രാനായ മാര്‍ അവ്‌റാഹത്തിന്റെ നാളുകളില്‍ 363 ല്‍ പേര്‍ഷ്യന്‍സാമ്രാജ്യം നിസിബിസ് ആക്രമിച്ച് കീഴടക്കുകയും ആ നാട്ടിലെ ക്രിസ്ത്യാനികള്‍ നാടുവിടുകയും ചെയ്തു. മാര്‍ അപ്രേം എദേസായിലേക്കു പലായനം ചെയ്യുകയും പത്തുവര്‍ഷം അവിടെ ജീവിച്ച് മരിക്കുകയും ചെയ്തു.
ദയറയുടെ രണ്ടാമത്തെ താമസമുറിയുടെ മുമ്പില്‍ തോമാ എന്നും യോഹന്നാന്‍ എന്നും എഴുതിയിരിക്കുന്നു. നമ്മുടെ പിതാവ് മാര്‍ തോമ്മാശ്ലീഹായുടെയും സ്‌നാപകയോഹന്നാന്റെയും പേരുകളാണവ. ദയറാജീവിതത്തെ താങ്ങിനിര്‍ത്തുന്ന രണ്ടു പുതിയനിയമ വേദപുസ്തകങ്ങളായാണ് ഈ പേരുകളെ കരുതുന്നത്.
മൂന്നാമത്തെ താമസമുറിയുടെ മുമ്പിലായി മൂന്നു പഴയനിയമ വ്യക്തികളുടെ പേരുകള്‍ കോറിയിട്ടിരിക്കുന്നു. മുകളിലും താഴെയുമായി മൂശെ (Moses) എന്നും ഏലിയാ (Elijah) എന്നും എഴുതിയിരിക്കുന്നു. നമ്മുടെ നസ്രാണി ദയറയുടെ രണ്ടു പഴയനിയമ വേദപുസ്തകത്തൂണുകളായാണ് മൂശെയെയും ഏലിയായെയും പരിഗണിക്കുന്നത്. ഈ രണ്ടു പേരുകള്‍ക്കിടയിലായി മൂന്നാമത് എഴുതിയിരിക്കുന്നത് ശെംശോ നസീറേ ദാലാഹാ എന്നാണ്. ദൈവത്തിന്റെ നാസീര്‍വ്രതക്കാരനായ സാംസണ്‍ എന്നാണ് ഇതിനര്‍ത്ഥം. നമ്മുടെ ദയറാജീവിതത്തെ പഴയനിയമത്തിലെ നാസീര്‍ വ്രതത്തോടു ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ് ഇതിലൂടെ.
ദയറയുടെ അടുക്കള ഭക്ഷണമുറി ഭാഗത്ത് നാലു പേരുകള്‍കൂടി കാണാം. നാലും സ്ത്രീകളുടേതാണ്. ഒന്നാമത്തേത് മറിയം - ഈശോയുടെ അമ്മയും സഭയുടെ അമ്മയും മാതൃകയുമായ പരിശുദ്ധ മറിയം ദയറായിലും അമ്മ.
രണ്ടാമത്തേത് ശ്‌മോനി. മൂന്നാമത്തേത് മസ്‌ക്കന്‍താ. നാലാമത്തേത് അര്‍മല്‍ത്താ (വിധവ).
ഈ ലിഖിതങ്ങള്‍ക്കുപുറമേ അടുക്കളഭാഗത്ത് മാര്‍ അപ്രേമിന്റേതായി എട്ടുവരി കവിതയും ദയറായുടെ തുടക്കംകുറിക്കുന്ന ആറുവരി എഴുത്തും ഉണ്ട്.
