•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ശ്രേഷ്ഠഭാഷാചാര്യന് മലയാളത്തിന്റെ പ്രണാമം

കവി എവിടെ നില്ക്കണമെന്ന ചോദ്യത്തിന്, മനുഷ്യന്റെയും പ്രകൃതിയുടെയും കൂടെനില്ക്കുക എന്ന ഉത്തരം കണെ്ടത്തിയ കവിയാണ് പുതുശ്ശേരി രാമചന്ദ്രന്‍. കാല്പനികതാപ്രസ്ഥാനം കവിതയില്‍ ശക്തി പ്രാപിച്ചുവന്ന കാലത്ത് കവിതയില്‍ വിപ്ലവം ഒളിപ്പിച്ചുവച്ച് രംഗത്തിറങ്ങിയ കവിയാണ് അദ്ദേഹം. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണത മുറ്റിനിന്ന നാല്പതുകളില്‍ അതിന്റെ കയ്‌പേറിയ അനുഭവങ്ങളും അദ്ദേഹത്തിന് അന്യമല്ല. മണ്ണിനെക്കുറിച്ചും തന്റെ ഗ്രാമത്തെക്കുറിച്ചും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചും കവി നിരവധി കവിതകളെഴുതി. അവയെല്ലാം തികച്ചും കാലികവുമായിരുന്നു.
ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന കവിയാണ് പുതുശ്ശേരി. നാട് പുരോഗതിയുടെ പടവുകളോരോന്നും ചവിട്ടിക്കയറുന്നത് കവി ശ്രദ്ധയോടെ നോക്കിക്കണ്ടു. താന്‍ ചവിട്ടിനില്ക്കുന്ന മണ്ണ് ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണെന്നും അതല്ലാതെ ഭൂമിമാതാവ് എന്ന സങ്കല്പത്തിന് മറ്റൊരര്‍ത്ഥമില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
''ഇക്കരിമണ്ണിന്റെ ചെപ്പിലൊതുങ്ങാത്ത
വിശ്വസൗന്ദര്യങ്ങളെങ്ങുവേറേ'' എന്ന് കവി ആശ്ചര്യപ്പെടുമ്പോള്‍ നമ്മളും ആ മണ്ണില്‍ത്തന്നെയാണല്ലോ പദമൂന്നിനില്ക്കുന്നത് എന്ന് ഓര്‍ത്തുപോകും. അത് കൃത്യമായ ഒരു ഓര്‍മ്മപ്പെടുത്തല്‍തന്നെയാണ്.
താന്‍ വളര്‍ന്ന ഗ്രാമത്തെക്കുറിച്ചെഴുതാത്ത കവികളാരുമില്ല.
''ഏതു ധൂസരസങ്കല്പത്തില്‍ പുലര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും'' മനസ്സില്‍ ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയും കാത്തുസൂക്ഷിക്കുവാന്‍ വൈലോപ്പിള്ളി നമ്മെ ഓര്‍മ്മിപ്പിക്കുമ്പോള്‍ പുതുശ്ശേരിക്കവിതകളിലെ ഗ്രാമീണചാരുതയും നമുക്കോര്‍മ്മവരും. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ഊര്‍ജ്ജമാണ് പുതുശ്ശേരിയുടെ പരാശക്തി അല്ലെങ്കില്‍ ശക്തിസ്വരൂപിണി എന്ന സങ്കല്പം. ആറ്റംബോംബിന്റെ സംഹാരതാണ്ഡവത്തെക്കുറിച്ചറിഞ്ഞ് മനസ്സുനൊന്ത് അദ്ദേഹമെഴുതിയ ശക്തിപൂജ എന്ന കവിതയില്‍ മുഴങ്ങിക്കേള്‍ക്കുന്നത് ആ പരാശക്തിയെ ദുരുപയോഗം ചെയ്യുന്ന മനുഷ്യന്റെ സ്വാര്‍ത്ഥതയാണ്.
