•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അമീറ നമ്മുടെ ഇടയിലുണ്ട്

സഹിഷ്ണുത ആശങ്കകള്‍ക്കു വഴിവച്ച ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ഭാരതമണ്ണില്‍ ജനിച്ചു വളര്‍ന്ന ഒരുവന്റെ പൗരത്വം സാങ്കേതികത്വംകൊണ്ടളന്ന്, ഭ്രഷ്ടു കല്പിക്കുന്ന വ്യവസ്ഥിതിയുടെ ശരിതെറ്റുകളെപ്പറ്റിയുള്ള ചര്‍ച്ചകളുടെ തീവ്രത കൊവിഡ് മഹാമാരിമൂലം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും, ഈ നിശ്ശബ്ദത മറ്റെന്തിനോവേണ്ടിയുള്ള ഓങ്ങിയൊരുങ്ങലുകളാണോ എന്നറിയില്ല. എങ്കിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യനെ തരംതിരിക്കുന്ന കരിനിയമങ്ങളുടെ ഇരകളായി, ഹൃദയഭേദകമായ  വേദനയോടെ ബലിയാടുകളാകേണ്ടിവരുന്ന ഒരുപാട് ബാല്യകൗമാരങ്ങള്‍ നമ്മുടെയിടയിലുണ്ട്. അത്തരമൊരു യാഥാര്‍ത്ഥ്യത്തെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലാണ് നവാഗതനായ മുഹമ്മദ് റിയാസ് ഷാമോന്‍ സംവിധാനം ചെയ്ത്, കഴിഞ്ഞ ദിവസങ്ങളില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസായ അമീറയെന്ന കൊച്ചുസിനിമ. 
ഹിന്ദു-മുസ്ലീം ദമ്പതികളുടെ മക്കളാണ് ടൈറ്റില്‍ കഥാപാത്രമായ അമീറയും അവളുടെ കുഞ്ഞനുജന്‍ അമീനും. വര്‍ഗീയശക്തികളുടെ ആക്രമണങ്ങളില്‍ അപ്പനും അമ്മയും നാടും വീടുമൊക്കെ നഷ്ടപ്പെട്ട് അനാഥരായിത്തീര്‍ന്ന അവര്‍ മുത്തശ്ശിയോടൊപ്പം ഒരു വൈകുന്നേരം സ്വന്തം വേരുകള്‍ തേടി ഒരു മലയോരഗ്രാമത്തിലെ കവലയില്‍ വന്നിറങ്ങുന്നിടത്താണ് അമീറ'ആരംഭിക്കുന്നത്. മനുഷ്യസ്‌നേഹിയായ അബ്ദു എന്ന കടക്കാരന്‍ അവരെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി, അവര്‍ക്ക് അത്താണിയായി മാറുകയാണ്.  അദ്ദേഹം അമീറയെയും അമീനെയും പടച്ചവന്‍ കൊടുത്ത മക്കളായിക്കരുതി സ്‌നേഹിക്കുകയും അവരുടെ എല്ലാമെല്ലാമായി മാറുകയും ചെയ്യുന്നു. അവര്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ സ്‌കൂള്‍ അഡ്മിഷനു ശ്രമിക്കുന്ന അബ്ദു ആദ്യഘട്ടത്തില്‍ പരാജയപ്പെടുകയും മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്‍ അവര്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തുകയും ചെയ്യുന്നു. അമീറയുടെയും അമീന്റെയും ജീവിതത്തില്‍ വീണ്ടും സന്തോഷത്തിന്റെ നാളുകള്‍ തുടങ്ങുകയായിരുന്നു. 
ഒരുതരത്തിലും മറ്റു മനുഷ്യരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലയെന്നുറപ്പിച്ച്  കച്ച മുറുക്കി ഇറങ്ങിയിരിക്കുന്ന ഈ രാജ്യത്തിന്റെ കുറെ സ്വയംപ്രഖ്യാപിത കാവലാളുകളുണ്ട്. അവരുടെ കലാപവെറി പൂണ്ട കഴുകന്‍കണ്ണുകള്‍ അമീറയുടെയും അമീന്റെയും പിന്നാലെയുണ്ടായിരുന്നു. നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍ ആ കുഞ്ഞുമക്കളുടെ മുത്തശ്ശി മരിക്കുകയും അവരുടെ മതാചാരങ്ങള്‍ക്കനുസൃതമായി ആ ശവം ദഹിപ്പിക്കുന്നു. അവിടെ തുടങ്ങുകയാണ് ആ പാവം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികള്‍. ആ കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഇരകളാണെന്നു പ്രചരിപ്പിച്ച ചില ദുഷ്ടജന്മങ്ങള്‍, സമൂഹത്തിനു മാതൃകയായിരിക്കേണ്ട ഒരു അധ്യാപികയുടെ സഹായത്തോടെ അവരുടെ അസ്തിത്വം മാന്തിയെടുക്കുവാന്‍ ഒരുമ്പെടുന്നു.  മതഭീകരതയ്ക്കുവേണ്ടി ദല്ലാള്‍പണി ചെയ്ത ആ അധ്യാപികയുടെ കുത്സിതനീക്കത്തില്‍ പഠനം മുടങ്ങി, വിങ്ങുന്ന ഹൃദയത്തോടെ വിദ്യാലയത്തിന്റെ പടിയിറങ്ങിപ്പോകുന്ന അമീറയും അമീനും നമുക്കു നല്‍കുന്നത് ഒരു അതിവേദനയുടെ ചിത്രമാണ്. അവിടെത്തീരുന്നില്ല; ആ കുഞ്ഞുങ്ങളുടെ ഏക അത്താണിയായിരുന്ന അബ്ദു എന്ന ആ നല്ല മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നു. വീണ്ടുമൊരു നല്ലകാലം സ്വപ്നം കണ്ട ആ കുഞ്ഞുങ്ങള്‍ നിസ്സഹായരായി പ്രാണരക്ഷാര്‍ത്ഥം എങ്ങോട്ടെന്നറിയാതെ ഓടുമ്പോള്‍ പൊലീസിന്റെ പിടിയിലാകുകയും രാജ്യദ്രോഹികളായി ജയിലില്‍ അടയ്ക്കപ്പടുകയും ചെയ്യുന്നു. 
ഈ ഹ്രസ്വചിത്രത്തില്‍ അമീറയായി ബാലതാരം മീനാക്ഷി മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. അമര്‍ അക്ബര്‍ ആന്റണിയിലും ഒപ്പത്തിലും സദൃശ്യവാക്യം 24:29ലുമൊക്കെ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തിയ മീനാക്ഷിയുടെ ഒരു ഉജ്ജ്വലകഥാപാത്രംതന്നെയാണ് അമീറയും. കൂടാതെ, അമീനായി മീനാക്ഷിയുടെ കൊച്ചനുജന്‍ ആരിഷും മിന്നുന്ന പ്രകടനം നടത്തിയിരിക്കുന്നു. രമേഷ് കോട്ടയം ബോബന്‍ ശാമുവല്‍, പുരുഷന്‍ കോട്ടയം തുടങ്ങിയവരും മികച്ച നിലവാരം പുലര്‍ത്തി.  ആര്‍. അനൂപ് പാദുവ തന്റെ കഥയ്ക്ക് സമീര്‍ മുഹമ്മദുമായി ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മലയോരം വെയില്‍ കായുന്ന.... മഴ വണ്ടേ വണ്ടേ എന്നീ ഗാനങ്ങള്‍ മനസ്സില്‍ തങ്ങിനില്ക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)