മാര്‍ അപ്രേമിന്റെ വരികള്‍ ഇങ്ങനെയാണ്:
മിന്‍ അര്‍ആ സ്ഹീത്താ
ഗാസേ മബുആ
ദ് ഹു സാപേക് ല്മസ്ബാ
സഹ്‌യാ ദ് അമ്മേ
മിന്‍ ഉമ്പാ ബ്‌സൂലാ
അക് മിന്‍ ശോആ
ശ്‌വഹ് സര്‍ആ ദ് മെന്നേ
ഹ്‌വയ് അല്ലാസാ
മാര്‍ അപ്രേം
അര്‍ത്ഥം:
ജനങ്ങളുടെ ദാഹം
ശമിപ്പിക്കാന്‍ മതിയായ
ഉറവയൊഴുകുന്നു
വരണ്ട മണ്ണില്‍നിന്ന്
ശിലയില്‍നിന്നെന്നപോലെ
കന്യാ ഉദരത്തില്‍നിന്ന്
വിത്തു മുളയിട്ടു
കൊയ്ത്ത് വന്നെത്തി
- മാര്‍ അപ്രേം
ദയറായുടെ തുടക്കത്തെക്കുറിച്ചുള്ളത്:
ഹാവേ ശൂറായ ദ്‌ബെനിയാനാ ദ് ദയറാ
ഹാദേ ദ് അല്‍ ശേം ബേസ് അപ്രേം
എശ്ത്താസസ് ബീറഹ് ഈലോല്‍ ബ്‌യോം
ദ്ശത്ത് മ്ശി വീസേഹ് തഹ്ത്ത്
മ്തല്ലാസാ ദ് കന്തീശാ മാര്‍ അപ്രേം
വദ് കന്തീശാമാര്‍ ഇസഹാക്ക് ദ്                  നിനവേ
അര്‍ത്ഥം:
ബേസ് അപ്രേം എന്ന പേരിലുള്ള ഈ ദയറായുടെ നിര്‍മാണാരംഭം ഇതാകുന്നു.
പരിശുദ്ധരായ മാര്‍ അപ്രേമിന്റെയും മാര്‍ ഇസഹാക്ക് നിനവേയുടെയും സംരക്ഷണത്തിലായിരിക്കുന്ന ഈ ദയറാ,
മിശിഹാക്കാലം 2006-ാം ആണ്ടില്‍ സെപ്റ്റംബര്‍മാസം 25-ാം തീയതി ഇത് ഉറപ്പിക്കപ്പെട്ടു.
കല്‍സ്ലീവാ
നസ്രാണി ദയറയുടെ മുറ്റത്ത്, പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ചാപ്പലിന്റെ നേരേ മുമ്പിലായി കിഴക്കോട്ടു ദര്‍ശനത്തില്‍ ഒരു ബേസ് സ്ലീവാ (കുരിശുപള്ളി, കുരിശടി) ഉണ്ട്. അതിന്റെ ഒരുവശത്ത്  ആല്പ്, താവ് എന്നീ സുറിയാനി അക്ഷരങ്ങളും ഒരു കുരിശടയാളവും മറുവശത്തു നടുവിലായി ദാവീദിന്റെ നക്ഷത്രവും കാണാം. സ്ലീവാമുദ്രയും നക്ഷത്ര അടയാളവും ഈശോമിശിഹായെ സൂചിപ്പിക്കുന്നു. കല്‍സ്ലീവായുടെ ചുവട്ടിലേക്ക് എത്തിനില്ക്കുന്ന എട്ടു സവിശേഷ എടുപ്പുകളുണ്ട്. അവയോരോന്നും ബേസ് സ്ലീവായുടെ മധ്യഭാഗത്തെ എട്ടു മുഖമുള്ള ഒരു ഭവനമാക്കി മാറ്റുന്നു. ഈ എടുപ്പുകളുടെ താഴെ മുകളിലേക്കും വലത്തേക്കും ഇടത്തേക്കും നില്ക്കുന്ന കുരിശടയാളങ്ങളുണ്ട്. അത് സത്യസഭയുടെയും സത്യവിശ്വാസത്തിന്റെയും സാര്‍വത്രികസ്വഭാവത്തെ സൂചിപ്പിക്കുന്നു. മധ്യഭാഗത്ത് രണ്ടു നിലകളിലായി ഉള്ളിലേക്കു തുറന്നിരിക്കുന്ന എട്ടു വളച്ചുവാതിലുകളുണ്ട്. അവയില്‍ ഒരു നില ഉയരം കൂടിയതും മറ്റേത് ഉയരം കുറഞ്ഞതുമാണ്. ഉയരമുള്ള ഭാഗത്ത് നാലു  സ്ലീവാകള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവിടെയും താഴത്തെ ഉയരം കുറഞ്ഞ നിലയിലും എണ്ണയൊഴിച്ചു കത്തിക്കുന്ന കല്‍വിളക്കുകളുണ്ട്. താഴെ തറയില്‍നിന്ന് ഉയര്‍ന്നുനില്ക്കുന്ന ബേസ് സ്ലീവായുടെ അധോഭാഗം ചതുരാകൃതിയാണ്. അവിടെ നാലുവശത്തുമായി മൂന്നുവീതം കല്‍വിളക്കുകള്‍ ക്രമീകരിച്ചിരിക്കുന്നു. തറയില്‍ കരിങ്കല്ലുകള്‍ പാകിയിരിക്കുകയാണ്. മുന്‍വശത്ത് ഒരു ബേമ്മായുണ്ട്. ചതുരാകൃതിയില്‍ തറയില്‍നിന്ന് ഉയര്‍ന്നുനില്ക്കുന്ന ഭാഗം മുന്‍വശം മൂന്നു കാര്‍മ്മികരെ സൂചിപ്പിക്കുന്നവിധം മൂന്നു മുഖങ്ങളായി വെട്ടിയിരിക്കുന്നു.
