കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്/മിനിക്കോയ് ദ്വീപുകളില്‍ നടപ്പാക്കുന്ന വിവിധ വികസനപദ്ധതികള്‍ക്കെതിരേ ജനരോഷം ഇരമ്പുകയാണ്. ''അറബിക്കടലിലെ പറുദീസ'' എന്നു ഖ്യാതി നേടിയ അതിമനോഹരമായ ഈ ദ്വീപസമൂഹങ്ങളുടെ പൗരാണികതയും പവിത്രതയും വികസനത്തിന്റെ പേരില്‍ തകര്‍ക്കപ്പെടുമെന്നു ജനം ഭയക്കുന്നു.
ബിജെപി നേതാവും ഗുജറാത്ത് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റശേഷം ലക്ഷദ്വീപുകളെയും മിനിക്കോയിയെയും അടിമുടി മാറ്റി
യെടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് കവരത്തിയില്‍ വിമാനമിറങ്ങിയത്. കിരാതവും ജനദ്രോഹപരവുമായ ഏതാനും നിയമങ്ങളുടെ ഒരു കരടുപട്ടിക അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടുത്തയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി.
''ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ - 2021'' എന്ന പേരില്‍ രൂപം കൊടുത്ത നിയമമനുസരിച്ച് വ്യക്തികളുടെ ഭൂമി, വികസനാവശ്യങ്ങള്‍ക്കുവേണ്ടി പിടിച്ചെടുക്കാനും അവരെ
കുടിയൊഴിപ്പിക്കാനുമുള്ള അധികാരം ഭരണകൂടത്തിനുണ്ട്. വീടുകളും ഭൂമിയും ഒഴിയുന്നതില്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ട്.
''ലക്ഷദ്വീപ് ആനിമല്‍ പ്രിസര്‍വേഷന്‍ റെഗുലേഷന്‍ - 2021'' നിയമമാകുമ്പോള്‍ പശുമാംസം വില്ക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നതു കുറ്റകരമാണ്. നിയമലംഘകരെ കണ്ടെത്തിയാല്‍ ഏഴു വര്‍ഷം വരെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെടാം. നാല്ക്കാലികള്‍ വിരളമായ ദ്വീപുകളില്‍ വളരെ ചുരുക്കം സ്ഥലങ്ങളിലേ കാലിവളര്‍ത്തലുള്ളൂ. ഇപ്പോള്‍ നിലവിലുള്ള ഡയറിഫാമുകളെല്ലാം സര്‍ക്കാര്‍ ഉ
ടമസ്ഥതയിലുള്ളതുമാണ്. എന്നാല്‍, ഗോമാംസാഹാരനിരോധനനിയമത്തിന്റെ പേരില്‍ ഡയറിഫാമുകളെല്ലാം അടച്ചുവെന്നും വാര്‍ത്തയുണ്ട്. ആകെ എഴുപതിനായിരത്തോളമുള്ള ജനസംഖ്യയില്‍ തൊണ്ണൂറു
ശതമാനവും മുസ്ലീങ്ങള്‍ ആയതിനാല്‍ മാംസാഹാരം നിരോധിക്കുന്നത് അപ്രായോഗികമാണ്.
'പ്രിവന്‍ഷന്‍ ഓഫ് ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ - 2021', അഥവാ ഗുണ്ടാ ആക്ട് പ്രാബല്യത്തിലാകുന്നതോടെ കുറ്റവാളികള്‍ക്കും മതതീവ്രവാദികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും കൂച്ചുവിലങ്ങിടാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. വി.വി.ഐ.പികള്‍ക്കുപോലും ഭയപ്പാടില്ലാതെ ഒറ്റയ്ക്കിറങ്ങി നടക്കാവുന്ന സാഹചര്യമുള്ളിടത്ത് ഗുണ്ടാ ആക്ടിന് എന്തു പ്രസക്തിയാണുള്ളതെന്ന് എം.പി. മുഹമ്മദ് ഫൈസല്‍ ചോദിക്കുന്നു. ഒരു കുറ്റവാളിപോലും ഇല്ലാത്ത നാടാണ് ലക്ഷദ്വീപ് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുേമ്പാള്‍ ചിലയിടങ്ങളില്‍നിന്ന് എ.കെ. - 47 തോക്കുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തുവെന്ന് മണിപ്പൂര്‍ സ്വദേശിയായ കളക്ടര്‍ എസ്. അസ്‌കര്‍ അലി വെളിപ്പെടുത്തുന്നു. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷംവരെയുള്ള ജയില്‍ശിക്ഷ ലഭിച്ചേക്കാം.
'ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷന്‍ - 2021' പ്രകാരം രണ്ടു മക്കളില്‍ കൂടുതലുള്ള ഒരു വ്യക്തിക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു മത്സരിക്കാന്‍ അനുവാദമില്ല.
മാലദ്വീപ് മാതൃകയില്‍
വികസനം
ദ്വീപസമൂഹങ്ങളുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1988 ല്‍ രൂപീകരിച്ച 'ഐലന്റ് ഡെവലപ്‌മെന്റ് അതോറിറ്റി'യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കുന്ന സമീപനങ്ങളാണ് പ്രഫുല്‍ പട്ടേലിന്റേതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ദ്വീപുകളെ അന്തര്‍ദേശീയ വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിപ്പിക്കുമ്പോഴും തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരുന്നു ഓരോ നടപടിയും സ്വീകരിച്ചത്. പണം മുടക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായിരുന്നു മുന്‍തൂക്കം. കൃത്യമായ ആസൂത്രണമികവിലൂടെ സമ്പൂര്‍ണസാക്ഷരതയും ദാരിദ്ര്യനിര്‍മാര്‍ജനവും കൈവരിക്കാന്‍ ഐലന്റ്‌ഡെവലപ്‌മെന്റ് അതോറിറ്റിയുടെ രൂപീകരണം നിമിത്തമായി.
എന്നാല്‍, പഴയതൊന്നും കണ്ടില്ലെന്നു നടിച്ച് ലക്ഷദ്വീപിനെ 'മാലദ്വീപ് മോഡല്‍' ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബീച്ച് ടൂറിസം, ജലവിനോദങ്ങള്‍ തുടങ്ങിയവയ്ക്കു പ്രാമുഖ്യം നല്കുന്നതിന് റിസോര്‍ട്ടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി തദ്ദേശവാസികള്‍ കടല്‍ത്തീരങ്ങളില്‍ നിര്‍മിച്ചിട്ടുള്ള കുടിലുകളും ഷെഡ്ഡുകളും എത്രയും വേഗം പൊളിച്ചുനീക്കണമെന്ന ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. തീരങ്ങളിലെ ഇരുപത് മീറ്ററിനുള്ളിലെ എല്ലാ നിര്‍മാണങ്ങളും നീക്കാനാണു നിര്‍ദേശം.
പവിഴപ്പറ്റുകളുടെ നാട്
ലക്ഷദ്വീപസമൂഹത്തിലെ 36 ദ്വീപുകളും അവയ്ക്കു ചുറ്റുമുള്ള ആഴം കുറഞ്ഞ കടലും പവിഴപ്പറ്റുകളാല്‍ സമൃദ്ധമാണ്. ജനവാസമുള്ള പത്ത് ദ്വീപുകളും താരതമ്യേന ചെറുതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളുമാണ്. സഹസ്രാബ്ദങ്ങളായി ദ്വീപുകളില്‍ നിലനില്ക്കുന്ന ജൈവവൈവിധ്യം അവധാനതയില്ലാതെ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തകര്‍ന്നടിയും.
റിട്ടയര്‍ ചെയ്ത ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ നിയമിക്കപ്പെട്ടിരുന്ന സ്ഥാനത്തേക്കാണ് രാഷ്ട്രീയക്കാരനായ പ്രഫുല്‍ പട്ടേല്‍ അവരോധിതനായത്. ലക്ഷദ്വീപ് വികസന അതോറിറ്റിയുടെ രൂപീകരണംതന്നെ ഭൂമാഫിയകളുടെ സമ്മര്‍ദത്തിനുവഴങ്ങിയാണെന്നു വിമര്‍ശനങ്ങളുണ്ട്. ദ്വീപുനിവാസികളുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഒരു നിയമനിര്‍മാണം മാത്രമാണതെന്നു ജനം കരുതുന്നതില്‍ തെറ്റില്ല. ജനവാസമില്ലാത്ത ദ്വീപുകളിലെ കൃഷിഭൂമികളിലും പട്ടേലിന്റെ കഴുകന്‍കണ്ണുകള്‍ എത്തിക്കഴിഞ്ഞുവെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകളില്‍നിന്നു വ്യക്തമാകുന്നത്. മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താത്പര്യങ്ങളാണ് ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് നിരീക്ഷിക്കുന്നവരുണ്ട്. വിവാദങ്ങളില്‍ അഗ്രഗണ്യനാണ് പ്രഫുല്‍ പട്ടേലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത് അടുത്തയിടെയാണ്. കേന്ദ്രഭരണപ്രദേശമായ ദാദ്ര നാഗര്‍ഹവേലിയില്‍ എട്ടു തവണ പാര്‍ലമെന്റംഗമായിരുന്ന മോഹന്‍ ഡെല്‍ക്കറിന്റെ ദുരൂഹമരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് പട്ടേല്‍. ഡെല്‍ക്കറിന്റെ ആത്മഹത്യക്കുറിപ്പില്‍ പട്ടേലിന്റെ പേരുമുണ്ടായിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.
