•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ശങ്കിക്കേണ്ട, നന്മനിറഞ്ഞവള്‍ അരികെയുണ്ട്

പണ്ടൊക്കെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കല്യാണം വന്നാല്‍ ക്രൈസ്തവകുടുംബങ്ങളില്‍ അതിനുള്ള മുന്നൊരുക്കം വളരെ നേരത്തേ തുടങ്ങും. മക്കള്‍ക്കു വിവാഹപ്രായമാകുന്നതോടെ കല്യാണാലോചനകള്‍ വരും;  അന്ന് ഇന്നത്തെപ്പോലെ ഭക്ഷണവിഭവങ്ങളൊന്നും വിലയ്ക്കുവാങ്ങുന്ന പതിവില്ല. മാംസത്തിന്റെ കാര്യം ഉദാഹരണത്തിനെടുക്കാം. സദ്യയ്ക്കാവശ്യമായ മാംസത്തിനുവേണ്ട ആട്, മാട്, പന്നി, കോഴി, താറാവ് എന്നിങ്ങനെയുള്ള ജന്തുജാലങ്ങെള വളര്‍ത്താനാരംഭിക്കും. പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ മീന്‍കറികള്‍ വളരെ പ്രധാനമാണ്. അതിനുള്ള സ്‌പെഷ്യല്‍ ഇനങ്ങളായ വാള, വരാല്‍, കരിമീന്‍, ഏട്ടക്കൂരി എന്നിവയെ മുന്‍കൂട്ടി കരുതിയിരിക്കും. ചോറാണല്ലോ പ്രധാനയിനം. അതിനുള്ള അരിക്കുള്ള മുന്‍കരുതലുണ്ടാകും. അന്നു പലതരം അരിയുണ്ട്; കുത്തരി, ചാക്കരി, പച്ചരി, കൊമ്പനരി  എന്നിങ്ങനെ. സാമാന്യം ഭേദപ്പെട്ട വീടുകളില്‍ കുത്തരി നിര്‍ബന്ധമാണ്. പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ കണ്ടക്കൃഷിയും കിഴക്കന്‍ പ്രദേശങ്ങളില്‍ കരക്കൃഷിയുമുണ്ടാകും. എങ്ങനെയാണെങ്കിലും പത്താഴത്തില്‍ നെല്ലുണ്ടാകും. നെല്ലു പുഴുങ്ങിയുണങ്ങി കുത്തിയെടുക്കുന്നതാണു കുത്തരി. മറ്റിനങ്ങളെല്ലാം വിലയ്ക്കു വാങ്ങുന്നതും. ഇന്നത്തെക്കാലത്ത് നെല്ലു പുഴുങ്ങുന്നതോ പരമ്പില്‍ ചിക്കിയുണങ്ങി  ഉലക്കകൊണ്ടു കുത്തി അരിയാക്കുന്നതോ ഒന്നും കാണാനില്ലല്ലോ. പുതുതലമുറയ്ക്ക് ഒല്ലും ഉലക്കയും നെല്ലുപോലും കാഴ്ചവസ്തുക്കളായിരിക്കും!
അച്ചാരക്കല്യാണം അല്ലെങ്കില്‍ ഒത്തുകല്യാണം (ആലൃേീവേമഹ) കഴിയുന്നതോടെ ഒരുക്കത്തിന്റെ സ്പീഡ് കൂടും. കെട്ടുകല്യാണം തിങ്കളാഴ്ചയേ പതിവുണ്ടായിരുന്നുള്ളൂ. മണവാട്ടിയുടെ വീട്ടില്‍ തലേഞായറാഴ്ച വൈകുന്നേരമാണ് ആഘോഷം. ഇരുകൂട്ടരുടെയും വീടുകളില്‍ തലേവ്യാഴാഴ്ചയോടെ സ്വന്തത്തില്‍പ്പെട്ടവരെല്ലാം എത്തിയിരിക്കും. വ്യാഴാഴ്ചയോടെ വീട്ടുമുറ്റത്ത് പന്തലിട്ടിരിക്കും. ചോരാപ്പന്തലായിരിക്കും സാമാന്യം സാമ്പത്തികശേഷിയുള്ളവരുടെ വീടുകളില്‍. മണ്ടപോയ കമുക്, മുള എന്നിവ സ്വന്തം പറമ്പിലോ അയല്പക്കത്തെ പറമ്പിലോ ഉണ്ടാകും. അവയും ഓലയുംകൊണ്ടാണ് പന്തലുണ്ടാക്കുന്നത്. ഓരോരുത്തരുടെയും സ്ഥിതിയനുസരിച്ച് അലങ്കാരവുമുണ്ട്.