കരിങ്കല്ലുകള്‍ പാകിയിരിക്കുന്ന തറഭാഗം നിലത്തുനിന്ന് ഉയര്‍ന്നുനില്ക്കുന്നതാണ്. തറയുടെ നാലറ്റത്തും ചതുരാകൃതിയില്‍ ഉയരം കുറഞ്ഞ സ്തംഭങ്ങളുണ്ട്. അവ ഓരോന്നിന്റെയും ഓരോ വശത്തും സുറിയാനിലിഖിതങ്ങളും സ്ലീവായുടെ മുദ്രകളുമുണ്ട്.
ബേസ് സ്ലീവായുടെ മുന്‍വശത്തെ പ്രധാനപടികളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:
സല്ലാവ് ദ് നെഹ്‌വെ
ശൈനാ ബവ്‌റീസാ
ഈ എഴുത്ത് സീറോ മലബാര്‍ കുര്‍ബാനക്രമത്തില്‍നിന്നുള്ളതാണ്. ''സൃഷ്ടികളില്‍ സമാധാനമുണ്ടാകുന്നതിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍'' എന്നാണിതിനര്‍ത്ഥം.
മാര്‍ത്തോമ്മാനസ്രാണികളുടെ  തറവാടുഭൂമിയാണ് കുറവിലങ്ങാട്. അവിടെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം നടന്നതായി സാക്ഷ്യപ്പെടുത്തുന്നു. ലോകത്തുണ്ടായിട്ടുള്ള മരിയന്‍ പ്രത്യക്ഷീകരണങ്ങളില്‍ ഏറ്റവും പുരാതനമാണിത്. അതിനാല്‍, മര്‍ത്ത് മറിയത്തിന്റെ കല്ലില്‍ കൊത്തിയ അടയാളം മുന്‍ഭാഗത്ത് രണ്ടുവശങ്ങളിലും വച്ചിരിക്കുന്നു. ബേസ് സ്ലീവായുടെ വലതുഭാഗത്ത് പരിശുദ്ധമാതാവിന്റെ അടയാളത്തിനുമുകളില്‍ മര്‍ത്ത് മറിയം - 'പരിശുദ്ധ മറിയം' - എന്നും താഴെ
എമ്മാഹ് ദമ്ദീത്ത
ബ്രീക്ത്താ ദ് കുറവിലങ്ങാട്
എന്നും എഴുതിയിരിക്കുന്നു. ഇതിന്റെ അര്‍ത്ഥം ''അനുഗൃഹീതപട്ടണമായ കുറവിലങ്ങാടിന്റെ അമ്മ'' എന്നാണ്. എസ്ത്രാന്‍ഗലാ ലിപികളില്‍ ഉള്ള ഈ എഴുത്തില്‍ ''കുറവിലങ്ങാട്'' എന്നതിന്റെ ''ങ്ങാട്'' എന്ന ഭാഗം സുറിയാനി മലയാളമായ 'കര്‍ഷോന്‍' (Karshon) ലിപിയാണ്.
ഇടതുവശത്ത് എഴുതിയിരിക്കുന്നത്:
മര്‍ത്ത് മറിയം
ബ് സുല്‍ത്താ കന്തീശ്ത്താ
'പരിശുദ്ധ കന്യകാമറിയം' എന്നാണ് ഇതിനര്‍ത്ഥം.
വലത്തേ തൂണിന്റെ മറ്റു മൂന്നുവശങ്ങളിലുമുള്ള ലിഖിതങ്ങള്‍ ഇപ്രകാരമാണ്:
ഹാ എന്നാ
അംസേ ദ് മറിയാ
നെഹ്‌വേ ലി
അക് മെല്‍ഡാക്
'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വചനംപോലെ എനിക്കു ഭവിക്കട്ടെ' എന്നാണ് ഇതിനര്‍ത്ഥം. ലൂക്കാ 1:38 ല്‍ നിന്നെടുത്തതാണ്.
മറ്റൊന്ന്:
അയ്‌മെക്കാ ലി ഹാദേ
ദെമ്മേ ദ് മറിയാ
തേസേ ല്‌വാസ്
''കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ എത്തിയ ഇത് എനിക്ക് എവിടെനിന്ന്'' (ലൂക്കാ. 1:43).

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)