കൊവിഡ്മുക്തദ്വീപുകളില്‍ രോഗവ്യാപനത്തിനു കാരണം പ്രഫുല്‍പട്ടേലിന്റെ സമീപനമാണെന്നും ജനം ആരോപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരം ക്വാറന്റൈനില്‍ വരുത്തിയ അയവാണ് വിനയായത്. ഒരു രോഗിപോലും ഇല്ലാതിരുന്ന സ്ഥാനത്ത് മേയ് അവസാനം 6,847 കൊവിഡ് ബാധിതരുണ്ടായിരുന്നു. ജനവാസമുള്ള ആറു ദ്വീപുകളും ലോക്ഡൗണിലാണ്. ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ സംഘടിക്കാനോ നിയമയുദ്ധങ്ങള്‍ക്കു കോടതികളെ സമീപിക്കാനോ ലോക്ഡൗണ്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇതിനിടെ, ചാനല്‍ചര്‍ച്ചകളില്‍, ദ്വീപുനിവാസികള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ 'ജൈവായുധം' പ്രയോഗിക്കുന്നുവെന്ന പരമാര്‍ശം നടത്തിയ ചലച്ചിത്രസംവിധായിക ആയിഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതു വാര്‍ത്തയായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നു തിരിച്ചറിഞ്ഞശേഷം പമാമര്‍ശം നടത്തിയതില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ലക്ഷദ്വീപിലേക്കു വിളിച്ചുവരുത്തി ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ച ആയിഷ താരപരിവേഷത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ലക്ഷദ്വീപുവിഷയത്തിലെ അനുഭവങ്ങള്‍ പശ്ചാത്തലമാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും അവര്‍ അറിയിച്ചു.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഒരു വികസനപ്രവര്‍ത്തനവും വിജയിക്കുകയില്ലെന്നറിയാമെങ്കിലും പട്ടേലിന്റെ ധാര്‍ഷ്ട്യമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതെന്നാണു വിലയിരുത്തല്‍. തീരപ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിക്കപ്പെടുന്നതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാകും. ആകെ പതിനൊന്നു കിലോമീറ്റര്‍ ദൂരം മാത്രമുള്ള ദ്വീപുകളിലെ നിരത്തുകള്‍ ദേശീയപാതകളുടെ നിലവാരത്തിലേക്കു വികസിപ്പിക്കന്നതിലെ ന്യായീകരണം ജനങ്ങള്‍ക്കു മനസ്സിലാകുന്നില്ല. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ദ്വീപുകളില്‍ ഹൈവേകളും ട്രാം വേകളും നിര്‍മിക്കുന്നതും പ്രായോഗികമല്ലെന്നും ജനം പറയുന്നു.
ദാമന്‍, ഡ്യൂ, ദാദ്ര, നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍കൂടിയായ പ്രഫുല്‍ പട്ടേല്‍, അദ്ദേഹം വഹിക്കുന്ന ഉന്നതപദവി ദുരുപയോഗം ചെയ്യുന്നതിനെതിരെയും ജനരോഷം ആളിക്കത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനം ചാര്‍ട്ട് ചെയ്ത് കഴിഞ്ഞയാഴ്ച ദാമനില്‍നിന്ന് കവരത്തിയിലെത്തിയതിനു നല്കിയ വാടക 23,21,280 രൂപയായിരുന്നു! അഡ്മിനിസ്‌ട്രേറ്റര്‍ പദവിക്കു യോഗ്യനല്ലാത്ത പട്ടേലിനെ നീക്കണമെന്ന എം.പിമാരടക്കമുള്ള ജനപ്രതിനിധികളുടെ ആവശ്യം ബധിരകര്‍ണങ്ങളിലാണു പതിച്ചത്. ലക്ഷദ്വീപിലെ സ്ഥിതിഗതികള്‍ നേരിട്ടു നിരീക്ഷിക്കുന്നതിനുള്ള എം.പിമാരുടെ ആവശ്യത്തിനും അനുമതി നല്‍കാതെ കേന്ദ്രം മൗനം പാലിക്കുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.