പന്തലുയരുന്നതോടെ അടുത്തയൊരുക്കമായി. ചീപ്പപ്പം, കുഴലപ്പം, അവലോസ്, ചുരുട്ട്, അരിയുണ്ട, അലുവ, ഉപ്പേരി മുതലായ പലഹാരങ്ങള്‍ വ്യാഴാഴ്ചയ്ക്കുമുമ്പുതന്നെ റെഡിയായിരിക്കും. പുറമേയുള്ള ഒരുക്കങ്ങള്‍ പുരുഷന്മാരും അകമേയുള്ള ഒരുക്കങ്ങള്‍  സ്ത്രീകളുമാണ് ചെയ്യുന്നത്. ഇതൊന്നും കൂലി കൊടുത്തോ, ജോലിക്കാരെക്കൊണ്ടോ ഒന്നുമല്ല ചെയ്യിക്കുന്നത്. മുഖ്യമായും അയല്ക്കാരാണ് ഇതെല്ലാം ചെയ്യുന്നത്. അയല്ക്കാരുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നാണ് വയ്പ്പ്. ഓരോ പണിക്കും സ്‌പെഷ്യലിസ്റ്റുകളുണ്ടാവും ഓരോ കരയിലും. പലഹാരമുണ്ടാക്കുന്നതു സ്ത്രീകളാണ്. ചുരുട്ടുണ്ടാക്കല്‍, ചീപ്പപ്പം, കുഴലപ്പം ഉണ്ടാക്കല്‍, മീന്‍ പറ്റിക്കല്‍ എന്നിങ്ങനെ ഓരോന്നിനും മികവുള്ള ചേടത്തിമാരുണ്ടാകും. ഈ സ്‌പെഷ്യലിസ്റ്റുകള്‍ വിവാഹദിവസത്തെ സദ്യയൊരുക്കലിന്റെ ചട്ടവട്ടങ്ങളില്‍ അണിയറയിലുണ്ടാകും. ഈ സ്ത്രീകള്‍ക്ക് ഒരു നേത്രി കാണും. പൊതുസമ്മതമാണ് നേതൃത്വത്തിന്റെ മാനദണ്ഡം. ചുരുക്കത്തില്‍, വിവാഹഒരുക്കങ്ങള്‍ അയല്ക്കാരുടെ ജോലിയാണ്. അവരുടെ സജീവസാന്നിധ്യവും കൂട്ടായ്മയും നമ്മുടെ ഗ്രാമീണജീവിതത്തിന്റെ മഹത്തായ പാരമ്പര്യമായിരുന്നു.