''ആരിവ,ളാരിവളണിഞ്ഞു
നില്പവള്‍
അസ്ഥിപിനദ്ധം ഹാരം?
ഇവളുടെ പദതല ചലനാഹതി
കളില്‍
ഉലയുവതെന്തീയാകാശം?''
എന്ന് വേദനയോടെ അമ്പരക്കുമ്പോഴും
''ദാരികരക്തമൊഴുകും കൈത്ത ണ്ടില്‍
താമരമലരുകള്‍ വിരിയട്ടെ,
വാടിശയിക്കും വത്സരത്തില്‍ പുതു-
വാത്സല്യത്തേനുണ്ണട്ടെ'' എന്നും കവി പ്രാര്‍ത്ഥനോടെ ആശംസിക്കുന്നു.
മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നം ഗ്രാമത്തില്‍ പോക്കാട്ട് ദാമോദരന്റെയും പുതുശ്ശേരില്‍ ജാനകിയമ്മയുടെയും മകനായി 1928 സെപ്റ്റംബര്‍ 23-ാം തീയതി രാമചന്ദ്രന്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം സംസ്‌കൃത പഠനത്തിനു ചേര്‍ന്ന് ശാസ്ത്രിപരീക്ഷ വിജയിച്ചു. പിതാവിന്റെ താത്പര്യത്തിനനുസരിച്ച് സംസ്‌കൃതം പഠിച്ചത് പിന്നീടുള്ള തന്റെ കാവ്യവഴികളില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം അഭിമാനിച്ചിരുന്നു. പ്രാചീന സംസ്‌കൃതകാവ്യങ്ങളുടെ പഠനം തന്റെ ജീവിതത്തെയും കാവ്യരചനകളെയും നിരന്തരം ഉത്തേജിപ്പിച്ചിരുന്നുവെന്ന്, 2015-ല്‍ ദീപനാളത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ഓര്‍മ്മിച്ചിരുന്നു.
വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിലും അനുബന്ധപ്രസ്ഥാനങ്ങളിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ടു. പിന്നീട് സ്വപ്രയത്‌നത്താല്‍ മലയാളത്തില്‍ ബിരുദാനന്തരബിരുദം ഒന്നാം റാങ്കില്‍ വിജയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
തികഞ്ഞ ഭാഷാസ്‌നേഹിയായിരുന്ന പുതുശ്ശേരി കൊല്ലം എസ്.എന്‍. കോളജില്‍ മലയാളം അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കേരളസര്‍വ്വകലാശാല മലയാളവിഭാഗം തലവനായി വിരമിക്കുകയും ചെയ്തു. 67 വര്‍ഷം നീണ്ടുനിന്ന സന്ധിയില്ലാസമരത്തിനൊടുവില്‍ പ്രാചീന ദ്രാവിഡഭാഷയായ മലയാളത്തിന് 'ശ്രേഷ്ഠഭാഷ' എന്ന പദവി നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മലയാളം ഒന്നാം ഭാഷയാക്കുന്നതിനും ഭരണഭാഷയാക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മലയാളിക്കു മറക്കാവതല്ല. 1977-ല്‍ തിരുവനന്തപുരത്തുനടന്ന ആദ്യത്തെ ലോക മലയാളസമ്മേളനത്തിന്റെ സംഘാടകന്‍ പുതുശ്ശേരിയായിരുന്നു. അഖിലേന്ത്യാ ദ്രാവിഡഭാഷാ സമിതിയുടെ ഡയറക്ടര്‍, സ്ഥലനാമപഠനവിഭാഗത്തിന്റെ അമരക്കാരന്‍ തുടങ്ങിയ നിലകളില്‍ ഭാഷയ്ക്ക് അദ്ദേഹം നല്കിയ സേവനങ്ങള്‍ നിരവധിയാണ്.
