ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍, മനുഷ്യത്വത്തെയും ധാര്‍മികതയെയും കാര്‍ന്നുതിന്നുന്ന വലിയ വൈറസായി സിനിമാലോകം മാറിയിട്ടു കാലമേറെയായി. ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന കലാസൃഷ്ടികള്‍ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. ചില മലയാളസിനിമകള്‍ അതിരു കടക്കുന്നു. ക്രൈസ്തവര്‍ വളരെയധികം ബഹുമാനത്തോടെയും ഭക്തിയോടെയും കാണുന്ന അന്ത്യത്താഴചിത്രത്തെയും കത്തോലിക്കാ അടയാളങ്ങളെയും പരിശുദ്ധ കന്യകാമറിയത്തെയും കന്യാസ്ത്രീകളെയും വളരെ വികലമായി ചിത്രീകരിച്ചിരിക്കുന്ന ചില സിനിമകള്‍ മലയാളത്തില്‍ തുടര്‍ച്ചയായി ഇറങ്ങുന്നുണ്ട്.
ഈശോയും കേശു ഈ വീടിന്റെ നാഥനും
സംവിധായകന്‍ നാദിര്‍ഷായുടെ പുതിയ സിനിമ ''ഈശോ'' ഈ വഴിയിലെ ഏറ്റവും പുതിയതാണ്. ഈശോയെന്ന പേര് പിന്‍വലിക്കില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍'' എന്നതു പിന്‍വലിക്കുകയാണെന്നും അറിയിച്ചെങ്കിലും, ബൈബിളിലെ ഈശോയല്ല എന്നു പറയുന്നതിലൂടെ ക്രൈസ്തവവിശ്വാസത്തെ അപമാനിക്കാനാണ് ശ്രമമെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണു വേണ്ടത്? ഏറ്റവും ഖേദകരമായ വസ്തുത കലാഭവന്‍ എന്ന ക്രൈസ്തവസ്ഥാപനത്തില്‍ താമസിച്ച് പരിശീലനം പൂര്‍ത്തിയാക്കിയവരാണ് സിനിമയ്ക്കു പുറകിലുള്ളത് എന്നതാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് മതസൗഹാര്‍ദം തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങളെ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രിക്കണം.
എന്തുകൊണ്ട് ക്രിസ്ത്യന്‍ പേരുകള്‍ മലയാള സിനിമയുടെ ടൈറ്റില്‍ ആയി വരുന്നു?
കേരളത്തിലെ ക്രൈസ്തവമതം കേവലം ഒരു മതപരമായ സാന്നിധ്യം മാത്രമായല്ല, ഒരു നാടിന്റെ മുഴുവന്‍ സാംസ്‌കാരികപശ്ചാത്തലമായി നിലനില്‍ക്കുന്നു. ബൈബിളിന് ലോകം മുഴുവനുമുള്ള സര്‍വസ്വീകാര്യതയാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കുള്ള പ്രചോദനം. മലയാളസിനിമ മാത്രമല്ല, ലോകത്തെമ്പാടുമുള്ള കലാലോകം ബൈബിളിലൂടെ പ്രചോദിതമായിട്ടുണ്ട്. ശില്പകലയിലും ചിത്രകലയിലും ഒക്കെ മികച്ച ഉദാഹരണങ്ങളുണ്ട്. ബൈബിള്‍ പേരുകള്‍ മാത്രമല്ല, വചനങ്ങള്‍ പറയുന്ന കഥാപാത്രങ്ങളെയും മലയാളസിനിമ ഏറ്റെടുത്തിട്ടുണ്ട്.എന്നാല്‍ ദുരുദ്ദേശപരമായി ഇത്തരം ക്രിസ്ത്യന്‍ പേരുകളും അടയാളങ്ങളും ഉപയോഗിക്കപ്പെടുമ്പോള്‍ അത് അവഹേളനപരമാകുന്നു.
