•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പരിസ്ഥിതിദിനാചരണം പ്രഹസനമാകുമ്പോള്‍

ജൂണ്‍ അഞ്ച് ലോകപരിസ്ഥിതിദിനമായി നാം ആചരിച്ചുവരുന്നു. പരിസ്ഥിതിയെക്കുറിച്ച് ആഗോളതലത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടന്ന ദിവസം. 
പലപ്പോഴും ജൂണ്‍ 5 ന്റെ പ്രസക്തി എന്തെന്നുപോലുമറിയാതെ നാനാമേഖലകളില്‍പ്പെട്ടവര്‍ എവിടെനിന്നെങ്കിലും ഒരു വൃക്ഷത്തൈ കണ്ടെത്തി നാലുപേരെക്കൂട്ടി നട്ട്, കൈയടിച്ച്, ഫോട്ടോയുമെടുത്ത് സ്വയം സംതൃപ്തിയടയുന്ന ദിവസം. തീര്‍ന്നില്ല, ആ ദിവസത്തെ ദൃശ്യമാധ്യമങ്ങളിലും പിറ്റേദിവസത്തെ ദിനപത്രങ്ങളിലും സ്വന്തം മുഖംകണ്ട് അഭിമാനിക്കുകയും സായുജ്യമടയുകയും ചെയ്യും. ഇത്രയുമൊക്കെ ഒരു ശരാശരി മനുഷ്യനില്‍നിന്നു നാം പ്രതീക്ഷിക്കണം. അവരെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാനും പാടില്ല. പരിഹാസവും കുറ്റപ്പെടുത്തലും എപ്പോഴാണ് ഉണ്ടാവേണ്ടത്? 
''പൗലോസ് നട്ടു, അപ്പോളോസ് നനച്ചു, ദൈവം വളര്‍ത്തി'' എന്നു പറയുന്നതുപോലെ നട്ടതിന്റെയും വളര്‍ത്തിയതിന്റെയും ഇടയിലുള്ള ഒരു പ്രയത്‌നമുണ്ട്, നനച്ചതിന്റെ - അതായത്, പരിപാലനത്തിന്റെ - ഗൗരവമായ ഒരു സോഷ്യല്‍ ഓഡിറ്റിങ് ആവശ്യപ്പെടുന്ന കാര്യമാണത്.
ബഹുമാന്യരായ ജനപ്രതിനിധികളേ, പോലീസ് ഓഫീസേഴ്‌സ്, ഉദ്യോസ്ഥപ്രമുഖരേ, സാമൂഹികസന്നദ്ധപ്രവര്‍ത്തകരേ, സ്‌കൂള്‍ അധികൃതരേ, നട്ട വൃക്ഷത്തൈകളെ പിന്നീടൊരു മിഴിനോട്ടംകൊണ്ടെങ്കിലും പിന്തുടര്‍ന്നുവോ? ചാരെ ചെന്ന് ഒന്നു തൊട്ടുതലോടിയോ? ചുവടൊരുക്കി സ്‌നേഹതീര്‍ത്ഥം തളിച്ചുവോ? വളര്‍ച്ച ഉറപ്പിക്കാനായി ഒരു സംരക്ഷണവേലി തീര്‍ത്തുവോ? ഒന്നുംവേണ്ട, പിന്‍ചെല്ലാതെ പോയല്ലോ എന്നൊരു കുണ്ഠിതമെങ്കിലും... മതി. 
ജൂണ്‍ അഞ്ച് കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന ഈ സമയം നെഞ്ചില്‍ കൈവച്ച് മുന്‍പറഞ്ഞ ഏതെങ്കിലുമൊരു പിന്‍തുടരല്‍ അവകാശപ്പെടാനുണ്ടെങ്കില്‍ നിങ്ങള്‍ പരിസ്ഥിതിയുടെ വക്താക്കളാണ്. മറിച്ചെങ്കില്‍ സ്വയം പരിഹസിക്കാനും കുറ്റപ്പെടുത്താനുമുള്ള ഒരവസരമാണിത്. 
വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു ജൂണ്‍ അഞ്ചിന് പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പാലാ നഗരത്തിന്റെ മധ്യത്തിലുള്ള റിവര്‍വ്യൂറോഡിന്റെ അരികില്‍ വൃക്ഷത്തൈകള്‍ നട്ട്, സംരക്ഷണവേലിതീര്‍ത്ത്, വേലി മുഴുവന്‍ വാഴക്കച്ചി പൊതിഞ്ഞ്, ഓരോ ദിനവും അറുപതോളം നടകള്‍ ഇറങ്ങി മീനച്ചിലാറ്റില്‍നിന്നു വെള്ളമെടുത്തു നനച്ച് സ്‌നേഹപരിചരണങ്ങള്‍ നല്‍കിയതിന്റെ ഓര്‍മകള്‍ മനസ്സിലുണ്ട്. 
സാമൂഹ്യവിരുദ്ധരാല്‍ രണ്ടുതവണ പിഴുതെറിയപ്പെട്ട വൃക്ഷത്തൈകള്‍ അവര്‍ വീണ്ടും വീണ്ടും നട്ടുനനച്ചു വളര്‍ത്തി. കാര്യക്ഷമമായ തുടര്‍പരിചരണത്തിലൂടെ നാടിനു പച്ചക്കുടകള്‍ സമ്മാനിച്ച ഈ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ അര്‍ത്ഥവത്തായ പരിസ്ഥിതിദിനാചരണപ്രവര്‍ത്തനങ്ങളുടെ മാതൃകപോലെ, ധാരാളം നല്ല മാതൃകകള്‍ നമുക്കു ചുറ്റുമുണ്ട്. 
തീക്കോയിയിലെ മരം മത്തായിച്ചേട്ടനും പ്രഫസര്‍ സി.പി. റോയിയും കല്ലേന്‍ പൊക്കുടനും, പ്രഫ. ജോണ്‍ സി. ജേക്കബും, പാതാമ്പുഴയിലെ ദേവസ്യാച്ചന്‍ പൂണ്ടിക്കുളവും ഡോ. സതീഷ് കുമാറും, കെ.വി. ദയാല്‍ സാറും, എം.ആര്‍. ഹരിയുമൊക്കെ ഈ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് മാര്‍ഗദീപങ്ങളാണ്. വാര്‍ത്താമാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാതെ നിസ്വാര്‍ത്ഥമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ധാരാളം മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്. 
മണ്ണിനെയും മരങ്ങളെയും മനുഷ്യനുവേണ്ടി പ്രണയിക്കുന്ന, പ്രണയിച്ച മഹാമനീഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഓര്‍മകള്‍ക്കും മുന്നില്‍ പ്രണാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)