തികഞ്ഞ ഇടതുപക്ഷസഹയാത്രികനായിരുന്നു പുതുശ്ശേരി. എങ്കിലും ഇടതുകവികളുടെ പരമ്പരാഗതരീതിയില്‍നിന്നു വ്യത്യസ്തനായി തനിക്കു പറയാനുള്ളതെന്തും അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ജനാധിപത്യത്തിലേക്കുള്ള ചൈനയുടെ കടന്നുവരവിനെ സ്വാഗതംചെയ്ത കവി ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന കൂട്ടക്കുരുതിയെ വിമര്‍ശിച്ചും കവിതയെഴുതി. കൊല്ലത്തു തൊഴിലാളികള്‍ക്കുനേരേ നടന്ന പോലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ചുകൊണ്ട് അദ്ദേഹമെഴുതിയ 'തീപെയ്യരുതേ മഴമുകിലേ' എന്ന കവിത ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു.
ഗ്രാമീണഗായകന്‍, അഗ്നയേ സ്വാഹ, ആവുന്നത്ര ഉച്ചത്തില്‍, പുതിയ കൊല്ലനും പുതിയൊരാലയും, ശക്തിപൂജ തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. വിസ്മൃതിയിലാണ്ടുപോയിരുന്ന, നിരണത്ത് രാമപ്പണിക്കരുടെ കണ്ണശ്ശരാമായണത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കണെ്ടടുത്ത് അദ്ദേഹം കൈരളിക്കു സമര്‍പ്പിച്ചു. കണ്ണശ്ശരാമായണത്തിലെ ഭാഷയെക്കുറിച്ചുള്ള പഠനത്തിന് പിഎച്ച്.ഡി ലഭിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ, 'തിളച്ച മണ്ണില്‍ കാല്‍നടയായി' ആത്മകഥാസാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.
ഒറ്റപ്പെടുന്നവര്‍ക്കും അധഃസ്ഥിതര്‍ക്കും ചൂഷണത്തിനിരയാകുന്നവര്‍ക്കുംവേണ്ടി അദ്ദേഹം കവിതകളെഴുതി. 'തെരുവിലെ പെങ്ങള്‍' ഇതിന് ഉദാഹരണമാണ്.
കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന 'ഭാരതത്തൊഴിലാളി' എന്ന കൈയെഴുത്തുമാസികയിലാണ് പുതുശ്ശേരി എഴുതിത്തുടങ്ങിയത്. അന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എല്ലാ ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ രചനകള്‍ തിളങ്ങിനിന്നു. 300 ലേറെ കവിതകള്‍ രചിച്ച് അദ്ദേഹത്തിന്റെ കാവ്യജീവിതം സമ്പുഷ്ടമായിരുന്നു.
ടെക്‌സസ്, മോസ്‌കോ, ലെനിന്‍ഗ്രാഡ് എന്നീ സര്‍വ്വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍, സര്‍വ്വകലാശാലാ സെനറ്റ് അംഗം, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയറക്ടര്‍ തുടങ്ങി നിരവധി ഔദ്യോഗിക സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചുപോന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഭാഷാസമ്മാനം(2014), എഴുത്തച്ഛന്‍ പുരസ്‌കാരം(2015), വള്ളത്തോള്‍ പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി നാല്പതിലധികം സാഹിത്യ അവാര്‍ഡുകള്‍ അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടിട്ടുണ്ട്.
വയലാര്‍, ഒ.എന്‍.വി., തിരുനല്ലൂര്‍ കരുണാകരന്‍, പി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയിലേക്കു നടന്നുകയറിയ പുതുശ്ശേരി തീക്ഷ്ണവും ദീപ്തവുമായ കാവ്യശൈലിക്ക് ഉടമയാണ്. 'ആവുന്നത്ര ഉച്ചത്തില്‍' ഉണര്‍ന്നുപാടിയ കവി വിടപറയുമ്പോള്‍ മലയാളകവിതയിലെ ഒരു യുഗത്തിനാണ് അന്ത്യംകുറിച്ചത്. കാവ്യകൈരളിയോടൊപ്പം ദീപനാളവും ആ മഹാമനീഷിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)