ക്രൈസ്തവമായ പേരുകളും ഇതിവൃത്തങ്ങളും പശ്ചാത്തലങ്ങളും ഉപയോഗിക്കുകയാണെങ്കില്‍ സിനിമ വിജയിപ്പിക്കാമെന്നുള്ള ചിന്ത നവസംവിധായകരില്‍ രൂഢമൂലമായിരിക്കുന്നു. ക്രൈസ്തവികതയുടെ ദൃശ്യഭൂപടങ്ങള്‍കൊണ്ട് ആസൂത്രിതമായി, പള്ളിപ്പെരുന്നാളെന്നാല്‍ വീടിന്റെ പൂമുഖത്തും പ്രദക്ഷിണവഴികളിലും മദ്യപിക്കാനും പരസ്പരം തല്ലുകൂടാനുമുള്ള ഒരിടമാണെന്ന കണ്ടെത്തല്‍ പല സിനിമകളിലും കുത്തിനിറയ്ക്കുന്നു.
''അക്വേറിയ''ത്തിനുള്ളിലെ അശ്ലീലമത്സ്യങ്ങള്‍
2013 ല്‍ 'പിതാവും പുത്രനും പരിശുദ്ധാത്മാവും' എന്ന പേരില്‍ ഒരു സിനിമ പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ പരാതി കൊടുക്കുകയും നിര്‍മാതാവിനു പേരു മാറ്റേണ്ടിവരികയും ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പേരില്‍ മാറ്റം വരുത്തി 'പിതാവും പുത്രനും' എന്ന പേരില്‍ ആ സിനിമ പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പരാതി പോവുകയും അതു പെട്ടിയിലാവുകയുമുണ്ടായി. ഇപ്പോള്‍ വിവാദങ്ങള്‍ക്കൊടുവില്‍ വീണ്ടും അതേ സിനിമ 'അക്വേറിയം' എന്നാക്കി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു.
'അക്വേറിയം' എന്ന സിനിമയുടെ കഥതന്നെ വാസ്തവവിരുദ്ധവും മനുഷ്യത്വരഹിതവും ലൈംഗികവൈകൃതങ്ങള്‍ നിറഞ്ഞതുമാണ്. ക്രൈസ്തവവിശ്വാസത്തെയും കത്തോലിക്കാസഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന ചിത്രീകരണം നിറഞ്ഞതാണ്. ക്രൈസ്തവസഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച് സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാളസിനിമാവ്യവസായം മാറിയിരിക്കുന്നു എന്നു പറയുന്നതില്‍ ഏറെ ഖേദമുണ്ട്.
ക്രൈസ്തവികതയ്‌ക്കെതിരേയുള്ള അസത്യപ്രചാരണങ്ങള്‍
ജര്‍മനിയില്‍ അസത്യപ്രചാരണങ്ങള്‍ക്കായി ഹിറ്റ്‌ലര്‍ സിനിമാമേഖലയെ ഉപയോഗിച്ചിരുന്നു. സിനിമയടക്കം ജര്‍മന്‍സംസ്‌കാരത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന നിയന്ത്രണത്തിന്റെ ഇരുമ്പുമുഷ്ടി ഹിറ്റ്‌ലര്‍ മുന്നോട്ടുവച്ചു. ജോസഫ് ഗീബെല്‍സിന്റെ നേതൃത്വത്തിലുള്ള പ്രചാരണമന്ത്രാലയം ജര്‍മന്‍ സിനിമയുടെ നിയന്ത്രണശക്തിയായി വര്‍ത്തിച്ചു. എല്ലാ സിനിമകളും നാസിപാര്‍ട്ടിയെ മാത്രം അനുകൂലിക്കുകയും വാദിക്കുകയും ചെയ്യുന്നതാക്കി മാറ്റി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്ന ഇരുപതോളം സിനിമകള്‍ മലയാളത്തിലിറങ്ങി. കുമ്പസാരക്കൂടിനെയും കുമ്പസാരത്തെയുമൊക്കെ അവഹേളിച്ചുകൊണ്ടു നിന്ദ്യമായ രീതിയിലുള്ള ചിത്രീകരണങ്ങളുണ്ടായി. ഇത്തരം സിനിമകളില്‍ കാണുന്നത് വിശ്വാസികള്‍ അപ്പാടെ വിശ്വസിച്ചു എന്നു കരുതുന്നില്ല. പക്ഷേ, സഭയ്ക്കു പുറത്തുള്ളവര്‍ ഇതൊക്കെയാണു നടക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടാവണം.
