പഴയനിയമത്തില്‍ അബ്രഹാമിന്റെ ഭാര്യയാണ് സാറാ. യഹോവയായ ദൈവം സാറായ്ക്കു നല്‍കുന്ന പ്രധാന ഉപദേശങ്ങളിലൊന്നായിരുന്നു, ഭര്‍ത്താവായ അബ്രഹാമിനെ ദൈവത്തെപ്പോലെ കണ്ട് ബഹുമാനിക്കുക എന്നത്. സാറാ അത് നിരുപാധികം അനുസരിച്ച് അബ്രഹാമിനെ യജമാനനായിക്കണ്ടു ജീവിച്ചു. ദീര്‍ഘനാളുകള്‍ അനപത്യതാദുഃഖം പേറി വിഷമിച്ച സാറായ്ക്ക് തൊണ്ണൂറാമത്തെ വയസ്സിലാണ് ദൈവാനുഗ്രഹത്താല്‍ ഇസഹാക്ക് എന്ന മകനു ജന്മം കൊടുക്കാനായത്.
ഭാര്യ എന്ന പദവിയുടെ സാര്‍വലൗകിക മാതൃകയായി വേദപുസ്തകം ചൂണ്ടിക്കാട്ടുന്ന സാറായുടെ ആദര്‍ശങ്ങള്‍ക്കു നേര്‍വിപരീതമായാണ് ഈ പുതിയ സാറായെ ജൂഡ് ആന്റണി എന്ന സംവിധായകന്‍ ''സാറാസ്'' എന്ന പുതിയ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ പഴയ സാറായെ മാതൃകയാക്കേണ്ടതില്ല; മറിച്ച്, അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാം എന്ന ഈ സിനിമയിലെ ആഖ്യാനം ക്രൈസ്തവസമൂഹത്തില്‍ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും വിഷയമായിക്കഴിഞ്ഞു.
നമ്മുടെ സമൂഹം എല്ലായ്‌പ്പോഴും അനുവര്‍ത്തിച്ചുപോരുന്ന ഒരു പൊതുബോധതലമുണ്ട്. അതിനു വിരുദ്ധമായ ചിന്തകളും നിലപാടുകളും പുരോഗനപരമെന്നും വിപ്ലവാത്മകമെന്നുമൊക്കെ പറയാനിവിടെ ആളുകളുണ്ടെങ്കിലും മതസംഹിതകളുടെയും പാരമ്പര്യങ്ങളുടെയും വീക്ഷണകോണുകളിലൂടെ നോക്കുമ്പോള്‍ പലപ്പോഴും അത് ചട്ടവിരുദ്ധമോ അസഭ്യമോ ഒക്കെയായി നിര്‍വചിക്കപ്പെട്ടുപോകും.
പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ സാറായെ അവതരിപ്പിക്കുന്നത്. അപ്പന്റെയും അമ്മയുടെയും ഏകമകളായി അമിതലാളനകളേറ്റു വളര്‍ന്നുവന്ന സാറാ തികച്ചും അസാധാരണവും വ്യത്യസ്തവുമായ തീരുമാനങ്ങളിലൂടെ, ഒരു ക്രൈസ്തവപെണ്‍കുട്ടിയുടെ അച്ചടക്കത്തില്‍നിന്ന് അകന്നുപോകുകയാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത ആണ്‍സുഹൃത്തുക്കളുമായി സാറാ എല്ലാത്തരത്തിലുമുള്ള അടുപ്പങ്ങള്‍ സൂക്ഷിക്കുന്നു. മദ്യം കഴിക്കുന്നു, പുകവലിക്കുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു, സര്‍വോപരി പ്രസവിക്കില്ല എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു. അതിലൊന്നും ധാര്‍മികനീതിക്കു നിരക്കാത്ത എന്തെങ്കിലുമോ അഥവാ പാപമോ അവള്‍ കാണുന്നില്ല. ഒരു ചലച്ചിത്രസംവിധായിക ആകുക എന്ന തന്റെ ലക്ഷ്യത്തിനുവേണ്ടി നിരന്തരമായ പരിശ്രമത്തിലാണ് സാറാ.
