മ്യാന്‍മറില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് യുദ്ധമാണോ ആഭ്യന്തരകലാപമാണോയെന്നു നിര്‍വചിക്കാന്‍ രാഷ്ട്രീയനിരീക്ഷകര്‍ക്കു പോലുമാകുന്നില്ല. ഈ വര്‍ഷം ഫെബ്രുവരി ഒന്നിനു നടന്ന പട്ടാള അട്ടിമറിയാണ് രാജ്യത്തെ അരാജകത്വത്തിലേക്കു നയിച്ചതെന്നു മാത്രമേ നിരീക്ഷിക്കാനാകുന്നുള്ളൂ.
പ്രധാനമന്ത്രിസ്ഥാനത്തിനു തുല്യമായ 'സ്റ്റേറ്റ് കൗണ്‍സിലര്‍' പദവി അലങ്കരിച്ചിരുന്ന ഓങ് സാന്‍ സ്യൂകിയെ തുറുങ്കിലടച്ച് പട്ടാളമേധാവികളുടെ കിരാതഭരണം തുടങ്ങിയിട്ട് അഞ്ചുമാസം കഴിഞ്ഞു. പട്ടാളഅട്ടിമറിക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന നിരായുധരായ ജനാധിപത്യവിശ്വാസികളെ നിഷ്ഠുരം കൊല ചെയ്യുകയും ആയിരങ്ങളെ തുറുങ്കിലടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 27-ാം തീയതി പട്ടാളം വെടിവച്ചിട്ടത് ഏഴു കുഞ്ഞുങ്ങളുള്‍പ്പെടെ 107 പേരെയാണ്. അട്ടിമറി നടന്ന ഫെബ്രുവരി ഒന്നിനുശേഷം ആകെ മരണസംഖ്യ 850 കടന്നിട്ടുണ്ടാകാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ അമ്പതിലേറെപ്പേര്‍ കുട്ടികളാണ്.
മ്യാന്‍മറിലെ ജനാധിപത്യവിരുദ്ധനടപടികളില്‍ പ്രതിഷേധമറിയിച്ചു പാശ്ചാത്യരാജ്യങ്ങള്‍ക്കൊപ്പം ഏഷ്യന്‍ രാജ്യങ്ങളും രംഗത്തുവന്നെങ്കിലും പട്ടാളമേധാവികള്‍ വഴങ്ങുന്ന ലക്ഷണങ്ങളില്ല. അട്ടിമറിയെ അപലപിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിറക്കി. യു.എന്‍. ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത മ്യാന്‍മറിന്റെ പ്രതിനിധി ക്യോ മോ തുന്‍ തന്റെ രാജ്യത്ത് ജനാധിപത്യം സ്ഥാപിച്ചുകിട്ടാന്‍ സംഘടനയിലെ 193 അംഗരാജ്യങ്ങളുടെയും ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടു. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അട്ടിമറിയെ അപലപിക്കുകയും പട്ടാളഭരണാധികാരികളുടെയും നിരപരാധികളെ കൊന്നൊടുക്കുന്ന പോലീസ് മേധാവിയുടെയും കമാന്‍ഡര്‍മാരുടെയുംമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. അട്ടിമറിക്ക് നേതൃത്വം നല്‍കിയ പട്ടാളമേധാവി ജനറല്‍ മിന്‍ ഓങ് ലെയിങ്ങിന്റെ യുഎസിലുള്ള 100 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിക്കുന്നതിനും ബൈഡന്‍ വിലക്കേര്‍പ്പെടുത്തി. ജനറല്‍ ലെയിങ്ങിനും പത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ യൂറോപ്യന്‍യൂണിയന്‍ ഉപരോധം പ്രഖ്യാപിച്ചു. യു.എസ്., യു.കെ., ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങി 12 രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാര്‍ പ്രത്യേകം യോഗം വിളിച്ചുചേര്‍ത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പട്ടാള അട്ടിമറിയെ തള്ളിപ്പറയുകയും രാജ്യത്തെ ജനാധിപത്യത്തിലേക്കു തിരികെക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജാക്കര്‍ത്തയില്‍ ഏപ്രില്‍ 24-ാം തീയതി വിളിച്ചുചേര്‍ത്ത ആസിയാന്‍ ഉച്ചകോടിയില്‍ മ്യാന്‍മറിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്തണമെന്നും ജനാധിപത്യം പുനഃസ്ഥാപിച്ചു ശാന്തിയും സമാധാനവും സുസ്ഥിതിയും കൈവരുത്തണമെന്നും സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന ജനറല്‍ ലെയിംഗിനോട് നിര്‍ദ്ദേശിച്ചു.
മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയില്ലെന്ന ധാരണ നിലനില്ക്കുന്ന സാഹചര്യത്തില്‍ ജക്കാര്‍ത്തയില്‍ നടന്ന ഉച്ചകോടിയിലെ നിര്‍ദേശങ്ങള്‍ പ്രശ്‌നപരിഹാരത്തിനുതകുമോയെന്നു സംശയിക്കുന്നവരുണ്ട്. എന്നിരുന്നാലും, ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ശുഭാപ്തിവിശ്വാസം ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും മലേഷ്യന്‍ പ്രധാനമന്ത്രി മുഹയുദ്ദീന്‍ യാസിനും പ്രകടിപ്പിച്ചു. 'ആസിയാ'ന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ബ്രൂണൈ പ്രധാനമന്ത്രി ഹസന്‍ ബോള്‍ക്കിയയെ മ്യാന്‍മര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ഇരുകൂട്ടരെയും സമന്വയിപ്പിച്ച് പരിഹാരം കണ്ടെത്തണമെന്നും ജനറല്‍ ലെയിങ്ങിനോട് ഉച്ചകോടി അഭ്യര്‍ത്ഥിച്ചു.
ഭരണം പിടിച്ചെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ജനറല്‍ ലെയിങ് ഇങ്ങനെ വിശദീകരിച്ചു: ''വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടുകളും വോട്ടിങ്ങില്‍ കൃത്രിമവും നടന്നിട്ടുണ്ടെന്നു തെളിഞ്ഞതിനാലാണ് സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സ്യൂകിയെയും അനുയായികളെയും അറസ്റ്റു ചെയ്തത്. ക്രമക്കേടുകള്‍ തിരുത്തിയശേഷമേ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാവുകയുള്ളൂ. തടവില്‍ കഴിയുന്നവര്‍ സുരക്ഷിതരാണ്. അക്രമകാരികളും ഭീകരവാദികളുമായി മാറിയ നാട്ടുകാര്‍തന്നെയാണ് കൊല്ലപ്പെടുന്നതെന്നറിയുന്നതില്‍ എനിക്കു ദുഃഖമുണ്ട്. ശാന്തിയും സമാധാനവും പുലരേണ്ടത് രാജ്യത്തിന്റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളിവിടാന്‍ ആരെയും അനുവദിക്കുകയില്ല.''
വീട്ടുതടങ്കലില്‍ കനത്ത സുരക്ഷയില്‍ കഴിയുന്ന സ്യൂകി സുരക്ഷിതയാണെന്നു പറയുമ്പോഴും എഴുപത്താറുകാരിയായ അവരുടെ ആരോഗ്യനിലയില്‍ ജനത്തിന് ആശങ്കയുണ്ട്. സ്വന്തം അമ്മയെപ്പോലെ തങ്ങള്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അവരുടെ ജീവന്‍ അപകടത്തിലാണെന്നു ജനം കരുതുന്നു. അഴിമതിയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമുള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് സ്യൂകിയുടെമേല്‍ പട്ടാളഭരണം ആരോപിക്കുന്നത്. അനധികൃതമായി പണവും സ്വര്‍ണവും സ്വീകരിച്ചുവെന്നും ഇറക്കുമതി നിയമങ്ങള്‍ ലംഘിച്ച് റേഡിയോകള്‍ വരുത്തിയെന്നതുമടക്കം കെട്ടിച്ചമച്ച ഒട്ടേറെ അപരാധങ്ങളും സ്യൂകിയുടെമേല്‍ ചുമത്തിയിട്ടുണ്ട്.
അടിച്ചൊതുക്കിയും വെടിവച്ചിട്ടും പ്രക്ഷോഭകരെ നേരിടുന്ന സൈന്യം യുദ്ധവിമാനങ്ങളുപയോഗിച്ചും ആക്രമണം നടത്തുന്നതാണ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്. അരനൂറ്റാണ്ടിലേറെക്കാലമായി പട്ടാളഭരണത്തിനെതിരേ പോരാടുന്ന ഗോത്രവിഭാഗങ്ങളുടെ പിന്തുണ ജനാധിപത്യപ്രക്ഷോഭകര്‍ ഉറപ്പാക്കിയെന്ന വാര്‍ത്തയുടെ പിന്നാലെയായിരുന്നു വ്യോമാക്രമണം. തായ്‌ലന്‍ഡ് അതിര്‍ത്തിയിലെ ഗ്രാമപ്രദേശങ്ങളിലെ പ്രബലഗോത്രവര്‍ഗമായ 'കാരെന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മി, കയ്യടക്കിവച്ചിരിക്കുന്ന പ്രദേശങ്ങളിലായിരുന്നു വ്യോമാക്രമണം. അരക്കന്‍, കച്ചിന്‍, ഷാന്‍ തുടങ്ങിയ ഗോത്രവര്‍ഗവിഭാഗങ്ങളുടെ സായുധരായ പോരാളികളും അതിര്‍ത്തിപ്രദേശങ്ങളില്‍ സജീവമാണ്. പട്ടണങ്ങള്‍ കേന്ദ്രീകരിച്ചു പ്രതിഷേധിക്കുന്ന ജനാധിപത്യപ്രക്ഷോഭകരോടൊപ്പം ഗോത്രവര്‍ഗപോരാളികള്‍കൂടി ചേരുന്ന സാഹചര്യമുണ്ടായാല്‍ അതു വലിയ ഏറ്റുമുട്ടലുകളിലേക്കു നയിക്കുമെന്ന് യു.