•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഓണ്‍ലൈനില്‍ തുറക്കുന്ന ആരാധനമുറികള്‍

നാം ജീവിക്കുന്ന ഈ കാലഘട്ടം സഭാചരിത്രത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കു നാന്ദികുറിച്ച സംവത്സരങ്ങളായി രേഖപ്പെടുത്തും എന്നതു തീര്‍ച്ച. അതിലേറ്റവും പ്രധാനം 2020 ല്‍ പള്ളിക്കര്‍മങ്ങള്‍ ''ഓണ്‍ലൈനാ''യി എന്നതാണ്. 
ദൈവാലയങ്ങളില്‍ പരികര്‍മിക്കും സഹായിക്കും നിശ്ചിതയെണ്ണം വിശ്വാസികള്‍ക്കുംമാത്രം പങ്കെടുക്കാവുന്ന നിജപ്പെടുത്തലുകള്‍ നിലവില്‍വന്നു. കോടാനുകോടി കത്തോലിക്കാമതവിശ്വാസികള്‍ക്ക് തങ്ങളുടെ ആരാധനക്രമങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും വ്യക്തിപരമായും കൂട്ടായ്മയിലും പങ്കെടുക്കുക എന്നത് അസാധ്യമായി. ഈ പ്രതിസന്ധിയില്‍ വിശ്വാസികള്‍ക്കു തുണയായെത്തിയത് ആധുനികദൃശ്യശ്രാവ്യമാധ്യമങ്ങളുടെ അദ്ഭുതസിദ്ധികളാണ്. പാവനമായി കരുതുന്ന തിരുക്കര്‍മങ്ങളില്‍ വിശ്വാസികള്‍ എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരുന്നുകൊണ്ട്  കാണാനും കേള്‍ക്കാനും പങ്കെടുക്കാനും സാധ്യമാവുക എന്നതു ചെറിയ കാര്യമല്ലല്ലോ.
''ശുദ്ധമാനപള്ളിയുടെ'' കല്പനകള്‍ക്കനുസരിച്ച് ''കടംപോക്കാന്‍'' വിശ്വാസികളുടെ ഈ വിദൂരഭാഗഭാഗിത്വം മതിയാകുമോ എന്ന സംശയത്തിന് ഈ പ്രത്യേക സാഹചര്യത്തില്‍ അത്രയായാലും മതി എന്നു ചിന്തിക്കുകയും ഈ ഇളവ് എന്നേക്കുമാണ് എന്നു കരുതി എന്നും വീട്ടിലിരുന്ന് ജപവായനകളിലും ധ്യാനപ്രസംഗങ്ങളിലും തിരുമണിക്കൂര്‍ ആരാധനയിലും പങ്കെടുക്കുന്നതുപോലെ ദിവ്യബലിയിലും പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വിലും പങ്കെടുത്താല്‍മതി എന്നു കരുതുകയും അരുത്. പുരോഹിതന്റെ മുമ്പാകെ നടത്തുന്ന പാപസങ്കീര്‍ത്തനത്തിനുപകരം മനസ്സുകൊണ്ട് മനസ്തപിച്ച് തമ്പുരാനോടു നേരിട്ട് പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപമോചനം നേടിയാല്‍ പോരേ എന്ന സംശയം പലര്‍ക്കുമുണ്ട്. ലഘുപാപങ്ങളുടെ പൊറുതിക്കായി അപ്രകാരം ചെയ്യാം. കഴിയുന്നത്ര വേഗം പറഞ്ഞു കുമ്പസാരിക്കാന്‍ ശ്രമിക്കണം. പക്ഷേ, മാരകപാപങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ പുരോഹിതനോടുതന്നെ പാപസങ്കീര്‍ത്തനം നടത്തണം.  ഇനി അരൂപിക്കടുത്ത ദിവ്യകാരുണ്യസ്വീകരണത്തിന്റെ കാര്യം. ക്രിസ്തുനാഥന്റെ 'യഥാര്‍ത്ഥസാന്നിധ്യം' അരൂപിക്കടുത്ത ദിവ്യകാരുണ്യസ്വീകരണത്തിലൂടെ ആസ്വദിക്കാനാവില്ലല്ലോ.