സ്ത്രീത്വം സാഫല്യമടയുന്നത് മാതാവാകുന്നതോടെയാണെന്നാണു പൊതുകാഴ്ചപ്പാട്. എന്നാല്‍, അപൂര്‍വം ചിലരുടെ നിലപാടുകള്‍ പല തട്ടിലാണ്. വിവാഹം കഴിക്കാം, പക്ഷേ, മക്കള്‍ വേണ്ട എന്ന് ഒരു കൂട്ടര്‍. പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ചുകഴിയാം, വിവാഹമേ വേണ്ട എന്നു മറ്റൊരു കൂട്ടര്‍. അതിനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടത്രേ. എന്നാല്‍, വിവാഹിതയാകുന്ന സ്ത്രീ, വിശേഷിച്ച് ക്രിസ്തീയ പെണ്‍കുട്ടി തലമുറകള്‍ക്കു ജന്മം കൊടുത്ത് അനുഗ്രഹിക്കപ്പെടണമെന്നത് ക്രൈസ്തവധര്‍മശാസ്ത്രം ഊന്നിപ്പറയുന്ന കാര്യമാണ്. അതുകൊണ്ട് വിശ്വാസിസമൂഹത്തിന് ഈ ചിത്രം അസ്വീകാര്യമായിത്തീരുക സ്വഭാവികം.
ഗര്‍ഭച്ഛിദ്രം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് എല്ലാ ആതുരാലയങ്ങളിലും എഴുതിവച്ചിട്ടുണ്ടെങ്കിലും അപ്രതീക്ഷിതസമയത്തുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാന്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും അതിന് ഭര്‍ത്താവിന്റെപോലും അനുമതി ആവശ്യമില്ലെന്നുമുള്ള നിയമവശം ചൂണ്ടിക്കാട്ടിയാണ് സാറായുടെ ഗൈനക്കോളജിസ്റ്റ് അവളെ പിന്തുണയ്ക്കുന്നത്. മാരകരോഗം, പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭം, മാറാത്ത മതിഭ്രംശം, അപകടങ്ങള്‍ മൂലമുണ്ടാകുന്ന മാരകക്ഷതങ്ങള്‍ എന്നിവ മൂലമുള്ള ഗര്‍ഭച്ഛിദ്രം ഒരുപക്ഷേ, ന്യായീകരിച്ചേക്കാം. എന്നാല്‍ അവിടെയും ധാര്‍മികപ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതേസമയം, ഉത്തമജീവിതം നയിക്കുന്ന ക്രിസ്തീയകുടുംബത്തിലെ ഒരു യുവതി വെറും അപ്രതീക്ഷിതം എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ആഗ്രഹത്തിനും നിര്‍ബന്ധങ്ങള്‍ക്കും വിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിനോടു യോജിക്കാന്‍ കഴിയുന്നില്ല. അത് എന്തു ഗുണപരമായ സന്ദേശമാണ് നമ്മുടെ സമൂഹത്തിനു നല്‍കുന്നത്? താന്‍ സ്വപ്നം കാണുന്ന ആദ്യസിനിമയുടെ സാക്ഷാത്കാരത്തെക്കാള്‍ തീരെ നിസ്സാരമാണോ ദൈവം നല്‍കുന്ന ഉദരഫലം?
ആരോഗ്യവും സൗന്ദര്യവും പണവുമുള്ള എത്രയോ ദമ്പതികള്‍ നേര്‍ച്ചകളും കാഴ്ചകളും പൂജകളും വഴിപാടുകളുമൊക്കെയായി ഒരു കുഞ്ഞിക്കാലുകാണാന്‍ നാടുനീളെ അലയുന്നു! അതുകൊണ്ട് നമ്മുടെയിടയില്‍ സാറായുടെ നിലപാട് പ്രോത്സാഹനാര്‍ഹമാണെന്നു തോന്നുന്നില്ല.
സണ്ണി വെയ്ന്‍, ബെന്നി പി. നായരമ്പലം, സിദ്ദിഖ്, മല്ലിക സുകുമാരന്‍, വിജയകുമാര്‍, വിനീത് ശ്രീനിവാസന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ, അജു വര്‍ഗീസ്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഡോ. അക്ഷയ് ഹരീഷാണ് കഥാകൃത്ത്. ഭേദപ്പെട്ട ഗാനങ്ങളും പശ്ചാത്തലസംഗീതവും കൊണ്ടുമാത്രം ഒരു സിനിമ മേന്മ നേടുന്നില്ലല്ലോ.