പാലസ്തീനായിലും വിവാഹാഘോഷം ദിവസങ്ങള്‍ നീണ്ടിരുന്നു. നമ്മുടെ നാട്ടില്‍ വിവാഹസദ്യയോടെ ചടങ്ങുകള്‍ അവസാനിച്ചിരുന്നെങ്കില്‍ പാലസ്തീനായില്‍ വിവാഹസദ്യയ്ക്കുശേഷമായിരുന്നു ചടങ്ങുകള്‍  എന്നൊരു വ്യത്യാസമുണ്ട്. ഏതായാലും, ഒരുക്കം പ്രധാനപ്പെട്ട കാര്യമാണ്. അവിടെയും ഒരുക്കങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം ന്യായമായിട്ടും ഉണ്ടാവണം. അങ്ങനെയുള്ള സാന്നിധ്യമായിരിക്കണം  കാനായിലെ കല്യാണവിരുന്നില്‍ മറിയത്തിന്റേത്. കല്യാണവീടുമായി  മറിയത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി ബൈബിളില്‍ സൂചനയില്ല. ന്യായമായും അയല്‍ബന്ധമായിരിക്കണം. അങ്ങനെ, അയല്‍ബന്ധത്തില്‍ ഒരുക്കങ്ങളില്‍ പങ്കെടുത്ത സ്ത്രീകളില്‍ പ്രമുഖസ്ഥാനം മറിയത്തിനായിരുന്നിരിക്കാം. അതുകൊണ്ടാണ്, 'അവര്‍ക്കു വീഞ്ഞില്ല' (യോഹ. 2:3) എന്ന കാര്യം മറിയം അറിഞ്ഞതും ഉടനടി പ്രതിവിധി കണ്ടതും.
നസ്രസിലെ കുടുംബത്തില്‍ കുടുംബനായകനായ ജോസഫ് മൗനിയായിരുന്നു. സംഭവബഹുലമായ ആ കുടുംബജീവിതത്തില്‍ ഒരക്ഷരംപോലും ജോസഫ് ഉരിയാടുന്നതായി ബൈബിളില്ല. എന്നാല്‍, കുടുംബിനിയായ മറിയം സംസാരിക്കുന്നുണ്ട്; അത്യാവശ്യത്തിനുമാത്രം. അളന്നുതൂക്കി പറയുക എന്നൊരു ശൈലി മലയാളത്തിലുണ്ടല്ലോ. അതായിരുന്നു മറിയത്തിന്റെ ശൈലി. 'അവര്‍ക്കു വീഞ്ഞില്ല' എന്ന രണ്ടു വാക്കില്‍ വിവാഹവീട്ടിലുണ്ടായ ദാരുണസംഭവം മറിയം ഒതുക്കുന്നു. ഒരു കഥയ്ക്കു മാത്രമുള്ള സംഭവമുണ്ട്, വിവരിച്ചുപറഞ്ഞാല്‍. ഒരു വിവരണത്തിനും വിശദീകരണത്തിനുമൊന്നും  മറിയം തുനിയുന്നില്ല. നമുക്കറിയാവുന്നതുപോലെ ഈശോയുടെ പ്രതികരണം തികച്ചും പരുക്കനായിരുന്നു: ''സ്ത്രീയേ, നിനക്കും എനിക്കുമെന്ത്?'' (യോഹ. 2:4). വൈരുധ്യമെന്നു പറയട്ടെ, മറിയം ഇതു കേട്ടഭാവംപോലും നടിക്കുന്നില്ല. ക്ഷോഭിക്കുകയോ കെഞ്ചുകയോ ഒന്നും ചെയ്യുന്നില്ല. മറിച്ച്, ഒരു നിര്‍ദേശം മാത്രം: ''അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍'' (യോഹ. 2:5). ആ വാക്കിന്റെ ശക്തി പിന്നീടുണ്ടായ സംഭവങ്ങളില്‍ വിവരിക്കുന്നുണ്ട്.