പൗരോഹിത്യത്തെയും സന്ന്യാസത്തെയും ബ്രഹ്‌മചര്യത്തെയും മ്രെതാന്‍മാരെയും അപമാനിക്കാനുള്ള ബോധപൂര്‍വമായ രംഗങ്ങളും സംഭാഷണങ്ങളും നിറച്ച ഈ സിനിമകളുടെ ഉള്ളടക്കത്തില്‍ ക്രൈസ്തവലോകം അസ്വസ്ഥമാണ്. ക്രൈസ്തവപൗരോഹിത്യത്തിനെതിരായി പൊതുവികാരമുണര്‍ത്താന്‍ ഈ സിനിമകള്‍ സമൂഹത്തില്‍ വഹിച്ച പങ്കു ചെറുതല്ല. ചലച്ചിത്രങ്ങളില്‍ വിശുദ്ധ കൂദാശകളെപ്പോലും പരിഹാസത്തോടും, ലാഘവബുദ്ധിയോടുംകൂടി കൈകാര്യം ചെയ്യുന്നതുമൂലം വലിയ തോതില്‍ യുവജനവിശ്വാസിസമൂഹം വഴി തെറ്റിക്കപ്പെടുന്നു.
വളരെ അപഹാസ്യമായ രീതിയിലാണ് വൈദികരുടെയും സന്ന്യസ്തരുടെയും ജീവിതത്തെയും സഭയെയുംപറ്റി അവയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതൊക്കെ കണ്ടുകഴിഞ്ഞപ്പോള്‍ തോന്നിയത്, എല്ലാം സഹനമായി കാണാമെങ്കിലും ഇത്രമാത്രം സഹിക്കേണ്ട കാര്യമില്ല എന്നാണ്. കാരണം, കാണുന്നവര്‍ വിചാരിക്കും, ഇതൊക്കെ ശരിയായിരിക്കുമെന്ന്? നല്ല സമരിയക്കാരന്‍ എന്ന നിലയില്‍നിന്നു ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ വളരെ വികലമായി, തിന്മയുടെ ലൂസിഫറുകളായി അവതരിപ്പിക്കുന്ന ഇന്നത്തെ അവസ്ഥ വളരെ ആസൂത്രിമാണോയെന്നു ചിന്തിക്കണം.
ക്രൈസ്തവാടിസ്ഥാനങ്ങളെ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവഹേളനാപാത്രമാക്കുന്നത് ഒരു തുടര്‍ക്കഥയാക്കി മാറ്റുന്നതില്‍ നവസിനിമാവൈതാളികര്‍ വിജയിച്ചു. വില്ലന്‍ കഥാപാത്രങ്ങളും അഭിസാരികാകഥാപാത്രങ്ങളും ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നവരും ക്രൈസ്തവനാമങ്ങളിലാണു സിനിമയില്‍ രംഗപ്രവേശം നടത്തുന്നത്. ബാച്‌ലര്‍ പാര്‍ട്ടി, ബ്ലാക്ക്, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളും കടുത്ത ക്രിസ്ത്യന്‍വിരുദ്ധത പ്രകടിപ്പിക്കുന്നവയാണെന്നു സൂക്ഷ്മമായി വീക്ഷിച്ചാല്‍ മനസ്സിലാകും.
