•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

രോഗിയെ അടുത്തറിയണം ഡോക്ടറെയും

മാതൃഭാഷയ്ക്കും കലയ്ക്കും മെഡിക്കല്‍ എത്തിക്‌സിനും പൊതുവിജ്ഞാനത്തിനും പ്രാധാന്യം കൊടുക്കാത്ത സിലബസ്, പുസ്തകപ്പുഴുക്കളായ ഡോക്ടര്‍മാരെയാണു സൃഷ്ടിക്കുന്നത്. സഹജീവികളുടെ വികാരവിചാരങ്ങളില്‍ പൂര്‍ണപങ്കാളികളാകുന്ന ജനകീയഡോക്ടര്‍മാരെയാണ് നമുക്കാവശ്യം.

ഇന്ത്യയിലെ സാധാരണക്കാരന്റെ ആരോഗ്യനിലവാരം എത്ര സുരക്ഷിതമാണ് എന്നതിനെപ്പറ്റി പല പഠനങ്ങളും  നടക്കുന്നുണ്ട്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, വീട് ഇങ്ങനെ മധുരമോഹനവാഗ്ദാനങ്ങള്‍ നമ്മുടെ ഓരോ സര്‍ക്കാരും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, രാജ്യാന്തരസൂചികയില്‍ ഇക്കാര്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണെന്ന വസ്തുത പലര്‍ക്കുമറിയില്ല.  1990-2016 വരെയുള്ള കാലഘട്ടത്തില്‍ ആരോഗ്യരംഗത്തുണ്ടായ വികസനങ്ങളെ ക്രോഡീകരിച്ചു നടന്ന ഒരു പഠനത്തില്‍, 188 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 127-ാമതാണ്. രാജ്യത്തെ ആരോഗ്യനയം പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയാണിതു ചൂണ്ടിക്കാണിക്കുന്നത്.
തൃപ്തികരമായ ആരോഗ്യപാലനം പ്രാവര്‍ത്തികമാക്കാന്‍ പറ്റാതെ പോകുന്നതിന്റെ മറ്റൊരു പ്രധാന കാരണം ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവുതന്നെ. കേരളത്തിലും പൊതുവായി ഇന്ത്യയിലും രോഗവും രോഗികളുടെ എണ്ണവും കൂടിവരുമ്പോള്‍ അതു കൈകാര്യം ചെയ്യേണ്ട ഡോക്ടര്‍മാരുടെ എണ്ണം കുറയുന്നു. കേരളത്തില്‍ ഒരു അലോപ്പതി ഡോക്ടര്‍ ചികിത്സിക്കേണ്ടിവരുന്നത് ശരാശരി 6810 പേരെയാണെന്ന് കേന്ദ്രം പുറത്തിറക്കിയ ദേശീയ ആരോഗ്യനിലവാരരേഖ വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന ഡോക്ടര്‍ - രോഗി അനുപാതത്തിന്റെ (1:1000) ആറു മടങ്ങാണിത്. ദേശീയതലത്തില്‍ ശരാശരി 11082 പേര്‍ക്ക് ഒരു ഡോക്ടറെന്ന സ്ഥിതിയാണുള്ളത്. കേരളത്തില്‍ 2017 വരെയുള്ള കണക്കനുസരിച്ച് 55251 അലോപ്പതി ഡോക്ടര്‍മാരാണുള്ളത്. 833 ഡോക്ടര്‍മാരാണ് 2017 ല്‍ മെഡിക്കല്‍ കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ ഇത് 3355 ആയിരുന്നു.
ഈ പ്രതികൂലസാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം നാം ഡോക്ടര്‍-രോഗീബന്ധത്തിന് പുതിയ നിര്‍വചനങ്ങള്‍ നല്‍കാന്‍. ചികിത്സാമുറിക്കുമുമ്പിലെ നീണ്ട ക്യൂ, വിശ്രമമില്ലാത്ത ജോലി, ദ്രുതഗതിയില്‍ രോഗശാന്തി ലഭിക്കണമെന്ന രോഗികളുടെയും ബന്ധുക്കളുടെയും പിടിവാശി     എന്നിവയൊക്കെ ഡോക്ടര്‍മാരെ വലയ്ക്കുന്നു. ചികിത്സകള്‍ ഫലപ്രദമാകാന്‍ പ്രധാനമായി മൂന്നു തത്ത്വങ്ങളിലധിഷ്ഠിതമായി പ്രവര്‍ത്തിച്ചേ പറ്റൂ. രോഗിയെ നിരാലംബമാക്കുന്ന വേദനയും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളും അകറ്റി രോഗശാന്തി നല്‍കുന്നതാണ് ആദ്യത്തേത്. എന്നാല്‍, ചികിത്സയില്‍ രോഗിക്കു ഹാനികരമാകുന്നതും കൂടുതല്‍ സങ്കീര്‍ണമാകുന്നതുമായ ഏതു ചുവടുവയ്പ്പും ഒഴിവാക്കണമെന്നതാണ് രണ്ടാമത്തെ തത്ത്വം. മൂന്നാമത്തേത്, രോഗിക്ക് പരിപൂര്‍ണപങ്കാളിത്തം കൊടുത്തുകൊണ്ടുള്ള ചികിത്സാരീതിയാണ്. ഏതുതരം ചികിത്സ, എത്ര ചെലവു വരും തുടങ്ങിയ കാര്യങ്ങളെ പരിഗണിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ രോഗിക്ക് ഇതുവഴി അവസരം ലഭിക്കുന്നു. ഇവ രോഗിയുടെ അവകാശംകൂടിയാണെന്നു മനസ്സിലാക്കണം. രോഗാശ്വാസസാധ്യതകളെപ്പറ്റിയും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും തികച്ചും സുതാര്യവും വ്യക്തവുമായി രോഗിയും ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുന്നു. ഇവിടെ രോഗിയുടെയും ബന്ധുക്കളുടെയും പരിമിതമായ വൈദ്യപരിജ്ഞാനം തീരുമാനങ്ങളെടുക്കുന്നതിനു വിലങ്ങുതടിയാകാമെങ്കിലും തുറന്ന ചര്‍ച്ചകളിലൂടെ ഡോക്ടര്‍ ഇതിനു പരിഹാരം കണ്ടെത്തണം.
ഈയടുത്തകാലത്ത് ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും എതിരേയുണ്ടായ സംഘര്‍ഷങ്ങളുടെയും ആക്രമണങ്ങളുടെയും കാരണങ്ങള്‍ പഠിച്ചാല്‍, ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയെക്കാള്‍ രോഗിയുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള  അതിരുകടന്ന അവകാശവാദങ്ങളും ധാര്‍ഷ്ട്യവും അക്രമമനോഭാവവുമാണെന്നു തെളിയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി മരണമടഞ്ഞാല്‍ ഉടന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരായി തിരിയുകയാണ്. ചികിത്സയില്‍ അനാസ്ഥയോ പിഴവോ ഉണ്ടായോയെന്നു മനസ്സിലാക്കാന്‍ മുതിരാതെ അക്രമാസക്തരാകുകയാണ്. ആധുനികസാങ്കേതികവിദ്യയുപയോഗിച്ച്  ഡോക്ടര്‍മാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഏതു രോഗവും സുഖപ്പെടുത്താമെന്നും മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്നു. ഡോക്ടര്‍മാരുടെ മികവിനും നിയന്ത്രണത്തിനുമുപരിയായി പല കാരണങ്ങളാല്‍ മരണം സംഭവിക്കാമെന്ന സാമാന്യപരിജ്ഞാനംപോലും ജനങ്ങള്‍ക്കില്ല. തല്‍ഫലമായി പിഴവുകള്‍മൂലം മാത്രമേ മരണം സംഭവിക്കൂ എന്ന ധാരണയുടെ വെളിച്ചത്തില്‍ ഡോക്ടര്‍മാരും ആശുപത്രികളും ആക്രമിക്കപ്പെടുന്നു.
ഇന്നത്തെ വികലവും അപൂര്‍ണവുമായ വൈദ്യവിദ്യാഭ്യാസസിലബസ്മൂലമാണ് അപക്വമതികളായ യുവഡോക്ടര്‍മാര്‍ പലപ്പോഴും രോഗീപരിപാലനത്തില്‍ പരാജയപ്പെടുന്നത്. മാതൃഭാഷയ്ക്കും കലയ്ക്കും മെഡിക്കല്‍ എത്തിക്‌സിനും പൊതുവിജ്ഞാനത്തിനും പ്രാധാന്യം കൊടുക്കാത്ത സിലബസ്, പുസ്തകപ്പുഴുക്കളായ ഡോക്ടര്‍മാരെയാണു സൃഷ്ടിക്കുന്നത്. സഹജീവികളുടെ വികാരവിചാരങ്ങളില്‍ പൂര്‍ണപങ്കാളികളാകുന്ന ജനകീയഡോക്ടര്‍മാരെയാണ് നമുക്കാവശ്യം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)