•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അഭിനയകലയുടെ വിളക്കുമരം

തിഭാവുകത്വം നിറഞ്ഞ നാടകാഭിനയശൈലിയില്‍നിന്നു  വേറിട്ട് സ്വാഭാവികാഭിനയത്തിലൂടെ ഹിന്ദി സിനിമയ്ക്കു പുതിയ ഭാവുകത്വം സമ്മാനിച്ച മൗലികപ്രതിഭയായിരുന്നു ദിലീപ് കുമാര്‍. അഭിനയകലയുടെ പാഠപുസ്തകവും അവസാനവാക്കുമായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ടിരിക്കുന്ന പെഷവാറില്‍ 1922 ഡിസംബര്‍ 11 നു ജനിച്ചു. ലാലാ ഗുലാം സര്‍വര്‍ഖാനും അയിഷാബീഗവുമായിരുന്നു മാതാപിതാക്കള്‍. പെഷവാറില്‍നിന്ന് 1930 കളുടെ തുടക്കത്തില്‍ ഖാന്‍കുടുംബം കച്ചവടത്തിനുള്ള സൗകര്യാര്‍ത്ഥം ബോംബെയിലേക്കു താമസം മാറ്റി. ദേവ്‌ലാലിയിലെ ബാണ്‍ സ്‌കൂളിലും ബോംബെ ഖല്‍സ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദിലീപ്കുമാറിന്റെ യഥാര്‍ത്ഥപേര് യൂസഫ് ഖാന്‍ എന്നാണ്. ഹിന്ദി സിനിമയിലെ 'ഖാന്‍' നടന്മാരില്‍ ആദ്യത്തെയാളാണ്, പിന്നീട് ദിലീപ്കുമാര്‍ എന്നറിയപ്പെട്ട യൂസഫ് ഖാന്‍. 
ഹിന്ദിസിനിമയിലെ അക്കാലത്തെ സൂപ്പര്‍നായികയായിരുന്ന ദേവികാറാണിയുടെ ''ബോംബെ''ടാക്കീസ് എന്ന സിനിമാനിര്‍മാണക്കമ്പനിയില്‍ 1250 രൂപ മാസശമ്പളത്തിനാണ് നടനായി ''ജോലി ചെയ്യാന്‍'' യൂസഫ് ഖാന്‍ ചേര്‍ന്നത്. അദ്ദേഹത്തിന് ദിലീപ്കുമാര്‍ എന്ന പേരു നല്കിയതും ദേവികാറാണിയായിരുന്നു. 1944 ല്‍ പുറത്തിറങ്ങിയ 'ജ്വാര്‍ഭട്ട'യായിരുന്നു ദിലീപ്കുമാര്‍ നായകനായെത്തിയ ആദ്യസിനിമ. ആദ്യസിനിമ ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹം സിനിമാഭിനയത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു. അശോക് കുമാര്‍ മുതലായ ആദ്യകാല സൂപ്പര്‍നായകന്മാരുടെ അഭിനയശൈലി സസൂക്ഷ്മം നിരീക്ഷിച്ചു മനസ്സിലാക്കി.
പ്രതിമ (1945), മിലന്‍ (1946), ജുഗ്നു(1947) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യകാല ചിത്രങ്ങളാണ്. ദിലീപ്കുമാര്‍ നായകനായ അന്ദാസ്, ആന്‍, ദേവ്ദാസ്, മുകള്‍ ഇ അസം, ഗംഗ യമുന തുടങ്ങിയ ചിത്രങ്ങള്‍ ബോളിവുഡ് ക്ലാസിക്കുകളാണ്. 
1944 മുതലുള്ള സിനിമാ ജീവിതത്തില്‍ 62 സിനിമകള്‍ മാത്രം ചെയ്താണ് ദിലീപ്കുമാര്‍ ഇന്ത്യന്‍സിനിമയുടെ താരരാജാവ് എന്ന പദവിയിലെത്തിയത്. ഒരു വര്‍ഷം ഒരു സിനിമ മാത്രമേ ചെയ്തിരുന്നുള്ളൂ. കഥാപാത്രവുമായി ഇഴുകിച്ചേരുന്നതിനും മറ്റു കഥാപാത്രങ്ങളും സാങ്കേതികകാര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 
അഭിനയകലയുടെ ഒരു വിളക്കുമരമായിരുന്നു അദ്ദേഹം. സുദീര്‍ഘമായ കലാജീവിതത്തിനുടമയായ ദിലീപ്കുമാറിനെ 2015ല്‍ പദ്മവിഭൂഷണും 1991 ല്‍ പദ്മഭൂഷണും നല്കി രാഷ്ട്രം ആദരിച്ചു. 1994 ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് (ആദ്യത്തെ അവാര്‍ഡുള്‍പ്പെടെ എട്ടുതവണ) തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളില്‍ ചിലതുമാത്രമാണ്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡായ 'നിഷാന്‍ എ ഇംതിയാസ്' നല്‍കി പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് ദിലീപ്കുമാറിനെ ആദരിക്കുകയും അദ്ദേഹത്തിന്റെ പെഷവാറിലെ ജന്മഗൃഹം ദേശീയ പൈതൃകമായി പ്രഖ്യാപിക്കുകയും ചെയ്തു.
ജവഹര്‍ലാല്‍ നെഹ്‌റുവുമായുള്ള ദിലീപ്കുമാറിന്റെ അടുപ്പം കുറച്ചുകാലത്തേക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിനും കാരണമായി. 1962 ല്‍ വി.കെ. കൃഷ്ണമേനോനുവേണ്ടി തിരഞ്ഞടുപ്പുപ്രചാരണത്തിനിറങ്ങിയത് ഇതോടനുബന്ധിച്ചായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരദ്പവാറിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 'ഷെരീഫ് ഓഫ് ബോംബെ' എന്ന പദവി ഏറ്റെടുത്തു. സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അക്കാലത്ത് സാമൂഹിക - സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും അതോടെ അദ്ദേഹം വ്യാപൃതനായി. 2000-2006 കാലഘട്ടത്തില്‍ ബോംബെയില്‍നിന്നുള്ള രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതോടെ പ്രദേശത്തിന്റെ വിവിധങ്ങളായ വികസനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തു. 
അവശകലാകാരന്മാര്‍ക്കു സാമ്പത്തികസഹായം നല്കുന്നതിനായി രൂപീകരിച്ച ഫിലിം ഇന്‍ഡസ്ട്രി വെല്‍ഫെയര്‍ ട്രസ്റ്റിന് നേതൃത്വം കൊടുത്തതും ദിലീപ് കുമാറായിരുന്നു. നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചപ്പോള്‍ '"A Journey with Dileep kumar'  എന്ന പരിപാടി നടത്തി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം നടത്തി.
പ്രശസ്ത നടി സൈറാബാനുവാണ് ദിലീപ്കുമാറിന്റെ ജീവിതപങ്കാളി. ഹിന്ദിസിനിമയിലെ റൊമാന്റിക് ഹീറോ ആയിരുന്ന രാജ്കപൂര്‍ അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്നു. വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന പ്രാണ്‍ ദിലീപ് കുമാറിന്റെ ഉറ്റസുഹൃത്തായിരുന്നു.
രാജ്കുമാര്‍, ദേവാനന്ദ് എന്നിവര്‍ക്കു പിന്നാലെ ദിലീപ്കുമാറും യാത്രയായതോടെ ഹിന്ദി സിനിമാലോകത്തെ ആദ്യകാല 'ഹിറ്റ് ത്രയം' ഓര്‍മയായി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)