മതാത്മകജീവിതത്തില്‍ മാധ്യമങ്ങളുടെ ഉപയോഗവും സഹായവും കൊവിഡ്19 ന്റെ സാഹചര്യത്തില്‍ പെട്ടെന്നു വന്നു ഭവിച്ച ഒരു സംഗതിയല്ല. കൊവിഡിനുമുമ്പും തിരക്കുള്ള ദൈവാലയങ്ങളില്‍ സ്ഥലപരിമിതിയും വിശ്വാസികളുടെ ബാഹുല്യവും കണക്കിലെടുത്ത് മോണ്ടളങ്ങളിലും പള്ളിയുടെ പാര്‍ശ്വങ്ങളില്‍ പണിതീര്‍ത്ത ചായ്പുകളിലും സ്ഥാപിച്ച ടെലിവിഷന്‍ മോണിറ്ററുകളിലൂടെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പുരയ്ക്കകത്തുനിന്നു പുറത്തിറങ്ങാനാവാത്ത സാഹചര്യത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന സഹായം വളരെ വിലപ്പെട്ടതുതന്നെ.
മനുഷ്യന്റെ വ്യക്തിത്വം എന്നത് ശാരീരികമായ നിലനില്പു മാത്രമല്ല, ആത്മീയതകൂടി ചേരുന്നതാണ്. അതുകൊണ്ടാണ് യഥാര്‍ത്ഥവ്യക്തിബന്ധങ്ങളില്‍ ആത്മീയമായ സാത്വികതയും ശാരീരികമായ അസ്തിത്വവും അനിവാര്യമാകുന്നത്. അവ്യാജമായ വ്യക്തിബന്ധങ്ങള്‍ ഉടലെടുക്കണമെങ്കിലും നിലനിര്‍ത്തണമെങ്കിലും ഈ രണ്ടു ഘടകങ്ങളുടെയും പാരസ്പര്യം കൂടിയേതീരൂ. അതുകൊണ്ടാണ് ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ ഉറ്റവരുടെ അസാന്നിധ്യം ആകുലതയ്ക്കു കാരണമാകുന്നത്. അതുകൊണ്ടുതന്നെയാണ് പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സാങ്കല്പികസാന്നിധ്യം അനുഭവവേദ്യമാക്കുന്ന സൂം, സ്‌കൈപ്പിങ് മുതലായ സങ്കേതങ്ങള്‍  നേരിട്ടുകണ്ട് സംവദിക്കാന്‍ സാധിക്കുന്ന പ്രതീതി ഉണ്ടാക്കുന്നെങ്കിലും, യഥാര്‍ത്ഥസാന്നിധ്യത്തിന്റെ അഭാവം നമ്മെ അലോസരപ്പെടുത്തുന്നത്.
അനുഷ്ഠാനങ്ങളിലൂടെയും അടയാളങ്ങളിലൂടെയും പരികര്‍മം ചെയ്യപ്പെടുന്നുവെങ്കിലും കൂദാശകള്‍ക്ക് ശാരീരികവും ഭൗതികവും ആത്മീയവുമായ മാനങ്ങളുണ്ട്. ആലോചിച്ചുനോക്കുക, 'ഓണ്‍ലൈനായി' മാമ്മോദീസാ സ്വീകരിക്കാനോ നല്‍കാനോ ആവുമോ? അപ്പത്തിനും വീഞ്ഞിനും പരിശുദ്ധകുര്‍ബാനയില്‍ സംഭവിക്കുന്ന സത്താഭേദം എന്ന മിസ്റ്ററി ഓണ്‍ലൈനായി സംഭവ്യമാവുമോ? സാങ്കേതികവിദ്യ മികവുറ്റതാകാം. പക്ഷേ, ആത്മീയതയുടെ തലത്തില്‍ എന്തോ ഒന്നിന്റെ - യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ 'കുറവു' നികത്താനാവില്ലല്ലോ.
ക്രിസ്തീയവിശ്വാസസംഹിതകളുടെ അനന്യത അവയുടെ ആധികാരികതയും സുതാര്യതയുമാണ്, വിശുദ്ധ ഗ്രന്ഥാധിഷ്ഠിതവുമായിരിക്കണം. ഓണ്‍ലൈന്‍ ഭക്തകൃത്യങ്ങളും കൂദാശകളിലെ ഭാഗഭാഗിത്വവും വ്യക്തിപരമായി മതാത്മകജീവിതത്തില്‍ ഇരട്ടത്താപ്പിന് ഇടംകൊടുക്കാനിടയുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും നാം കടന്നുപോകുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് സഭാമേലധ്യക്ഷന്മാരും ആത്മീയഗുരുക്കന്മാരും നിരൂപിച്ചാല്‍ പഠനങ്ങളുടെയും പരിചിന്തനങ്ങളുടെയും പിന്‍ബലത്തോടെ ദൈവേച്ഛയ്ക്കു നിരക്കുന്നതും മതമൂല്യങ്ങള്‍ക്കനുസൃതവുമായ ഒരു ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ക്ക് തീര്‍ച്ചയായും രൂപംകൊടുക്കാന്‍ സാധിക്കും.