മറിയത്തിന്റെ സ്വരം നമ്മള്‍ ആദ്യമായി കേള്‍ക്കുന്നത് ഒരു ചോദ്യരൂപത്തിലാണ്: ''ഇതെങ്ങനെ സംഭവിക്കും?'' (ലൂക്കാ 1:34). തുടര്‍ന്നുപറഞ്ഞു: ''ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ'' (ലൂക്കാ 1:35). മാലാഖയുടെ സാമാന്യം സുദീര്‍ഘമായ സംഭാഷണത്തിനുള്ള പ്രതികരണങ്ങളും രണ്ടു കൊച്ചുവാക്യത്തില്‍ ഒതുങ്ങുന്നു. തുടര്‍ന്നുള്ള മാലാഖയുടെ സംഭാഷണത്തിനുള്ള ഉത്തരവും ഇങ്ങനെ തന്നെ: ''ഇതാ, കര്‍ത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!'' (ലൂക്കാ 1:38). രക്ഷാകരസംഭവത്തിന്റെ നാന്ദികുറിച്ചുകൊണ്ടുള്ള യേശുവിന്റെ ജനനസമയത്ത് ക്ലേശനിര്‍ഭരമായ യാത്രയില്‍പ്പോലും മറിയം ഒരു വാക്കും ഉരിയാടുന്നതായി നമ്മള്‍ ബൈബിളില്‍ കാണുന്നില്ല. യേശുവിന് 12 വയസ്സാകുന്നതുവരെ പരിപൂര്‍ണ നിശ്ശബ്ദത! പന്ത്രണ്ടാം വയസ്സില്‍ യേശുവിനെ കാണാതായി ജറൂസലേം ദൈവാലയത്തില്‍ കണ്ടെത്തിയപ്പോള്‍ ഒരു ചോദ്യവും ആ ചോദ്യത്തിനു വിശദീകരണവും രണ്ടു കൊച്ചുവാക്യങ്ങളില്‍ തീര്‍ക്കുന്നു: ''മകനേ, നീ ഞങ്ങളോടിങ്ങനെ ചെയ്തതെന്തുകൊണ്ട്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു'' (ലൂക്കാ 2:5). യേശുവിന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കാനായിലെ കല്യാണവിരുന്നിലെ സംഭാഷണത്തിനുശേഷം പിന്നീടൊരിക്കലും മറിയം സംസാരിക്കുന്നതായി കാണുന്നില്ല.
ഈ മിതഭാഷണം മറിയത്തിനെ മറ്റുള്ള സ്ത്രീകളില്‍നിന്നു വ്യത്യസ്തയാക്കുന്നു. സ്ത്രീകള്‍ പൊതുവേ സംസാരപ്രിയരാണല്ലോ. മറ്റു സ്ത്രീകളാണെങ്കില്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എന്തുമാത്രം സംസാരിക്കുമായിരുന്നു! കരച്ചിലും പിഴിച്ചിലും അലമുറയും വിലാപവും പുഞ്ചിരിയും പൊട്ടിച്ചിരിയും; എന്തെല്ലാം പ്രതികരണങ്ങളായിരിക്കും. ഈ സ്വഭാവവൈശിഷ്ട്യത്തിന്റെ സ്പഷ്ടമായ തെളിവാണ് കാണാതെപോയ ബാലനായ യേശുവിനെ കണ്ടെത്തിയപ്പോഴുണ്ടായ പ്രതികരണം: ''അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു'' (ലൂക്കാ. 2:51).
ഉത്തമയായ കുടുംബിനി, ഉത്തമയായ അയല്ക്കാരി ഇതിനപ്പുറമൊന്നും  മറിയത്തിന്റെ ജീവിതത്തില്‍ കാണുന്നില്ല. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു സുവിശേഷത്തിനു സാക്ഷ്യം വഹിച്ച മദര്‍ തെരേസായ്ക്കും നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിച്ചു വിശുദ്ധരായി ജീവിച്ച കൊച്ചുത്രേസ്യായ്ക്കും അല്‍ഫോന്‍സാമ്മയ്ക്കും മാതൃക മറിയംതന്നെ. കുടുംബജീവിതം നയിക്കുന്ന സാധാരണ സ്ത്രീകള്‍ക്കും മറ്റൊരു മാതൃകയില്ല. എത്രയോ ധന്യജീവിതം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)