എന്‍. മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് ഗ്രാമവാസികള്‍ അയല്‍രാജ്യമായ തായ്‌ലന്‍ഡിലേക്കു പലായനം ചെയ്യുന്നതായി വാര്‍ത്തകളുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിഗ്രാമങ്ങളിലെ ന്യൂനപക്ഷങ്ങളായ രോഹിംഗ്യന്‍ മുസ്ലീംകള്‍ക്കെതിരേ 2017 ല്‍ സൈന്യം നടത്തിയ വംശീയഹത്യയില്‍നിന്നു രക്ഷപ്പെട്ട് അയല്‍രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും അഭയം തേടിയത് ആറരലക്ഷം പേരാണ്. സര്‍വതും നഷ്ടപ്പെട്ട് അന്യരാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായിക്കഴിയുന്ന രോഹിംഗ്യരെ സ്വന്തം രാജ്യത്തു തിരികെയെത്തിക്കാന്‍ കൂട്ടാക്കാത്ത സൈനികനേതൃത്വമാണിപ്പോള്‍ ജനാധിപത്യമാര്‍ഗങ്ങളിലൂടെ അധികാരത്തിലെത്തിയ ഒരു സര്‍ക്കാരിനെ അട്ടിമറിച്ച് രാജ്യത്തെ അരാജകത്വത്തിലേക്കു കൂപ്പുകുത്തിച്ചത്. വിപ്ലവകാരികളും ഭീകരവാദികളും രാജ്യദ്രോഹികളുമായ സമരക്കാരാണ് തങ്ങളുടെ രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളിവിട്ടതെന്ന് സൈനികനേതൃത്വത്തിന്റെ ഔദ്യോഗികവക്താവു നടത്തിയ പ്രസ്താവന അപഹാസ്യമെന്നേ വിശേഷിപ്പിക്കാനാവൂ.
ബ്രിട്ടീഷ് ഭരണകാലത്ത് സമ്പന്നമായിരുന്ന ബര്‍മയെന്ന രാജ്യമാണ് സ്വാതന്ത്ര്യാനന്തരം ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ മ്യാന്‍മറായി മാറിയത്. അഞ്ചരക്കോടി ജനസംഖ്യയുള്ള രാജ്യത്തെ വരുമാനം സൈന്യത്തെ തീറ്റിപ്പോറ്റാന്‍ തികയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്തോനേഷ്യ കഴിഞ്ഞാല്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ സൈന്യമാണ് മ്യാന്‍മറിനുള്ളത്. രാജ്യത്തെ വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്കു ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലധികം പ്രതിരോധമേഖലയ്ക്കു നീക്കിവയ്ക്കുന്നു. ചൈനയും റഷ്യയുമാണ് മ്യാന്‍മറിന് ആയുധങ്ങള്‍ വില്‍ക്കുന്ന പ്രധാന രാജ്യങ്ങള്‍. സൈനികോദ്യോഗസ്ഥര്‍ക്കും സാങ്കേതികവിഭാഗത്തിനും റഷ്യന്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണു പരിശീലനം നല്‍കുന്നത്. സൈനിക അട്ടിമറിയെയും അതിനീചമായ മനുഷ്യാവകാശലംഘനങ്ങളെയും രണ്ടു രാജ്യങ്ങളും അപലപിക്കാത്തത് ആയുധക്കച്ചവടത്തിനും സാങ്കേതികസഹായത്തിനുമുള്ള പ്രത്യുപകാരമായിട്ടാണ്. മ്യാന്‍മറിനെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭയ്ക്കു കഴിയാതെ പോകുന്നതും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പുകള്‍മൂലമാണ്. ഈ രണ്ടു രാജ്യങ്ങളും ആത്മാര്‍ത്ഥമായി മനസ്സുവച്ചാല്‍ മാത്രമേ മ്യാന്‍മറില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുകയും രക്തച്ചൊരിച്ചില്‍ അവസാനിക്കുകയും ചെയ്യുകയുള്ളൂ.
അയല്‍രാജ്യമായ മ്യാന്‍മര്‍ ആഭ്യന്തരകലാപത്തിലേക്കു നീങ്ങുകയും വന്‍ശക്തി രാഷ്ട്രങ്ങളുടെ ഇടപെടലുകളുണ്ടാവുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകും. വടക്കുകിഴക്കനതിര്‍ത്തി പങ്കിടുന്ന ചൈനയൊഴികെ ഏതു വന്‍ശക്തി രാഷ്ട്രത്തിനും മ്യാന്‍മറില്‍ സൈനികമായി ഇടപെടണമെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലിനെ ആശ്രയിക്കുകയേ മാര്‍ഗമുള്ളൂ എന്നതാണ് നമ്മെ അലോസരപ്പെടുത്തുന്നത്. മ്യാന്‍മറിനോടു ചേര്‍ന്നുകിടക്കുന്ന ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപുകള്‍ നമ്മുടെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്.