മുന്‍വിധികളില്ലാത്ത വിചിന്തനം
ഓണ്‍ലൈനായി മ്ലേച്ഛമായ കാഴ്ചകള്‍ കാണുന്നതും പങ്കുവയ്ക്കുന്നതും പാപകരമാണ്. അങ്ങനെയെങ്കില്‍ നല്ല കാര്യങ്ങള്‍ കാണുന്നതും പങ്കുവയ്ക്കുന്നതും പുണ്യപ്രദമാകണമല്ലോ.
ഇന്റര്‍നെറ്റ് സംവിധാനങ്ങളുപയോഗിച്ച് അശ്ലീലസിനിമകള്‍ കണ്ടാനന്ദിക്കുന്നത് അത്തരം മ്ലേച്ഛതകളില്‍ വ്യക്തിപരമായി ഏര്‍പ്പെടുന്നതിനു തുല്യമാണ്. കാരണം, അവ കാണുന്ന വ്യക്തിയില്‍ അപ്രകാരം ചെയ്യാനുള്ള രതിഭാവനകള്‍ ഉണര്‍ത്തുകയാണു ചെയ്യുന്നത്. അശുദ്ധവിചാരങ്ങളോടെ ഒരുവളെ നോക്കുന്നത് വ്യഭിചാരത്തിനു തുല്യമാണെന്ന് തമ്പുരാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ ഓണ്‍ലൈനില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ പങ്കെടുക്കുന്ന പ്രാര്‍ത്ഥനകളും ആരാധനാസ്തുതിസ്‌തോത്രങ്ങളര്‍പ്പിക്കലും വ്യക്തിഗതമായി അവയില്‍ പങ്കുചേരുന്നതിനു തുല്യമാകണമല്ലോ.
യേശു പറഞ്ഞു: ''എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറൂസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ  ആരാധിക്കുന്നു, ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍നിന്നാണ്. എന്നാല്‍, യഥാര്‍ത്ഥത്തിലുള്ള ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ലാ; അതിപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്'' (യോഹ. 4:21-24).
ഓണ്‍ലൈനായി ഒരു പ്രാര്‍ത്ഥനാക്കൂട്ടായ്മ വെബിനാറില്‍ ചെയ്യുന്നതിനെപ്പറ്റി സംശയങ്ങള്‍ സ്വാഭാവികമാണ്. വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍  കൊളോസോസിലെ വിശ്വാസികള്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നു: ''ഞാന്‍ ശാരീരികമായി നിങ്ങളില്‍നിന്ന് വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ നിങ്ങളോടുകൂടെയാണ്'' (കൊളോ. 2:5).
അപ്പസ്‌തോലന്‍ കോറിന്തോസിലെ വിശ്വാസികള്‍ക്കു നല്‍കുന്ന ഉറപ്പ് ശ്രദ്ധിക്കുക: ''ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി'' (1 കോറി. 5:3). പൗലോസ് അപ്പസ്‌തോലന് വിദൂരസ്ഥനായിരിക്കെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ആരാധനക്കൂട്ടായ്മകളില്‍ പങ്കുചേരുന്നതിന് ഇന്റര്‍നെറ്റിനെ ആശ്രയിക്കേണ്ടിവന്നില്ലല്ലോ. പിന്നെ നാമെന്തിനു ശങ്കിക്കണം?
നാം ആയിരിക്കുന്ന അവസ്ഥ അംഗീകരിച്ചുകൊണ്ട്, നാമെങ്ങനെ ആയിരിക്കണമെന്ന വ്യവസ്ഥയിലെത്തുംവരെ കാത്തിരിക്കാതെ നമ്മെ അതിരുകളില്ലാതെ സ്‌നേഹിക്കുന്നവനാണ് നമ്മുടെ തമ്പുരാന്‍. നമ്മുടെ ഭവനങ്ങളില്‍, പണിയിടങ്ങളില്‍, നമ്മുടെ കുടുംബമുറിയുടെ ഏകാന്തതയില്‍, അനേകായിരങ്ങള്‍ ഒത്തുകൂടുന്ന വിശാലവേദികളില്‍ അളവുകളില്ലാത്ത സ്‌നേഹത്തിനുടമയായ നമ്മുടെ ദൈവത്തെ എന്നും എപ്പോഴും ആരാധിക്കുന്നതിന് നൂതനസാങ്കേതികവിദ്യകള്‍ കുറേക്കൂടി മിഴിവേകുമെങ്കില്‍ അതിനു സുസ്വാഗതം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)