അബോധാവസ്ഥയിലായ ''ട്രാന്‍സ്''
'ട്രാന്‍സ്' എന്ന സിനിമ ക്രിസ്തീയമൂല്യങ്ങളെ വികലമായി ചിത്രീകരിച്ചപ്പോഴും സമൂഹം അത് ആഘോഷിച്ചു. പൗരോഹിത്യത്തെ ആക്ഷേപിക്കുന്ന മാസ് ഡയലോഗുകള്‍ അടിക്കുന്ന ഹീറോകളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന ഒരു ജനതയായി വിശ്വാസികളെ മാറ്റാനുള്ള ശ്രമങ്ങള്‍ ന്യൂ ജനറേഷന്‍ സിനിമകളില്‍ സാധാരണമായിരിക്കുന്നു. രോഗശാന്തി ശുശ്രൂഷകളെ പണമുണ്ടാക്കുന്ന ഒരു വ്യവസായം മാത്രമായി ചിത്രീകരിച്ച്, ദൈവത്തെ സ്തുതിക്കുന്നതും ആരാധിക്കുന്നതും മോശമാണെന്ന ധാരണയുണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങളും 'ട്രാന്‍സ്' പോലുള്ള ചിത്രങ്ങളിലൂടെ നടത്തി.
ക്രിസ്തുവിനെയും സഭയെയും ക്രൈസ്തവരെയും മ്ലേച്ഛകരമാക്കാനും ആക്രമിക്കാനും പ്രചോദനം നല്‍കുന്ന സിനിമകള്‍ ഇപ്പോള്‍ വ്യാപകമായി ചിത്രീകരിക്കപ്പെടുന്നു. ഇത്തരം സിനിമകള്‍ക്ക് ആവശ്യമായ സാമ്പത്തികസഹായം നല്‍കാന്‍ ചില ക്രൈസ്തവവിരുദ്ധപ്രസ്ഥാനങ്ങളും പൈശാചികവര്‍ഷിപ്പ് ഗ്രൂപ്പുകളും ശ്രമിക്കാറുണ്ട്. കൊള്ളക്കാരുടെ താവളങ്ങളായും മോശമായ നൃത്തങ്ങളുടെ പശ്ചാത്തലങ്ങളായും ദൈവാലയങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍, എത്ര വിപരീതമായ കാഴ്ചപ്പാടുകളായിരിക്കും അതു കാണുന്നവരില്‍ ഉളവാക്കുക?
കേരള പൊലീസിന്റെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പോകും, കുപ്രസിദ്ധമായ പല കേസുകള്‍ക്കും കാരണമായത് സിനിമയാണത്രേ! അശ്ലീലങ്ങളുടെയും ആഭാസങ്ങളുടെയും ലേഹ്യവും കഷായവുംപോലെയുള്ള ചില ന്യൂജനറേഷന്‍ സിനിമകള്‍ മേമ്പൊടിയായി ചേര്‍ക്കുന്നത് ക്രൈസ്തവ വിരുദ്ധതയാണ്.
മതവിശ്വാസങ്ങളെ അവഹേളിച്ചു വേണോ സിനിമാ ക്കച്ചവടം നടത്തേണ്ടതെന്ന് ചലച്ചിത്രവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഗൗരവമായി ചിന്തിക്കണം. മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കണം.
ഇന്നത്തെ മലയാളസിനിമ അതിന്റെ ഇതിവൃത്ത തിരഞ്ഞെടുപ്പ്, ആഖ്യാനനിര്‍ബന്ധങ്ങള്‍, വ്യവസായ-വാണിജ്യനിയമങ്ങള്‍, ആസ്വാദന മുന്‍ധാരണകള്‍ എന്നിങ്ങനെയുള്ള പ്രാഥമിക മേഖലയില്‍ത്തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതികളാണ് പിന്തുടരുന്നത്. സാമൂഹിക പ്രതിബദ്ധത എന്ന നിലയ്ക്ക് നല്ല സിനിമകള്‍ ആവിഷ്‌കരിക്കാന്‍ സിനിമക്കാര്‍ ശ്രദ്ധിക്കണം. സിനിമ, കച്ചവടവും വിനോദവും മാത്രമല്ല എന്ന തിരിച്ചറിവുണ്ടാകണം. സമൂഹത്തില്‍ നഷ്ടമാവുന്ന നന്മയും സ്‌നേഹവും ധാര്‍മികതയും വീണ്ടെടുക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ മുന്നോട്ടു വരണം.